കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിലെത്തുമ്പോൾ, പഴയ നികുതി സംവിധാനം (ഒടിആർ- ഒഴിവുകളും കിഴിവുകളും ഉൾപ്പെടുന്ന) വേണോ അതോ ബജറ്റിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ച പുതിയ നികുതി സംവിധാനം (എൻടിആർ) വേണോയെന്ന് തിരഞ്ഞെടുക്കാനുള്ള സമയം ആയിരിക്കുന്നു.
ഈ മാസം മുതൽ കമ്പനികൾ ശമ്പളത്തിൽനിന്നു പ്രതിമാസ നികുതി കുറയ്ക്കാൻ തുടങ്ങുന്നതിനാൽ, ഒടിആറിൽ തുടരാണോ അതോ എൻടിആറിലേക്ക് മാറുകയാണോ എന്ന് ജീവനക്കാർ തൊഴിലുടമകളെ അറിയിക്കേണ്ടതുണ്ട്.
എന്തായിരുന്നു ബജറ്റിലെ പ്രഖ്യാപനം?
ഒടിആറിൽ ധനമന്ത്രി ഒരു മാറ്റവും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ സംവിധാനത്തിന് കീഴിൽ, നികുതി റിബേറ്റ് പരിധി അഞ്ച് ലക്ഷം രൂപയിൽ നിന്ന് ഏഴ് ലക്ഷം രൂപയായി ഉയർത്തി. അതായത് ഏഴ് ലക്ഷം രൂപ വരെ നികുതി വിധേയമായ വരുമാനമുള്ളവർ നികുതി അടക്കേണ്ടതില്ല. എന്നിരുന്നാലും, നികുതി അടയ്‌ക്കേണ്ട വരുമാനം ഏഴ് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, പുതിയ വ്യവസ്ഥയ്ക്ക് കീഴിൽ ബാധകമായ സ്ലാബുകൾ അനുസരിച്ച് നികുതി അടയ്‌ക്കേണ്ടിവരും.
എൻടിആറിന് കീഴിൽ വരുന്ന നികുതിദായകരെയും 50,000 രൂപയുടെ സ്റ്റാൻഡേർഡ് കിഴിവ് എന്ന ആനുകൂല്യത്തിന് പരിധിയിൽ സർക്കാർ ഉൾപ്പെടുത്തി. ഒടിആർ പ്രകാരമുള്ള നികുതിദായകർക്ക് മാത്രമേ 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം വരെ, ഈ കിഴിവ് ലഭ്യമായിരുന്നുള്ളൂ.
എൻടിആറിലെ വരുമാന സ്ലാബുകളിലും നികുതി നിരക്കിലും സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നികുതി സ്ലാബുകൾ ഏഴിൽ നിന്ന് ആറായി കുറച്ചപ്പോൾ, കഴിഞ്ഞ വർഷം വരെ 12.5 ലക്ഷം മുതൽ 15 ലക്ഷം വരെയുള്ള വരുമാനത്തിന് ബാധകമായ 25 ശതമാനം വരുന്ന നികുതി നിരക്ക് നീക്കി.
വരുമാന പരിധിയുടെ ഉയർന്ന തലത്തിൽ (വാർഷിക നികുതി വിധേയമായ വരുമാനം അഞ്ച് കോടി രൂപയിൽ അധികം ഉള്ളവർ),വരുന്നവർക്ക് പുതിയ നികുതി സംവിധാനത്തിന് കീഴിൽ ആദായ നികുതി സർചാർജ് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമായി സർക്കാർ വെട്ടിക്കുറച്ചു. ഇത് ഈ വിഭാഗത്തിന്റെ ആദായനികുതി നിരക്ക് 42.7 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറയ്ക്കും.
15.5 ലക്ഷമോ അതിൽ കൂടുതലോ വരുമാനമുള്ള ഓരോത്തർക്കും 52,500 രൂപ വീതം ആനുകൂല്യം ലഭിക്കുമെന്ന് സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതിനാൽ, പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതിദായകർക്ക് സ്ലാബുകളിലും നിരക്കുകളിലും സ്റ്റാൻഡേർഡ് കിഴിവിലും (പരമാവധി 52,500 രൂപ വരെ) പ്രയോജനം ലഭിക്കുമെങ്കിലും, ഒടിആറിന് കീഴിലുള്ള നികുതിദായകർക്ക് ഇതിൽ ഏത് സംവിധാനമാണ് നല്ലത് എന്ന് മനസിലാക്കാൻ പ്രഖ്യാപനം വഴിയൊരുക്കി.
പുതിയ നികുതി സംവിധാനം തിരഞ്ഞെടുക്കണോ?
പുതിയ നികുതി സംവിധാനം തിരഞ്ഞെടുക്കണോ പഴയതിൽ തുടരണോ എന്ന് ആലോചിച്ച് തീരുമാനിക്കേണ്ട സമയമായി. ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് എൻടിആറാണ് നല്ലത്, കാരണം അവർക്ക് നികുതി അടയ്ക്കേണ്ടി വരുന്നില്ല. മറ്റുള്ളവർക്ക്, ഏതാണ് കൂടുതൽ അനുയോജ്യം എന്നത് അവർ നിലവിൽ ഏത് നികുതി സ്ലാബിന്റെ ഭാഗമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
പഴയ നികുതി സംവിധാനത്തിന് കീഴിലുള്ള ആനുകൂല്യങ്ങൾ വ്യക്തികൾക്ക് ലഭിക്കണമെങ്കിൽ അതിൽ അനുവദിച്ചിട്ടുള്ള കിഴിവുകൾ ക്ലെയിം ചെയ്യേണ്ടതുണ്ട് എന്നത് ഓർമ്മിക്കണം.
വിവിധ കിഴിവ് ക്ലെയിമുകളും നികുതി വിഭാഗങ്ങളെയും വിശകലനം ചെയ്യുമ്പോൾ,10 ലക്ഷം രൂപ വരെ നികുതി വിധേയമായ വരുമാനമുള്ള വ്യക്തികൾക്ക്, അവർ, എല്ലാ കിഴിവുകളും ക്ലെയിം ചെയ്യുന്നവരാണെങ്കിൽ പഴയ നികുതി സംവിധാനമാണ് അനുഗുണമായത്.
ഒടിആർ പ്രകാരം 10 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനം നികുതിയാണ് ഈടാക്കുന്നത്. എൻടിആറിൽ 10 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 15 ശതമാനവും 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 20 ശതമാനവുമാണ് നികുതി.
നിങ്ങളുടെ നികുതിയുടെ പരിധിയിൽ വരുന്ന വാർഷിക വരുമാനം പത്ത് ലക്ഷമാണെങ്കിലോ?
മൊത്ത നികുതി വരുമാനം പത്ത് ലക്ഷമാണെങ്കിൽ, പുതിയ നികുതി സംവിധാനത്തിന് കീഴിൽ 62,400 രൂപ നികുതി നൽകേണ്ടി വരുന്നു. ഒടിആറിൽ, ഭവന വായ്പയുടെ പലിശ ( രണ്ട് ലക്ഷം രൂപ) ഇപിഎഫ്, പിപിഎഫ്, ലൈഫ് ഇൻഷുറൻസ്, ഇഎൽഎസ്എസ് എന്നിവയുടെ കീഴിൽ അഞ്ച് കിഴിവുകളും (മൊത്തം 4.75 ലക്ഷം രൂപ വരെ) പരമാവധി ക്ലെയിം ചെയ്താൽ, സെക്ഷൻ 80 സി (1.5 ലക്ഷം രൂപ); സെക്ഷൻ 80സിസിഡി (50,000 രൂപ) എൻപിഎസ്, ആരോഗ്യ ഇൻഷുറൻസ് (25,000 രൂപ), രക്ഷിതാക്കൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് (50,000 രൂപ), എന്നിവ പ്രകാരം അവർ 18,200 രൂപ മാത്രമേ നികുതി നൽകേണ്ടതുള്ളൂ. അങ്ങനെ അവർ പ്രതിവർഷം എൻടിആറിന് കീഴിൽ അടയ്‌ക്കുന്നതിനേക്കാൾ 44,200 രൂപ ലാഭിക്കും.
എന്നിരുന്നാലും, അവർ മൂന്നു ലക്ഷം രൂപ മാത്രമാണ് കിഴിവുകൾ ക്ലെയിം ചെയ്യുന്നതെങ്കിൽ, ഒടിആർ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ വ്യത്യാസം 7,800 രൂപയായി കുറയുന്നു. എന്നാൽ അവർ ഒരു വർഷത്തിൽ 2.5 ലക്ഷം രൂപയുടെ കിഴിവുകൾ മാത്രമേ ക്ലെയിം ചെയ്യുന്നുള്ളൂവെങ്കിൽ, ഒടിആർ പ്രകാരം, അവർ മൊത്തം 65,000 രൂപ നികുതി അടയ്‌ക്കേണ്ടി വരും, ഇത് എൻടിആറിന് കീഴിലുള്ളതിനേക്കാൾ 2,600 രൂപ കൂടുതലാണ്.
നിങ്ങളുടെ മൊത്ത നികുതി വരുമാനം 15 ലക്ഷം രൂപയാണെങ്കിൽ എന്ത് സംഭവിക്കും?
15 ലക്ഷം രൂപ മൊത്ത നികുതി വരുമാനമുള്ളവർക്ക് എൻടിആർ പ്രകാരം 1,56,000 രൂപ നികുതി അടയ്‌ക്കേണ്ടി വരും. ഒടിആർ പ്രകാരം, 4.75 ലക്ഷം രൂപ വരുന്ന എല്ലാ കിഴിവുകളും അവർ ക്ലെയിം ചെയ്താൽ, 1,24,800 രൂപ നികുതി അടയ്‌ക്കുകയും പ്രതിവർഷം 31,200 രൂപ ലാഭിക്കുകയും ചെയ്യാം. എന്നാൽ, അവർ 3.75 ലക്ഷം രൂപയുടെ കിഴിവുകൾ ക്ലെയിം ചെയ്താൽ, ഒടിആർ പ്രകാരം 1.56 ലക്ഷം രൂപ അടയ്ക്കണം. അത് എൻടിആറിന് കീഴിലുള്ള അതേ നികുതിയാണ്.
നികുതി അടയ്ക്കുന്നവർ മൂന്നു ലക്ഷം രൂപയുടെ കിഴിവുകൾ മാത്രം ക്ലെയിം ചെയ്താൽ, അവർ ഒടിആർ പ്രകാരം 1,79,400 രൂപ നികുതി അടയ്‌ക്കേണ്ടി വരും. എൻടിആറിനേക്കാൾ 23,400 രൂപ അധിക നികുതി അടയ്‌ക്കേണ്ടി വരും. 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന്, എൻടിആറും ഒടിആറും തമ്മിൽ നികുതി നിരക്കുകളെ സംബന്ധിച്ചിടത്തോളം വ്യത്യാസമില്ല. കാരണം 15 ലക്ഷത്തിന് മുകളിലുള്ള നികുതി വരുമാനത്തിന് രണ്ട് വ്യവസ്ഥയിലും 30 ശതമാനമാണ് നികുതി നിരക്ക്.
ഒരാൾ ഏത് നികുതി വിഭാഗത്തിൽപെടുന്നു എന്നതും അവർ കിഴിവുകൾ ക്ലെയിം ചെയ്യുന്നതിനെയും ആശ്രയിച്ചാണ് ഒടിആർ വേണോ എൻടിആർ വേണോ എന്നത് തീരുമാനിക്കാൻ കഴിയൂ. ശരിയായ തീരുമാനത്തിലെത്താൻ വ്യക്തികൾ അവരുടെ സാമ്പത്തിക ഉപദേഷ്ടാവിനോടോ ടാക്സ് കൺസൾട്ടന്റിനോടോ കൂടിയാലോചിക്കണം.