ന്യൂഡല്‍ഹി: സമകാലിക കേരള രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങളുണ്ടാക്കിയ സംഭവമാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി. പിണറായി വിജയന്‍ സര്‍ക്കാരിനു ഏറെ വെല്ലുവിളികളാണ് ഈ വിധി നടപ്പാക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്നു നേരിടേണ്ടി വന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോയപ്പോള്‍ കേരളത്തില്‍ വലിയ പ്രതിഷേധമുണ്ടായി. ബിജെപിയും കോണ്‍ഗ്രസും സുപ്രീം കോടതി വിധിക്കെതിരെ രംഗത്തെത്തി. കേരളത്തിലെ രാഷ്ട്രീയം കലാപകലുഷിതമായി.

Read Also: ശബരിമല വിധി കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണം: സിപിഎം

വിധി നാളെ

ഒരു ഇടവേളയ്ക്കു ശേഷം ശബരിമലയിലെ സ്ത്രീ പ്രവേശനം വീണ്ടും കേരളത്തില്‍ ചര്‍ച്ചയാകുകയാണ്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28 ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും ഭരണഘടനാ ബഞ്ച് ഇന്ന് വിധി പറയും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഇന്ന് രാവിലെ 10.30 ന് വിധി പുറപ്പെടുവിക്കുക. പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്. ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

Election 2019, ലോക്‌സഭ തിരഞ്ഞെടുപ്പ്, Lok Sabha Election 2019, General Election 2019, പൊതു തിരഞ്ഞെടുപ്പ് 2019, Indian General Election 2019, തിരഞ്ഞെടുപ്പ് വാർത്തകൾ, Election news, kerala Election commissioner, ശബരിമല, Sabarimala, iemalayalam, ഐ ഇ മലയാളം

Makaravilakku Festival in Sabarimala Temple

2018 സെപ്റ്റംബര്‍ 28 നു എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള വിധി പുറപ്പെടുവിച്ചത് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ്. ദീപക് മിശ്രയുടെ പിൻഗാമിയായാണു രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസാകുന്നത്. അതിനാല്‍ തന്നെ സ്വാഭാവികമായി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ്.

ബഞ്ചിലെ മറ്റു നാല് ജസ്റ്റിസുമാരും നേരത്തെ ഉണ്ടായിരുന്നവര്‍ തന്നെയാണ്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ഈ നാലു പേരില്‍ മൂന്നു പേരും നേരത്തെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്നു വിധിയെഴുതിയവരാണ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്. അങ്ങനെ ഒന്നിനെതിരെ നാല് എന്ന നിലയില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന വിധി പുറപ്പെടുവിച്ചു.

Read Also: ശബരിമല യുവതീ പ്രവേശനം: പുനഃപരിശോധന ഹർജികളിൽ വിധി നാളെ

പുനഃപരിശോധനാ ഹര്‍ജി: സാധ്യതകൾ ഇങ്ങനെ

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്വീകരിക്കുന്ന നിലപാട് പുനഃപരിശോധനാ ഹര്‍ജികളുടെ വിധിയില്‍ നിര്‍ണായകമാകും. ചീഫ് ജസ്റ്റിസ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടെടുത്താല്‍ നേരത്തെ സംഭവിച്ചതുപോലെ ഒന്നിനെതിരെ നാല് എന്ന നിലയില്‍ തന്നെ വിധി നിലനില്‍ക്കും. അദ്ദേഹം എതിര്‍ക്കുകയാണെങ്കില്‍ വിധി രണ്ടിനെതിരെ മൂന്ന് എന്ന നിലയിലാകും. പുനഃപരിശോധന ഹർജികൾ തള്ളുകയാണെങ്കിൽ ശബരിമല നിയമപോരാട്ടം ഏതാണ്ട് പൂർണമായും അവസാനിക്കും. തിരുത്തൽ ഹർജിയെന്ന അതിവിദൂര സാധ്യത മാത്രമാകും പിന്നീട്.

ശബരിമല വിധിയെ തുടർന്ന് കേരളത്തിലുണ്ടായ പ്രതിഷേധം

പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ബഞ്ചിലെ നേരത്തെയുണ്ടായിരുന്ന ജഡ്‌ജിമാർ നിലപാടിൽ മാറ്റം വരുത്തുമോ എന്നതും നിർണായകമാകും. അങ്ങനെ വന്നാൽ, പുനഃപരിശോധനാ ഹർജികൾ ഏഴംഗ വിശാല ബഞ്ചിലേക്ക് വിടാനുള്ള സാധ്യതകളാണ് കാണുന്നത്. കേസ് വിശാല ബഞ്ചിന് വിടുകയാണെങ്കിൽ കേസിലെ കക്ഷികൾക്ക് ആദ്യംമുതലേ അവരുടെ വാദപ്രതിവാദങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ച് കേസിൽ വീണ്ടും വാദം കേൾക്കും.

കേസ് വിശാല ബഞ്ചിലേക്ക് വിട്ടാൽ നേരത്തെയുള്ള വിധി സുപ്രീം കോടതി ചിലപ്പോൾ തൽക്കാലത്തേക്ക്  മരവിപ്പിച്ചേക്കും. അതുമല്ലെങ്കിൽ തൽസ്ഥിതി (സ്റ്റാറ്റസ്‌കോ) തുടരാൻ നിർദേശിക്കും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബഞ്ച് വിധി റദ്ദാക്കാത്ത സാഹചര്യത്തിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശിക്കുകയാണെങ്കിൽ യുവതീ പ്രവേശനം തുടരാം.

Read Also: എനിക്കുമൊരു കുടുംബമുണ്ട്, ഞാൻ ക്രൂരനല്ല: ദിലീപ്

പിണറായി സർക്കാരിന് നിർണായകം

അതേസമയം, പിണറായി വിജയൻ സർക്കാരിന് പുനഃപരിശോധനാ ഹർജികളിലുള്ള സുപ്രീം കോടതി വിധി നിർണായകമാണ്. സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ സർക്കാർ ഏറെ പ്രതിരോധത്തിലായിരുന്നു. വിധി നടപ്പിലാക്കുമെന്ന നിലപാടിലായിരുന്നു ആദ്യംമുതലേ സർക്കാർ. എന്നാൽ, വിധി നടപ്പിലാക്കുന്നതിനിടെ നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിട്ടത്. പ്രതിപക്ഷം സർക്കാരിനെതിരെ ഇതൊരു രാഷ്ട്രീയ ആയുധമാക്കിയതോടെ ഇടത് സർക്കാർ പ്രതിരോധത്തിലായി. കോടതി വിധി നടപ്പിലാക്കും എന്ന നിലപാട് സർക്കാർ ആവർത്തിക്കുകയും ചെയ്‌തു. അതിനുശേഷം, നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു എന്നാണ് സിപിഎമ്മും സിപിഐയും വിലയിരുത്തിയത്.

Read Also: ശബരിമല: മണ്ഡലകാല ദർശന സമയം അറിയാം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് കൂടുതൽ വ്യക്തമാക്കി. വീടുകൾ കയറിയിങ്ങി ജനങ്ങളുമായി സംസാരിച്ചു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭേദപ്പെട്ട പ്രകടനം നടത്താനും സാധിച്ചു. ഇപ്പോൾ മണ്ഡല-മകരവിളക്ക് കാലം അടുത്തിരിക്കെയാണ് പുനഃപരിശോധനാ ഹർജികളിൽ വിധി വരാനിരിക്കുന്നത്. വിധി എന്തു തന്നെയായാലും സർക്കാർ അതു നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook