/indian-express-malayalam/media/media_files/uploads/2021/05/covid-52.jpg)
കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗരേഖയിൽ കൊറോണവൈറസ് അടങ്ങുന്ന അതിസൂക്ഷ്മകണങ്ങൾ (എയറോസോളുകൾ) വായുവിലൂടെ 10 മീറ്ററോളം ദൂരത്തിൽ സഞ്ചരിക്കുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് സമർപ്പിച്ച പുതിയ മാർഗരേഖയിലാണ് പരാമർശം. വൈറസ് വായുവിലൂടെ സഞ്ചരിക്കുമെന്ന് പുതിയ തെളിവുകൾ പറയുന്നു, അടച്ചിട്ട മുറികളിൽ ഇതിന്റെ സാധ്യത തള്ളിക്കളയാനാകില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശരീര സ്രവങ്ങളും എയറോസോളുകളും
വൈറസ് പകരുന്നതിന് സാധ്യതയുള്ള മാർഗങ്ങളെ കുറിച്ച് വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ വലിയ ചർച്ചകൾ നടന്നിരുന്നതാണ്. ആദ്യം വൈറസ് ബാധിച്ച ഒരാൾ സംസാരിക്കുമ്പോഴോ തുമുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാവുന്ന ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത് എന്നാണ് കണ്ടെത്തിയിരുന്നത്. വലിപ്പം കൊണ്ട് ചെറുതായ ഇവ കുറച്ചു ദൂരം സഞ്ചരിച്ച ശേഷം താഴെ വീഴും എന്നായിരുന്നു കണ്ടെത്തിയിരുന്നത്. അതുകൊണ്ട് തന്നെ ആളുകൾ പരസ്പരം ആറടി ദൂരം പാലിക്കുന്നത് സുരക്ഷിതമാണ് എന്നായിരുന്നു ധാരണ.
എന്നാൽ മാസങ്ങളായി, എയറോസോളുകളിലൂടെയും വൈറസ് സഞ്ചരിക്കുമെന്നതിനുള്ള തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ട്. വായുവിൽ ഉണ്ടാകുന്ന അതിസൂക്ഷ്മകണങ്ങളാണ് എയറോസോളുകൾ. വളരെ ചെറുതായ ഇവയ്ക്ക് വൈറസിനെ വളരെ ദൂരത്തിൽ എത്തിക്കാൻ സാധിക്കും. അതുപോലെ ഇവയ്ക്ക് ഒരു സ്ഥലത്ത് കൂടുതൽ സമയം നിലനിൽക്കാനും അതിലൂടെ മറ്റൊരാളെ രോഗിയാക്കാനും സാധിക്കും.
യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കോവിഡ് പകരുന്നത് സംബന്ധിച്ച പുതിയ നിർദേശത്തിൽ ആറടിയെക്കാൾ ദൂരത്തിൽ നിൽക്കുന്നത് രോഗം വൈറസ് ബാധിക്കാനുള്ള സാഹചര്യം കുറക്കുമെന്നും അത്തരം സംഭവങ്ങൾ ചില സാഹചര്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.
പുതിയ മാർഗരേഖ
ഇന്ത്യയുടെ ശാസ്ത്രോപദേഷ്ടാവ് ജാഗ്രതയോടെയുള്ള ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്, എയറോസോളുകൾ മുഖേന 10 മീറ്റർ ദൂരത്തിൽ വരെ വൈറസ് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നു. രോഗിയായ ഒരാളിൽ നിന്നുള്ള ശരീര സ്രവങ്ങൾ 2 മീറ്റർ ദൂരത്തിൽ വരെ സഞ്ചരിക്കുമ്പോൾ എയറോസോളുകൾ വായുവിലൂടെ 10 മീറ്റർ ദൂരത്തിൽ വരെ സഞ്ചരിക്കും, മാർഗരേഖയിൽ പറഞ്ഞു.
രോഗവ്യാപനത്തിന്റെ പ്രധാനകാരണം ശരീര സ്രവങ്ങളും എയറോസോളുകൾ ആണെന്ന് മാർഗരേഖയിൽ പറയുന്നു. വൈറസുകൾ ചില ഉപരിതലങ്ങളിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകുന്നു. ഒരു പ്രതലത്തിൽ വീഴുന്ന ശരീര സ്രവങ്ങളിൽ ആരെങ്കിലും തൊടുകയും വൈറസുമായി സമ്പർക്കത്തിൽ വരികയും ചെയ്യുന്നു, മഹാമാരിയുടെ ആദ്യ ഘട്ടങ്ങളിൽ ഇത്തരത്തിലുള്ള വ്യാപനം വളരെ കൂടുതലായി കണ്ടിരുന്നു എന്നാൽ ഇത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്. സിഡിസിക്ക് ലഭിച്ച പുതിയ തെളിവുകൾ പ്രകാരം ഇത്തരത്തിലുള്ള വ്യാപനമല്ല പുതിയ രോഗബാധക്ക് കാരണമെന്ന് പറയുന്നു.
Read Also: എങ്ങനെ സ്വയം കോവിഡ് പരിശോധന നടത്താം? മൈലാബ് കോവിസെല്‍ഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം
എന്താണ് നിങ്ങൾ ചെയ്യേണ്ടത്
വാതിലുകളും ജനലുകളും തുറന്നിട്ട് മുറിക്കുള്ളിൽ വായുസഞ്ചാരം ഉറപ്പു വരുത്താൻ മാർഗനിർദേശത്തിൽ പറയുന്നു. "അടഞ്ഞ, വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ ശരീര സ്രവങ്ങളും എയറോസോളുകളും കൂടുതൽ നേരം തങ്ങി നിൽക്കുകയും ഇത് അവിടെയുള്ള ആളുകളിലേക്ക് വേഗത്തിൽ രോഗം പടരാൻ കാരണമാവുകയും ചെയ്യും." നിർദേശത്തിൽ പറഞ്ഞു.
തുറസായ സ്ഥലങ്ങളിൽ വൈറസ് കണങ്ങൾ വേഗത്തിൽ ചിതറി പോകുന്നതിനാൽ വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.