ന്യൂഡൽഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകൾ നേരിടുന്ന എംപിമാരുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനിടെയുണ്ടായ വര്‍ധന ഒന്‍പത് മടങ്ങ്. ഇത്തരം കേസുകള്‍ വെളിപ്പെടുത്തിയ ലോക്സഭാ സ്ഥാനാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധന 231 ശതമാനം. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന് വാച്ച് എന്നിവയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
നിലവിലുള്ള എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ മൊത്തം 4896 തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ (776 എംപിമാര്‍, 4120 എംഎല്‍എമാര്‍) 4822 (759 എംപിമാര്‍, 4603 എംഎല്‍എമാര്‍) എണ്ണമാണ് എഡിആര്‍ പരിശോധിച്ചത്. 76 പേര് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകള്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി. 18 എംപിമാരും 58 എംഎല്‍എമാരുമാണു കേസുകള്‍ വെളിപ്പെടുത്തിയത്.
അഞ്ചുവര്‍ഷത്തിനിടെ നിയമസഭാ, ലോക്സഭാ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 572 സ്ഥാനാര്‍ഥികളാണു സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പ്രതിയാണെന്നു സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. ഇവരില്‍ 410 പേര് വിവിധ രാഷ്ട്രീയ കക്ഷികളുടെ പേരിലും 162 പേര് സ്വതന്ത്രരായും മത്സരിച്ചവരാണ്. ഇവരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളുടെ കാര്യത്തില്‍ ബിജെപി പ്രതിനിധികളാണു മുന്‍പന്തിയില്‍. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ ബിജെപിയുടെ 21 ജനപ്രതിനിധികള്‍ക്കെതിരേ കേസുകളുണ്ട്. കോണ്‍ഗ്രസ്-17, വൈഎസ്ആര്‍പി-ഏഴ്, ബിജെഡി-ആറ്, തൃണമൂല്‍ കോണ്‍ഗ്രസ്-അഞ്ച് എന്നിങ്ങനെയാണു കേസുകളുള്ള മറ്റു പാര്‍ട്ടിപ്രതിനിധികളുടെ എണ്ണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ 66 പേരെയാണു ബിജെപി മത്സരിപ്പിച്ചത്. കോണ്‍ഗ്രസ്-46, ബിഎസ്പി-40, സിപിഎം-15, ശിവസേന, സമാജ്വാദി പാര്‍ട്ടി-13 വീതം എന്നിങ്ങനെയാണു തൊട്ടുപിന്നില്‍.
പശ്ചിമബംഗാളിലാണു സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളുള്ള എംപിമാരും എംഎല്‍എമാരും ഏറ്റവും കൂടുതലുള്ളത്- 16 പേര്. ഒഡിഷ, മഹാരാഷ്ട്ര -12 വീതം, ആന്ധ്രാ പ്രദേശ്-എട്ട്, തെലങ്കാന-അഞ്ച്, മധ്യപ്രദേശ്-മൂന്ന് എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ എണ്ണം.
ഇത്തരം കേസുകളില്‍ പ്രതികളായ 84 പേരാണു കഴിഞ്ഞ അഞ്ചുവര്‍ഷത്തിടെ മഹാരാഷ്ട്രയില്‍നിന്നു മത്സരിച്ചത്. ബിഹാര്‍-75, പശ്ചിമബംഗാള്‍-69, ഉത്തര്‍പ്രദേശ്-61, ഒഡിഷ-52, ആന്ധ്രാപ്രദേശ്-33, കര്‍ണാടക-26 എന്നിങ്ങനെയാണ് അഞ്ചുവര്ഷത്തിടെയുള്ള മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
ആസിഡ് ആക്രമണം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ഉപദ്രവം, വസ്ത്രാക്ഷേപം, അശ്ലീല പദപ്രയോഗം, പിന്തുടരല് എന്നിവയാണു സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളായി എഡിആര്‍ പരിഗണിച്ചത്.
ബലാത്സംഗ കേസുകളില്‍ പ്രതികളായ 41 പേരെയാണ് അഞ്ചുവര്‍ഷത്തിനിടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ മത്സരിപ്പിച്ചത്. ഒന്‍പതു പേര് തിരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ മൂന്നു പേര് എംപിമാരും ആറു പേര് എംഎല്‍എമാരുമാണ്. അഞ്ചു വര്‍ഷത്തിനിടെ 14 സ്വതന്ത്ര സ്ഥാനാര്‍ഥികളാണു ബലാത്സംഗ കേസുകളില്‍ പ്രതികളാണെന്നു സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയത്.