പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ സർവകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സർവകലാശാല നൽകിയ ഹർജിയാണ് ഗുജറാത്ത് ഹൈക്കോടതി അംഗീകരിച്ചത്.
വിവരാവകാശ നിയമപ്രകാരം ബിരുദത്തിന്റെ വിശദശാംശങ്ങൾ ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഗുജറാത്ത് ഹൈക്കോടതിയിലെ ജഡ്ജി ബീരേൻ വൈഷ്‌ണവ് ചുമത്തി. ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ നാലാഴ്ചയ്ക്കകം പിഴ അടയ്ക്കണമെന്നാണ് നിർദേശം.
കേസ് ഗുജറാത്ത് ഹൈക്കോടതിയിൽ
തന്റെ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (ഇപിഐസി) സംബന്ധിച്ച വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ സിഐസിക്ക് മുമ്പാകെ കെജ്‌രിവാളിന്റെ രണ്ടാമത്തെ അപ്പീലിന്റെ വാദം കേൾക്കുന്നതിൽനിന്നാണ് കേസിന്റെ ആരംഭം.
2016 ഏപ്രിൽ 28ന് ആവശ്യമായ എല്ലാ വിവരങ്ങളും സിഐസിയ്ക്ക് മുൻപാകെ സമർപ്പിക്കാൻ തയാറാണെന്ന് പറഞ്ഞ കെജ്‌രിവാൾ, പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സംബന്ധമായ വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. സിഐസിയ്ക്ക് തന്നെകുറിച്ചുള്ള വിവരങ്ങൾ വേണമെന്നും എന്നാൽ പ്രധാനമന്ത്രിയെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ വിമുഖ കാണിക്കുന്നതായും ആരോപിച്ചു.
കേജ്‌രിവാളിന്റെ പ്രതികരണം, ഒരു പൗരന്റെ വിവരാവകാശ പ്രകാരമുള്ള അപേക്ഷയായി കണക്കാക്കാൻ സിഐസി തീരുമാനിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തിന്റെയും ബിരുദാനന്തര ബിരുദങ്ങളുടെയും “നിർദ്ദിഷ്ട നമ്പരും വർഷവും” നൽകാൻ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. ശ്രീധർ ആചാര്യലു പ്രധാനമന്ത്രിയുടെ ഓഫീസിനോട് നിർദ്ദേശിച്ചിരുന്നു. സർവകലാശാലകൾക്ക് വിദ്യാഭ്യസ രേഖകൾ തിരയുന്നത് എളുപ്പമാക്കാനായിരുന്നു ഇത്.
“തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിദ്യാഭ്യാസ (ഡിഗ്രി അടിസ്ഥാനമാക്കിയുള്ള) യോഗ്യത നിർദ്ദേശിക്കാത്തത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്തായ സവിശേഷതകളിലൊന്നാണ്, ഡിഗ്രികളല്ല വിദ്യാഭ്യാസമാണ് വേണ്ടത്, എന്നിരുന്നാലും, മുഖ്യമന്ത്രിയുടെ പദവിയിലിരിക്കുന്ന ഒരു പൗരൻ, പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുമ്പോൾ അത് വെളിപ്പെടുത്തുന്നതാണ് ഉചിതം, ” തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
“മിസ്റ്റർ നരേന്ദ്ര ദാമോദർ മോദി”എന്ന പേരിൽ 1978 (ഡൽഹി യൂണിവേഴ്സിറ്റി (ഡിയു)യിൽ ബിരുദം), 1983 (ഗുജറാത്ത് യൂണിവേഴ്സിറ്റി (ജിയു) വിൽ ബിരുദാനന്തര ബിരുദം) എന്നിവ സംന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ ഡൽഹി സർവകലാശാലയുടെയും അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയുടെയും പിഐഒകളോട് കമ്മീഷൻ നിർദ്ദേശിച്ചു. അത് എത്രയും വേഗം ഹർജിക്കാരനായ കെജ്‌രിവാളിന് നൽകുക,”എന്നും ആചാര്യലു പറഞ്ഞു. ഗുജറാത്ത് സർവകലാശാല ഇതിനെതിരായി, ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
ഗുജറാത്ത് സർവകലാശാലയുടെ വാദം
സിഐസിയുടെ ഉത്തരവ് “അധികാരപരിധിയിൽ ഉള്ളതല്ലെന്നും, തെറ്റാണെന്നും” അത് റദ്ദാക്കേണ്ടതുണ്ടെന്നും സർവകലാശാല വാദിച്ചു. “ജിജ്ഞാസയെ പൊതുതാൽപ്പര്യവുമായി തുലനം ചെയ്യാൻ കഴിയില്ല” എന്ന് മുതിർന്ന അഭിഭാഷകനായ തുഷാർ മേത്ത വാദിക്കുകയും സർവകലാശാലയുടെ അപേക്ഷ “ചെലവ് സഹിതം” അനുവദിക്കണമെന്നും ഊന്നിപ്പറഞ്ഞു. അല്ലാത്തപക്ഷം പ്രതികാരത്തിനായി വിവരാവകാശ നിയമം ഉപയോഗിക്കുന്നത്, ആ നിയമത്തിന് ദോഷകരമാകുമെന്നും വാദിച്ചു. വാദങ്ങൾ പൂർത്തിയാക്കിയതിനുശേഷം, ഹൈക്കോടതി ഗുജറാത്ത് സർവകലാശാലയുടെ ഹർജി അംഗീകരിച്ച്, അനുകൂലമായി വിധി പ്രസ്താവിച്ചു.
ഡൽഹി യൂണിവേഴ്സിറ്റി
ഗുജറാത്ത് കേസിന് ആറ് വർഷം മുമ്പ്, ഡൽഹി സർവകലാശാലയിലെ പ്രധാനമന്ത്രിയുടെ ബിരുദ വർഷമായ 1978ലെ ബിഎ ഫലങ്ങൾ പരിശോധിക്കാൻ ഒരു വിവരാവകാശ പ്രവർത്തകനെ അനുവദിച്ച മറ്റൊരു സിഐസി ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
2017 ജനുവരി 23-ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ, 1978-ൽ ഡൽഹി സർവകലാശാലയിൽനിന്നു ബിഎ പാസായ എല്ലാ വിദ്യാർത്ഥികളുടെയും ഫലങ്ങളുടെ രേഖകൾ പരിശോധിക്കാൻ ആർടിഐ പ്രവർത്തകനായ നീരജ് കുമാറിനെ അനുവദിച്ചുകൊണ്ട് 2016 ഡിസംബർ 21 ലെ സിഐസിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്.
ഡൽഹി സർവകാലശാലയുടെ അപേക്ഷ സ്വീകരിച്ച കോടതി “മൂന്നാം കക്ഷികളുടെ സ്വകാര്യ വിവരങ്ങൾ” സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്നും നിരീക്ഷിച്ചു. സിഐസി ഉത്തരവ് “ഏകപക്ഷീയവും ചപലമാണെന്നും നിയമപരമായി അംഗീകരിക്കാനാവില്ല” എന്നുമുള്ള വാദമുയർത്തിയാണ് ഡൽഹി സർവകലാശാല അതിനെതിരെ കോടതിയെ സമീപിച്ചത്.
റോൾ നമ്പർ, പിതാവിന്റെ പേര്, ലഭിച്ച മാർക്ക് എന്നിവയുടെ വിശദാംശങ്ങൾ “വ്യക്തിഗത വിവരങ്ങൾ” ആയതിനാൽ രേഖകൾ പരിശോധിക്കുന്നത് അനുവദിക്കാനാവില്ലെന്ന്, അന്നത്തെ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സർവകലാശാലയെ പ്രതിനിധീകരിച്ച് വാദിച്ചു. “സർവകലാശാലകൾ വിഷയ വിവരങ്ങൾ വിശ്വാസയോഗ്യമായ നിലയിലാണ് സൂക്ഷിക്കുന്നതെന്നും അത് വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 (ഇ), (ജെ) എന്നിവ പ്രകാരം ഒഴിവാക്കപ്പെട്ടതാണെന്നും,” മേത്ത കോടതിയെ അറിയിച്ചു.
വിവരാവകാശ പ്രവർത്തകൻ നീരജ് കുമാറിനും ബെഞ്ച് നോട്ടീസ് അയച്ചിരുന്നു. 2017 ഏപ്രിലിൽ വാദം കേൾക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിൽ വിഷയം ഇപ്പോഴും തീർപ്പാക്കിയിട്ടില്ല. ജസ്റ്റിസ് യശ്വന്ത് വർമ്മ, 2022 നവംബറിൽ കേസ് പരിഗണിക്കുകയും 2023 മെയ് മൂന്നിന് വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഹൻസ് രാജ് ജെയിൻ കേസ്
2014ൽ മറ്റൊരു വിവരാവകാശ പ്രവർത്തകനായ ഹൻസ് രാജ് ജെയിൻ 1978-ൽ ബിരുദം നേടിയ എൻ (നരേന്ദ്ര), എം (മോദി) എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകളുള്ള വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ തേടിയിരുന്നു. അടിസ്ഥാനപരമായി, “നരേന്ദ്ര മോദി” എന്ന പേരിൽ എത്ര വിദ്യാർത്ഥികൾ എക്സ്റ്റേണൽ വിദ്യാർത്ഥികളായി 1978 ൽ ബിഎ പാസായി എന്ന് വെളിപ്പെടുത്താൻ ജെയിൻ ഡൽഹി യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
ഡൽഹി സർവകലാശാല (ഡിയു)യുടെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സിപിഐഒ) ജെയിൻ അന്വേഷിക്കുന്ന വിവരങ്ങൾ വളരെ സാധാരണമാണെന്നു പറഞ്ഞ്, ഇത് നൽകാൻ വിസമ്മതിച്ചു. “റോൾ നമ്പർ നൽകിയിട്ടില്ലെങ്കിൽ അത്തരം പേരുകൾ തിരയുന്നത് വളരെ ബുദ്ധിമുട്ടാണ്,” സിപിഐഒ പറഞ്ഞു. സിഐസിയ്ക്ക് മുൻപിൽ അപ്പീൽ നൽകിയെങ്കിലും, വിവരങ്ങൾ ലഭ്യമാക്കാതെ ആറ് മാസത്തിന് ശേഷം കേസ് അവസാനിപ്പിച്ചു.