ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ പുതിയ നിർദേശങ്ങളുമായി ഖത്തർ. അപ്രതീക്ഷിതമായാണ് ബിയർ ടെന്റുകൾ മാറ്റണമെന്ന നിർദേശം ഖത്തറിന്റെ ഉന്നതതലങ്ങളിൽ നിന്ന് എത്തിയത്. ഉദ്ഘാടന മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാജകുടുബത്തിൽ നിന്നു വന്ന നിർദേശപ്രകാരം ബിയർ ടെന്റുകൾ മാറ്റുന്നത്. എട്ട് സ്റ്റേഡിയങ്ങളിലെ ബഡ്‌വെയ്‌സർ ബിയർ സ്റ്റേഷനുകൾ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് സംഘാടകർ.
ടൂർണമെന്റിലെ മാറ്റങ്ങൾ പരസ്യമായി ചർച്ച ചെയ്യാൻ കഴിയാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാലും ലോകകപ്പ് അധികൃതർ പ്രസ്ഥാവനയിൽ മാറ്റങ്ങൾ സ്ഥിരീകരിച്ചു. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിന് 8 ദിവസം മുൻപ് ശനിയാഴ്ചയാണ് പുതിയ പദ്ധതി അറിഞ്ഞതെന്ന് ബഡ് വൈസർ അധികൃതർ പറഞ്ഞു.
ഒരു മാസം നീണ്ടു നിൽക്കുന്ന ലോകകപ്പിന്റെ സമയത്ത്, സ്റ്റേഡിയത്തിലെ മദ്യത്തിന്റെ സാന്നിധ്യം പ്രാദേശിക ജനങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കാമെന്നും അതിലൂടെ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകമെന്ന ആശങ്കയിലാണ് ബിയർ സ്റ്റേഷനുകൾ മാറ്റാനുള്ള തീരുമാനം. എന്നാൽ അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പ് ടൂർണമെന്റിൽ മദ്യം അനുവദിക്കുന്നത്, ഖത്തർ പോലെ മദ്യലഭ്യത കർശനമായി നിയന്ത്രിക്കുന്ന രാജ്യത്തെ വിവാദത്തിലാകുമോ എന്ന പ്രശ്നവും ഉയർത്തിക്കാട്ടുന്നു.
2010ൽ ഡിസംബറിൽ സോക്കറിന്റെ ഗ്ലോബൽ ഗവേണിങ് ബോഡിയായ ഫിഫ ഖത്തറിന് ആതിഥേയവകാശം നൽകിയതുമുതൽ, ടൂർണമെന്റ് സംഘാടകർ അവർ ഏറ്റെടുത്ത ബാധ്യതകൾ നടത്താൻ ശ്രമിക്കുന്നുണ്ട്. അതിൽ മദ്യം വിൽക്കുന്നതും ഫിഫയുടെ സ്പോൺസർമാരിൽ ഒരാളായ ബഡ്‌വെയ്‌സറിന് ഇടം നൽകുന്നതും ഉൾപ്പെടുന്നു. ഒരു പരമ്പാരാഗത മുസ്ലിം രാജ്യത്തിന്റെ സാംസ്കാരികതലത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാതെ ബാധ്യതകൾ നിർവഹിക്കാൻ അവർ ശ്രമിച്ചിരുന്നു.
ഖത്തറിൽ മദ്യം നിരോധിച്ചിട്ടുണ്ടോ?
ഖത്തറിൽ മദ്യം നിരോധിച്ചിട്ടില്ല. എന്നാൽ ലൈസൻസുള്ള റെസ്റ്റോറന്റുകളിലും ബാറുകളിലും നിന്നു മാത്രമേ സന്ദർശകർക്ക് മദ്യം വാങ്ങാൻ കഴിയൂ. തലമുറകളായി ബിയർ ധാരാളം ഒഴുകുന്ന ലോകകപ്പിനായി ഖത്തറിൽ ഒരു പദ്ധതി ആവിഷ്കരിക്കാൻ ഫിഫയും ഖത്തർ അധികൃതരും വർഷങ്ങളോളം പാടുപ്പെട്ടു. ഒടുവിൽ വേദിയ്ക്ക് പുറത്ത് സുരക്ഷാ പരിധിക്കുള്ളിൽ ലഹരിപാനീയങ്ങളുടെ വിൽപന അനുവദിക്കാൻ തീരുമാനമായി.
എന്നാലും ബഡ്‌വെയ്‌സർ ബ്രാൻഡിനെ പരിമിതപ്പെടുത്തുന്നതോ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെയോ ബാധിക്കുന്ന രീതിയിൽ നിയന്ത്രണം എത്തിയാൽ ഫിഫയുമായുള്ള പങ്കാളിത്തത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഓരോ നാല് വർഷത്തിലും ലോകകപ്പുമായി സഹകരിക്കാൻ ബഡ്‌വെയ്‌സർ ഏകദേശം 75 മില്യൺ ഡോളറാണ് നൽകുന്നത്.
എന്നാൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് അതിന് തടസ്സങ്ങൾ സൃഷ്ടിച്ചു. കൂടാതെ ഖത്തറിലെ സെയിൽസ് പോയിന്റുകൾ അംഗീകരിക്കുന്നത് മുതൽ രാജ്യത്തേക്ക് സാധനങ്ങൾ എങ്ങനെ എത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വരെയുള്ള പ്രശ്‌നങ്ങളിൽ കമ്പനിയും ഫിഫയും തമ്മിൽ പിരിമുറുക്കം തുടരുകയും ചെയ്തു.
ശനിയാഴ്ച വരെ ഫിഫയുടെ മാറ്റങ്ങളെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് ബഡ്‌വെയ്‌സർ പറഞ്ഞു. “കൺസെഷൻ ഔട്ട്‌ലെറ്റുകൾ പുതിയ ലൊക്കേഷനുകളിലേക്ക് മാറ്റുന്നതിന് ഫിഫയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്,” ബഡ്‌വെയ്‌സർ വക്താവ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. കമ്പനിക്ക് അതിന്റെ കരാറുകൾക്ക് കീഴിലുള്ള അവകാശങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് വെളിപ്പെടുത്താൻ വക്താവ് വിസമ്മതിച്ചു, “പുതിയ സാഹചര്യങ്ങളിൽ സാധ്യമായ മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിൽ ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” എന്ന് മാത്രം പറഞ്ഞു.
2009-ൽ ലോകകപ്പിനായി ലേലം വിളിക്കാൻ തുടങ്ങിയത് മുതൽ, ഖത്തറിൽ നടക്കുന്ന ടൂർണമെന്റിൽ ബിയർ കൂടുതൽ വ്യാപകമായി ലഭിക്കുമെന്നും എന്നാൽ പ്രാദേശിക ആചാരങ്ങളെ മാനിക്കുന്ന നിബന്ധനകൾക്കനുസരിച്ച് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യണമെന്ന് ഖത്തർ അധികൃതർ പറഞ്ഞിരുന്നു. 2019 ക്ലബ് ലോകകപ്പിൽ ബിയർ വിൽക്കാനുള്ള പരീക്ഷണം സമ്മിശ്ര ഫലങ്ങളോടെയാണ് അവസാനിച്ചത്.
ആ പരിപാടിക്കായി ഖത്തർ ഉദ്യോഗസ്ഥർ ദോഹയുടെ ഉൾപ്രദേശത്ത് ഒരു ഫാൻ സോൺ നിർമ്മിക്കുകയും അവിടെ ആരാധകർക്ക് ദിവസവും മണിക്കൂറുകളോളം സൗജന്യമായി മദ്യപിക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. ആരാധകരെ പിന്നീട് ബസുകളിൽ സ്റ്റേഡിയത്തിൽ എത്തിക്കുകയും ചെയ്തു.
1986-ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിന് ഒരു വർഷം മുമ്പ് ഫിഫ സ്‌പോൺസറായി കരാർ ഒപ്പിട്ടതു മുതൽ ബഡ്‌വെയ്‌സർ ലോകകപ്പിലെ നിത്യ സാന്നിധ്യമാണ്. അന്നുമുതൽ സ്ഥാപനത്തിന്റെ വിശ്വസനീയമായ സ്രോതസാണ് ബഡ്‌വെയ്‌സർ.
വിനോദസഞ്ചാരികളുടെ ഒഴുക്കിൽ നിയമങ്ങളിൽ അയവു വരുത്തുമെന്ന് രാജ്യം പറയുന്നുണ്ടെങ്കിലും ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർ ഖത്തറിന്റെ നിയമങ്ങളും ആചാരങ്ങളും മനസ്സിൽ വയ്ക്കുന്നത് നല്ലതാണ്.
മദ്യപിക്കാം പക്ഷേ
പൊതു മദ്യപാനത്തിന് ഖത്തറിൽ കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും. ടൂർണമെന്റിനിടെ മിക്ക നിയമങ്ങളിലും അയവ് വരാം എങ്കിലും ആരെങ്കിലും മദ്യപിച്ച് വഴക്കുണ്ടാക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്താൽ അറസ്റ്റിന് സാധ്യതയുണ്ട്. മദ്യപിക്കുന്നതിനുള്ള നിയമപരമായ പ്രായം 21 ആണ്. അതിനാൽ ബാറുകളിൽ പ്രവേശിക്കുമ്പോൾ ഫോട്ടോ ഐഡിയോ പാസ്‌പോർട്ടോ അവർ ആവശ്യപ്പെടും.
മയക്കുമരുന്നിനോട് നോ
കഞ്ചാവ്, സെഡേറ്റീവ്, ആംഫെറ്റാമൈൻ എന്നിവയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും നിയന്ത്രിത രാജ്യങ്ങളിലൊന്നാണ് ഖത്തർ. നിയമവിരുദ്ധമായ ലഹരിമരുന്ന് വിൽപ്പന, കടത്ത്, കൈവശം വയ്ക്കൽ എന്നിവ കഠിനമായ ശിക്ഷകളിലേക്ക് നയിച്ചേക്കാം. ദീർഘകാല തടവ് ശിക്ഷയും നാടുകടത്തലും കനത്ത പിഴയും ഉൾപ്പെടെ ലഹരിമരുന്ന് കടത്തിന് വധശിക്ഷ വരെ ലഭിക്കാം.
വിവാഹേതര ലൈംഗികത
വിവാഹേതര ലൈംഗികതയ്ക്ക് കർശന ശിക്ഷ നൽകുന്ന ഖത്തറിൽ അവിവാഹിതരായ ചെറുപ്പക്കാർക്ക് ലോകകപ്പ് സമയത്ത് ഹോട്ടൽ മുറികൾ പാർട്ണറുമായി പങ്കിടുന്നതിൽ പ്രശ്നമില്ലെന്ന് അധിതൃതർ പറയുന്നു. കൈകൾ കോർത്തു നടക്കുന്നത് നിങ്ങളെ ജയിലിലാക്കില്ല എന്നാൽ സന്ദർശകർ പൊതു സ്ഥലത്ത് intimacy കാണിക്കുന്നത് ഒഴിവാക്കണം. സമ്മതത്തോടെയുള്ള സ്വവർഗാനുരാഗത്തിന് മുതിർന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയാണ് ഖത്തർ നിയമം അനുശാസിക്കുന്നത്.
ശ്രദ്ധിക്കണം വസ്ത്രങ്ങളിൽ
പൊതുസ്ഥലത്ത് അമിതമായി ശരീരം എക്സ്പോസ് ചെയ്യുന്ന വസ്ത്രങ്ങൾ ഒഴിവാക്കി, പ്രാദേശിക സംസ്കാരത്തോട് ആദരവ് കാണിക്കാൻ ഖത്തറിലെ സർക്കാർ ടൂറിസം വെബ്‌സൈറ്റ് പുരുഷന്മാരോടും സ്ത്രീകളോടും അഭ്യർത്ഥിക്കുന്നു. ഷോർട്ട്‌സും സ്ലീവ്‌ലെസ് ടോപ്പും ധരിച്ചവർക്ക് സർക്കാർ കെട്ടിടങ്ങളിലും മാളുകളിലും പ്രവേശനം നിഷേധിക്കാം.
തർക്കം വേണ്ട
പൊലീസുമായോ അധികാരികളുമായോ ഇടപെടുമ്പോൾ ‘സ്വെയർ’ ചെയ്യുന്നതും മറ്റും അറസ്റ്റിലേക്ക് നയിച്ചേക്കാം. ഖത്തറിലെ മിക്ക ക്രിമിനൽ കേസുകളിലും ജാഗ്രതയില്ലാത്ത വിദേശികളെ കുടുക്കുന്നത് ഇത്തരം കുറ്റമാണ്. ഖത്തറിലെ സ്ത്രീകളും പുരുഷന്മാരും എതിർലിംഗക്കാർക്ക് കൈ കൊടുക്കുന്ന പതിവില്ല. ആളുകളുടെ സമ്മതമില്ലാതെ ഫൊട്ടോ എടുക്കുന്നതും തന്ത്രപ്രധാനമായ സൈനിക അല്ലെങ്കിൽ മതപരമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നതും പ്രോസിക്യൂഷനിലേക്ക് നയിച്ചേക്കാം.
ഖത്തറിലെ നിവാസികളുമായി മതവും രാഷ്ട്രീയവും ചർച്ച ചെയ്യുമ്പോൾ ശ്രദ്ധിക്കുക. രാജകുടുംബത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നത് നിങ്ങളെ ജയിലിൽ എത്തിക്കാം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും രാജ്യതാൽപ്പര്യങ്ങൾ ഹനിക്കുന്നതും ഗൗരവമേറിയ കുറ്റകൃത്യമാണ്, അതിനാൽ ഖത്തറിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കമന്റുകളിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്.