ശബ്ദത്തിന്റെ ഇരട്ടി വേഗത മുതല്‍ മിസൈല്‍ കരുത്ത് വരെ; റഫാല്‍ യുദ്ധ വിമാനത്തിന്റെ പ്രത്യേകതകള്‍

2022 ഓടുകൂടി 36 റഫാല്‍ ജെറ്റുകളും ഇന്ത്യയ്ക്ക് ലഭിക്കുമ്പോള്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം 32 ആകും. വ്യോമസേനയ്ക്ക് അനുവദിച്ചിട്ടുള്ളത് 42 സ്‌ക്വാഡ്രണുകളാണ്

ബുധനാഴ്ച രാവിലെ ഇന്ത്യയിലെത്തിയ അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വ്യോമസേനയിലെ നംബര്‍ 17 ഗോള്‍ഡണ്‍ ആരോസ് സ്‌ക്വാഡ്രണിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. അതിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ ശക്തി 31 ആകും. 2022 ഓടുകൂടി 36 റഫാല്‍ ജെറ്റുകളും ഇന്ത്യയ്ക്ക് ലഭിക്കുമ്പോള്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം 32 ആകും. വ്യോമസേനയ്ക്ക് അനുവദിച്ചിട്ടുള്ളത് 42 സ്‌ക്വാഡ്രണുകളാണ്.

അത്യാധുനിക 4.5 തലമുറ റഫാല്‍ ജറ്റ് ശബ്ദത്തിന്റെ ഇരട്ടിയോളം വേഗതയില്‍ കുതിക്കും. 1.8 മാക്ക് ആണ് പരമാവധി വേഗം. ഇലക്ട്രോണിക് യുദ്ധം, വ്യോമ പ്രതിരോധം, കാലാള്‍ പടയ്ക്കുള്ള പിന്തുണ, ശത്രു പ്രദേശത്തിന്റെ ഉള്ളിലേക്ക് കടന്ന് ചെന്ന് ആക്രമിക്കാനുള്ള കഴിവ് തുടങ്ങിയ ബഹുവിധ കഴിവുകളുള്ള റഫാല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വ്യോമ മേധാവിത്തം നല്‍കുന്നു.

ചൈനയുടെ ജെ20 ഷെങ്ദു വിമാനങ്ങളെ അഞ്ചാം തലമുറ യുദ്ധ വിമാനം എന്ന് വിളിക്കുന്നുണ്ടെങ്കിലും 4.5-ാം തലമുറയിലെ റഫാലുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയ്ക്ക് യഥാര്‍ത്ഥ യുദ്ധ രംഗത്തെ പ്രവര്‍ത്തി പരിചയമില്ല.

അഫ്ഗാനിസ്ഥാന്‍, ലിബിയ, മാലി എന്നീ രാജ്യങ്ങളില്‍ ഫ്രഞ്ച് വ്യോമസേനയുടെ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള റഫാല്‍ യുദ്ധ രംഗത്തെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ജെ20-നേക്കാള്‍ കൂടുതല്‍ ഇന്ധനവും ആയുധങ്ങളും റഫാലിന് വഹിക്കാന്‍ കഴിവുണ്ട്.

ഓരോ യുദ്ധ വിമാനത്തിനും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് 15 സ്‌റ്റോറേജ് സ്‌റ്റേഷനുകള്‍ ഉണ്ട്. ആകാശത്തു നിന്നും ആകാശത്തിലെ ലക്ഷ്യത്തിനു നേര്‍ക്ക് തൊടുക്കാവുന്ന ഏറ്റവും ആധുനിക മിസൈലുകളില്‍ ഒന്നായ മീറ്റ്യോര്‍ ഈ യുദ്ധ വിമാനത്തിനൊപ്പമുണ്ട്. ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈലായ മീറ്റ്യോറിന് 190 കിലോഗ്രാം ഭാരമുണ്ട്. ഇതിന് മാക്ക് 4 വേഗതയില്‍ 100 കിലോമീറ്റര്‍ പരിധിക്ക് അപ്പുറം വരെ ലക്ഷ്യം വയ്ക്കാന്‍ ആകും. പാകിസ്താന്‍ ഉപയോഗിക്കുന്ന എഫ്16 യുദ്ധ വിമാനങ്ങളിലെ അമ്രാം മിസൈലിന്റെ പരിധി 75 കിലോമീറ്ററാണ്. കൂടാതെ, നേരിട്ടുള്ള ആകാശ ഏറ്റുമുട്ടലില്‍ (ഡോഗ് ഫൈറ്റ്) റഫാലിന് എഫ്16-നെ കവച്ചുവയ്ക്കാനും സാധിക്കും.

Read Also: റഫാൽ ഇന്ത്യൻ മണ്ണിൽ, സൈനിക ചരിത്രത്തിൽ പുതുയുഗം; ചിത്രങ്ങൾ

റഫാലിനൊപ്പം വരുന്ന മറ്റൊരു മിസൈലാണ് സ്‌കാള്‍പ്. 300 കിലോമീറ്ററിന് അപ്പുറത്തേക്ക് പരിധിയുള്ള സ്‌കാള്‍പ്പ് ആകാശത്തുനിന്നും ഭൂതലത്തിലെ ലക്ഷ്യങ്ങള്‍ക്ക് നേര്‍ക്ക് തൊടുക്കാവുന്ന ദീര്‍ഘ-ദൂര ആക്രമണ മിസൈലാണ്.

റഫാലിലെ മൈക്കയെന്ന ആകാശത്തുനിന്നും ആകാശത്തിലെ ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന മിസൈലിനെ ഡോഗ് ഫൈറ്റിനും ബിവിആര്‍ ലക്ഷ്യത്തിലേക്കും ഉപയോഗിക്കാം. ഫ്രഞ്ച് കമ്പനിയായ സഫ്രാന്‍ നിര്‍മ്മിക്കുന്ന ഹാമ്മര്‍ (ഹൈലി അജൈല്‍ ആന്റ് മാന്യുവറബിള്‍ മുണിഷന്‍ എക്സ്റ്റന്‍ഡ് റേഞ്ച്) മിസൈലും ഇന്ത്യ അവസാന നിമിഷം ആവശ്യപ്പെട്ടിരുന്നു. ആകാശത്തു നിന്നും ഭൂമിയിലെ ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ഈ മിസൈലിനെ 70 കിലോമീറ്റര്‍ പരിധിയിലെ ബങ്കര്‍ പോലുള്ള കാഠിന്യമേറിയ ലക്ഷ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.

റഫാലിന്റെ അടിസ്ഥാന പ്രത്യേകതകള്‍

വിങ് സ്പാന്‍ (രണ്ട് ചിറകുകളുടെ അറ്റങ്ങള്‍ തമ്മിലെ ദൂരം) 10.90 മീറ്റര്‍
നീളം 15.30 മീറ്റര്‍
ഉയരം 5.30 മീറ്റര്‍
വസ്തുക്കള്‍ ഒന്നും കയറ്റാതെയുള്ള വിമാനത്തിന്റെ ഭാരം 10 ടണ്‍
എക്‌സ്റ്റേണല്‍ ലോഡ് 9.5 ടണ്‍
പരമാവധി ടേക്ക് ഓഫ് ഭാരം 24.5 ടണ്‍
ഇന്ധനം (അകത്ത്) 4.7 ടണ്‍
ഇന്ധനം (പുറത്ത്) 6.7 ടണ്ണുകള്‍ വരെ
ഒറ്റപറക്കലില്‍ സഞ്ചരിക്കാവുന്ന ദൂരം 3,700 കിലോമീറ്റര്‍
പരമാവധി വേഗത 1.8 മാക്ക്
ലാന്‍ഡ് ചെയ്യുമ്പോള്‍ സഞ്ചരിക്കുന്ന ദൂരം 450 മീറ്റര്‍
സര്‍വീസ് സീലിങ് 50,000 അടി

Read in English: India’s Rafale fighter jets: Here’s everything from speed to weapon capabilities

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Rafale fighter jet specifications

Next Story
റഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം നാളെ ഇന്ത്യയിലെത്തും, അടുത്ത നടപടി എന്താണ്‌?rafale jets, റഫാല്‍ ജെറ്റുകള്‍, rafale aircraft, റഫാല്‍ വിമാനങ്ങള്‍, india rafale jets, ഇന്ത്യ റഫാല്‍ ജെറ്റുകള്‍, rafale jets power, rafale aircraft features, റഫാല്‍ യുദ്ധ വിമാനത്തിന്റെ പ്രത്യേകതകള്‍, rafale news, merignac airbase, dassault, golden arrows’ squadron, ഗോള്‍ഡണ്‍ ആരോസ് സ്‌ക്വാഡ്രണ്‍,rajnath singh, rafale jet deal, indian express, express explained
The moderation of comments is automated and not cleared manually by malayalam.indianexpress.com