ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയായി വർധനവുണ്ട്. എന്നാൽ ആഗോള തലത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.

മാർച്ച് 19ലെ കണക്കുകൾ പ്രകാരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളിൽ നിന്ന് ശരാശരി 1.7 ആളുകളിലേക്കാണ് വൈറസ് പകർന്നിരുന്നത്. എന്നാൽ മാർച്ച് 26ലേക്ക് എത്തുമ്പോൾ ഇത് 1.81 ആണ്. വൈറസ് വലിയ നാശം വിതച്ച ഇറാൻ, ഇറ്റലി മുതലായ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വൈറസ് വ്യാപനത്തിന്റെ അളവ് കുറവാണെന്നതാണ് ആശ്വാസം പകരുന്നത്. ആഗോള തലത്തിൽ രണ്ടും മൂന്നും ഒക്കെ വീതമാണ് വൈറസ് ബാധിച്ച ഒരാളിൽ നിന്ന് മറ്റു ആളുകളിലേക്ക് വൈറസ് പകരുന്നതിന്റെ തോത്.

Also Read: മന്ത്രിമാർ ഒരു ലക്ഷം വീതം, സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം; സാലറി ചലഞ്ചിന് മന്ത്രിസഭാ അംഗീകാരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ ശാസ്ത്രജ്ഞൻ സീതാഭ്ര സിൻഹ അവതരിപ്പിക്കുന്ന കണക്കുകൾ ഇങ്ങനെ. മാർച്ച് മാസം അവസാനിക്കുമ്പോൾ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 1500ന് അടുത്താണ്. ഏപ്രിലിൽ ഇത് 3000ൽ നിന്ന് 5000ലേക്ക് വരെ ഉയർന്നേക്കാം. ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമായെന്നും ഈ കാലയളവിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂ.

ഇന്ത്യയിൽ വൈറസ് വ്യാപനം കുറഞ്ഞ നിരക്കിലായതാണ് ഒരു മാസത്തിനുള്ളിൽ മൂന്നിൽ നിന്ന് 1000ൽ മാത്രം രോഗികളുടെ എണ്ണം നിന്നത്. ദക്ഷിണ കൊറിയ ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യ മാസത്തെ കണക്ക് താഴ്ന്ന് നിൽക്കുന്നതായി കാണാം. മരണനിരക്കും അങ്ങനെ തന്നെ.

ഇനി ആഴ്ചകളിലേക്ക് കണക്ക് പരിശോധിച്ചാൽ ആദ്യ ആഴ്ചയിലെ മൂന്നിൽ നിന്നും 43ലേക്കും അവിടെ നിന്ന് 114ലേക്കും പിന്നീട് 415ലേക്കും മാസ അവസാനത്തോട് എത്തിയപ്പോൾ 1071ലേക്കും വർധിച്ചതായി കാണാം. ഇതേ കാലയളവിൽ ദക്ഷിണ കൊറിയയിലെ അവസ്ഥ 4-23-104-1766 എന്നിങ്ങനെയായിരുന്നു. ദക്ഷിണ കൊറിയയെ സംബന്ധിച്ചിടത്തോളം ’31-ാം രോഗി’യാണ് അനിയന്ത്രിതമായ രീതിയിൽ രോഗം പകരാൻ കാരണം.

മറ്റ് രാജ്യങ്ങളിലെ കണക്ക് പരിശോധിച്ചാൽ സിംഗപ്പൂരിൽ ആദ്യം നാല് പേർക്ക് സ്ഥിരീകരിച്ച രോഗം ആദ്യ ആഴ്ച പിന്നിടുമ്പോൾ 18 പേരിലേക്കും രണ്ടാം ആഴ്ച 43 പേരിലേക്കും മൂന്നാം ആഴ്ച 75 പേരിലേക്കും നാലാം ആഴ്ച 90 പേരിലേക്കും വ്യാപിച്ചു. സ്‌പെയിനിൽ രണ്ടിൽ നിന്നും 151ലേക്കും അവിടെ നിന്ന് 1639ലേക്കും മൂന്നാം ആഴ്ച 11,178 പേരിലേക്കും നാലാം ആഴ്ച 39673 പേരിലേക്കുമാണ് വൈറസ് പകർന്നത്. ഒറ്റദിവസം കൊണ്ട് ഇത് 47000ന് മുകളിലേക്ക് കയറുകയും ചെയ്തു.

ഇറ്റലിയിൽ ഇതിലും വേഗത്തിലായിരുന്നു വൈറസിന്റെ വ്യാപനം. യഥാക്രമം 3, 650, 3858, 15113, 41035 എന്നിങ്ങനെ ഓരോ ആഴ്ചയും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. മാർച്ച് 30 വരെ ഏകദേശം 47021 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ച വൈറസ് പിന്നീട് 141 പേരിലേക്കും രണ്ടാം ആഴ്ച 2922 പേരിലേക്കും മൂന്നാം ആഴ്ച 9000 പേരിലേക്കും നാലാം ആഴ്ച 17361 പേരിലേക്കും പകർന്നു.

Also Read: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് 13 വയസ്സുള്ള കുട്ടി മരിച്ചു; സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ

മരണ നിരക്ക് പരിശോധിച്ചാലും ഇന്ത്യയിലെ കണക്കുകൾ താഴെയാണ്. രാജ്യത്തെ ആദ്യ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്ത ദിവസം മുതലുള്ള രണ്ട് ആഴ്ചകൾ പരിശോധിച്ചാൽ ആദ്യ ആഴ്ച നാല് പേർ മരിച്ചപ്പോൾ രണ്ടാം ആഴ്ചയോടെ ആകെ മരിച്ചവരുടെ എണ്ണം 17 ൽ നിന്നു. ദക്ഷിണ കൊറിയയിൽ ആദ്യ ആഴ്ച 13 പേരും രണ്ടാം ആഴ്ചയോടെ ഇത് 35ഉം ആയി.

സ്‌പെയിനിൽ രണ്ട് ആഴ്ചക്കുള്ളിൽ ജീവൻ നഷ്ടമായത് 598 പേർക്കാണ്. ഇറ്റലിയിൽ ഇത് 234ഉം ഇറാനിൽ 92 ആയിരുന്നു.

ഇന്ത്യയിൽ വ്യാപനത്തിന്റെ തോത് 1.81 ആയി നിൽക്കുമ്പോൾ ഇറ്റലിയിൽ ഇത് 2.76നും 3.25നും ഇടയിലാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന്റെ കണക്കുകൾ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook