scorecardresearch
Latest News

ചൈനയെയും പാകിസ്ഥാനെയും പ്രതിരോധിക്കാന്‍ എസ്-400; അമേരിക്ക ഉപരോധം ഏർപ്പെടുത്തുമോ?

ലോകത്തിലെ ഏറ്റവും നൂതനവും ശക്തവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400 ട്രയംഫ്. ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാത്തരം വ്യോമാക്രമണങ്ങളില്‍നിന്നും സംരക്ഷണമൊരുക്കാനുള്ള കഴിവുണ്ട്

ചൈനയെയും പാകിസ്ഥാനെയും പ്രതിരോധിക്കാന്‍ എസ്-400; അമേരിക്ക ഉപരോധം ഏർപ്പെടുത്തുമോ?

ഇന്ത്യ റഷ്യയില്‍നിന്നു വാങ്ങുന്ന എസ് -400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ വിതരണം ആരംഭിച്ചിരിക്കുകയാണ്. 550 കോടി യുഎസ് ഡോളറിന് അഞ്ച് യൂണിറ്റാണ് ഇന്ത്യ വാങ്ങുന്നത്. 2018ലാണ് ഇതുസംബന്ധിച്ച് കരാറിലെത്തിയത്. വിതരണം നിശ്ചയിച്ച പ്രകാരം നടക്കുന്നതായി ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ ഞായറാഴ്ച ദുബായില്‍ അറിയിച്ചിരുന്നു. ഇക്കാര്യം ബന്ധപ്പെട്ട വൃത്തങ്ങളും സ്ഥിരീകരിച്ചു.

ആദ്യ യൂണിറ്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, യുഎസുമായുള്ള ഇന്ത്യയുടെ ദൃഢമായ ബന്ധത്തില്‍ എസ് -400 വാങ്ങല്‍ നയതന്ത്ര വിള്ളല്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

എന്താണ് എസ്-400?

ലോകത്തിലെ ഏറ്റവും നൂതനവും ശക്തവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400 ട്രയംഫ്. ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാത്തരം വ്യോമാക്രമണങ്ങളില്‍നിന്നും സംരക്ഷണമൊരുക്കാനുള്ള കഴിവുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് കവചമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ സംവിധാനം ദീര്‍ഘദൂര ഉപരിതല-വ്യോമ മിസൈല്‍ സംവിധാനമാണ്.

റഷ്യയുടെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്ത എസ്എ-21 ഗ്രൗളര്‍ എന്ന് നാറ്റോ നാമകരണം ചെയ്ത എസ്-400 നു നുഴഞ്ഞുകയറുന്ന വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ നേരിടാന്‍ കഴിയുമെന്ന് യുഎസ് എയര്‍ഫോഴ്സിന്റെ ജേണല്‍ ഫോര്‍ ഇന്‍ഡോ-പസഫിക് കമാന്‍ഡിന്റെ സമീപകാല ലേഖനത്തില്‍ പറയുന്നു.

രണ്ട് ബാറ്ററി, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം, നിരീക്ഷണ റഡാര്‍, എന്‍ഗേജ്‌മെന്റ് റഡാര്‍, നാല് ലോഞ്ച് ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓരാ എസ്-400 യൂണിറ്റും. റഷ്യ 1993 മുതലാണ് എസ്-400 വികസിപ്പിച്ചു തുടങ്ങിയത്. 1999- 2000ല്‍ പരീക്ഷണം ആരംഭിക്കുകയും 2007-ല്‍ വിന്യസിക്കുകയും ചെയ്തു.

എസ്-400 സംവിധാനത്തില്‍ നാല് തരം മിസൈലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഹ്രസ്വ ദൂരം- 40 കിലോ മീറ്റര്‍ വരെ, ഇടത്തരം ദൂരം-120 കി മീ വരെ; ദീര്‍ഘദൂര 48 എന്‍6-250 കി മീ വരെ, വളരെ ദീര്‍ഘദൂരം 40 എന്‍6ഇ-400 കി.മീ വരെ എന്നിവയാണവ. 180 കി മീ ഉയരത്തില്‍ വരെ പറക്കാന്‍ കഴിയും. 600 കിലോമീറ്റര്‍ പരിധിയില്‍ 160 വസ്തുക്കള്‍ വരെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റര്‍ പരിധിയില്‍ 72 വസ്തുക്കളെ ലക്ഷ്യമിടാനും എസ്-400 നു കഴിയുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.

എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

സംരക്ഷിക്കേണ്ട പ്രദേശത്തെ സമീപിക്കുന്ന ആകാശ ഭീഷണിയെ എസ്-400 കണ്ടെത്തുന്നു. തുടര്‍ന്ന് ഭീഷണിയുടെ സഞ്ചാരപാത കണക്കാക്കി അതിനെ നേരിടാന്‍ മിസൈലുകള്‍ വിക്ഷേപിക്കും. കമാന്‍ഡ് വെഹിക്കിളിലേക്ക് വിവരങ്ങള്‍ അയയ്ക്കുന്ന ദീര്‍ഘദൂര നിരീക്ഷണ റഡാറുകള്‍ എസ്-400ല്‍ ഉണ്ട്്. ലക്ഷ്യം തിരിച്ചറിയുമ്പോള്‍, കമാന്‍ഡ് വാഹനം മിസൈല്‍ വിക്ഷേപണത്തിനു നിര്‍ദേശം നല്‍കുന്നു.

ഗാസയില്‍നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ ഇസ്രായേല്‍ മേയില്‍ അയണ്‍ ഡോം മിസൈലുകള്‍ കൊണ്ട് നേരിട്ടത് ഓര്‍മയിലുണ്ടാവുമല്ലോ. എസ്-400നാവട്ടെ വളരെ വിശാലമായ പ്രദേശത്തെ, വളരെ ദൂരെയുള്ള ഭീഷണികളില്‍നിന്ന് സംരക്ഷിക്കാന്‍ ശേഷിയുണ്ട്.

എന്തിനാണ് ഇന്ത്യ എസ്-400 വാങ്ങുന്നത്?

ചൈനയില്‍നിന്നോ പാകിസ്ഥാനില്‍നിന്നോ ഉള്ള മിസൈല്‍ അല്ലെങ്കില്‍ യുദ്ധവിമാനങ്ങള്‍ വഴിയുള്ള ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാനാണ് ഈ നടപടി. ഇന്ത്യന്‍ വോമസേനയ്ക്കു സ്വന്തം വ്യോമാതിര്‍ത്തിക്കുള്ളില്‍ പോലും എതിരാളിയുടെ വ്യോമപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് എസ്-400നെക്കുറിച്ച് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഫെബ്രുവരിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എസ്-400നെ അമേരിക്കയുടെ എംഐഎം-104 പാട്രിയറ്റ് മിസൈല്‍ സംവിധാനവുമായി റിപ്പോര്‍ട്ട് താരതമ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്: ”പ്രാഥമികമായി മിസൈല്‍ പ്രതിരോധം ലക്ഷ്യമിട്ടുള്ള എസ്-400 വിമാനവേധ ഉത്തരവാദിത്തത്തിനു മാത്രമായി വളരെ കുറച്ചാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.” പാട്രിയറ്റ് (പിഎസി-3) വിക്ഷേപിക്കാന്‍ 25 മിനിറ്റ് ആവശ്യമാണെങ്കില്‍ എസ്-400ന് അഞ്ചു മിനിറ്റ് മാത്രം മതി. എസ്-400നു സെക്കന്‍ഡില്‍ 4.8 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. സെക്കന്‍ഡില്‍ 1.38 കിലോ മീറ്റ മാത്രമാണു പാട്രിയറ്റിന്റെ വേഗം. എസ്-400 കുറച്ചുകൂടി ചെലവ് കുറഞ്ഞതാണ്. ്ഇതിന്റെ ഒരു ബാറ്ററിക്ക് 50 കോടി ഡോളറാണ് ചെലവെങ്കില്‍ പാട്രിയറ്റിന്റെ കാര്യത്തില്‍ 100 കോടി ഡോളര്‍ വേണം.

എപ്പോള്‍ ലഭ്യമാകും?

ഇന്ത്യ വാങ്ങുന്ന എസ്-400ന്റെ അഞ്ച് യൂണിറ്റുകളില്‍ ആദ്യത്തേത് ഈ വര്‍ഷം അവസാനത്തോടെ പ്രാവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ”ഇന്ത്യയ്ക്ക് എസ് -400 വ്യോമപ്രതിരോധ സംവിധാനം വിതരണം ചെയ്യാന്‍ തുടങ്ങി. ആദ്യ ഡിവിഷന്‍ 2021 അവസാനത്തോടെ വിതരണം ചെയ്യും,” റഷ്യയുടെ മിലിട്ടറി-ടെക്നിക്കല്‍ കോ-ഓപറേഷന്‍ ഫെഡറല്‍ സര്‍വീസ് ഡയറക്ടര്‍ ദിമിത്രി ഷുഗേവ് ദുബായില്‍ പറഞ്ഞു.

2018 ഒക്ടോബറിലാണ് ഇന്ത്യ അഞ്ച് യൂണിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. 24 മാസത്തിനുള്ളില്‍ വിതരം ആരംഭിക്കേണ്ടതായിരുന്നെങ്കിലും പല കാരണങ്ങളാല്‍ വൈകി. യൂണിറ്റുകളുടെ അന്തിമ വിതരണം 2023 ഏപ്രിലില്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണു ഇന്ത്യ റഷ്യയ്ക്ക് ആദ്യ ഗഡുവമായി ഏകദേശം 80 കോടി ഡോളര്‍ നല്‍കിയ സമയമായ 2019 ജൂലൈയില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

എസ്-400 ആര്‍ക്കെല്ലാം ഉണ്ട്?

നിരവധി രാജ്യങ്ങള്‍ എസ്-400ല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2007-ല്‍ ഓര്‍ഡര്‍ നല്‍കിയ ബെലാറസിനു 2016-ല്‍ ആദ്യ ഡെലിവറി ലഭിച്ചു. 2014-ല്‍ ഓര്‍ഡര്‍ നല്‍കി അള്‍ജീരിയ 2015-ല്‍ ആദ്യ യൂണിറ്റ് സ്വന്തമാക്കി. തുര്‍ക്കി 2017 ഡിസംബറില്‍ ഓര്‍ഡര്‍ നല്‍കി. 2019 ജൂലൈയില്‍ ഡെലിവറി ആരംഭിച്ചു. ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ വലിയ ഭീഷണി നേരിടുന്ന അയല്‍രാജ്യമായ ചൈന എസ്-400 വിന്യസിച്ചിട്ടുണ്ട്. 2014 2014 മാര്‍ച്ചില്‍ ഓര്‍ഡര്‍ നല്‍കിയ ചൈനയ്ക്കു 2018 ല്‍ സംവിധാനം ലഭിച്ചത് ഇന്ത്യ വലിയ ആശങ്കയോടെയാണു കാണുന്നത്. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്ന് പരിഹരിക്കപ്പെടാതെ തുടരുന്ന സംഘര്‍ഷത്തിനിടെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ എസ്-400 വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അമേരിക്ക അസ്വസ്ഥമാകുന്നത് എന്തുകൊണ്ട്?

ഇന്ത്യ റഷ്യയില്‍നിന്ന് എസ്-400 വാങ്ങുന്നതിലുള്ള അമേരിക്കയുടെ അസ്വസ്ഥതയ്ക്കു നിരവധി കാരണങ്ങളുണ്ട്. റഷ്യയുടെ പ്രതിരോധ സംവിധാനങ്ങളില്‍ ഇന്ത്യയുടെ പണ്ടുമുതലേയുള്ള ആശ്രയം ഉപേക്ഷിക്കണമെന്ന ആഗ്രഹമാണ് ഇതിലൊന്ന്. പതിറ്റാണ്ടുകളായി റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ്. അതേസമയം, നയതന്ത്രപരമായും തന്ത്രപരമായും യുഎസുമായി ഇന്ത്യ അടുക്കുന്ന സാഹചര്യത്തിലാണ് എസ്-400 വാങ്ങല്‍.

2011-15 നും 2016-20 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 33 ശതമാനം കുറവുണ്ടായപ്പോള്‍ പോലും റഷ്യയായിരുന്നു ഇന്ത്യയുടെ ഏറ്റവും പ്രധാന വിതരണക്കാരെന്നു അന്താരാഷ്ട്ര ആയുധ കൈമാറ്റത്തിലെ പ്രവണതകളെക്കുറിച്ചുള്ള സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാര്‍ച്ചിലെ റിപ്പോര്‍ട്ട് പറയുന്നു. ”എങ്കിലും ഇരു കാലഘട്ടങ്ങള്‍ക്കിടയില്‍ റഷ്യയില്‍നിന്നുള്ള വിതരണം 53 ശതമാനം കുറഞ്ഞു. റഷ്യന്‍ വിഹിതം ഇന്ത്യയുടെ മൊത്തം ആയുധ ഇറക്കുമതിയുടെ 70 ശതമാനത്തില്‍നിന്ന് 49 ആയി കുറഞ്ഞു. 2011-15 ല്‍ അമേരിക്കയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വിതരണക്കാരന്‍. എന്നാല്‍ 2016-20 ല്‍ യുഎസ്എയില്‍ നിന്നുള്ള ഇന്ത്യയുടെ ആയുധ ഇറക്കുമതി മുന്‍ അഞ്ച് വര്‍ഷ കാലയളവിനെ അപേക്ഷിച്ച് 46 ശതമാനം കുറവായിരുന്നു. 2016-20 ല്‍ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ നാലാമത്തെ വലിയ വിതരണക്കാരായി യുഎസ്എ മാറി,” റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, 2017-ല്‍ യുഎസ് പാസാക്കിയ കൗണ്ടറിങ് അമേരിക്കസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട് (സിഎഎടിഎസ്എ) എന്ന ഉപരോധം നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുകയാണ് എസ്-400 കരാര്‍. അമേരിക്കന്‍ എതിരാളികളായ ഇറാന്‍, റഷ്യ, ഉത്തര കൊറിയ എന്നിവയെ ശിക്ഷാ നടപടികളിലൂടെ നേരിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം. പ്രതിരോധ വ്യവസായം ഉള്‍പ്പെടെ റഷ്യന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ നിയമം ലക്ഷ്യമിടുന്നു.

റഷ്യന്‍ പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളുമായി ‘നിര്‍ണായക ഇടപാട്’ നടത്തുന്നവര്‍ക്കെതിരെ സെക്ഷന്‍ 235 ല്‍ പരാമര്‍ശിച്ചിരിക്കുന്ന 12 ഉപരോധങ്ങളില്‍ അഞ്ചെണ്ണമെങ്കിലും ചുമത്താന്‍ നിയമം യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്നു. നാറ്റോയുടെ ദീര്‍ഘകാല സഖ്യകക്ഷിയായ തുര്‍ക്കിക്കുമേല്‍ 2020 ഡിസംബറില്‍ എസ്-400 വാങ്ങിയതിന്റെ പേരില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എസ്-400 സംവിധാനം വാങ്ങുന്നതുമായി ഇന്ത്യ മുന്നോട്ടുപോയാല്‍ ഉപരോധത്തിലേക്ക് നയിച്ചേക്കുമെന്ന് ജനുവരിയില്‍ യുഎസ് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

”ഇന്ത്യയ്ക്കും യുഎസിനും സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഇന്ത്യയ്ക്ക് റഷ്യയുമായി സവിശേഷവും പ്രത്യേക പദവിയുള്ളതുമായ തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഇന്ത്യ എപ്പോഴും സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നത്. ഞങ്ങളുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രതിരോധ ഏറ്റെടുക്കലുകള്‍ക്കും വിതരണങ്ങള്‍ക്കും ഇത് ബാധകമാണ്,” എന്നാണ് ഇതിനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

അതേസമയം, പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണ്. എസ്-400 വാങ്ങലുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരായി ഏതെങ്കിലും ഉപരോധം ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു യുഎസ് സെനറ്റര്‍മാര്‍ പ്രസിഡന്റ് ജോ ബൈഡനു കഴിഞ്ഞ മാസം കത്തെഴുതിയിരുന്നു. എന്നാല്‍ എസ്-400 വിതരണം ആരംഭിച്ചുകഴിഞ്ഞാല്‍ യുഎസ് എന്തെങ്കിലും നടപടിയെടുക്കുമോയെന്ന് കണ്ടറിയണം. പ്രത്യേകിച്ച് ചൈനയുടെ മുന്നേറ്റത്തെ തടയാന്‍ ഇന്തോ-പസഫിക്കിനെ യുഎസ് ശ്രദ്ധാ മേഖലയാക്കി മാറ്റിയ സാഹചര്യത്തില്‍.

Also Read: പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ; ബിജെപി-എസ്പി തർക്കവും പദ്ധതിയുടെ വിശദാംശങ്ങളും

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: S 400 purchase air defence system india us relation

Best of Express