/indian-express-malayalam/media/media_files/uploads/2020/12/governor-pinarayi.jpg)
പ്രത്യേക നിയമസഭ യോഗം ചേരുന്നതിന് അനുമതി ലഭിച്ചെങ്കിലും കേരള രാഷ്ട്രീയത്തിലെ ചൂടേറിയ മറ്റൊരു വിവാദത്തിന് അവസാനം കുറിക്കാനായെങ്കിലും ഗവർണറുടെ വിവേചനാധികാരവും ഭരണഘടന ചുമതലയും ഇപ്പോഴും ചർച്ചചെയ്യപ്പെടുന്നുണ്ട്. ഡിസംബർ 21ന് മന്ത്രിസഭ ചേർന്ന് തീരുമാനിച്ച നിയമസഭ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം. പാർലമെന്റ് അടുത്തിടെ പാസാക്കിയ കൃഷി നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനാണ് സംസ്ഥാന നിയമസഭ വിളിച്ചുകൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇത്തരത്തിൽ സർക്കാരിന്റെ ഒരു തീരുമാനത്തിന് വിലങ്ങിടാൻ ഗവർണർക്ക് അധികാരമുണ്ടോ? പരിശോധിക്കാം എന്താണ് ഗവർണറുടെ വിവേചനാധികാരവും ഭരണഘടന ചുമതലയും എന്ന്,
ആർക്കാണ് സഭ വിളിച്ചുകൂട്ടാനുള്ള അധികാരം?
ഇന്ത്യൻ ഭരണഘടനയുടെ 174-ാം അനുഛേദത്തിലാണ് നിയമസഭ വിളിക്കാനുള്ള ഗവർണറുടെ ഉത്തരവാദിത്വത്തെക്കുറിച്ച് പറയുന്നത്. ഇത് പ്രകാരം സമയാസമയങ്ങളിൽ ഗവർണർ നിയമസഭ വിളിച്ചുകൂട്ടണം, ആറുമാസത്തിലൊരിക്കലെങ്കിലും സഭയെ വിളിച്ചുവരുത്തുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും ഗവർണറുടെ ചുമതലയാണെന്നും 174-ാം അനുഛേദത്തിൽ വ്യക്തമാക്കുന്നു. കൃത്യമായി പറഞ്ഞാൽ ഇത് ശരിക്കും ഗവർണറുടെ ബാധ്യതയാണ്.
കാരണം, 163-ാം അനുഛേദത്തിന്റെ തൽപര്യമനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാൻ സാധിക്കൂ. മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയുടെ സഹായവും ഉപദേശവും സ്വീകരിച്ചുകൊണ്ടു വേണം ഗവർണർ പ്രവർത്തിക്കാനെന്ന് 163(1) അനുഛേദം വ്യക്തമാക്കുന്നു.
മന്ത്രിസഭാ തീരുമാനം തള്ളി സഭ വിളിക്കുന്നത് തടയാൻ ഗവർണർക്ക് അധികാരമുണ്ടോ?
മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി വിസമ്മതിച്ചിട്ടും ഗവർണർക്ക് സഭയെ വിളിക്കാൻ കഴിയുന്ന ചില ഉദാഹരണങ്ങളുണ്ട്. മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി കാണുകയും സഭയിലെ നിയമസഭാംഗങ്ങൾ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം നിർദ്ദേശിക്കുകയും ചെയ്യുമ്പോൾ, ഗവർണർക്ക് സഭയെ വിളിച്ച് സ്വയം തീരുമാനിക്കാം. എന്നാൽ ഗവർണറുടെ വിവേചനാധികാരം ഉപയോഗിക്കുമ്പോഴുള്ള നടപടികൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.
എന്താണ് ഗവർണറുടെ വിവേചനാധികാരം?
ഗവർണർക്കുള്ള വിവേചനാധികാരം പ്രയോഗിക്കേണ്ട സന്ദർഭങ്ങളിൽ മന്ത്രിസഭാ തീരുമാനം കണ്ണടച്ചു നടപ്പാക്കാനുള്ള ബാധ്യത അദ്ദേഹത്തിനില്ലെന്ന് 163-ാം അനുഛേദത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഗവർണറുടെ വിവേചനാധികാരം ഭരണഘടന നൽകിയ അധികാര പരിധിക്കുള്ളിലാണ്. സഭ വിളിച്ച് ചേർക്കുന്നതും പിരിയുന്നതും സർക്കാർ തീരുമാനമനുസരിച്ചാണ്. പാസാക്കേണ്ട പ്രമേയത്തിന്റെ ഉള്ളടക്കവും അനിവാര്യതയും ഗവർണറല്ല തീരുമാനിക്കുന്നത്.
പ്രത്യേക സമ്മേളനം 31ന് ചേരാൻ അനുമതി
31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. സർക്കാർ നടപടി ക്രമങ്ങൾ പാലിച്ചതിനാലാണ് അനുമതിയെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ എന്നിവർ കഴിഞ്ഞദിവസം രാജ് ഭവനിലെത്തി ചർച്ച നടത്തിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രിയുടെ ഓഫിസ് കത്തും നൽകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.