സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂപീകരിച്ച ബെഞ്ചില്‍ സിജെഐക്ക് പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരുമുണ്ട്.
ഒരു മാസം മുമ്പ്, മാര്‍ച്ച് 13 ന് മൗലിക പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈ ഹര്‍ജികള്‍,സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. ഒരു വശത്ത് ഭരണഘടനാപരമായ അവകാശങ്ങളും ട്രാന്‍സ് ദമ്പതികളുടെ അവകാശങ്ങള്‍ക്ക് പുറമെ പ്രത്യേക വിവാഹ നിയമം ഉള്‍പ്പെടെയുള്ള നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണ നിയമങ്ങളും തമ്മിലുള്ള ഇടപെടലാണ് വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് റഫറന്‍സ് ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്താണ് കേസ്?
സ്വവർഗ ദമ്പതികളായ സുപ്രിയോയും അഭയും സമർപ്പിച്ച അപേക്ഷകളാണ് ഇതിലൊന്ന്. 2012 ഡിസംബറിൽ ഹൈദരാബാദിൽ വച്ച് കണ്ടുമുട്ടിയ ഇവർ മാതാപിതാക്കളെ അറിയിച്ചശേഷം, അവരുടെ സാന്നിധ്യത്തിൽ ദമ്പതികൾ തങ്ങളുടെ “വിവാഹ ചടങ്ങ്” നടത്താൻ തീരുമാനിച്ചു. പക്ഷേ അത് ചടങ്ങ് മാത്രമായി തീർന്നു.
പ്രായപൂർത്തിയായ ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടും ദമ്പതികളായി പത്ത് വർഷത്തിലേറെയായി ഒന്നിച്ച് ജീവിച്ചിട്ടും വിവാഹിതരായ ദമ്പതികൾക്ക് ലഭിക്കുന്ന ഒരു അവകാശവും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് അവരുടെ ഹർജിയിൽ പറയുന്നത്.
കൂടാതെ, വാടക ഗർഭധാരണം വഴിയോ, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി വഴിയോ ദത്തെടുക്കാനോ പ്രസവിക്കാനോ വിവാഹിതരായ ദമ്പതികൾക്ക് മാത്രമാണ് സാധിക്കുന്നത്. കൂടാതെ അനന്തരാവകാശം, പരിപാലനം, നികുതി ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള സ്വയമേവയുള്ള അവകാശങ്ങളും ഇവർക്ക് മാത്രമാണ് നൽകിയിരിക്കുന്നത്.
ഇതിന് പുറമെ, വിധവയോ വിഭാര്യനോ ആയവർക്ക് സംസ്ഥാനത്തിന്റെ സംരക്ഷണം ലഭിക്കുന്നു. അവരുടെ മക്കൾക്ക് പെൻഷനോ നിയമനങ്ങളോ ലഭിക്കാൻ സാധിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
മൃതദേഹം ചികിത്സാ ആവശ്യങ്ങൾക്കോ, അവയവദാനത്തിനോ ഉപയോഗിക്കുന്നതിനെ എതിർക്കാൻ മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ അവകാശമുള്ളൂ, അതുകൊണ്ട് തന്നെ മനുഷ്യ അവയവങ്ങൾ മാറ്റിവയ്ക്കൽ നിയമ (ടിഎച്ച് ഒഎ) പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ ട്രാൻസ് ദമ്പതികൾക്ക് പ്രയോജനപ്പെടുത്താനാവില്ലെന്നും ഹർജിയിൽ പറയുന്നു.
“സമൂഹം ദമ്പതികളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് വിവാഹം. ഇത് നിയമം നൽകുന്ന ഒരു സാമൂഹിക പദവി കൂടിയാണ്,” സ്വവർഗ ദമ്പതികളെ വിവാഹത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ, ഭരണഘടനാപര മായി അതവർക്ക് നിയമപരമായ ബാധ്യതയായി മാറുന്നുവെന്നും ഹർജിയിൽ വാദിക്കുന്നു.
ലൈംഗികതയെ നിയമവിധേയമാക്കുന്നത് കൊണ്ട് മാത്രം സമത്വം കൈവരിക്കാനാകില്ലെന്നും, അത് വീട്, ജോലിസ്ഥലം, പൊതു ഇടങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും , മനോഭാവത്തോടൊപ്പം ഘടനാപരമായ മാറ്റങ്ങളും കൊണ്ടുവരണം.
അതിന് വേണ്ടി, സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഹർജിയിൽ ആവശ്യപ്പെടുന്നു, അത് “നിയമം നൽകുകയും സംരക്ഷിക്കുകയും ചെയ്യുന്ന കർത്തവ്യങ്ങളും പ്രത്യേകാവകാശങ്ങളും കടമകളും” കൊണ്ടുവരുന്നു. എൽജിബിടിക്യു വ്യക്തികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച സുപ്രീം കോടതിയുടെ മുൻ വിധികളെ അവലംബമാക്കിക്കൊണ്ടാണ് അത് ചെയ്തത്.
സുപ്രീം കോടതി മുമ്പ് എന്താണ് പറഞ്ഞത്?
2006ൽ ‘ലതാ സിങ്ങും യു പി സർക്കാരും’, 2018ൽ ‘ഷഫിൻ ജെഹാനും അശോകൻ കെഎമ്മും’, 2021ൽ ‘ലക്ഷ്മീഭായ് ചന്ദരാഗി ബി ഉം കർണാടക സർക്കാരും ’എന്നീ കേസുകളിൽ ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശം) പ്രകാരം പ്രായപൂർത്തിയായ ഒരാൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി നിഷ്കർഷിച്ച നിയമത്തെ ആശ്രയിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.
വിവാഹ ബന്ധത്തിലേക്കും കുടുംബ ജീവിതത്തിലേക്കും പ്രവേശിക്കുന്ന വ്യക്തികളുടെ ശാരീരികാവസ്ഥ, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും നിർണായക വശങ്ങളാണെന്നും ഹർജിയിൽ പറയുന്നു.
മിശ്ര വിവാഹ (ഇന്റർ-ഫെയ്ത്ത്, ഇന്റർ-കാസ്റ്റ്) ദമ്പതികളുടെ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീ കോടതി അവരെ സംരക്ഷിച്ചിട്ടുണ്ടെന്ന് വാദിച്ചുകൊണ്ട്, 2017 ലെ ‘കെഎസ് പുട്ടസ്വാമിയും യൂണിയൻ ഓഫ് ഇന്ത്യയും’ എന്ന കേസിലെ വിധി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അന്ന് ഒമ്പതംഗ ബെഞ്ച് എൽജിബിടിക്യു വ്യക്തികൾക്ക് “ ജീവിക്കാനുള്ള അവകാശമുണ്ട്. അവരുടേതായ സ്വകാര്യതയും അന്തസ്സും ഉണ്ട്. അവർ ഏകപക്ഷീയമായ നിയന്ത്രണങ്ങളില്ലാതെ എല്ലാവരുടെയും അവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സത്തയാണ്, ”2017 ലെ വിധി ഉദ്ധരിച്ച് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇതിന് ഒരു വർഷത്തിനുശേഷം, ‘നവതേജ് സിങ് ജോഹർ & യൂണിയൻ ഓഫ് ഇന്ത്യയും മറ്റുള്ളവരും എന്ന കേസിൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് “ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടെയുള്ള ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾക്കെല്ലാം” നിയമപരമായ അർഹതയുണ്ടെന്ന് വിധി വന്നിരുന്നു.
ഏത് ചട്ടങ്ങളും നിയമങ്ങളുമാണ് പരാമർശിച്ചത്?
1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പോലെയുള്ള നിയമനിർമ്മാണങ്ങളിലൂടെ വിവാഹിതരായ ദമ്പതികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ സ്വവർഗ ദമ്പതികൾക്കും അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഇതിന് ലിംഗഭേദമോ ലൈംഗിക ആഭിമുഖ്യമോ മാനദണ്ഡമല്ല.
മതപരമായ പ്രത്യേക വ്യക്തിനിയമങ്ങൾ പ്രകാരം വിവാഹം കഴിക്കാൻ കഴിയാത്ത ദമ്പതികൾക്ക് നിയമപരമായ പരിരക്ഷ നൽകുന്നതിന് അവതരിപ്പിച്ച 1954ലെ സ്പെഷ്യൽ മാരേജ് ആക്ട് സ്വവർഗ ദമ്പതികളോട് വിവേചനം കാണിക്കുന്നതായി ഹർജിയിൽ ബോധിപ്പിക്കുന്നു.
കൂടാതെ, സ്വവർഗവിവാഹം അംഗീകരിക്കാത്തത് ആർട്ടിക്കിൾ 14 (നിയമത്തിന് മുമ്പിലുള്ള തുല്യതയ്ക്കുള്ള അവകാശം), 15 (മതം, വംശം, ജാതി, ലിംഗം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനത്തിനെതിരായ അവകാശം) ജനനം), 19 (സംഭാഷണത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം), ഭരണഘടനയുടെ 21 വകുപ്പ്, എന്നിവ പ്രകാരമുള്ള അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച ഹർജി, ഇക്കാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ ആവശ്യമെന്നും അഭ്യർത്ഥിച്ചു.
സ്പെഷ്യൽ മാര്യേജ് ആക്ട് (എസ്എംഎ) യുടെ സെക്ഷൻ നാല് പ്രകാരം, അതിൽ ഇരുവരും 21 വയസ്സിന് മുകളിലുള്ളവരും മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടില്ലാത്തവരും ഷെഡ്യൂൾ ഒന്ന് പ്രകാരമുള്ള നിരോധിത ബന്ധത്തിന്റെ പരിധിയില്ലാത്തവരും എന്നിവയാണ് യോഗ്യതാ മാനദണ്ഡങ്ങൾ. ഇതിൽ ഒരേ ലിംഗത്തിൽപെട്ടവരാണ്, എന്നത് മാത്രമാണ് വിവാഹം തടയാനുള്ള ഒരേയൊരു കാരണം.
വിവാഹം, മാന്യമായ ജീവിതം, സമത്വം, സ്വയം നിർണ്ണയാവകാശം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിൽ ദമ്പതികളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യത്തെ എസ്എംഎ ലംഘിക്കുന്നു എന്ന് ഹർജിയിൽ ആരോപിക്കുന്നു .
കൂടാതെ നിയമപരമായി വിവാഹിതരായ ദമ്പതികൾക്ക് മാത്രം ലഭിക്കുന്ന ആനുകൂല്യങ്ങളായ, 1972 ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി, 2009ലെ വേതന നിയമങ്ങൾ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം 1952; എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് 1923, 2008ലെ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമത്തിന് കീഴിലുള്ള പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ യോജന, ഇന്ത്യൻ എവിഡൻസ് ആക്ട് 1872, ജുവനൈൽ ജസ്റ്റിസ് ആക്ട് 2015, സറോഗസി റെഗുലേഷൻ ആക്ട് 2021, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (റെഗുലേഷൻ) നിയമം 2021 പോലുള്ള നിയമനിർമ്മാണങ്ങളെ കുറിച്ചും ഹർജിയിൽ പറയുന്നു.