കഴിഞ്ഞ മാസം അവസാനം, ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ, സസ്യങ്ങൾ പുറപ്പെടുവിക്കുന്ന വേദനാജനകയമാ ശബ്ദങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതായി അവകാശപ്പെട്ടു. വെള്ളം ആവശ്യമായി വരുമ്പോൾ, അല്ലെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, ചെടികൾ, അൾട്രാസോണിക് പരിധിയിൽ വളരെ വ്യത്യസ്തവും ഉയർന്നതുമായ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെന്ന് ഗവേഷകർ പറഞ്ഞു.
സസ്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള ശബ്ദമുണ്ടാക്കുന്നുവെന്ന് കണ്ടെത്തുന്നത് ഇതാദ്യമാണ്. അതിനാൽ തന്നെ ഈ ഗവേഷണത്തിലെ കണ്ടെത്തലുകൾ ആഗോളതലത്തിൽ വാർത്തയായി മാറി. എന്നാൽ, ഇന്ത്യക്കാരായ പലർക്കും ഈ വാദം എവിടെയോ അറിഞ്ഞുമറന്ന ഒന്നായിട്ടാണ് തോന്നിയത്. സസ്യങ്ങൾക്ക് തൊടുന്നത് അറിയാൻ സാധിക്കുമെന്നും മൃഗങ്ങളെപ്പോലെ സുഖവും വേദനയും അനുഭവിക്കാൻ സാധിക്കുമെന്ന്, ഒരു നൂറ്റാണ്ട് മുൻപ് ജഗദീഷ് ചന്ദ്രബോസ് കണ്ടെത്തിയത് കേട്ട് വളർന്ന വിവിധ തലമുറകളിലെ ഇന്ത്യക്കാർക്ക് ഇതൊരു പുതിയ കാര്യമായി തോന്നിയില്ല.
ചെടികൾക്കും മരങ്ങൾക്കും വേദനയുണ്ടാക്കുന്നതിനാൽ ഇലകളോ പൂക്കളോ ചില്ലകളോ പറിക്കരുതെന്ന് കുട്ടികളോട് പലപ്പോഴും ഉപദേശിക്കാറുണ്ട്. അതുകൊണ്ട് തന്നെ ചെടികൾക്ക് വേദന വരുമ്പോൾ ‘കരയുന്നു’ എന്ന കണ്ടുപിടിത്തം, അതുകേട്ടു വളർന്നവരെ അത്ഭുതപ്പെടുത്തുന്നില്ല. അവരെ സംബന്ധിച്ചടത്തോളം ജെ സി ബോസിന്റെ പ്രവർത്തനത്തിന്റെ യുക്തിസഹമായ വിപുലീകരണം മാത്രമായിരുന്നു അത്.
ജെ സി ബോസിനെ ഇന്നത്തെ തലമുറയ്ക്ക് ചലിപ്പോൾ അത്ര പരിചയം ഉണ്ടാകില്ല. എന്നാൽ അദ്ദേഹം ഇന്ത്യൻ ശാസ്ത്ര ലോകത്തെ അസാധരണമായ വ്യക്തിത്വമാണ്. 1858 നും 1937 നും ഇടയിൽ ജീവിച്ചിരുന്ന ഭൗതികശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനുമായ ( ഫിസിസിസ്റ്റും ബയോളജിസ്റ്റും) ആയിരുന്നു ജഗദീശ് ചന്ദ്ര ബോസ് എന്ന ജെ സി ബോസ്. ഈ രണ്ട് മേഖലകളിലും അദ്ദേഹം ലോകത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ആധുനിക ശാസ്ത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ ആദ്യത്തെ ഇന്ത്യക്കാരനുമാണ് അദ്ദേഹം. ശ്രീനിവാസ രാമാനുജൻ, സി വി രാമൻ, സത്യേന്ദ്ര നാഥ് ബോസ്( ജഗദീഷിന്റെ പൂർവ വിദ്യാർത്ഥിയാണ്) എന്നിവർക്ക് മുമ്പേ ശാസ്ത്രമേഖലയിൽ അറിവിന്റെ പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകൾ തുറന്ന ഇന്ത്യക്കാരനായ ശാസ്ത്രഗവേഷകനാണ് ജെ സി ബോസ്.
ജെ സി ബോസ് നോബൽ സമ്മാനം അർഹിച്ച ആദ്യ ഇന്ത്യാക്കാരനായി പലരും കരുതിയിരുന്നു. അദ്ദേഹത്തിന്റെ ചിരകാല സുഹൃത്തായ രവീന്ദ്രനാഥ ടാഗോറിനേക്കാൾ മുൻപ് അത് ലഭിക്കേണ്ടതാണെന്ന് പലരും കരുതിയിരുന്നു. ടാഗോറുമായി അദ്ദേഹം നിരന്തരമായി പലപ്പോഴും കാവ്യാത്മകമായ കത്തിടപാടുകൾ നടത്തിയിരുന്നു.
ബോസിന്റെ ശാസ്ത്രം
രണ്ടു കാര്യങ്ങളുടെ പേരിലാണ് ബോസിനെ ഇന്നും ലോകം ഓർമ്മിക്കുന്നത്. ഒന്ന് സിഗ്നലുകളുടെ വയർലെസ് ട്രാൻസ്മിഷൻ, രണ്ടാമത്തേത്, സസ്യങ്ങളുടെ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങളും നിഗമനങ്ങലും. സോളിഡ് സ്റ്റേറ്റ് ഫിസിക്സിൽ ആദ്യമായി സംഭാവന നൽകിയവരിൽ ഒരാളായും അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.
1977-ലെ നോബൽ സമ്മാന ജേതാവായ സർ നെവിൽ മോട്ട്, ബോസ് തന്നേക്കാൾ 60 വർഷമെങ്കിലും മുന്നിലായിരുന്നുവെന്നും പി-ടൈപ്പ്, എൻ-ടൈപ്പ് അർദ്ധചാലകങ്ങൾ അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നുവെന്നും എന്ന് ഓർമ്മക്കുറിപ്പിൽ പറയുന്നു. ഡി പി സെൻ ഗുപ്ത, എം എച്ച് എഞ്ചിനീയർ, വി എ ഷെപ്പേർഡ് എന്നിവർ 2009ൽ പുറത്തിറക്കിയ ‘ റിമെംബറിങ് ജെ സി ബോസ്’, എന്ന പ്രസിദ്ധീരണത്തിലാണ് ഇത് പറയുന്നത്.
മൈക്രോവേവ് പരിധിയിൽ ആദ്യമായി വൈദ്യുതകാന്തിക സിഗ്നലുകൾ സൃഷ്ടിച്ചത് ബോസ് ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. 1895-ൽ, തന്റെ ഗവേഷണം ആരംഭിച്ച് ഒരു വർഷത്തിനുശേഷം, കൊൽക്കത്തയിൽ ഒരു സദസ്സിനുമുമ്പിൽ, ഒരു കെട്ടിടത്തിന്റെ മറുവശത്ത് ഇലക്ട്രിക് ബെൽ അടിക്കുന്നതും വയർലെസ് ആയി മൈക്രോവേവ് എങ്ങനെ ഉപയോഗിക്കാമെന്നും അദ്ദേഹം തെളിയിച്ചു.
റോയൽ സൊസൈറ്റിയുടെ പ്രൊസീഡിംഗ്‌സിലും മറ്റ് ചില അറിയപ്പെടുന്ന ജേണലുകളിലുമായി റേഡിയോ തരംഗങ്ങളെക്കുറിച്ചുള്ള 12 പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചതായി സുബ്രത ദാസ് ഗുപ്തയുടെ ‘ജഗദീസ് ചന്ദ്രബോസ് ആൻഡ് ദി ഇന്ത്യൻ റെസ്‌പോൺസ് ടു വെസ്റ്റേൺ സയൻസ്’ എന്ന പുസ്തകത്തിൽ പറയുന്നു. അക്കാലത്തെ പ്രമുഖരായ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ യൂറോപ്പിൽ വളരെ പ്രചാരം നേടിയ ചില ശാസ്ത്ര സമ്മേളനങ്ങളിൽ അദ്ദേഹം തന്റെ ഗവേഷണവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തിയിരുന്നു. വയർലെസ് ടെലിഗ്രാഫി സാധ്യമാക്കുന്ന റേഡിയോ റിസീവറുകൾ ആദ്യമായി കൊണ്ടുവന്നത് അദ്ദേഹമാണ്.
എന്നിട്ടും, 1901ൽ അറ്റ്‌ലാന്റിക്കിനു കുറുകെ ആദ്യമായി സിഗ്നലുകൾ സംപ്രേഷണം ചെയ്ത ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ഗുഗ്ലിയൽമോ മാർക്കോണി റേഡിയോയുടെ ഏക ഉപജ്ഞാതാവായി അംഗീകരിക്കപ്പെട്ടു. മാർക്കോണിക്ക് മറ്റൊരു സഹപ്രവർത്തകനോടൊപ്പം 1909-ലെ നോബൽ സമ്മാനം ലഭിച്ചു. ഒരുപക്ഷേ, ബോസ് നേരത്തെ ചെയ്ത പ്രവർത്തനത്തിന് കിട്ടേണ്ടിയിരുന്നതാണിത്.
ഇത് കേവലം പക്ഷപാതമല്ല, തന്റെ കണ്ടെത്തലുകൾക്ക് പേറ്റന്റ് നേടാനുള്ള ബോസിന്റെ ഭാഗത്തുനിന്നുണ്ടായ വിമുഖതയാണ് അദ്ദേഹത്തിനു നൊബേൽ നഷ്ടപ്പെടുത്തിയത്. യൂറോപ്പിലെ ഒരു വൻകിട വ്യവസായി തന്റെ കണ്ടെത്തലിന് പേറ്റന്റ് നേടാനുള്ള വാഗ്ദാനവുമായി സമീപിച്ചിരുന്നതായി ടാഗോറിന് എഴുതിയ കത്തിൽ ബോസ് പറയുന്നു. ബോസ് ഈ ഓഫർ നിരസിക്കുക മാത്രമല്ല, ശാസ്ത്രത്തിൽ നിന്ന് പണം സമ്പാദിക്കുക എന്ന ആശയത്തോടുള്ള അപ്രിയവും പ്രകടമാക്കി. “രാജ്യത്തിന്റെ (ഇംഗ്ലണ്ടിന്റെ) പണത്തോടുള്ള അത്യാഗ്രഹത്തിന് ടാഗോർ സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ, “എന്തൊരു ഭയാനകവും നശിപ്പിക്കുന്നതായ രോഗമായിരുന്നു അത്”, എന്നും ബോസ് ടാഗോറിന് എഴുതിയ കത്തിൽ പറയുന്നതായി ‘റിമെമ്പറിങ് ജെ സി ബോസ്’ എന്ന പ്രസിദ്ധീകരണത്തിൽ സൂചിപ്പിക്കുന്നു.
സസ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം
20-ാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ബോസ്, സസ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ ഹൈദരാബാദ് സർവ്വകലാശാലയിലെ പ്രൊഫസർ എ എസ് രാഘവേന്ദ്ര വിശദീകരിച്ചതുപോലെ, ബോസിന്റെ പ്രവർത്തനങ്ങൾ അത്ര വേർപെട്ടതായിരുന്നില്ല.
“വൈദ്യുത സിഗ്നലുകൾ തിരഞ്ഞെടുക്കുന്നതിന് ജെ സി ബോസിന് മികച്ച കഴിവുണ്ടായിരുന്നു. ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ അദ്ദേഹത്തിന്റെ സർഗാത്മകത കാണാമായിരുന്നു. വെറും അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ബോസിന് ഉണ്ടായിരുന്നത്, എന്നിട്ടും, ശ്രദ്ധേയമായ സെൻസിറ്റീവ് ഉപകരണങ്ങൾ നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചെടികളിൽ നിന്നുള്ള നേരിയ സിഗ്നലുകൾ കണ്ടെത്താൻ അദ്ദേഹം ഈ ഉപകരണങ്ങൾ ഉപയോഗിച്ചു. ഭൗതികശാസ്ത്രത്തിൽ നിന്നുള്ള തന്റെ കഴിവുകൾ ജീവശാസ്ത്രത്തിന്റെ ലോകത്തെ അന്വേഷിക്കാൻ അദ്ദേഹം ഉപയോഗിക്കുകയായിരുന്നു,” ബോസിന്റെ ഗവേഷണങ്ങളെ കുുറിച്ച് വിശദമായി എഴുതിയ മുൻ ജെ സി ബോസ് നാഷണൽ ഫെല്ലോ രാഘവേന്ദ്ര ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“ബയോളജിയിലെയും ഫിസിക്സിലെയും ആശയവിനിമയ സംവിധാനങ്ങളിൽ അദ്ദേഹത്തിന്റെ (ബോസിന്റെ) സംഭാവനകൾ അതിശയകരമാണ്. ചലനങ്ങൾ, വികാരങ്ങൾ, നാഡീവ്യൂഹം എന്നിവയുടെ ജീവശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തി. ‘ഫീലിങ്സ്’ എന്ന വാക്ക് സസ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു, സ്പർശനത്തിന് സസ്യങ്ങൾ രാസപരമായും ശാരീരികമായും പ്രതികരിക്കുന്നു. എന്നാൽ നമുക്കറിയാവുന്നതുപോലെ ‘ഫീലിങ്’ അല്ലെങ്കിൽ ‘സെൻസേഷൻ’ എന്ന വാക്ക് ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്തമാണ്. ബോസിന്റെ ലളിതമായ പരീക്ഷണങ്ങൾ ബാഹ്യ സ്റ്റിമുലേഷനോടുള്ള സസ്യങ്ങളുടെയും മൃഗങ്ങളുടെയും കോശങ്ങളുടെ പ്രതികരണങ്ങളിൽ ഉയർന്ന അളവിലുള്ള സമാനത വെളിപ്പെടുത്തി. ഈ തത്ത്വം പിന്നീട് ബയോഫിസിസ്റ്റുകൾ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അവതരിപ്പിച്ചു,” രാഘവേന്ദ്ര 2010ൽ എഴുതി.
ഒരുവിധത്തിൽ പറഞ്ഞാൽ, ലോകത്തിലെ ആദ്യത്തെ ബയോഫിസിസ്റ്റാണ് ബോസ്. എന്നാൽ അദ്ദേഹത്തിന്റെ ചില കൃതികളും വിവാദമായിത്തീർന്നു. പ്രത്യേകിച്ചും സസ്യങ്ങൾ മാത്രമല്ല, നിർജീവമായ അജൈവ പദാർത്ഥങ്ങൾക്ക് പോലും സ്റ്റിമുലേഷനോടു പ്രതികരിക്കാൻ കഴിയുമെന്നും ജീവനുള്ളതും അല്ലാത്തതുമായ ലോകങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ വേർതിരിവ് ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടപ്പോഴായിരുന്നു അത്.
അത് ചിലപ്പോൾ ബോസിന്റെ “ഇന്ത്യൻ തത്ത്വചിന്തയിലെ ആഴത്തിലുള്ള ബോധ്യങ്ങളും” “യൂണിവേഴ്സലിസത്തിലെ വിശ്വാസവും” ആയി കണക്കാക്കപ്പെടുന്നു. ‘റിമെംബറിങ് ജെ സി ബോസ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കൾ പറയുന്നതനുസരിച്ച്, സസ്യങ്ങളെ “മൃഗങ്ങൾക്കും ജീവനില്ലാത്ത വസ്തുക്കൾക്കും ഇടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു തുടർച്ചയുടെ ഇടനിലക്കാരായി” ബോസ് കണക്കാക്കി.
സസ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങളും എളുപ്പത്തിൽ സ്വീകരിക്കപ്പെട്ടില്ല. താൻ നേരിട്ട എതിർപ്പ് ബോസ് തന്നെ രേഖപ്പെടുത്തിയിരുന്നു. ടാഗോറിന് അയച്ച കത്തിൽ യൂറോപ്പിൽ താൻ നടത്തിയ ഒരു പ്രഭാഷണത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. റോയൽ സൊസൈറ്റിയിലെ എന്റെ പ്രഭാഷണത്തിനിടെ ജീവനുള്ളവയ്ക്കും ജീവനില്ലാത്തവയ്ക്കും ഇടയിൽ വരുന്ന സസ്യങ്ങൾ സമാനമായ പ്രതികരണം നൽകുമെന്ന് ഞാൻ അഭിപ്രായപ്പെട്ടു.
ചെടികളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും സാധാരണസസ്യങ്ങൾക്ക് വൈദ്യുതി പ്രതികരണ ശേഷി അസാധ്യമാണെന്നും സ്പർശനത്തോട് പ്രതികരിക്കുന്നത് മിമോസ ( തൊട്ടാവാടി- ടച്ച് മീ നോട്ട്) മാത്രമാണെന്നും (ജോൺ) ബർഡൻ സാൻഡേഴ്സൺ (ബോസിന്റെ കാലത്തെ ഒരു പ്രമുഖ ഫിസിയോളജിസ്റ്റ്) തന്നോട് അവകാശപ്പെട്ടതായി ബോസിന്റെ കത്തിൽ പറയുന്നു.
വർഷങ്ങൾ കടന്നുപോകും തോറും ബോസിന്റെ പല പ്രവർത്തനങ്ങളും ശരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്, എന്നിരുന്നാലും അദ്ദേഹത്തിന്റെ പ്രതിഭ പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ല. “അദ്ദേഹം സമയത്തെക്കൾ വളരെ മുന്നിലായിരുന്നു എന്നതിൽ സംശയമില്ല. സമകാലികരായ പലർക്കും അദ്ദേഹത്തെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല, ”രാഘവേന്ദ്ര പറഞ്ഞു. സസ്യങ്ങളിൽ നിന്നുള്ള ശബ്ദം അടുത്തിടെ കണ്ടെത്തിയത് ഈ മേഖലയിൽ ചില ആവേശകരമായ ഗവേഷണങ്ങൾക്ക് ഇടയാക്കുമെന്നും രാഘവേന്ദ്ര കൂട്ടിച്ചേർത്തു. “എല്ലാത്തിനും തുടക്കമിട്ടത് ബോസാണെന്ന വസ്തുത നമുക്ക് കാണാതിരിക്കാനാവില്ല.”