Reserve Bank of Kailasa: സ്വയംപ്രഖ്യാപിത മനുഷ്യ ദൈവമായ നിത്യാനന്ദ ഒരു ബലാല്‍സംഗ കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗണേശ ചതുര്‍ത്ഥി ദിവസം കൈലാസ രാജ്യത്തിന്റെ പുതിയ കേന്ദ്ര ബാങ്കും കറന്‍സിയും പ്രഖ്യാപിച്ചു. നിത്യാനന്ദ 2019-ല്‍ സ്ഥാപിച്ചുവെന്ന് അവകാശപ്പെടുന്ന ഹിന്ദു രാഷ്ട്രമാണ് കൈലാസം.
റിസര്‍വ് ബാങ്ക് ഓഫ് കൈലാസവും ഔദ്യോഗിക നാണയമായ കൈലാഷ്യന്‍ ഡോളറും അവതരിപ്പിക്കുന്നതിന്റെ വീഡിയോ നിത്യാനന്ദ ശനിയാഴ്ച തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. പൂജയില്‍ ഗണേശ ഭഗവാന് അര്‍പ്പിക്കുന്നത് ഈ കൈലാഷ്യന്‍ ഡോളറാണ്.
ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ഏക ഹിന്ദു രാഷ്ട്രമായ കൈലാസത്തിനും ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്കും ചരിത്ര നിമിഷമാണ് ഇതെന്ന് കൈലാസത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു.
വിവാദ മനുഷ്യ ദൈവം നേരത്തെ തന്റെ രാജ്യത്തിന്റെ സാമ്പത്തിക തന്ത്രം വിവരിക്കുന്ന 300 പേജുള്ള സാമ്പത്തിക നയം തയ്യാറാക്കിയിരുന്നു. തന്റെ ബാങ്ക് സ്ഥാപിക്കുന്നതിന് തന്റെ രാജ്യം മറ്റൊരു രാജ്യവുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടുവെന്നും നിത്യാനന്ദ അവകാശപ്പെടുന്നു.
നിത്യാനന്ദയുടെ കൈലാസത്തെയും പുതിയ ബാങ്കിനേയും നാണയത്തെപ്പറ്റിയും നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്.
എന്താണ് കൈലാസം?
നിത്യാനന്ദയെ പിടികൂടാന്‍ ഇന്ത്യയിലെ അധികൃതര്‍ ശ്രമം തുടരുമ്പോഴാണ് കഴിഞ്ഞ വര്‍ഷം രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപനം വന്നത്. കൈലാസം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോയെന്നും ഈ രാജ്യത്തിന് സ്വന്തമായി ഭൂമിയുണ്ടോയെന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ സ്വന്തം രാജ്യങ്ങളില്‍ നിയമപരമായി ഹിന്ദുയിസം ആചരിക്കാന്‍ അവകാശം നഷ്ടപ്പെട്ട ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ സ്ഥാപിച്ച അതിര്‍ത്തികളില്ലാത്ത രാജ്യമാണ് ഇതെന്ന് ഔദ്യോഗിക വെബ്സൈറ്റ് അവകാശപ്പെടുന്നു.
അതേസമയം, നിത്യാനന്ദ ഇക്വഡോറില്‍ നിന്നും വാങ്ങിയ ചെറിയൊരു സ്വകാര്യ ദ്വീപിലാണ് ഈ രാജ്യം നിലനില്‍ക്കുന്നതെന്ന് അനവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രിനിഡാഡ് ആന്റ് ടുബാഗോയ്ക്ക് സമീപമാണിത്. രാജ്യം ഏത് അക്ഷാംശ, രേഖാംശങ്ങളിലാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും കൈലാസത്തിന് സ്വന്തം പാസ്പോര്‍ട്ടും പതാകയും ഉണ്ട്.
ഹിന്ദുവോ തന്റെ മതാനുഷ്ഠാനങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ താല്പര്യമുള്ള ഹിന്ദുവിനോ കൈലാസത്തിലെ പൗരത്വം ലഭിക്കും.
ലോകത്തിലെ എല്ലാ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കും സുരക്ഷിത സ്വര്‍ഗമായിരിക്കും കൈലാസമെന്ന് വൈബസൈറ്റ് പറയുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ് കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുള്ള സ്വന്തം സര്‍ക്കാരും കൈലാസത്തിനുണ്ട്. കൂടാതെ, ബോധോദയം ലഭിച്ച സംസ്കാരത്തിനും വകുപ്പുണ്ട്. കൈലാസത്തിന്റെ അധിപന് നിത്യാനന്ദയാണ്.
കൈലാസത്തിന്റെ റിസര്‍വ് ബാങ്കിനെ കുറിച്ച് എന്തറിയാം?
കൈലാസവുമായി നയതന്ത്ര കരാറുകളില്‍ ഒപ്പിട്ടിട്ടുള്ള രാജ്യങ്ങളില്‍ ഉടന്‍ തന്നെ നാണയം പ്രാവര്‍ത്തികമാകുമെന്ന് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു കൊണ്ട് നിത്യാനന്ദ വീഡിയോയില്‍ പറഞ്ഞു. കൈലാസത്തിലെ സന്യാസിമാരില്‍ നിന്നാണ് ബാങ്കിന്റെ ഗവര്‍ണറേയും ഡയറക്ടര്‍മാരേയും തെരഞ്ഞെടുക്കുന്നത്.
നിയമപരമായി സ്ഥാപിതമായ സ്ഥാപനമാണ് ബാങ്കെന്ന് കൈലാസത്തിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ള പ്രസ്താവനയില്‍ പറയുന്നു.
പ്രാചീന 56 ഹിന്ദു രാജ്യങ്ങളുടെ നാണയങ്ങളില്‍ നിന്നും നയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള നാണയമാണ് കൈലാസം അവതരിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.
കംബോഡിയ, ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്ഥാന് തുടങ്ങിയ ഇടങ്ങില്‍ നിന്നുള്ള ഹിന്ദു രാജ്യങ്ങളും ഇതില്‍പ്പെടുന്നു. ഈ 56 രാജ്യങ്ങളുടെ ഭൂമിയിലും കൈലാസം അവകാശവാദം ഉന്നയിക്കുന്നില്ല. എല്ലാ 56 രാജ്യങ്ങളുടേയും മതമായി ആചരിച്ചിരുന്ന കാലത്തെ ഹിന്ദുയിസത്തെ പുനരുദ്ധരിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പ്രസ്താവന പറയുന്നു.
എന്താണ് കൈലാസത്തിന്റെ പുതിയ നാണയം?
എട്ട് വ്യത്യസ്ത തുകകളിലുള്ള 77 തരം സ്വര്‍ണ നാണയങ്ങളാണ് നിത്യാനന്ദ കൈലാസത്തിന്റെ പുതിയ കറന്‍സിയായ കൈലാഷ്യന്‍ ഡോളര്‍ ആയി അവതരിപ്പിച്ചത്.
പ്രാചീന 56 ഹിന്ദു രാജ്യങ്ങളുടെ നാണയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് കൈലാഷ്യന്‍ ഡോളറിന്റെ രൂപകല്പനയെന്ന് വെബ്സൈറ്റിലെ പ്രസ്താവനയില്‍ പറയുന്നു.
നിത്യാനന്ദയെ ചുറ്റിയുള്ള വിവാദം എന്താണ്?
നിത്യാനന്ദ ധ്യാനപീഠം എന്ന ഹിന്ദു മത സംഘം സ്ഥാപിച്ചിട്ടുള്ള സ്വയം പ്രഖ്യാപിത മനുഷ്യ ദൈവമായ നിത്യാനന്ദ പതിവായി വിവാദങ്ങളില്‍പ്പെട്ടിരുന്നു. തന്റെ ആശ്രമത്തില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചു, ബലാല്‍സംഗം എന്നീ കുറ്റങ്ങളാണ് നിത്യാനന്ദയുടെ പേരിലുള്ളത്.
നിത്യാനന്ദ ഒരു തമിഴ് നടിയുമായി ലൈംഗിക ലീലകളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിക്കുന്ന ഒരു വീഡിയോ 2010-ല്‍ പുറത്ത് വന്നു. എന്നാല്‍, താന്‍ ഷണ്ഠനാണെന്നും യോഗയിലെ ശവാസന പരിശീലിക്കുകയായിരുന്നുവെന്നും പിന്നീട് നിത്യാനന്ദ പറഞ്ഞു.
ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ നിത്യാനന്ദയെ 2010 ഏപ്രിലില്‍ ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ നിന്നും അറസ്റ്റ് ചെയ്തു. എങ്കിലും താമസിയാതെ ജാമ്യത്തില്‍ വിട്ടു. നിത്യാനന്ദ അഞ്ച് വര്‍ഷം തന്നെ ചൂഷണം ചെയ്തുവെന്ന് യുഎസിലെ ഒരു വനിത ആരോപിച്ചു.
2019-ല്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയി നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ദമ്പതികള്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. 19 വയസ്സുള്ള സ്ത്രീയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചുവെന്ന ആരോപണവും ഉണ്ട്.
2019 നവംബറിലാണ് നിത്യാനന്ദ രാജ്യം വിട്ടുവെന്ന് ഗുജറാത്ത് പൊലീസ് പ്രഖ്യാപിച്ചത്. നിത്യാനന്ദ ട്രിനിഡാഡ് ആന്റ് ടുബാഗോയിലേക്ക് പലായനം ചെയ്തുവെന്നും ഇക്വഡോറിന് സമീപം ഒരു ദ്വീപ് വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read in English: Reserve Bank of Kailasa: Understanding fugitive godman Nithyananda’s ‘central bank and currency’