അസമിൽ ഈ മാസം നടന്ന രണ്ട് പ്രധാന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനായി. ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ (ബിടിസി), തിവ ഓട്ടോണമസ് കൗൺസിൽ (ടിഎസി) തിരഞ്ഞെടുപ്പുകളാണ് ഈ മാസം നടന്നത്. അടുത്ത വർഷം നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ ഈ ഫലങ്ങൾ സഹായകമാണ്.
എന്താണ് ഈ രണ്ട് കൗൺസിലുകൾ?
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സ്വയംഭരണാവകാശമുള്ള പ്രാദേശിക സ്വയം ഭരണ സമിതിയായ ബിടിസിയുടെ പരിധിയിൽ കൊക്രജാർ, ബക്സ, ഉദൽഗുരി, ചിരാങ് ജില്ലകൾ ഉൾപ്പെടുന്നു. ബിടിസിയുടെ 40 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 7, 10 തീയതികളിലായി നടന്നു.
കാംരൂപ് (മെട്രോ), മോറിഗാവ്, നഗോൺ, ഹൊജായ് ജില്ലകളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്റ്റാറ്റ്യൂട്ടറി സ്വയംഭരണ കൗൺസിലാണ് ടിഎസി. ടിഎസിയുടെ 36 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 17 നാണ് നടന്നത്.
ഇത്തരം കൗൺസിലുകൾക്ക് അവയുടെ അധികാരപരിധിയിൽപെടുന്ന പ്രദേശങ്ങളിൽ വിവിധ വിഷയങ്ങളിൽ നിയമങ്ങൾ നിർമ്മിക്കുന്നതിന് വരെയുള്ള അധികാരമുണ്ട്. കൂടാതെ സംസ്ഥാനത്തെ പട്ടികവർഗ സമുദായങ്ങൾക്കുവേണ്ടിയുള്ള ക്ഷേമ- വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുക എന്നതും ഈ സമിതികളുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു.
ഇത്തവണത്തെ ഫലങ്ങൾ മുൻ തിരഞ്ഞെടുപ്പുകളിലേതിൽ നിന്ന് എങ്ങനെ വ്യത്യസ്തമാണ്?
2015ലെ ബിടിസി തിരഞ്ഞെടുപ്പിൽ ബോഡോ പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) 20 സീറ്റുകൾ നേടി അധികാരത്തിലെത്തുകയായിരുന്നു. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് അന്ന് ലഭിച്ചത്. സംസ്ഥാന സർക്കാരിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് ബിപിഎഫ്. ഈ വർഷം ബിപിഎഫ് 17 സീറ്റുകൾ നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിപിഎഫ് മാറി. എന്നാൽ ബിജെപി ബിപിഎഫുമായി സഖ്യമുണ്ടാക്കിയില്ല, അതിനെതിരെ ശക്തമായി പ്രചാരണം നടത്തുകയും ചെയ്തു. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമായി (യുപിപിഎൽ) സഖ്യം രൂപീകരിക്കുകയും ചെയ്തു.
Read More: തമിഴകത്ത് രജനി-കമൽ സഖ്യം വന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനമുണ്ടാക്കും?
ടിഎസിയിൽ 2015 ൽ കോൺഗ്രസ് 15 സീറ്റിലുംബിജെപി മൂന്ന് സീറ്റിലും എജിപി രണ്ട് സീറ്റിലുമാണ് ജയിച്ചത്. എന്നാൽ ഇത്തവണ ടിഎസി തെരഞ്ഞെടുപ്പിൽ ബിജെപി 33 സീറ്റുകൾ നേടി. കോൺഗ്രസ് ഒരു സീറ്റും സംസ്ഥാന സർക്കാരിൽ ബിജെപിയുടെ സഖ്യകക്ഷിയായ എജിപി രണ്ട് സീറ്റുകളും നേടി.
രണ്ട് ഫലങ്ങളുടെയും പ്രാധാന്യം എന്താണ്?
ബോഡോലാൻഡ് മേഖലയിൽ ബിജെപി സ്വാധീനം വർധിപ്പിക്കുന്നതായാണ് ഇത്തവണത്തെ ബിടിസി ഫലങ്ങൾ കാണിക്കുന്നത്. 2015ൽ ഒരു സീറ്റായിരുന്നു ബിജെപി നേടിയതെങ്കിൽ ഇത്തവണ അത് ഒൻപത് സീറ്റായി വർധിച്ചു.
ഈ വർഷം ആദ്യം ഒപ്പുവച്ച ബോഡോ കരാർ ബിജെപിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സഹായമായതായി തോന്നുന്നു. ബോഡോ രാഷ്ട്രീയക്കാരനായ ബിപിഎഫ് മേധാവി ഹഗ്രാമ മൊഹിലരിയുടെ രാഷ്ട്രീയ അന്ത്യത്തിന്റെ തുടക്കമാണ് ബിടിസി ഫലങ്ങൾ അടയാളപ്പെടുത്തുന്നതെന്നും വിലയിരുത്തപ്പെടുന്നു. അടുത്ത വർഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ യുപിപിഎൽ-ബിജെപി സഖ്യം എങ്ങനെ പ്രവർത്തിക്കും എന്നത് കാത്തിരുന്നു കാണേണ്ടി വരും.
ടിഎസിയിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. കഴിഞ്ഞ തവണ മൂന്ന് സീറ്റ് നേടിയതിൽ നിന്ന് ഇത്തവണ അത് 33 ആയി ഉയർത്തി. ഇത് ഒരു സുപ്രധാന വിജയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ദാസ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞ തവണ ബിജെപി ടിക്കറ്റിൽ വിജയിച്ചത് മൂന്ന് പേരാണെങ്കിലും കൗൺസിലിന്മേൽ പാർട്ടി സ്വാധീനം ചെലുത്തിയിരുന്നു. മുൻ ചീഫ് എക്സിക്യൂട്ടീവ് അംഗം (സിഇഎം) പബൻ മാന്ത ഇപ്പോൾ ബിജെപി അംഗമാണ്. മാന്തയ്ക്ക് മുമ്പുള്ള സിഇഎം രാമകാന്ത ദ്യൂരി ഇപ്പോൾ ബി.ജെ.പി എംഎൽഎയാണ്.
പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുന്നതിനാൽ 2020ന്റെ തുടക്കത്തിൽ ബിജെപി അസമിൽ കടുത്ത തിരിച്ചടി നേരിട്ടു. സംസ്ഥാനത്ത് സ്വാധീനമുള്ള നിരവധി ഗ്രൂപ്പുകളും രാഷ്ട്രീയ പാർട്ടികളും ഈ നിയമം അസമിലെ തദ്ദേശീയ സമൂഹങ്ങളുടെ താൽപ്പര്യങ്ങളെ ബാധിക്കുന്നുവെന്ന നിലപാടിലാണ്. ഇത്തരം എതിർപ്പുകൾക്കിടയിലും ഈ പ്രദേശങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്ന് രണ്ട് വിജയങ്ങളും സൂചിപ്പിക്കുന്നു.
ഫലങ്ങൾ കോൺഗ്രസിനെ ബാധിക്കുമോ?
രണ്ട് കൗൺസിൽ വോട്ടെടുപ്പ് ഫലങ്ങൾ കോൺഗ്രസിന് അവിടങ്ങളിൽ പ്രയാസകരമാവും എന്ന് സൂചിപ്പിക്കുന്നു. ബിടിസി തെരഞ്ഞെടുപ്പിൽ ഏക കോൺഗ്രസ് ജേതാവായ സജൽ കുമാർ സിൻഹ ബിജെപിയിൽ ചേർന്നു. ടിഎസി തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റുണ്ട്.
മുതിർന്ന അസം കോൺഗ്രസ് നേതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ തരുൺ ഗോഗോയിയുടെ നിര്യാണം പാർട്ടിക്ക് നഷ്ടമാണ്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്. എംപിയും പെർഫ്യൂം ബിസിനസ് രംഗത്തെ ശക്തനുമായ ബദ്രുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫുമായി കോൺഗ്രസ് ഇതിനായി ബന്ധപ്പെട്ടിരിക്കുന്നു.
സംസ്ഥാനത്ത് നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് മാറുമെന്ന അഭ്യൂഹവുമുണ്ട്. കോൺഗ്രസ് എംഎൽഎ അജന്ത നിയോഗിന്റെ പേര് ഇത്തരത്തിൽ പറഞ്ഞ് കേൾക്കുന്നുണ്ട്. മുൻ മന്ത്രിയായിരുന്ന നിയോഗിനെ കോൺഗ്രസ് ഒരു പ്രധാന സംഘടനാ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
തയ്യാറാക്കിയത്: അഭിഷേക് സാഹ