അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനുപിന്നാലെ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയതായി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ജില്ലാ കോടതി രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത് മാർച്ച് 23നാണ്. ശിക്ഷിക്കപ്പെട്ട ദിവസം മുതൽ രാഹുലിനെ സഭയിൽനിന്ന് അയോഗ്യനാക്കിയതായി ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനത്തിൽ പറയുന്നു. രാഹുൽ ഗാന്ധി ഇനി മേൽകോടതിയെ സമീപിച്ച് ശിക്ഷ സ്റ്റേ ചെയ്യേണ്ടതുണ്ട്. എന്താണ് വിധി, അയോഗ്യതയുടെ നടപടികൾ എങ്ങനെയാണെന്നറിയാം.
എന്തായിരുന്നു സൂറത്ത് കോടതിയുടെ വിധി?
2019ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെ തുടർന്നുള്ള അപകീർത്തിക്കേസിലാണ് ശിക്ഷ. “എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത്?”എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ ഈ വാക്കുകൾ.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 500 പ്രകാരം അപകീർത്തിപ്പെടുന്നതിന് “രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന തടവ്, പിഴ, അല്ലെങ്കിൽ രണ്ടും” നിർദ്ദേശിക്കുന്നു. 15,000 രൂപയുടെ ഉറപ്പിൽ രാഹുലിന്റെ ജാമ്യം കോടതി അംഗീകരിക്കുകയും അപ്പീൽ നൽകുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതെങ്ങനെ?
മൂന്നു സാഹചര്യങ്ങളിലാണ് ജനപ്രതിനിധിയുടെ അയോഗ്യത നിർദേശിക്കുന്നത്. ആർട്ടിക്കിൾ 102(1), 191(1) എന്നിവയിലൂടെയാണ് യഥാക്രമം പാർലമെന്റ് അംഗത്തെയോ നിയമസഭാംഗത്തെയോ അയോഗ്യരാക്കുന്നത്. ലാഭം കിട്ടുന്ന പദ്ധതി, അല്ലെങ്കിൽ സാധുതയുള്ള പൗരത്വം ഇല്ലാത്ത സാഹചര്യങ്ങളിലാണ് ഇത് പരിഗണിക്കുന്നത്.
കൂറുമാറ്റത്തിന്റെ പേരിൽ അംഗങ്ങളെ അയോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് അയോഗ്യത സംബന്ധിച്ച രണ്ടാമത്തെ നിർദേശം വരുന്നത്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന് (ആർപിഎ) കീഴിലാണ് മറ്റൊരു സാഹചര്യം. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടാൽ ഈ നിയമപ്രകാരം അയോഗ്യരാകുന്നു.
എന്താണ് ആർപിഎയിൽ പറയുന്നത്?
ആർപിഎ പ്രകാരം അയോഗ്യത കൈകാര്യം ചെയ്യുന്നതിനു നിരവധി വ്യവസ്ഥകൾ ഉണ്ട്. അഴിമതി അല്ലെങ്കിൽ അവിശ്വസ്തതയുടെ പേരിൽ പിരിച്ചുവിടൽ, ജനപ്രതിനിധിയായിരിക്കുമ്പോൾ സർക്കാർ കരാറുകളിൽ ഏർപ്പെടൽ എന്നിവയാണ് അയോഗ്യതയെകുറിച്ച് സെക്ഷൻ ഒൻപത് കൈകാര്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് സെക്ഷൻ പത്തിൽ അയോഗ്യതയെ പ്രതിപാദിക്കുന്നു. മറ്റൊരു പ്രധാന വ്യവസ്ഥയുള്ളത് സെക്ഷൻ 11ലാണ്. അഴിമതിയുമായി ബന്ധപ്പെട്ടാണ് ഈ അയോഗ്യത വ്യവസ്ഥ.
ആർപിഎയുടെ എട്ടാം വകുപ്പിൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിക്കുന്ന സാഹചര്യത്തിലുള്ള അയോഗ്യതയെ കുറിച്ച് പ്രതിപാദിക്കുന്നു. ഈ വ്യവസ്ഥ രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയുന്നതിനും ഇത്തരം ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയുന്നതിനും ലക്ഷ്യമിടുന്നു.
എംപി ശിക്ഷിക്കപ്പെട്ട കുറ്റം 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(1)ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത സൃഷ്ടിക്കാനുള്ള ശ്രമം, കൈക്കൂലി, അനാവശ്യ സ്വാധീനം അല്ലെങ്കിൽ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം എന്നിവ പോലുള്ള പ്രത്യേക കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അപകീർത്തി കേസുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2022 ഒക്ടോബറിൽ സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവ് അസംഖാന് ഉത്തർപ്രദേശ് നിയമസഭാ അംഗത്വം നഷ്ടപ്പെട്ടിരുന്നു.
സ്ത്രീധന നിരോധന നിയമത്തിലെ ഏതെങ്കിലും വകുപ്പുകൾ പ്രകാരമോ പൂഴ്ത്തിവയ്പ്പ് അല്ലെങ്കിൽ ഭക്ഷണത്തിലോ മയക്കുമരുന്നിലോ മായം ചേർക്കൽ പോലുള്ളവയോ ചെയ്താൽ കുറഞ്ഞത് ആറ് മാസത്തെ തടവാണ് സെക്ഷൻ 8(2) പരിധിയിൽ വരുന്നത്.
ഏതെങ്കിലുമൊരു കുറ്റകൃത്യത്തിനു രണ്ടു വർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് ജനപ്രതിനിധി ശിക്ഷിക്കപ്പെടുകയാണെങ്കിൽ, ആർപിഎയുടെ സെക്ഷൻ 8(3) പ്രകാരം അയോഗ്യനാക്കാം. ആറു വർഷത്തെക്ക് തിരഞ്ഞെടുപ്പിൽനിന്നു വിലക്കും ഉണ്ടാകും.
അയോഗ്യതയ്ക്ക് ശേഷമുള്ള നടപടികൾ എങ്ങനെ?
ഹൈക്കോടതിയിൽ നിന്നു ശിക്ഷാവിധിക്ക് സ്റ്റേ അനുവദിക്കുകയോ അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധിയ്ക്ക് അനുകൂലമായി അപ്പീൽ തീരുമാനമെടുക്കുകയോ ചെയ്താൽ അയോഗ്യത മാറ്റാം. ശിക്ഷ വിധിച്ച തീയതി മുതൽ അയോഗ്യത പ്രാബല്യത്തിൽ വരില്ലെന്നു 2018ൽ ലോക് പ്രഹാരി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി വിശദീകരിച്ചിരുന്നു.
സെക്ഷൻ 389 സിആർപിസി പ്രകാരമുള്ള സസ്പെൻഷൻ മാത്രമല്ല, ശിക്ഷാ സ്റ്റേ ചെയ്യുക കൂടെയാണിത്. സിആർപിസിയുടെ സെക്ഷൻ 389 പ്രകാരം, അപ്പീൽ പരിഗണനയിൽ ഇരിക്കുമ്പോൾ വിധി പറയാത്തിടത്തോളം കോടതിക്ക് ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്യാൻ കഴിയും. ഇത് ജാമ്യത്തിൽ വിടുന്നതിന് തുല്യമാണ്. ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനു മുൻപ്, സൂറത്ത് സെഷൻസ് കോടതിയിലാകാം രാഹുൽ ഗാന്ധി അപ്പീലിനായി ശ്രമിക്കുക.
ശിക്ഷ വിധിച്ച തീയതി മുതൽ ‘മൂന്ന് മാസം കഴിഞ്ഞതിനുശേഷം’ മാത്രമേ അയോഗ്യത പ്രാബല്യത്തിൽ വരൂവെന്നും വകുപ്പ് 8(4) പറയുന്നു. അതിനുള്ളിൽ ഹൈക്കോടതിയിൽ വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യാം. എന്നാൽ, ശിക്ഷയ്‌ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്താൽ അയോഗ്യത താൽക്കാലികമായി മരവിപ്പിക്കാൻ നിയമത്തിൽ ആദ്യം വ്യവസ്ഥയുണ്ടായിരുന്നു. 2013 ലെ ‘ലില്ലി തോമസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’എന്ന സുപ്രധാന വിധിയിൽ, ആർപിഎയുടെ സെക്ഷൻ 8(4) ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി.