ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പുറമെ നേട്ടമുണ്ടാക്കിയ ഒരേയൊരു പാർട്ടിയാണ് ആം ആദ്മി പാർട്ടി (എഎപി). ട്രെൻഡുകൾ അനുസരിച്ച്, 91 സീറ്റുകളിൽ ലീഡ് നേടി പഞ്ചാബിൽ സർക്കാർ രൂപീകരിക്കാനും ഗോവയിൽ രണ്ട് സീറ്റുമായി അക്കൗണ്ട് തുറക്കാനും പാർട്ടിക്ക് കഴിഞ്ഞു.
2022ൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്ന് ഈ വർഷം ജനുവരിയിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.
എഎപിക്ക് മറ്റൊരു സംസ്ഥാനത്ത് കുടി സർക്കാർ രൂപീകരിക്കാനുള്ള ഘട്ടം എത്തിയിരിക്കുകയാണ്. രണ്ട് സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന ഒരേയൊരു പ്രാദേശിക പാർട്ടിയാവും അവർ. അതിന്റെ വ്യാപ്തിയും അഭിലാഷവും വളരുന്നു. എഎപിക്ക് ഒരു ദേശീയ പാർട്ടിയാണെന്ന് അവകാശപ്പെടാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
അതിനുള്ള ഉത്തരം: ഇതുവരെ ഇല്ല എന്നാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിച്ചാൽ വരും വർഷങ്ങളിൽ ദേശീയ പാർട്ടിയായി മാറാനുള്ള പാതയിലാണ് എഎപി.
എങ്ങനെയാണ് ഒരു പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുന്നത്?
ഒരു പാർട്ടിയെ ഒരു ‘ദേശീയ പാർട്ടി’ ആയി അംഗീകരിക്കണമെങ്കിൽ അത് മൂന്ന് മാനദണ്ഡങ്ങളിൽ ഒന്ന് പാലിക്കേണ്ടതുണ്ട് – എഎപി ഇവയൊന്നും പാലിക്കുന്നില്ല:
- കുറഞ്ഞത് മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ലോക്സഭയിലെ ആകെ സീറ്റിന്റെ രണ്ട് ശതമാനമെങ്കിലും (11 സീറ്റുകൾ) വിജയിക്കേണ്ടതുണ്ട്. നിലവിൽ എഎപിക്ക് ലോക്സഭയിൽ ഒരു സീറ്റ് മാത്രമേയുള്ളൂ, ഭഗവന്ത് മാന്റേത്.
- നാല് ലോക്സഭാ സീറ്റുകൾക്ക് പുറമെ നാല് സംസ്ഥാനങ്ങളിൽ കുറഞ്ഞത് ആറ് ശതമാനം വോട്ടെങ്കിലും നേടുക. തിരഞ്ഞെടുപ്പ് ഇതുവരെയുള്ള ട്രെൻഡ് അനുസരിച്ച് ഗോവയിൽ 6.7 ശതമാനം വോട്ട് ഷെയർ മാത്രമാണുള്ളത്. ഉത്തരാഖണ്ഡിൽ 3.3 ശതമാനം വോട്ടും. 2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 53.6 ശതമാനം വോട്ട് വിഹിതവും ലഭിച്ചു.
- നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഒരു ‘സംസ്ഥാന പാർട്ടി’ ആയി അംഗീകരിക്കപ്പെടുക. ഗോവയിലും ഡൽഹിയിലും പഞ്ചാബിലും മാത്രമാണ് നിലവിൽ പാർട്ടിക്ക് അംഗീകാരമുള്ളത്. ഏതൊരു പാർട്ടിക്കും സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടണമെങ്കിൽ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രണ്ട് നിയമസഭാ സീറ്റുകളും ആറ് ശതമാനം വോട്ടുകൾ നേടിയിരിക്കണം. അല്ലെങ്കിൽ സംസ്ഥാനത്ത് നിന്ന് ലോക്സഭയിലെ ആറ് ശതമാനം വോട്ടുകളും സംസ്ഥാനത്ത് നിന്നുള്ള ഒരു എംപിയും വേണം. അല്ലെങ്കിൽ മൊത്തം അസംബ്ലി സീറ്റുകളുടെ മൂന്ന് ശതമാനം അല്ലെങ്കിൽ മൂന്ന് സീറ്റുകൾ (ഏതാണ് വലുത്) നേടണം. അല്ലെങ്കിൽ ഓരോ 25 ലോക്സഭാ സീറ്റുകളിൽ നിന്നും ഒരു എംപി അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നോ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നോ സംസ്ഥാനത്തെ മൊത്തം വോട്ടിന്റെ എട്ട് ശതമാനം നേടണം.
ഇന്ത്യയിലെ ദേശീയ പാർട്ടികൾ ഏതെല്ലാമാണ്?
നിലവിൽ, ഇന്ത്യയിൽ ആകെ ഏഴ് അംഗീകൃത ദേശീയ പാർട്ടികളുണ്ട്. ഭാരതീയ ജനതാ പാർട്ടി (ബിജെപി), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് (സിപിഐഎം), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (എഐടിസി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയാണ് നിലവിലെ ദേശീയ പാർട്ടികൾ.
Also Read: യോഗി ആദിത്യനാഥ് 2.0; വിജയത്തിന് പിന്നിലെ അഞ്ച് കാരണങ്ങള്
പശ്ചിമ ബംഗാളിൽ തുടർച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം, 2016ലാണ് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടി പദവിയിലേക്ക് ഉയർത്തിയത്. ഇപ്പോൾ പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അംഗീകൃത സംസ്ഥാന പാർട്ടിയാണ് തൃണമൂൽ .
ഒരു ദേശീയ പാർട്ടിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ
ഒരു ദേശീയ അല്ലെങ്കിൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടുന്നത് ആ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുപ്പുകളിൽ മറ്റേതെങ്കിലും രാഷ്ട്രീയ സ്ഥാപനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. മറ്റ് രജിസ്റ്റർ ചെയ്തതും എന്നാൽ അംഗീകരിക്കപ്പെടാത്തതുമായ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ കമ്മീഷൻ കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന “സ്വതന്ത്ര ചിഹ്നങ്ങളിൽ” നിന്ന് തിരഞ്ഞെടുക്കണം. ഉദാഹരണത്തിന്, ബിജെപിയുടെ താമര അല്ലെങ്കിൽ കോൺഗ്രസിന്റെ കൈ പോലുള്ള ചിഹ്നങ്ങൾ മറ്റ് പാർട്ടികൾക്ക് ഉപയോഗിക്കാനാവില്ല. അംഗീകൃത ദേശീയ പാർട്ടികൾക്ക് അവരുടെ പാർട്ടി ഓഫീസുകൾ സ്ഥാപിക്കാൻ സർക്കാരിൽ നിന്ന് ഭൂമി/കെട്ടിടങ്ങൾ ലഭിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അവർക്ക് 40 ‘സ്റ്റാർ കാമ്പെയ്നർമാരെ’ വരെ പങ്കെടുപ്പിക്കാം. മറ്റുള്ളവർക്ക് പരമാവധി 20 ‘സ്റ്റാർ കാമ്പെയ്നർമാരെ’ മാത്രമാണ് പങ്കെടുപ്പിക്കാനാവുക.