scorecardresearch

നാസ-ഐഎസ്ആർഒ പങ്കാളിത്തത്തിൽ ഭൗമനിരീക്ഷണ ഉപഗ്രഹം; എന്താണ് നിസാർ, ദൗത്യമെന്ത്?

ഭൂമിയുടെ പുറംപാളി, മഞ്ഞുപാളികൾ, പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നിസാർ നൽകും

NISAR, NISAR MISSION, NISAR SATELLITE, NASA-ISRO, NASA-ISRO PARTNERSHIP

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) യു എസ് ബഹിരാകാശ ഏജൻസിയായ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനും (നാസ) സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നിസാർ (നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ) ഉടൻ ഇന്ത്യയിലെത്തും. ദക്ഷിണ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി(ജെപിഎൽ)യിൽ ഫെബ്രുവരി മൂന്നിനു നിസാറിനു യാത്രയയപ്പ് നൽകി.

എസ്‌യുവി വലുപ്പത്തിലുള്ള ഉപഗ്രഹം ഈ മാസം അവസാനം പ്രത്യേക കാർഗോ കണ്ടെയ്‌നർ വിമാനത്തിൽ ഇന്ത്യയിലേക്ക് അയയ്ക്കും. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് 2024ലാണു നിസാറിന്റെ വിക്ഷേപണം.

യാത്രയയപ്പ് ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, ജെപിഎൽ ഡയറക്ടർ ലോറി ലെഷിൻ, നാസയിലെയും ഐ എസ് ആർ ഒയിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തതായി അമേരിക്കൻ ബഹിരാകാശ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“എട്ടു വർഷം മുൻപ് ഈ ദൗത്യത്തിനായി ഒന്നുചേർന്ന നാസയും ഐഎസ്ആർഒയും നിസാറിനു വേണ്ടി വിഭാവനം ചെയ്ത അപാരമായ ശാസ്ത്ര സാധ്യതകൾ നിറവേറ്റുന്നതിലേക്ക് ഇന്ന് ഒരു പടി കൂടി അടുത്തിരിക്കുന്നു,” മാധ്യമങ്ങളോട് സംസാരിക്കവെ ഐഎസ്ആർഒ ചെയർമാൻ സോമനാഥ് പറഞ്ഞു. “ഈ ദൗത്യം ഒരു ശാസ്ത്ര ഉപകരണമെന്ന നിലയിൽ റഡാറിന്റെ കഴിവിന്റെ ശക്തമായ പ്രകടനമായിരിക്കും, കൂടാതെ ഭൂമിയുടെ ചലനാത്മക മേഖലയെയും ഹിമ പ്രതലങ്ങളെയും മുൻപത്തെക്കാളും വിശദമായി പഠിക്കാൻ ഞങ്ങളെ സഹായിക്കും.”

എന്താണ് നിസാർ?

2014ൽ ഒപ്പുവച്ച പങ്കാളിത്ത സഹകരണ കരാറിനു കീഴിലാണ് യുഎസിന്റെയും ഇന്ത്യയുടെയും ബഹിരാകാശ ഏജൻസികൾ ചേർന്നു നിസാർ നിർമിച്ചത്. 2,800 കിലോയാണു ഭാരം. എൽ-ബാൻഡ്, എസ്-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപകരണങ്ങൾ നിസാറിനെ ഡ്യുവൽ ഫ്രീക്വൻസി ഇമേജിങ് റഡാർ ഉപഗ്രഹമാക്കി മാറ്റുന്നു.

എൽ-ബാൻഡ് റഡാർ, ജിപിഎസ്, ഡേറ്റ സംഭരിക്കുന്നതിനുള്ള ഉയർന്ന ശേഷിയുള്ള സോളിഡ്-സ്റ്റേറ്റ് റെക്കോർഡർ, പേലോഡ് ഡേറ്റ സബ്‌സിസ്റ്റം എന്നിവ നാസ നൽകിയപ്പോൾ, എസ്-ബാൻഡ് റഡാറും ജിഎസ്എൽവി വിക്ഷേപണ സംവിധാനവും ബഹിരാകാശ പേടകവും ഐഎസ്ആർഒയുടെ സംഭാവനയാണ്.

ഉപഗ്രഹത്തിന്റെ മറ്റൊരു പ്രധാന ഘടകം അതിന്റെ 39 അടി ഉയരമുള്ള സ്റ്റേഷണറി ആന്റിന റിഫ്ലക്ടറാണ്. നാസ പറയുന്നതനുസരിച്ച്, സ്വർണം പൂശിയ വയർ മെഷ് ഉപയോഗിച്ച് നിർമിച്ച ഈ റിഫ്ലക്ടർ “ഉപകരണ ഘടനയിൽ മുകളിലേക്ക് അഭിമുഖീകരിക്കുന്ന ഫീഡ് പുറപ്പെടുവിക്കുന്ന റഡാർ സിഗ്നലുകൾ” ഫോക്കസ് ചെയ്യാൻ ഉപയോഗിക്കും.

എന്താണ് ദൗത്യം?

ഭൂമിയുടെ ഉപരിതലത്തിലെ സൂക്ഷ്മമായ മാറ്റങ്ങൾ നിസാർ നിരീക്ഷിച്ച് അത്തരം പ്രതിഭാസങ്ങളുടെ കാരണങ്ങളും അനന്തരഫലങ്ങളും നന്നായി മനസ്സിലാക്കാൻ ഗവേഷകരെ സഹായിക്കുന്നു. അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ് അടയാളങ്ങൾ നിസാർ കണ്ടെത്തും. ഭൂഗർഭജലനിരപ്പ് അളക്കുകയും ഹിമാനികൾ, മഞ്ഞുപാളികൾ എന്നിവയുടെ ഒഴുക്ക് നിരക്ക് നിരീക്ഷിക്കുകയും വനം, കാർഷിക മേഖലകൾ എന്നിവ നിരീക്ഷിക്കുകയും ചെയ്യും. ഇത് കാർബൺ വിനിമയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്തും.

സിന്തറ്റിക് അപ്പേർച്ചർ റഡാർ (എസ്എആർ) ഉപയോഗിച്ച് നിസാർ ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ എടുക്കും. എസ്എആറിന് മേഘങ്ങളിലൂടെയും മറ്റു ലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുക്കാതെയും രാവും പകലും ഡേറ്റ ശേഖരിക്കാൻ സാധിക്കും.

“ഇൻസ്ട്രുമെന്റിന്റെ ഇമേജിങ് സ്വാത്ത് അതായത് പരിക്രമണ പാതയുടെ നീളത്തിൽ ശേഖരിച്ച ഡേറ്റയുടെ സ്ട്രിപ്പിന്റെ വീതി – 150 മൈലിൽ (240 കിലോമീറ്റർ) കൂടുതലാണ്, അതിനാൽ 12 ദിവസത്തിനുള്ളിൽ ഭൂമിയെ മുഴുവൻ ചിത്രീകരിക്കാൻ നിസാറിന് കഴിയും, ” എന്നാണ് ഉപഗ്രഹത്തെക്കുറിച്ച് നാസ പറയുന്നത്.

സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ജിഎസ്‌എൽവി റോക്കറ്റ് ഉപയോഗിച്ച് 2024 ജനുവരിയിലായിരിക്കും നിസാറിന്റെ വിക്ഷേപണം. ഭൂമിക്കു തൊട്ടടുത്തുള്ള ഭ്രമണപഥത്തിലേക്കാണു നിസാറിനെ വിക്ഷേപിക്കുക. കുറഞ്ഞത് മൂന്നു വർഷം ഉപഗ്രഹം പ്രവർത്തിക്കും. നാസയുടെ ആഗോള ശാസ്ത്ര പ്രവർത്തനങ്ങൾക്ക് കുറഞ്ഞതു മൂന്നു വർഷമെങ്കിലും എൽ-ബാൻഡ് റഡാർ ആവശ്യമാണ്. കുറഞ്ഞത് അഞ്ച് വർഷത്തേക്ക് എസ്-ബാൻഡ് റഡാർ ഐഎസ്ആർഒയും ഉപയോഗിക്കും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Satellite built through nasa isro partnership what is nisar its mission