ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ അഞ്ചംഗ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ, ഇത് ഉൾപ്പെടെയുള്ള  സമാന കേസുകളിലെ പൊതുവായ ചോദ്യങ്ങൾക്കു വിശാല  ബഞ്ചിൽനിന്നു മറുപടി ലഭിച്ചശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം. ഇന്നു രാവിലെ 10.30 നാണ് വിധി പുറപ്പെടുവിച്ചത്.

 വിശ്വാസപ്രശ്നങ്ങൾ പരിശോധിക്കുക ഏഴംഗ വിശാല ബഞ്ച്

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28 നാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയായിരുന്നു ബഞ്ചിലെ അധ്യക്ഷന്‍. ഈ വിധിക്കെതിരേ 65  പുനഃപരിശോധനാ ഹർജികളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായുള്ള  അഞ്ചംഗ ബഞ്ചിനു മുൻപാകെ എത്തിയത്.  എന്നാൽ, വിശ്വാസം സംബന്ധിച്ച ഏഴ് വിഷയങ്ങൾ ഏഴംഗ വിശാല ബഞ്ചിനു വിട്ട കോടതി ഇതിൽ തീരുമാനം വന്നശേഷം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.

വിധി പറഞ്ഞത് അഞ്ചംഗ ഭരണഘടനാ ബഞ്ച്

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്. ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.

Read Also: ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് ജസ്റ്റിസ് നരിമാന്‍; ഉപാധികളോടെ നടപ്പിലാക്കേണ്ടതല്ല കോടതി വിധിയെന്നു ചന്ദ്രചൂഡ്

മുന്‍ വിധി നിലനില്‍ക്കും

വിശാല ബഞ്ചിനു വിട്ടെങ്കിലും മുൻ വിധി റദ്ദാക്കിയിട്ടില്ല. യുവതീ പ്രവേശനം അംഗീകരിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബർ 28 ലെ വിധി സ്റ്റേ ചെയ്‌തതായി വിധിപ്രസ്‌താവത്തിൽ പറഞ്ഞിട്ടില്ല. അതിനാൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം.

വിധി രണ്ടിനെതിരേ മൂന്ന് എന്ന നിലയിൽ

അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ നാല് പേരും നേരത്തെ ശബരിമല കേസിൽ വിധി പറഞ്ഞ ബഞ്ചിലുണ്ടായിരുന്നവരാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരമായി ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബഞ്ചിലെത്തി. മറ്റ് നാലുപേരും നേരത്തെയുണ്ടായിരുന്നവർ. ഈ നാലു പേരില്‍ മൂന്നു പേരും നേരത്തെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്നു വിധിയെഴുതിയവരാണ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്. അങ്ങനെ ഒന്നിനെതിരേ നാല് എന്ന നിലയില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന വിധി പുറപ്പെടുവിച്ചു.

Read Also: Sabarimala Judgement Today Live: ശബരിമല കേസ് വിശാല ബഞ്ചിന്; സ്ത്രീപ്രവേശനത്തിനു സ്റ്റേ ഇല്ല

ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഇന്ന് വിധി പറഞ്ഞത്. മൂന്നിനെതിരേ രണ്ട് എന്ന നിലയിലാണ് ഈ വിധി പുറപ്പെടുവിച്ചത്. വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ വിശാല ബഞ്ചിലേക്ക് വിടണമെന്ന് മൂന്ന് ജസ്റ്റിസുമാർ വിധിയെഴുതി. രണ്ടു ജസ്റ്റിസുമാർ ഇതിനെ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവർ വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചു. ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ.എഫ്.നരിമാൻ എന്നിവർ വിശാല ബഞ്ചിനു വിടുന്നതിനെ എതിർത്തു.

വിധി പ്രസ്‌താവം 77 പേജ്

പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള 2018 സെപ്റ്റംബർ 28 ലെ വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ വിശ്വാസം സംബന്ധിച്ച വിഷയങ്ങൾക്കു വിശാല ബഞ്ചിൽനിന്ന് മറുപടി ലഭിച്ചശേഷം പരിഗണിക്കാമെന്ന ഭൂരിപക്ഷ വിധി  ഒൻപത് പേജാണ്. ആകെ 77 പേജാണ് വിധി പ്രസ്‌താവം.

മറ്റ് ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശന കേസുകളും ശബരിമല കേസും ഒരേ ബഞ്ചിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള മൂന്ന് പേർ നിലപാടെടുത്തു. ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കുന്നതിനൊപ്പം മറ്റ് ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.

മറ്റ് മത ആരാധനാലയങ്ങളിലും ഇത്തരം സ്ഥിതിയുണ്ടെന്നും അക്കാര്യവും പരിഗണിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലീം, പാഴ്‌സി ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്ത വിഷങ്ങളാണ് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്. അതോടൊപ്പം മതവിശ്വാസങ്ങളിൽ ഭരണഘടനാ സ്ഥാപനമായ കോടതികൾക്ക് ഇടപെടാൻ സാധിക്കുമോ എന്ന കാര്യം തർക്കവിഷയമാണെന്നും അതിലും തീരുമാനമാകേണ്ടതുണ്ടെന്നും ഭൂരിപക്ഷ വിധിയിൽ പറയുന്നു.

Read Also: യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞു: ഉമ്മന്‍ചാണ്ടി

നിലപാട് മയപ്പെടുത്തി ഖാൻവിൽക്കർ

നേരത്തെ ശബരിമല സ്ത്രീപ്രവേശന വിഷയത്തെ പൂർണമായി പിന്തുണച്ച ജസ്റ്റിസ് ഖാൻവിൽക്കർ പുനഃപരിശോധനാ ഹർജികളുടെ കാര്യത്തിൽ നിലപാട് മയപ്പെടുത്തി. വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ ഏഴംഗ വിശാല ബഞ്ചിനു വിടാമെന്ന സമീപനമായിരുന്നു ജസ്റ്റിസ് ഖാൻവിൽക്കറിന്. അതേസമയം, സ്ത്രീപ്രവേശനം അംഗീകരിച്ചുള്ള മുൻ വിധി ജസ്റ്റിസ് ഖാൻവിൽക്കർ തിരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നേരത്തെ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പൂർണമായി എതിർത്ത ജസ്റ്റിസ് ഇന്ദു മൽഹോത്ര മുൻ നിലപാട് ആവർത്തിക്കുകയും ചെയ്‌തു.

നിലപാടിലുറച്ച് ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഡും ആർ.എഫ്.നരിമാനും

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന മുൻ വിധിയിൽ ശക്‌തമായി ഉറച്ചുനിന്നത് രണ്ട് ജസ്റ്റിസുമാരാണ്. പുനഃപരിശോധനാ ഹർജികൾ അംഗീകരിക്കരുതെന്നും വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ വിശാല ബഞ്ചിനു വിടരുതെന്നും ജസ്റ്റിസുമാരായ ഡി.വെെ.ചന്ദ്രചൂഡ്, ആർ.എഫ്.നരിമാൻ നിലപാടെടുത്തു. ഇരുവരും ശക്‌തമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ആരാധനാലയങ്ങളിലെയും സ്ത്രീപ്രവേശന വിലക്ക് കേസുകളും ശബരിമല കേസിനൊപ്പം പരിഗണിക്കാം എന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എതിര്‍ത്തു. മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനവുമായി ശബരിമല വിഷയത്തെ കൂട്ടികുഴയ്ക്കാന്‍ പറ്റില്ലെന്നാണു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നിലപാട്. പുനഃപരിശോധനയുടെ ആവശ്യമില്ല. സ്ത്രീപ്രവേശനത്തെ പിന്തുണച്ചുള്ള മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഉപാധികളോടെ നടപ്പിലാക്കേണ്ടതല്ല കോടതി വിധിയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു.

കോടതികള്‍ക്കു മുന്‍പിലുള്ള വിശുദ്ധ ഗ്രന്ഥം ഇന്ത്യന്‍ ഭരണഘടന മാത്രമാണെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ പറഞ്ഞു. എല്ലാ പുനഃപരിശോധനാ ഹര്‍ജികളും തള്ളണമെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ നിലപാടെടുത്തു. മുന്‍പ് പുറപ്പെടുവിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുന്നു. മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവും ശബരിമല കേസും കൂടിക്കുഴയ്ക്കരുത്. ശാരീരിക വിവേചനങ്ങള്‍ക്കെതിരെയുള്ളതാണ് തങ്ങളുടെ ആദ്യ വിധി.

കോടതി വിധിയോട് വിയോജിപ്പ് രേഖപ്പെടുത്താം. എന്നാല്‍, സംഘടിത പ്രക്ഷോഭങ്ങളിലൂടെ അതിനെ അട്ടിമറയ്ക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook