scorecardresearch
Latest News

രാഹുൽ ഗാന്ധിയുടെ അയോഗ്യത; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വരുമോ?

അപകീർത്തിക്കേസിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതോടെയാണ് വയനാട് എംപി രാഹുൽ ഗാന്ധിയ്ക്ക് സ്ഥാനം നഷ്ടമായത്. അപൂർവ വിശ്വനാഥ്, ദാമിനി നാഥ് എന്നിവർ തയാറാക്കിയ റിപ്പോർട്ട്

Rahul Gandhi, Raga, disqualification, defamation case, gujarat, modi, conviction,ie malayalam,india, rahul gandhi

അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനുപിന്നാലെയാണ് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയതായി ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ജില്ലാ കോടതി രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത് വ്യാഴാഴ്ചയാണ്.

“ഭരണഘടനയുടെ ആർട്ടിക്കിൾ 102(1)(ഇ)യിലെ വ്യവസ്ഥകളും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 8-ാം വകുപ്പും അനുസരിച്ച്, ശിക്ഷിക്കപ്പെട്ട തീയതി മുതൽ, അതായത് 2023 മാർച്ച് 23 മുതൽ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് രാഹുൽ ഗാന്ധി അയോഗ്യനാണെന്ന്” വെള്ളിയാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതിന്റെ ഒരു പകർപ്പ്, ” മുൻ എംപി” രാഹുൽ ഗാന്ധിക്ക് അയയ്ക്കുന്നതായും വിജ്ഞാപനത്തിൽ പറയുന്നു.

എന്തുകൊണ്ടാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്?

നടപടിക്രമത്തിന്റെ ഭാഗമായാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സിറ്റിങ് എംപിമാരുടെയോ എംഎൽഎമാരുടെയോ ശിക്ഷാ നടപടി കേസുകൾ സ്പീക്കറുടെയോ ചെയർമാന്റെയോ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെയോ ശ്രദ്ധയിൽപ്പെടുത്തണം. ഇത് ഉറപ്പാക്കുന്നതിന് പ്രോസിക്യൂഷനുകൾ കൈകാര്യം ചെയ്യുന്ന വകുപ്പിന് ഉചിതമായ നിർദേശങ്ങൾ നൽകാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് 2015 ഒക്ടോബർ 13 ലെ ഒരു വിജ്ഞാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് വന്ന് ഏഴു ദിവസത്തിനുള്ളിൽ ശിക്ഷാവിധി സഹിതം അറിയിക്കണമെന്നാണ് നിർദേശം.

ഏതെങ്കിലുമൊരു കുറ്റകൃത്യത്തിനു രണ്ടു വർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് ജനപ്രതിനിധി ശിക്ഷിക്കപ്പെടുകയാണെങ്കിൽ, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ(ആർപിഎ) 8(3) പ്രകാരം അയോഗ്യനാക്കാം. ശിക്ഷാ മോചിതനായതിനുശേഷം ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽനിന്നു വിലക്കും നേരിടാം.

ശിക്ഷാവിധിയാണ് അയോഗ്യതയ്ക്ക് കാരണം, വിജ്ഞാപനം അല്ല. വെള്ളിയാഴ്ച സഭ പിരിയുന്നതിന് മുൻപ് ലോക്‌സഭയിൽ ഉണ്ടായിരുന്ന രാഹുലിനുള്ള ഔദ്യോഗിക അറിയിപ്പ് മാത്രമാണ് വിജ്ഞാപനം.

അയോഗ്യനാക്കപ്പെട്ട എംഎൽഎയുടെ കാര്യത്തിൽ ബന്ധപ്പെട്ട നിയമസഭയാണ് നോട്ടീസ് നൽകുന്നത്. ഉദാഹരണത്തിന്, സമാജ്‌വാദി പാർട്ടി എംഎൽഎ അസം ഖാനെ അയോഗ്യനാക്കാൻ ഉത്തർപ്രദേശ് നിയമസഭാ സെക്രട്ടേറിയറ്റാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നോട്ടീസ് പുറപ്പെടുവിച്ചത്.

ഇക്കാര്യത്തിൽ സ്പീക്കറുടെ അധികാരം അന്തിമമാണോ?

ശിക്ഷാവിധി കോടതി സ്റ്റേ ചെയ്താൽ, അത് മൂലമുണ്ടാകുന്ന അയോഗ്യത നീക്കാമെന്ന് ലോക് പ്രഹാരി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ (2018) വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. “ഒരു അപ്പീൽ തീർപ്പാക്കുമ്പോൾ ശിക്ഷാവിധി സ്റ്റേ ചെയ്‌താൽ, ശിക്ഷാവിധിയുടെ അനന്തരഫലമായ അയോഗ്യത പ്രാബല്യത്തിൽ വരികയോ നിലനിൽക്കുകയോ ചെയ്യില്ല, ” എന്ന് വിധിയിൽ പറയുന്നു. ഹൈക്കോടതിയിൽ നിന്നു ശിക്ഷാവിധിക്ക് സ്റ്റേ അനുവദിക്കുകയോ അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധിക്ക് അനുകൂലമായി അപ്പീൽ തീരുമാനമെടുക്കുകയോ ചെയ്താൽ അയോഗ്യത നീക്കാം.

അയോഗ്യതയ്ക്കായി കാരണമായ വകുപ്പുകൾ എന്തൊക്കെയാണ്?

ആർട്ടിക്കിൾ 102(1), 191(1) എന്നിവയിലൂടെയാണ് യഥാക്രമം പാർലമെന്റ് അംഗത്തെയോ നിയമസഭാംഗത്തെയോ അയോഗ്യരാക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 102 പാർലമെന്റ് അംഗത്തെ അയോഗ്യനാക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. ആർട്ടിക്കിൾ 102(1) ന്റെ ഉപവകുപ്പ് (ഇ) പ്രകാരം, “പാർലമെന്റോ പാർലമെന്റിൽ പാസാക്കിയ ഏതെങ്കിലും നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടാൽ” ഒരു എംപിക്ക് സഭയിലെ അംഗത്വം നഷ്ടപ്പെടും. ഈ കേസിലെ നിയമം ആർപി ആക്ട് ആണ്.

ആർപിഎയുടെ എട്ടാം വകുപ്പിൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിക്കുന്ന സാഹചര്യത്തിലുള്ള അയോഗ്യതയെ കുറിച്ച് പ്രതിപാദിക്കുന്നു. ഈ വ്യവസ്ഥ രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയുന്നതിനും ഇത്തരം ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയുന്നതിനും ലക്ഷ്യമിടുന്നു.

ലോക്‌സഭാ അംഗത്വത്തിനൊപ്പം രാഹുലിന് നഷ്ടമാകുന്നത്

ലോക്‌സഭാ എംപിയെന്ന നിലയിൽ ഡൽഹി ലുട്ടിയൻസിൽ രാഹുലിന് ഒരു ഔദ്യോഗിക വസതിയുണ്ട്. അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് 12 തുഗ്ലക് ലെയ്‌നിലുള്ള തന്റെ വീട് ഒഴിയാൻ രാഹുലിന് ഒരു മാസത്തെ സമയമുണ്ടെന്ന് ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 2004ൽ അമേഠിയിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് രാഹുലിന് ഔദ്യോഗിക വസതി അനുവദിച്ചത്.

അയോഗ്യതാ വിജ്ഞാപനത്തിന്റെ പകർപ്പ് തുടർനടപടികൾക്കായി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് ലെയ്‌സൺ ഓഫീസർക്ക് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയച്ചു. വസതി ലോക്‌സഭയുടെ പാർപ്പിട വസ്‌തുക്കളുടെ ഭാഗമായതിനാൽ അത് ഒഴിപ്പിക്കേണ്ട നടപടി ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കേണ്ടി വരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒരു പാർലമെന്റ് അംഗത്തിനു ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും രാഹുലിന് നഷ്ടമാകും.

വയനാട്ടിലെ ജനങ്ങൾക്ക് ലോക്‌സഭ പ്രതിനിധിയെ എപ്പോൾ ലഭിക്കും?

തിരഞ്ഞെടുപ്പു കമ്മിഷന് സീറ്റിലേക്ക് ഒരു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. അസം ഖാന്റെ കാര്യത്തിൽ, ഖാന്റെ 37-രാംപൂർ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ (രാജ്യത്തുടനീളമുള്ള മറ്റ് നാല് ഒഴിവുകൾ നികത്താനുള്ള ഉപതിരഞ്ഞെടുപ്പിനൊപ്പം) ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിച്ചിരുന്നു.

എന്നിരുന്നാലും, അടുത്തിടെ നടന്ന ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ കേസിൽ, എംപിക്ക് ശിക്ഷ ലഭിച്ചതിനെതുടർന്ന്, ജനുവരി 18 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫൈസലിന്റെ ശിക്ഷ ജനുവരി 25ന് കേരള ഹൈക്കോടതി സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് 30ന് പ്രഖ്യാപനം പിൻവലിക്കുകയും ചെയ്തു.

രാഹുലിന് മുൻപിലുള്ള മറ്റു മാർഗങ്ങൾ എന്തെല്ലാം?

ഉയർന്ന കോടതി ശിക്ഷാവിധിക്ക് സ്റ്റേ അനുവദിക്കുകയോ അപ്പീൽ രാഹുലിന് അനുകൂലമായി തീരുമാനിക്കുകയോ ചെയ്താൽ അയോഗ്യത പിൻവലിക്കാവുന്നതാണ്. ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനു മുൻപ്, സൂറത്ത് സെഷൻസ് കോടതിയിലാണ് രാഹുൽ ഗാന്ധി അപ്പീലിനായി ശ്രമിക്കേണ്ടത്.

കോടതിയിൽനിന്ന് ഇളവ് ലഭിച്ചില്ലെങ്കിൽ, എട്ടു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കപ്പെടും. ശിക്ഷാകാലാവധിയായ രണ്ടു വർഷം, കൂടാതെ ആർപി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആറ് വർഷവും വിലക്ക് തുടരും. അപ്പീൽ ഫയൽ ചെയ്യാൻ സമയം തേടി രാഹുലിന്റെ അഭിഭാഷകൻ കിരിത് പൻവാല വെള്ളിയാഴ്ച സൂറത്ത് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Rahul gandhi disqualified what happens next