‘ഷിഗല്ല’ രോഗ ലക്ഷണങ്ങളും, പ്രതിരോധ മാർഗങ്ങളും; അറിയേണ്ടതെല്ലാം

വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല രോഗം വളരെ പെട്ടെന്ന് വ്യാപിക്കും

health department, ആരോഗ്യവകുപ്പ്, kerala news, shigella, ഷിഗെല്ല, ഷിഗല്ല, bacteria, ബാക്ടീരിയ, Kozhikode, കോഴിക്കോട്, iemalayalam, ഐഇ മലയാളം

കോഴിക്കോട്: കോവിഡ് രോഗവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ‘ഷിഗല്ല’ (Shigella) രോഗബാധ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ ‘ഷിഗല്ല’ രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയവരുടെ എണ്ണം 50 കടന്നിട്ടുണ്ട്. കോഴിക്കോട് കോർപറേഷൻ പരിധിയിലെ 18-ാം ഡിവിഷനില്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ആദ്യം രോഗബാധ കണ്ടെത്തിയത്.  രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്. എന്നാൽ കോട്ടാംപറമ്പ് മേഖലയിൽ എങ്ങനെ ഷിഗെല്ല ബാക്ടീരിയ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Read More: ഷിഗല്ല: രോഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു, അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്

ഷിഗല്ല

ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) അധവാ ഷിഗല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.

ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.

വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

രോഗലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം.

രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

പ്രതിരോധ മാര്‍ഗങ്ങള്‍

 • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
 • ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
 • വ്യക്തിശുചിത്വം പാലിക്കുക.
 • തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
 • കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
 • രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
 • പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
 • ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
 • വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
 • കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
 • വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
 • രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
 • പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
 • രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.
 • കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.

കോഴിക്കോട് ജില്ലയിലെ ഷിഗല്ല രോഗബാധ

കോഴിക്കോട് കോർപറേഷൻ പരിധിയിലെ 18-ാം ഡിവിഷനില്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ഷിഗല്ല രോഗബാധ കണ്ടെത്തിയത്. പ്രദേശത്തോടനുബന്ധിച്ച് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മലത്തിന്റെ സാംപിള്‍ പരിശോധനക്കെടുക്കുകയും പരിശോധനയില്‍ ആറു കേസുകളില്‍ ഷിഗല്ലസോണി ( Shigella sonnei ) എന്ന വിഭാഗത്തിലുള്ള ഷിഗല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചതായും ഡിഎംഒ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നല്‍കുകയും ചെയ്തു. അങ്കണവാടികളിലും മറ്റും ഒ.ആര്‍.എസ് പാക്കറ്റുകള്‍ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വയറിളക്കവും മറ്റുരോഗ ലക്ഷണവുമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തരെ വിവരം അറിയിക്കണമെന്നും ഡിഎംഒ നിർദേശിച്ചു.

കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷി​ഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Shigella disease symptoms precaution

Next Story
ഒരു കോടി വീഡിയോകൾ പിൻവലിച്ച് പോൺഹബ്; നിയന്ത്രണങ്ങളും കടുപ്പിച്ചുPornhub, Pornhub videos, Pornhub child abuse, Pornhub Mastercard payment, Pornhub payment, Pornhub membership, Pornhub Paypal, Pornhub visa, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com