രാജ്യസഭാ എംപി സഞ്ജയ് റാവുത്തിന്റെയും എന്‍സിപി നേതാവ് ഏക്നാഥ് ഖഡ്സെയുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഐപിഎസ് ഉദ്യോഗസ്ഥ രശ്മി ശുക്ലയെ്‌ക്കെതിരെ മുംബൈയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. രശ്മി ശുക്ല 2019ല്‍ മഹാരാഷ്ട്രയില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായിരിക്കെയായിരിക്കെയായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ മഹാരാഷ്ട്രയില്‍നിന്നു മാറ്റി ഇപ്പോള്‍ സിആര്‍പിഎഫില്‍ നിയമിച്ചതിലൂടെ രശ്മിയെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തലിന്റെ നിയമവശങ്ങളും ദുരുപയോഗം തടയാന്‍ എന്തൊക്കെ കാര്യങ്ങളാണ അനുശാസിക്കുന്നതെന്നും പരിശോധിക്കാം.
എങ്ങനെയാണ് ഫോണുകള്‍ ചോര്‍ത്തുന്നത്?
ഫിക്‌സഡ് ലൈന്‍ ഫോണുകളുടെ കാലത്ത് കോളില്‍നിന്ന് ഓഡിയോ സിഗ്‌നലിനെ റൂട്ട് ചെയ്യാന്‍ മെക്കാനിക്കല്‍ എക്‌സ്‌ചേഞ്ചുകള്‍ സര്‍ക്യൂട്ടുകളെ ഒരുമിച്ച് ബന്ധിപ്പിക്കും. എക്സ്ചേഞ്ചുകള്‍ ഡിജിറ്റലായപ്പോള്‍ കമ്പ്യൂട്ടര്‍ വഴിയാണ് ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നത്. ഇന്ന്, മിക്ക സംഭാഷണങ്ങളും മൊബൈല്‍ ഫോണുകളിലൂടെ നടക്കുമ്പോള്‍, അധികൃതര്‍ സേവന ദാതാവിനോട് നിര്‍ദേശിക്കുന്നു. ബന്ധപ്പെട്ട നമ്പറിലെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ബന്ധിപ്പിച്ച കമ്പ്യൂട്ടര്‍ വഴി തത്സമയം നല്‍കാനും സേവനദാതാവ് നിയമപ്രകാരം ബാധ്യസ്ഥനാണ്.
ആര്‍ക്കൊക്കെ ഫോണ്‍ ചോര്‍ത്താം?
ഫോണ്‍ ചോര്‍ത്താന്‍ സംസ്ഥാനങ്ങളില്‍ പൊലീസിന് അധികാരമുണ്ട്. കേന്ദ്രത്തില്‍, ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ), റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നീ 10 ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. മറ്റേതെങ്കിലും ഏജന്‍സിയുടെ ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമായി കണക്കാക്കും.
ഏതൊക്കെ നിയമങ്ങള്‍ പ്രകാരമാണു ഫോണ്‍ ചോര്‍ത്താന്‍ കഴിയുക?
1885-ലെ ഇന്ത്യന്‍ ടെലഗ്രാഫ് നിയമ പ്രകാരമാണ് ഇന്ത്യയില്‍ ഫോണ്‍ ചോര്‍ത്തല്‍ സാധ്യമാവുന്നത്.
”ഏതെങ്കിലും പൊതു അടിയന്തര സാഹചര്യം ഉണ്ടായാല്‍ അല്ലെങ്കില്‍ പൊതു സുരക്ഷാ താല്‍പ്പര്യം മുന്‍നിര്‍ത്തി,” ആവശ്യമാണെന്നു ബോധ്യപ്പെട്ടാല്‍ കേന്ദ്രത്തിനോ സംസ്ഥാനങ്ങള്‍ക്കോ ഫോണ്‍ ചോര്‍ത്താമെന്നു ഇന്ത്യന്‍ ടെലഗ്രാഫ് നിയമത്തിലെ 5(2) ഉപ വകുപ്പ് പറയുന്നു. പൊതുസുരക്ഷാ താല്‍പ്പര്യം, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം അല്ലെങ്കില്‍ പൊതുക്രമം അല്ലെങ്കില്‍ ഒരു കുറ്റകൃത്യം ചെയ്യുന്നതിനുള്ള പ്രേരണ തടയല്‍ എന്നീ സാഹചര്യങ്ങളില്‍ ഫോണ്‍ ചോര്‍ത്താം.
അതേസമയം, മാധ്യമങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമായ സമീപനമുണ്ട്. ”കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അക്രഡിറ്റേഷനുള്ള ലേഖകരുടെ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന വാര്‍ത്താ സന്ദേശങ്ങള്‍, ഈ ഉപവകുപ്പ് പ്രകാരം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടില്ലെങ്കില്‍ തടഞ്ഞുവയ്ക്കില്ല. ഫോണ്‍ ചോര്‍ത്തുന്നതിനുള്ള കാരണങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ എഴുതി രേഖപ്പെടുത്തണം.
ആരാണ് ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കുന്നത്?
കേന്ദ്ര സര്‍ക്കാരിന്റെ കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയുടെയും സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെയും ഉത്തരവിലൂടെയല്ലാതെ ഫോണ്‍ ചോര്‍ത്തലിന് ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ലെന്ന് ഇന്ത്യന്‍ ടെലിഗ്രാഫ് (ഭേദഗതി) ചട്ടം, 2007 ലെ ചട്ടം 419 എ വ്യക്തമാക്കുന്നു. ഉത്തരവ് സേവന ദാതാവിനെ രേഖാമൂലം അറിയിക്കണം. അതിനുശേഷം മാത്രമേ ചോര്‍ത്തല്‍ ആരംഭിക്കാന്‍ കഴിയൂ.
അടിയന്തര സാചര്യത്തില്‍ എന്ത് സംഭവിക്കും?
ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോ അധികാരപ്പെടുത്തിയ, കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാം.
വിദൂര പ്രദേശങ്ങളിലോ പ്രവര്‍ത്തനപരമായ കാരണങ്ങളാലോ, മുന്‍കൂര്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നത് സാധ്യമല്ലെങ്കില്‍, കേന്ദ്ര തലത്തിലുള്ള അംഗീകൃത നിയമ നിര്‍വഹണ ഏജന്‍സിയുടെ തലവന്റെയോ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയോ മുന്‍കൂര്‍ അനുമതിയോടെ ഫോണ്‍ ചോര്‍ത്താം. സംസ്ഥാന തലത്തില്‍ ്‌ഐജി റാങ്കില്‍ കുറയാത്ത അംഗീകൃത ഉദ്യോഗസ്ഥനായിരിക്കണം ഇത്.
ഉത്തരവ് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട അധികാരിയെ അറിയിക്കണം. അദ്ദേഹം ഇത് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ അംഗീകരിക്കുകയോ നിരസിക്കുകയോ വേണം. നിശ്ചിത ഏഴു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള സ്ഥിരീകരണം ലഭിച്ചില്ലെങ്കില്‍ ചോര്‍ത്തല്‍ അവസാനിപ്പിക്കണമെന്നു ചട്ടം പറയുന്നു.
ഉദാഹരണത്തിന്, 2011 സെപ്റ്റംബര്‍ 26നു നടന്ന മുംബൈ ആക്രമണ സമയത്ത്, പൂര്‍ണ നടപടിക്രമങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ക്കു സമയമില്ലായിരുന്നു, അതിനാല്‍ ഇന്റലിജന്‍സ് ബ്യൂറോ സേവന ദാതാവിന് ഒരു മെയില്‍ അയയ്ക്കുകയും തീവ്രവാദികളുടെ ഫോണുകള്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ”ശരിയായ നടപടിക്രമം പിന്നീട് പിന്തുടര്‍ന്നു. തീവ്രവാദ ആക്രമണങ്ങള്‍ പോലുള്ള ഗുരുതരമായ സാഹചര്യങ്ങളില്‍, സേവന ദാതാക്കളെ വാക്കാലുള്ള അഭ്യര്‍ത്ഥനകളുമായി പോലും സമീപിക്കാറുണ്ട്. അത് രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി അവര്‍ മാനിക്കുന്നു,” ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദുരുപയോഗത്തിനെതിരായ പരിശോധനകള്‍ എന്തൊക്കെ?
വിവരങ്ങള്‍ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ ഉത്തരവിടാവൂയെന്ന് നിയമം വ്യക്തമാക്കുന്നു.
”ഉപചട്ടം (1) പ്രകാരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍, മറ്റു മാര്‍ഗങ്ങളിലൂടെ ആവശ്യമായ വിവരങ്ങള്‍ നേടുന്നതിനുള്ള സാധ്യത ഓഫീസര്‍ പരിഗണിക്കും. കൂടാതെ, മറ്റു ന്യായമായ മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധ്യമല്ലെങ്കില്‍ മാത്രമേ ഉപചട്ടം (1) പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയുള്ളൂ,” ചട്ടം 419 എ പറയുന്നു.
നേരത്തെ അസാധുവാക്കിയില്ലെങ്കില്‍, 60 ദിവസത്തില്‍ കൂടാത്ത കാലയളവിലേക്കു ഫോണ്‍ ചോര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ തുടരും. ഈ കാലയളവ് നീട്ടാമെങ്കിലും മൊത്തം 180 ദിവസത്തിനപ്പുറം പാടില്ല.
ഫോണ്‍ ചോര്‍ത്തുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരി പുറപ്പെടുവിക്കുന്ന ഏതൊരു ഉത്തരവിലും കാരണങ്ങള്‍ ഉണ്ടായിരിക്കണം. കൂടാതെ ഉത്തരവിന്റെ പകര്‍പ്പ് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ അവലോകന സമിതിക്ക് കൈമാറണം. കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിയമ, ടെലികോം സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളാണ്. സംസ്ഥാനങ്ങളില്‍, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിയമ, ആഭ്യന്തര സെക്രട്ടറിമാര്‍ അംഗങ്ങളായുള്ളതാണ് സമിതി.
എല്ലാ ഫോണ്‍ ചോര്‍ത്തല്‍ അഭ്യര്‍ത്ഥനകളും അവലോകനം ചെയ്യുന്നതിനായി സമിതി രണ്ടു മാസത്തിലൊരിക്കലെങ്കിലും യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ”മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമല്ല നിര്‍ദേശങ്ങളെന്ന് അഭിപ്രായമുണ്ടെങ്കില്‍, ഉത്തരവുകള്‍ അവലോകന സമിതിക്ക് റദ്ദാക്കാനും ചോര്‍ത്തിയ സന്ദേശങ്ങളുടെ പകര്‍പ്പുകള്‍ നശിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കാനും ഉത്തരവിടാം,” നിയമം പറയുന്നു.
ചട്ടങ്ങള്‍ പറയുന്നതു പ്രകാരം, അത്തരം നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഓരോ ആറ് മാസത്തിലും നശിപ്പിക്കപ്പെടും. േെചാര്‍ത്തല്‍ അവസാനിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ ചോര്‍ത്താനുള്ള നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സേവന ദാതാക്കളും നശിപ്പിക്കേണ്ടതുണ്ട്.
പ്രക്രിയ സുതാര്യമാണോ?
പ്രക്രിയ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒന്നിലധികം വ്യവസ്ഥകളുണ്ട്.
ഫോണ്‍ ചോര്‍ത്താനുള്ള ഉത്തരവുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും പദവിയും േെചാര്‍ത്തിയ കോളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടുന്ന അധികാരം വ്യക്തമാക്കുന്നതാണ്. കൂടാതെ ചോര്‍ത്തിയ കോളിന്റെ ഉപയോഗം ടെലിഗ്രാഫ് നിയമത്തിലെ 5(2) ഉപവകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കണം.
ചോര്‍ത്തലിനായി എസ്പി അല്ലെങ്കില്‍ അഡീഷണല്‍ എസ്പി റാങ്കില്‍ കുറയാത്ത അല്ലെങ്കില്‍ തത്തുല്യമായ ഉദ്യോഗസ്ഥന്‍ സേവന ദാതാക്കളുടെ നിയുക്ത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കകേണ്ടതാണ്. ചോര്‍ത്തിയ കോളിന്റെ വിശദാംശങ്ങള്‍, ചോര്‍ത്തിയ സന്ദേശങ്ങളുടെ ഉടമ, ചോര്‍ത്തിയ കോളുകള്‍ വെളിപ്പെടുത്തിയ ഉദ്യോഗസ്ഥന്‍, പകര്‍പ്പുകള്‍ നശിപ്പിച്ച തീയതി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥന്‍ സൂക്ഷിക്കുമെന്നു പതീക്ഷിക്കുന്നു.
സേവനദാതാക്കളുടെ നിയുക്ത നോഡല്‍ ഓഫീസര്‍മാര്‍ അറിയിപ്പ് ലഭിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ സുരക്ഷാ/നിയമപാലന ഏജന്‍സിക്ക് അക്നോളജ്മെന്റ് ലെറ്ററുകള്‍ നല്‍കണം. ആധികാരികത സ്ഥിരീകരിക്കുന്നതിന്, ഓരോ 15 ദിവസത്തിലും അവര്‍ സുരക്ഷാ, നിയമപാലന ഏജന്‍സികളുടെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന ചോര്‍ത്തല്‍ അംഗീകാരങ്ങള്‍ക്കുള്ള ലിസ്റ്റ് കൈമാറണം.
”സന്ദേശങ്ങള്‍ അനധികൃതമായി ചോര്‍ത്തുന്നില്ലെന്നും അതീവ രഹസ്യം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സേവന ദാതാക്കള്‍ മതിയായതും ഫലപ്രദവുമായ ആഭ്യന്തര പരിശോധനകള്‍ നടത്തും…,” ചെട്ടം പറയുന്നു.
ഇത് സേവന ദാതാക്കളെ അവരുടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളാക്കുന്നു. അനധികൃതമായി ചോര്‍ത്തുന്ന സാഹചര്യത്തില്‍, സേവന ദാതാവിന് പിഴ ലഭിക്കുകയോ ലൈസന്‍സ് നഷ്ടമാകുകയോ ചെയ്യാം.
Also Read: കേന്ദ്ര നിയമനം: ഒഴിഞ്ഞുകിടക്കുന്നത് എത്ര സംവരണ തസ്തികകള്‍?