scorecardresearch
Latest News

ആര്‍ ബി ഐ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ത്തിയത് എന്തുകൊണ്ട്?

റിപ്പോ നിരക്ക് വർധന ഭവനവായ്പ നിരക്കുകളും നിലവിലെ ഉപയോക്താക്കളുടെ ഇ എം ഐകളും വര്‍ധിക്കാന്‍ ഇടയാക്കും

ആര്‍ ബി ഐ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ത്തിയത് എന്തുകൊണ്ട്?

പണപ്പെരുപ്പം ഉയര്‍ന്ന നിലയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ)യുടെ ലക്ഷ്യമായ ആറ് ശതമാനത്തിനു മുകളിലും തുടരുന്നതിനാല്‍, റിപ്പോ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) വര്‍ധിപ്പിച്ച് 5.4 ശതമാനമാക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) ഇന്ന് ഏകകണ്ഠമായി തീരുമാനിച്ചിരിക്കുകയാണ്. അടിയന്തര പ്രാബല്യത്തോടെയാണു തീരുമാനം. ഇതു നിലവിലുള്ള ഭവനവായ്പ ഉപഭോക്താക്കളുടെ വായ്പാ നിരക്കുകളും ഇ എം ഐകളും വര്‍ധിക്കാന്‍ ഇടയാക്കും.

ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ജിഡിപി വളര്‍ച്ച നിലനിര്‍ത്തിയപ്പോള്‍, 2022-23 വര്‍ഷത്തെ പണപ്പെരുപ്പം 6.7 ശതമാനമായാണു പ്രവചിക്കപ്പെടുന്നത്.

പണപ്പെരുപ്പത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത എംപിസിക്ക് തോന്നിയതിനാല്‍, പണലഭ്യതയെുടെ കാര്യത്തില്‍ നിലവിലെ രീതി പിന്‍വലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

റിപ്പോ നിരക്ക് 50 ബിപിഎസ് വര്‍ധിപ്പിച്ചത് എന്തുകൊണ്ട്?

”പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തിനു മുകളിലായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതിനാല്‍, മോണിറ്ററി പോളിസി അക്കമഡേഷന്‍ പിന്‍വലിക്കല്‍ കൂടുതല്‍ കാലിബ്രേറ്റ് ചെയ്യപ്പെടുമെന്ന് എം പി സിക്കു തോന്നി, അതനുസരിച്ച് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു,” ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം ലക്ഷ്യത്തിനകത്ത് നിലനിര്‍ത്തുകയെന്നതാണു കാലിബ്രേറ്റഡ് അക്കമഡേഷനെന്ന് അദ്ദേഹം പറഞ്ഞു.

ഭൗമരാഷ്ട്രീയ വെല്ലുവിളികളും ചരക്കുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റവും നിലനില്‍ക്കുന്ന ആഗോള സാഹചര്യത്തിനെതിരെ കേന്ദ്ര ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്തുന്ന സമയത്ത്, ”ആഭ്യന്തര സമ്പദ്വ്യവസ്ഥ ശക്തമായി തുടരുന്നു”വെന്ന് ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.

ഏപ്രിലിലെ കുതിച്ചുചാട്ടത്തില്‍നിന്ന് ഉപഭോക്തൃ വിലസൂചികയില്‍ അയവ് വന്നെങ്കിലും അസുഖകരമായ നിലയില്‍ ഉയര്‍ന്നതും ആറു ശതമാനമെന്ന ലക്ഷ്യത്തിനു മുകളിലുള്ളതുമായ നിലയിലാണു തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാതലായ പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടരുകയും ആഗോള വിപണികളിലെ ചാഞ്ചാട്ടം കറന്‍സി ഉള്‍പ്പെടെയുള്ള ആഭ്യന്തര വിപണികളെ ബാധിക്കുകയും ചെയ്യുന്നു.

ബാഹ്യ ഘടകങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും?

പണപ്പെരുപ്പത്തിന്റെ പാത ആഗോള വിപണിയെയും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളെയും ആശ്രയിച്ചിരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ”ചരക്കുകളുടെ വിലയില്‍ ചില കുറവുകളും ആഗോള ഭക്ഷ്യവിലയില്‍ മയപ്പെടലുകളും ഉണ്ടായിട്ടുണ്ട്. കരിങ്കടല്‍ മേഖലയില്‍നിന്നുള്ള ഗോതമ്പ് വിതരണം പുനരാരംഭിക്കുന്നത് പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കും,” അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക പണപ്പെരുപ്പ പ്രതീക്ഷകള്‍ കുറഞ്ഞെങ്കിലും അത് ഉയര്‍ന്ന തലത്തില്‍ തുടരുകയാണെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു. ”മണ്‍സൂണ്‍ സാധാരണ നിലയിലാണെങ്കില്‍, ഈ വര്‍ഷം അസംസ്‌കൃത എണ്ണയുടെ ശരാശരി വില ബാരലിന് 105 ഡോളര്‍ ആണെങ്കില്‍, ‘2022-23ല്‍ പണപ്പെരുപ്പം 6.7 ശതമാനമായി പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികളും ഇന്ത്യയുള്‍പ്പെടെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളില്‍ ഇത് ചെലുത്തുന്ന സ്വാധീനവും ഗവര്‍ണര്‍ എടുത്തുപറഞ്ഞു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) മാന്ദ്യസാധ്യത ഉയര്‍ത്തിക്കാട്ടുകയും ആഗോള വളര്‍ച്ച പുതുക്കുകയും ചെയ്യുമ്പോള്‍, വളര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥകള്‍ക്ക് ആഭ്യന്തര പണപ്പെരുപ്പ ആശങ്കകള്‍ ഉള്ളതിനാല്‍ വെല്ലുവിളികള്‍ വലുതാണെന്നും ലോകമെമ്പാടുമുള്ള പണമിടപാടിന്റെ ആഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

”ആഗോള സാമ്പത്തിക സാഹചര്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചു. ഉയര്‍ന്ന പണപ്പെരുപ്പത്തിനെതിരെ നാം പോരാടുകയാണ്, സാമ്പത്തിക വിപണികള്‍ അസ്ഥിരമാണ്,” ഗവര്‍ണര്‍ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഓഗസ്റ്റ് മൂന്നു വരെ 13.3 ബില്യണ്‍ ഡോളറിന്റെ ഫണ്ട് ഒഴുക്ക് ഉണ്ടായിട്ടുണ്ട്. ശക്തവും പ്രതിരോധശേഷിയുള്ളതുമായ അടിസ്ഥാനങ്ങളോടെ 2022-23 ല്‍ ഇന്ത്യ ഏറ്റവും പ്രതിരോധശേഷിയുള്ള സമ്പദ്വ്യവസ്ഥകളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Reserve bank of india monetary policy review rate hike