അറസ്റ്റ് ചെയ്ത ദിവസം മുതൽ 15 ദിവസത്തിൽ കൂടുതൽ കുറ്റാരോപിതനെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാനാകുമോ എന്നതിനെക്കുറിച്ചുള്ള നിലവിലെ നിലപാട് പുനഃപരിശോധിക്കണമെന്ന് തിങ്കളാഴ്ച (ഏപ്രിൽ 10) സുപ്രീം കോടതി പറഞ്ഞു.
അറസ്റ്റ് കഴിഞ്ഞ്, 15 ദിവസത്തിനുശേഷവും കുറ്റാരോപിതനെ പൊലീസ് കസ്റ്റഡിയിൽ തടങ്കലിൽ വയ്ക്കുന്നത് അനുവദനീയമല്ലെന്ന 1992ലെ സുപ്രധാന വിധി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ എംആർ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. എന്തുകൊണ്ടാണ് സുപ്രീം കോടതി നിയമത്തിന്റെ പുനഃപരിശോധന ആവശ്യപ്പെടുന്നത്?
എന്താണ് കേസ്?
തൃണമൂൽ കോൺഗ്രസ് മുൻ നേതാവ് വിനയ് മിശ്രയുടെ സഹോദരനും കുറ്റാരോപിതനുമായ വികാസ് മിശ്രയുടെ കസ്റ്റഡി കാലയളവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരവും വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളും ചുമത്തപ്പെട്ട വികാസിനെ 2021 ഏപ്രിൽ 16 മുതൽ ഏഴ് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.
എന്നിരുന്നാലും, രണ്ടര ദിവസത്തെ കസ്റ്റഡിക്ക് ശേഷം വികാസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ ജാമ്യം റദ്ദാക്കി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലായിട്ടും വികാസിനെ നേരത്തെ സിബിഐയ്ക്ക് ചോദ്യം ചെയ്യാൻ കഴിയാത്തതിനാൽ പുതിയ കസ്റ്റഡി ആവശ്യമാണെന്നായിരുന്നു അന്വേഷണ ഏജൻസിയുടെ വാദം.
അറസ്റ്റ് ചെയ്ത ദിവസം മുതൽ 15 ദിവസത്തിൽ കൂടുതൽ പൊലീസ് കസ്റ്റഡി അനുവദനീയമല്ലെന്ന കോടതിയുടെ 30 വർഷം പഴക്കമുള്ള വിധി ചൂണ്ടിക്കാട്ടി വികാസിന്റെ അഭിഭാഷകർ സി ബി ഐയുടെ കസ്റ്റഡി ആവശ്യത്തെ എതിർത്തു.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉം അനുപം ജെ. കുൽക്കർണിയും തമ്മിലുള്ള കേസിൽ, അറസ്റ്റ് ചെയ്ത ദിവസം മുതൽ 15 ദിവസത്തിൽ കൂടുതൽ കുറ്റാരോപിതനെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
വികാസിന്റെ കേസിൽ സിബിഐക്ക് കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചു. “മേൽപ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഇടക്കാല ജാമ്യം റദ്ദാക്കാനായി പ്രത്യേക ജഡ്ജി നടത്തിയ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ, അനുപം ജെ. കുൽക്കർണിയുടെ കേസിൽ കോടതിയുടെ തീരുമാനം പരിഗണിക്കേണ്ടതുണ്ട്,” കോടതി പറഞ്ഞു. 1992-ലെ സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ചിന്റതായിരുന്നു ഈ വിധി.
1992ലെ വിധിയും ഇപ്പോഴത്തെ വിധിയും രണ്ടംഗ ബെഞ്ചിന്റേതാണ്. വിശാല ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കുകയും നിയമത്തിൽ വ്യക്തത വരുത്തുകയും വേണം.
പൊലീസ് കസ്റ്റഡിയെക്കുറിച്ച് നിയമത്തിൽ പറയുന്നതെന്ത്?
മിക്കവാറും എല്ലാ കേസുകളിലും മജിസ്‌ട്രേറ്റുമാർ പൊലീസ് കസ്റ്റഡി അനുവദിക്കുന്നുണ്ടെങ്കിലും, പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ പൊലീസ് തടങ്കലിൽ വയ്ക്കാൻ നിയമം അനുവദിക്കൂ. ഉത്തരവിൽ രേഖപ്പെടുത്തിയ കാരണങ്ങളോടെ മജിസ്‌ട്രേറ്റാണ് പൊലീസ് കസ്റ്റഡി അനുവദിക്കേണ്ടത്.
ക്രിമിനൽ നടപടി ക്രമത്തിന്റെ 167-ാം വകുപ്പ് ഇതിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. വാസ്തവത്തിൽ, “ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്ത നടപടിക്രമം” എന്നതാണ് വ്യവസ്ഥ. ഇതിനർത്ഥം 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കുന്നത് ഇതിനൊരു അപവാദമാണ്.
സിആർപിസിയുടെ 167 (2) വകുപ്പ് മജിസ്‌ട്രേറ്റിന് “അത്തരം ഉചിതമെന്ന് കരുതുന്ന സാഹചര്യത്തിൽ കുറ്റാരോപിതനെ 15 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് തടങ്കലിൽ വയ്ക്കുന്നതിന്,” അധികാരം നൽകുന്നു.
1992ലെ അനുപം കുൽക്കർണി കേസിലെ ഈ വ്യവസ്ഥ, ” സത്യസന്ധരല്ലാത്ത ചില പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന രീതികളിൽ നിന്ന് പ്രതികളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്” എന്ന് സുപ്രീ കോടതി പറഞ്ഞു.
അറസ്റ്റ് ചെയ്യുമ്പോൾ മാത്രം പൊലീസ് കസ്റ്റഡി അനുവദിക്കുന്നത് എന്തുകൊണ്ട്?
സിആർപിസിയുടെ സെക്ഷൻ 167ൽ , 15 ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം, അന്വേഷണം നടക്കുന്ന കാലയളവിൽ റിമാൻഡ് ജുഡീഷ്യൽ കസ്റ്റഡിയിൽ മാത്രമേ പാടുള്ളൂ എന്ന് വൃക്തമാക്കുന്നു. മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ സെൻട്രൽ ജയിലിലാണ് ജുഡീഷ്യൽ കസ്റ്റഡി. അതേസമയം ഒരു കുറ്റോരോപിതനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന പൊലീസ് കസ്റ്റഡി പൊലീസ് സ്റ്റേഷനിലായിരിക്കും.
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം പരിശോധിക്കുന്നതാണ് ഈ നിയമം. അതിനാൽ 15 ദിവസം സമയമേ ചോദ്യം ചെയ്യലിന് ഉള്ളൂ എന്ന് അറിയുമ്പോൾ, കൃത്യസമയത്ത് അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് ശ്രമിക്കും.
എന്നാൽ കുറ്റാരോപിതൻ മറ്റൊരു കേസിൽ പെടുകയാണെങ്കിൽ ഈ 15 ദിവസത്തെ നിയമം ബാധകമല്ല. തുടർന്ന്, ഒരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെങ്കിലും, മറ്റൊരു കേസിൽ അറസ്റ്റുചെയ്യാനും പൊലീസിന് വീണ്ടും 15 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടാനും സാധിക്കും.
ഉദാഹരണത്തിന്, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ കേസിൽ , 15 ദിവസത്തെ പൊലീസ് കസ്റ്റഡി തുടരാനായി സംസ്ഥാനത്തുടനീളം ഒന്നിലധികം എഫ്‌ഐആറുകളെ ആയുധമാക്കി. തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കുന്നതിൽ ന്യായമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീം കോടതി സുബൈറിന് ജാമ്യം അനുവദിച്ചിരുന്നു.
15 ദിവസത്തെ കസ്റ്റഡിക്ക് ശേഷം എന്ത് സംഭവിക്കും?
നിശ്ചിത ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെങ്കിൽ കുറ്റാരോപിതനെ ജാമ്യത്തിൽ വിട്ടയക്കാൻ സിആർപിസി അനുവദിക്കുന്നു. ഇതിനെ സാധാരണയായി ‘ഡിഫോൾട്ട് ജാമ്യം’ അല്ലെങ്കിൽ ‘നിയമപരമായ ജാമ്യം’ എന്നാണ് പറയുന്നത്.
ആദ്യ പരിധി 24 മണിക്കൂറാണ്. തുടർന്ന്, മജിസ്‌ട്രേറ്റിന് പരമാവധി 15 ദിവസത്തേക്ക് ഇത് നീട്ടാം. സെക്ഷൻ 167(2) (എ) മജിസ്‌ട്രേറ്റിന് “കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ പൊലീസ് കസ്റ്റഡിയിലല്ലാതെ, പതിനഞ്ച് ദിവസത്തിനപ്പുറം തടങ്കലിൽ വെക്കാൻ” അധികാരം നൽകുന്നു. അങ്ങനെ ചെയ്യുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് മജിസ്‌ട്രേറ്റ് ബോധ്യപ്പെട്ടുന്ന സാഹചര്യത്തിലാണ് ഇത് സാധ്യമാകുന്നത്. എന്നിരുന്നാലും, ഇതും 60-90 ദിവസത്തിൽ കൂടരുത്.
അടിസ്ഥാനപരമായി, അന്വേഷണം പൂർത്തിയാക്കാൻ കുറ്റോരോപിതനെ കൂടുതൽ ദിവസം തടങ്കലിൽ വയ്ക്കേണ്ടത് ആവശ്യമായി വരുമ്പോൾ, മജിസ്‌ട്രേറ്റിന് അതിന് അനുമതി നൽകാം. എന്നാൽ വധശിക്ഷ, അല്ലെങ്കിൽ ജീവപര്യന്തം കേസുകളിൽ ഇത് 90 ദിവസത്തിൽ കവിയാൻ പാടില്ല. മറ്റു കേസുകളിൽ 60 ദിവസവും.
1975ലെ “മതബാർ പരിദ വേഴ്സസ് സ്റ്റേറ്റ് ഓഫ് ഒറീസ്സ” എന്ന കേസിന്റെ വിധിയിൽ, 60-90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, “ഗുരുതരവും ക്രൂരവുമായ കുറ്റകൃത്യങ്ങളിൽ” പോലും പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങാൻ അർഹതയുണ്ടെന്ന്, സുപ്രീം കോടതി പറഞ്ഞു.
നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണ ഏജൻസി അതിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യം.