സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം പതിനെട്ടില്‍നിന്ന് ഇരുപത്തിയൊന്നായി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിസഭാ യോഗം. ഇതോടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം തുല്യമാക്കുകയാണ് സര്‍ക്കാര്‍. നിലവില്‍, പുരുഷന്മാരുടെ നിയമപരമായ വിവാഹപ്രായം 21 ആണ്.
എന്തുകൊണ്ടാണ് വിവാഹത്തിന് കുറഞ്ഞ പ്രായപ്രരിധി?
ശൈശവവിവാഹങ്ങള്‍ നിരോധിക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവരെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ഉദ്ദേശിച്ചാണ് വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം നിയമം അനുശാസിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങള്‍ക്ക് അവരുടേതായ മാനദണ്ഡങ്ങളുണ്ട്. അത് പലപ്പോഴും ആചാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ഹിന്ദുക്കളുടെ കാര്യത്തില്‍ വധുവിന്റെ കുറഞ്ഞ പ്രായം പതിനെട്ടും വരന്റെ കുറഞ്ഞ പ്രായം ഇരുപത്തിയൊന്നുമായാണു 1955 ലെ ഹിന്ദു വിവാഹ നിയമം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഇസ്ലാമില്‍ ഋതുമതിയായ പ്രായപൂര്‍ത്തിയാകാത്തയാളുടെ വിവാഹം സാധുവായി കണക്കാക്കുന്നു.
1954ലെ സ്പെഷ്യല്‍ മാരേജ് ആക്ട്, 2006ലെ ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹ സമ്മതത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം യഥാക്രമം പതിനെട്ടും ഇരുപത്തിയൊന്നുമാണ്.
വിവാഹപ്രായം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ട്?
ലിംഗ നിഷ്‌പക്ഷത ഉള്‍പ്പെടെ നിരവധി കാരണങ്ങളാലാണ് സ്ത്രീകളുടെ വിവാഹപ്രായം പുനപ്പരിശോധിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. ചെറുപ്രായത്തിലുള്ള വിവാഹവും തല്‍ഫലമായി നേരത്തെയുള്ള ഗര്‍ഭധാരണവും അമ്മമാരുടെയും കുട്ടികളുടെയും പോഷക നിലവാരത്തെയും അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും മാനസികനിലവാരത്തെയും ദോഷകരമായി ബാധിക്കുന്നു.
ചെറുപ്രായത്തിലുള്ള വിവാഹം ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും സ്വാധീനം ചെലുത്തുന്നു. നേരത്തെയുള്ള വിവാഹത്തെത്തുടര്‍ന്ന് വിദ്യാഭ്യാസത്തില്‍നിന്നും ഉപജീവനമാര്‍ഗത്തിലേക്കുള്ള പ്രവേശനത്തില്‍നിന്നും വിച്ഛേദിക്കപ്പെടുക്കുന്നതിനാല്‍ സ്ത്രീകളുടെ ശാക്തീകരണത്തെയും ദോഷകരമായി ബാധിക്കുന്നു.
2015-16ല്‍ രാജ്യത്ത് 27 ശതമാനമായിരുന്ന ശൈശവവിവാഹ നിരക്ക്. ഇത് 2019-20ല്‍ 23 ശതമാനമായി കുറഞ്ഞതായി അടുത്തിടെ പുറത്തുവന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍ എഫ് എച്ച് എസ്) വെളിപ്പെടുത്തുന്നു. ശൈശവ വിവാഹങ്ങളുടെ എണ്ണം കൂടുതല്‍ കുറയ്ക്കാനാണു സര്‍ക്കാരിന്റെ ശ്രമം.
എന്താണ് ജയ ജെയ്റ്റ്‌ലി സമിതി?
സ്ത്രീകളുടെ പോഷകാഹാരം, വിളര്‍ച്ചാക്കൂടുതല്‍, ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, മറ്റ് സാമൂഹിക സൂചികകള്‍ എന്നിവയും വിവാഹപ്രായവും തമ്മിലുള്ള പരസ്പരബന്ധം പരിശോധിക്കാന്‍ വനിതാ-ശിശു വികസന മന്ത്രാലയം 2020 ജൂണിലാണ് ദൗത്യസേന രൂപീകരിച്ചത്.
സമതാ പാര്‍ട്ടി മുന്‍ അധ്യക്ഷ ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോളും നിരവധി മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതായിരുന്നു സമിതി.
വിവാഹപ്രായം വര്‍ധിപ്പിക്കുന്നതിന്റെ സാധ്യതകളും കുറഞ്ഞ വിവാഹപ്രായം സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സ്ത്രീകള്‍ക്കു വിദ്യാഭ്യാസത്തിലേക്കുള്ള കടന്നുവരവ് എങ്ങനെ കൂട്ടാമെന്നുമാണു സമിതി പരിശോധിക്കേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച നയം നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിയുന്ന ഒരു സമയക്രമവും ഇത് നടപ്പാക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികളും സമിതി ശിപാര്‍ശ ചെയ്യേണ്ടിയിരുന്നു.
എന്തായിരുന്നു സമിതിയുടെ ശിപാര്‍ശ?
വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനായിരുന്നു സമിതിയുടെ ശിപാര്‍ശ. രാജ്യത്തുടനീളമുള്ള 16 സര്‍വകലാശാലകളിലെ യുവജനങ്ങളില്‍നിന്നു ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സമിതിയുടെ ശിപാര്‍ശ. വിദൂര പ്രദേശങ്ങളിലെയും സമൂഹങ്ങളിലെയും ചെറുപ്പക്കാരുമായി ബന്ധപ്പെടാന്‍ പതിനഞ്ചിലധികം എന്‍ജിഒകളാണു പ്രവര്‍ത്തിച്ചത്.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ, എല്ലാ മതങ്ങളിലും പെട്ട ചെറുപ്പക്കാരില്‍നിന്നും ഒരുപോലെ അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കു സ്‌കൂളുകളിലും കോളജുകളിലും പ്രവേശനം വര്‍ധിപ്പിക്കുന്നത് പരിശോധിക്കണമെന്നു സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദൂരപ്രദേശങ്ങളില്‍നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണം. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസവും നൈപുണ്യ, ബിസിനസ് പരിശീലനവും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഈ കാര്യങ്ങളില്‍ പ്രഥമ പരിഗണന കൊടുത്ത് നടപ്പാക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്തില്ലെങ്കില്‍, നിയമം അത്ര ഫലപ്രദമാകില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് വിപുലമായ തോതില്‍ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തണം. അത്, പുതിയ നിയമത്തിന്റെ സാമൂഹിക സ്വീകാര്യത പ്രോത്സാഹിപ്പിക്കാന്‍ നിര്‍ബന്ധിത നടപടികളേക്കാള്‍ വളരെ ഫലപ്രദമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരായ വിമര്‍ശങ്ങള്‍ എന്തൊക്കെ?
സ്ത്രീകളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്നതിന് ശിശു-സ്ത്രീ അവകാശ പ്രവര്‍ത്തകരും ജനസംഖ്യാ, കുടുംബാസൂത്രണ വിദഗ്ധരും അനുകൂലമായിരുന്നില്ല. ഇത്തരം നിയമനിര്‍മാണം ജനസംഖ്യയുടെ വലിയൊരു ഭാഗത്തെയും നിയമവിരുദ്ധ വിവാഹങ്ങളിലേക്ക് തള്ളിവിടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.
സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തിയിട്ടു പോലും രാജ്യത്ത് ശൈശവവിവാഹങ്ങള്‍ തുടരുന്നതായും ഇത്തരം വിവാഹങ്ങള്‍ കുറയുന്നത് നിലവിലുള്ള നിയമം കൊണ്ടല്ലെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വര്‍ധിച്ചതിനാലാണെന്നും അവര്‍ വാദിക്കുന്നു.
നിയമം കര്‍ക്കശമായി മാറുമെന്നും പ്രത്യേകിച്ച്, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ പോലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവരെ നിയമലംഘകരാക്കിത്തീര്‍ക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: എന്താണ് ലോഗ്4ജെ വൾനറബിലിറ്റി? എന്തുകൊണ്ടാണ് ഇത് ടെക് കമ്പനികളെ ആശങ്കപ്പെടുത്തുന്നത്?