സൂറത്ത് ജില്ലാ കോടതി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചു. 2019ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെ തുടർന്നുള്ള അപകീർത്തിക്കേസിലാണ് ശിക്ഷ. രാഹുലിന് ജാമ്യം അനുവദിച്ച കോടതി മേല്‍ക്കോടതിയെ സമീപിക്കുന്നതിനായി ഉത്തരവ് 30 ദിവസത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. ഈ ശിക്ഷയോടെ രാഹുൽ ഗാന്ധി എംപി പദവിയിൽനിന്നു അയോഗ്യനാക്കപ്പെടുമോ എന്നതാണ് ഉയരുന്ന ചോദ്യം.
“എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത്?” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ ഈ വാക്കുകൾ.
ഇന്ത്യൻ ശിക്ഷാനിയമം 499, 500 വകുപ്പുകൾ പ്രകാരം രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വർമ്മ, ജാമ്യം നൽകുകയും അപ്പീൽ നൽകാൻ സമയം അനുവദിച്ചതായും രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ബാബു മംഗുകിയ പറഞ്ഞു.
“കോടതിയുടെ ഉത്തരവ് രാഹുലിനെ അയോഗ്യനാക്കുന്നതിനുള്ള പരാതിക്കൊപ്പം സ്പീക്കറുടെ ഓഫീസിൽ എത്തട്ടെ. ഉത്തരവുമായി ബന്ധപ്പെട്ട പരാതി എത്തിയശേഷം നിയമവിദഗ്ധർ പരിശോധിച്ച് തീരുമാനമെടുക്കും,” ലോക്‌സഭാ സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഈ വിധിക്ക് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യനാക്കാൻ സാധിക്കുമോ?
ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എംപിയെ അയോഗ്യനാക്കുന്നത് രണ്ട് സന്ദർഭങ്ങളിൽ സംഭവിക്കാം.
- എംപി ശിക്ഷിക്കപ്പെട്ട കുറ്റം 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(1) ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത സൃഷ്ടിക്കാനുള്ള ശ്രമം, കൈക്കൂലി, അനാവശ്യ സ്വാധീനം അല്ലെങ്കിൽ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം എന്നിവ പോലുള്ള പ്രത്യേക കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അപകീർത്തി കേസുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല.
- ഏതെങ്കിലുമൊരു കുറ്റകൃത്യത്തിനു രണ്ട് വർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് ജനപ്രതിനിധി ശിക്ഷിക്കപ്പെടുകയാണെങ്കിൽ, ആർപിഎയുടെ സെക്ഷൻ 8(3) പ്രകാരം അയോഗ്യനാക്കാം.
അപ്പീൽ കൊടുക്കേണ്ടത് എപ്പോൾ?
ശിക്ഷ വിധിച്ച തീയതി മുതൽ “മൂന്ന് മാസം കഴിഞ്ഞതിനുശേഷം” മാത്രമേ അയോഗ്യത പ്രാബല്യത്തിൽ വരൂവെന്നും വകുപ്പ് 8(4) പറയുന്നു. അതിനുള്ളിൽ ഹൈക്കോടതിയിൽ വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യാം.
എന്നാൽ, ശിക്ഷയ്‌ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്താൽ അയോഗ്യത താൽക്കാലികമായി മരവിപ്പിക്കാൻ നിയമത്തിൽ ആദ്യം വ്യവസ്ഥയുണ്ടായിരുന്നു. 2013 ലെ ‘ലില്ലി തോമസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ എന്ന സുപ്രധാന വിധിയിൽ, ആർപിഎയുടെ സെക്ഷൻ 8(4) ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി.
ഒരു അപ്പീൽ ഫയൽ ചെയ്യുന്നത് കൊണ്ട് കാര്യമില്ല. ശിക്ഷിക്കപ്പെട്ട എംപി വിചാരണ കോടതിയുടെ വിധിക്ക് എതിരെ പ്രത്യേക സ്റ്റേ ഉത്തരവ് നേടണം. സെക്ഷൻ 389 സിആർപിസി പ്രകാരമുള്ള സസ്പെൻഷൻ മാത്രമല്ല, ശിക്ഷാ സ്റ്റേ ചെയ്യുക കൂടെയാണിത്.
സിആർപിസിയുടെ സെക്ഷൻ 389 പ്രകാരം, അപ്പീൽ പരിഗണനയിൽ ഇരിക്കുമ്പോൾ വിധി പറയാത്തിടത്തോളം കോടതിക്ക് ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്യാൻ കഴിയും. ഇത് ജാമ്യത്തിൽ വിടുന്നതിന് തുല്യമാണ്.