/indian-express-malayalam/media/media_files/uploads/2020/02/Perarivalan-Explain.jpg)
രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണു പ്രതികളിലൊരാളായ എജി പേരറിവാളന്‍. ശിക്ഷ ഇളവ് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് പേരറിവാളന്‍ തമിഴ്നാട് ഗവര്‍ണര്‍ക്കു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. മറ്റൊരു പ്രതി നളിനി സമര്‍പ്പിച്ച വ്യത്യസ്ത ഹര്‍ജിയിലാണു ഹൈക്കോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.
പേരറിവാളന്റെ മോചനത്തിനായി കുറച്ചുദിവസമായി തമിഴ്‌നാട്ടില്‍ ശക്തമായി ശബ്ദമുയരുകയാണ്. തനിക്കു ശിക്ഷാ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനു പേരറിവാളന്‍ കത്തെഴുതിയതിനു പിന്നാലെയാണു 'റിലീസ് പേരറിവാളന്‍' എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തിൽ 16 മാസത്തിലേറെയായി രാജ്ഭവൻ തീര്‍പ്പുകല്‍പ്പിക്കാതിരിക്കുകയാണ്.
29 വര്‍ഷം മുന്‍പ് നടന്ന രാജീവ് വധത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനു സുപ്രീം കോടതി സിബിഐയെ അടുത്തിടെ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണു ജനുവരി 25നു പേരറിവാളന്‍ ഗവര്‍ണര്‍ക്കു കത്തെഴുതിയത്. ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലാണിപ്പോള്‍ പേരറിവാളന്‍.
ഗൂഢാലോചന കണ്ടെത്തുന്നതില്‍ സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി (എംഡിഎംഎ) ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനുവരി 21 നു ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. 1998 ലാണ് എംഡിഎംഎ രൂപീകൃതമായത്. രാജ്യാന്തര ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജീവപര്യന്തം തടവ് ശിക്ഷ നിർത്തിവയ്ക്കണമെന്ന പേരറിവാളന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
പേരറിവാളനെതിരായ കേസ്
രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എല്‍ടിടിഇ പ്രവര്‍ത്തകനുമായ ശിവരശനു പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങിനല്‍കിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.
കസ്റ്റഡിയിലായിരുന്നപ്പോഴുള്ള പേരറിവാളന്റെ മൊഴി താന്‍ തിരുത്തി കുറ്റസമ്മതം പോലെയാക്കുകയായിരുന്നുവെന്നു വിരമിച്ച സിബിഐ എസ്പി വി ത്യാഗരാജന്‍ 2013 നവംബറില്‍ വെളിപ്പെടുത്തിയിരുന്നു. മൊഴി തിരുത്തിയതാണു പേരറിവാളനു വധശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായതെന്നും ത്യാഗരാജന്‍ പറഞ്ഞിരുന്നു. ഇതാണു താന്‍ നിരപരാധിയാണെന്ന പേരറിവാളന്റെറ അവകാശവാദത്തിനു ബലമായത്.
സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്
1991 ല്‍ പേരറിവാളന്റെയും മറ്റു പ്രതികളുടെയും മൊഴി സിബിഐ എസ്പി വി ത്യാഗരാജനാണു രേഖപ്പെടുത്തിയത്. താനാണു ബാറ്ററികള്‍ കൈമാറിയതെന്നു പേരറിവാളന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും അവ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുമെന്ന് തനിക്കറിയാമെന്ന് പറഞ്ഞിട്ടില്ലെന്നാണു ത്യാഗരാജന്‍ വെളിപ്പെടുത്തിയത്. രണ്ടാം ഭാഗം തന്റെ വ്യാഖ്യാനമായിരുന്നുവെന്നും ത്യാഗരാജന്‍ പറഞ്ഞു.
മൊഴി രേഖപ്പെടുത്തിയതു ഇപ്രകാരമാണ്: ''... മാത്രമല്ല, ഞാന്‍ രണ്ട് ഒന്‍പത് വോള്‍ട്ട് ബാറ്ററി സെല്‍ (ഗോള്‍ഡന്‍ പവര്‍) വാങ്ങി ശിവരശനു നല്‍കി. ബോംബ് സ്‌ഫോടനത്തിനായി ശിവരശന്‍ ഇവ ഉപയോഗിച്ചു.''
രണ്ടാമത്തെ വാചകം പേരറിവാളന്‍ പറഞ്ഞതല്ലെന്നു ത്യാഗരാജന്‍ സമ്മതിച്ചു. ഇതെന്നെ ധര്‍മസങ്കടത്തിലാക്കി. ''ബാറ്ററി വാങ്ങിനല്‍കിയതു ഗൂഢാലോചനയുടെ ഭാഗമാണെന്നു സമ്മതിക്കാതെ അതു കുറ്റസമ്മതമൊഴിയാവില്ല. ഞാന്‍ പേരറിവാളന്റെ മൊഴിയുടെ ഒരു ഭാഗം ഒഴിവാക്കി എന്റെ വ്യാഖ്യാനം ചേര്‍ത്തു. ഞാന്‍ ഖേദിക്കുന്നു,'' ത്യാഗരാജന്‍ പറഞ്ഞു.
പേരറിവാളന്റെ മൊഴിയില്‍ ''ഇതുതാന്‍ രാജീവ് ഗാന്ധിയിന്‍ കൊലക്കു പയാന്‍ പദുത്തപ്പെട്ടത്'' എന്നു തമിഴില്‍ ത്യാഗരാജന്‍ കൂട്ടിച്ചേര്‍ത്തത് ഇതാണ് (ബാറ്ററികൾ) അയാൾ ബോംബ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്'എന്നാണു വിവര്‍ത്തനം ചെയ്തത്.
ഗൂഢാലോചനയെക്കുറിച്ച് തനിക്കറിയാമെന്നും അല്ലെങ്കില്‍ ബോംബ് നിര്‍മാണത്തിനാണെന്ന് അറിഞ്ഞുകൊണ്ടാണു ബാറ്ററികള്‍ വാങ്ങിയതെന്നും പേരറിവാളന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ത്യാഗരാജന്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ 19 പ്രതികളെ 1999 ല്‍ സുപ്രീംകോടതി കുറ്റവിമുക്തരാക്കി. ടാഡയുടെ വ്യവസ്ഥകള്‍ റദ്ദാക്കുകയും ചെയ്യുകയും ചെയ്തു. എന്നാല്‍ ടാഡ പ്രകാരമുള്ള പേരറിവാളന്റെ കുറ്റസമ്മതമൊഴി വിശ്വസനീയമാണെന്നു കോടതി നിരീക്ഷിച്ചു.
/indian-express-malayalam/media/media_files/uploads/2020/02/Perarivalans-mother.jpg)
നിയമപോരാട്ടത്തിന്റെ അവസ്ഥ
പേരറിവാളന്റെ മൊഴി തിരുത്തിയാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചിരിക്കുന്നതെന്നിരിക്കെ, രാജീവ് ഗാന്ധി വധത്തിനുപിന്നിലെ വിപുലമായ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടു. രണ്ട് ബാറ്ററി സെല്‍ വാങ്ങിയതിനു പേരറിവാളന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടപ്പോള്‍, ബോംബ്, ബോംബ് നിര്‍മാതാവ്, ബോംബ് പരീക്ഷിച്ച സ്ഥലം, ആരാണ് ആര്‍ഡിഎക്‌സ് നല്‍കിയത് എന്നിവയെക്കുറിച്ച് തെളിവുകളൊന്നുമില്ലെന്നു പേരറിവാളന്റെ അഭിഭാഷകര്‍ വാദിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി നടക്കുന്ന എംഡിഎംഎയുടെ അന്വേഷണത്തിന്റെ പുരോഗതിയെ ചോദ്യം ചെയ്ത് പേരറിവാളന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ കഴിഞ്ഞമാസം നിശിതവിമര്‍ശനത്തിനു വിധേയമായി.
പേരറിവാളന്റെ ശിക്ഷ ഒഴിവാക്കുന്നതു സംബന്ധിച്ച ചോദ്യം തമിഴ്നാട് രാജ്ഭവനില്‍ കുടുങ്ങിക്കിടക്കുകയാണ്. 'മാപ്പ് നല്‍കാനോ, ശിക്ഷ നിര്‍ത്തിവയ്ക്കാനോ, ശിക്ഷാ ഇളവ് നല്‍കാനോ, ശിക്ഷ റദ്ദാക്കാനോ ഭരണഘടനയുടെ 161-ാം അനുച്‌ഛേദം പ്രകാരം ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
ഭരണഘടനയുടെ 161-ാം അനുച്‌ഛേദം പ്രകാരം ഗവര്‍ണര്‍ക്കു പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നു 2018 സെപ്റ്റംബര്‍ ആറിനു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2015 ഡിസംബര്‍ 30ന് അന്നത്തെ ഗവര്‍ണര്‍ കെ റോസയ്യക്ക് കാരുണ്യഹര്‍ജി സമര്‍പ്പിച്ചതായി പേരറിവാളന്‍ കോടതിയെ അറിയിച്ചിരുന്നു.
സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്, പേരറിവാളന്‍ ഉള്‍പ്പെടെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്യുന്നതിനു ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനോട് ശിപാര്‍ശ ചെയ്യാന്‍ തമിഴ്‌നാട് മന്ത്രിസഭ 2018 സെപ്റ്റംബര്‍ ഒന്‍പതിനു തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷമായ ഡിഎംകെയും എഐഎഡിഎംകെ ടിടിവി ദിനകരന്‍ വിഭാഗവും സ്വാഗതം ചെയ്തു.
''ഗവര്‍ണര്‍ ഭരണഘടനാ അധികാരിയാണെന്നും നിവേദനത്തില്‍ തീരുമാനമെടുക്കാന്‍ ഭരണഘടന പ്രകാരം അദ്ദേഹത്തിനു വിവേചനാധികാരമുണ്ടെന്നു''മാണു മദ്രാസ് ഹൈക്കോടതിയില്‍ വെള്ളിയാഴ്ച നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം ആഭ്യന്തര മന്ത്രാലയം തള്ളിയിട്ടുണ്ടെന്നും കാരുണ്യ ഹര്‍ജി ഗവര്‍ണറുടെ പരിഗണനയിലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, കാരുണ്യ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ സമയപരിധി നിശ്ചയിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.