എംഎൽഎമാരും എംപിമാരും മന്ത്രിയും നടത്തുന്ന പ്രസ്താവനകളുടെ ഉത്തരവാദിത്തം സർക്കാരിന്റെ തലയിൽ കെട്ടിവെയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി. കൂട്ടുത്തരവാദിത്തം എന്ന തത്വം നിലനിൽക്കുമ്പോഴും ഇത്തരം പ്രസ്താവനകൾക്കു സർക്കാരിനെ പരിചാരാനാകില്ലെന്നു ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
മന്ത്രിമാർ അടക്കമുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്യത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള ഹർജികൾ തള്ളിയാണു സുപ്രീം കോടതിയുടെ പരാമർശം. മന്ത്രിമാർ പറയുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനു നൽകാനാകില്ലെന്നും അതു പറയുന്നയാളുടെ മാത്രം അഭിപ്രായമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എസ്.എ. നസീർ അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ബി.ആർ.ഗവായ്, എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യൻ, എന്നിവരടങ്ങിയ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയ്ക്കു പുറമേ ജസ്റ്റിസ് ബി.വി.നാഗരത്ന ഭിന്ന വിധി പുറപ്പെടുവിച്ചു. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനം ഇതേ ബെഞ്ച് കഴിഞ്ഞദിവസം ശരിവച്ചിരുന്നു. അപ്പോഴും ജസ്റ്റിസ് ബി.വി.നാഗരത്ന ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു.
ഭരണഘടനയുടെ അനുച്ഛേദം 19 (2) പ്രകാരം പരാമർശിച്ചിട്ടുള്ളവയൊഴികെ, അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്നു വിധിയിൽ പറയുന്നു.
എന്താണ് കേസ് ?
2016ൽ യുപിയിലെ ബുലന്ദ്ഷഹർ ബലാത്സംഗ കേസിൽ അന്നത്തെ ഉത്തർപ്രദേശിലെ മന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അസം ഖാന്റെ പരാമർശങ്ങൾക്കെതിരേ കേന്ദ്ര മന്ത്രി കൗശൽ കിഷോറാണ് ആദ്യം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സംഭവത്തെ രാഷ്ട്രീയ ഗൂഡാലോചനയെന്നാണ് അസം ഖാൻ വിശേഷിപ്പിച്ചത്.
പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുന്‍ മന്ത്രി എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്‍ജികളിലടക്കമാണു വിധി വന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ ഈ ഹർജികൾ സുപ്രീം കോടതി പ്രത്യേകമായി പരിഗണിക്കും.
അഭിപ്രായ സ്വാതന്ത്ര്യ നിയന്ത്രണങ്ങളെക്കുറിച്ച് വിധിയിൽ എന്താണ് പറയുന്നത്?
“ഒരു പൊതുപ്രവർത്തകന്റെ സംസാരത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമോ” എന്നാണ് ഇവിടെ ഉയർന്ന പ്രധാന ചോദ്യം. “സംസ്ഥാനത്തിന്റെ ഏതെങ്കിലും കാര്യങ്ങളിലോ സർക്കാരിന്റെ സംരക്ഷണത്തിനുവേണ്ടിയോ ഒരു മന്ത്രി നടത്തിയ പ്രസ്താവന, കൂട്ടുത്തരവാദിത്തത്തിന്റെ പേരിൽ സർക്കാരിന്റെ മേൽ കെട്ടിവയ്ക്കാനാവില്ലെന്ന്,” ഭൂരിപക്ഷം വിധിച്ചു.
കൂടാതെ, അനുച്ഛേദം 19 (ആവിഷ്കാര സ്വാതന്ത്ര്യം), 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ ലംഘനങ്ങൾക്കു കോടതിയെ സമീപിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. എന്നാൽ ഇത്തരം പ്രസ്താവനകൾ കുറ്റക്യത്യം ചെയ്യുന്നതിന് ഇടയാക്കിയാൽ അതിനെതിരെ പ്രതിവിധികൾ തേടാവുന്നതാണ്.
വിയോജിപ്പ് വിധിന്യായത്തിൽ പറയുന്നതെന്താണ്?
ജസ്റ്റിസ് ബി.വി.നാഗരത്‌ന ഹർജികളുടെ മേൽ ഒരു പ്രത്യേക വിധിന്യായം എഴുതി. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വളരെ ആവശ്യമായ അവകാശമാണെന്നും അത് വഴി പൗരന്മാർക്ക് ഭരണത്തെക്കുറിച്ച് അറിവ് ലഭിക്കുമെന്നും പറഞ്ഞു.
സംസാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച കേസിൽ, ഭൂരിപക്ഷ വിധിയോട് ഭാഗികമായി യോജിച്ച ജസ്റ്റിസ് ബി.വി.നാഗരത്‌ന വിദ്വേഷ പ്രസംഗങ്ങള്‍ക്കും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ജനങ്ങളെ താഴ്ത്തിക്കാണിക്കുന്ന പ്രസംഗങ്ങളും തടയുന്നതിനു പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് സിവില്‍, ക്രിമിനല്‍ കേസുകളുമായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി.
മന്ത്രിമാര്‍ നടത്തുന്ന അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ സര്‍ക്കാര്‍ തള്ളിപ്പറയാത്ത പക്ഷം അത് സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ അംഗങ്ങളുടെ പ്രസ്താവനകൾ അതിരു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് നാഗരത്‌ന പ്രത്യേക വിധിയില്‍ വ്യക്തമാക്കി.
യൂണിയനുവേണ്ടി അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർ ഹാജരായി. ബെഞ്ച് പരിഗണിക്കുന്ന വിഷയയത്തിൽ വിദ്വേഷ പ്രസംഗത്തിന്റെയോ മറ്റ് തരത്തിലുള്ള പരാമർശങ്ങളുടെയോ മേഖലകൾ കൈകാര്യം ചെയ്യുന്നതിന് നിയമം നിർമാണത്തിനുള്ള സാധ്യത പാർലമെന്റിന്റെ ഉത്തരവാദിത്തമാണെന്നും അവർ വാദിച്ചു.