scorecardresearch
Latest News

ഒരു അഭിമുഖം ഡയാനയോട് ചെയ്തത്

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഒരു അഭിമുഖത്തിന്റെ പേരില്‍ ബിബിസി ഇപ്പോള്‍ മാപ്പ് പറയുന്നതെന്തിന്….

ഒരു അഭിമുഖം ഡയാനയോട് ചെയ്തത്

കോവിഡ്‌ കൂടാതെ ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്, ഇംഗ്ലണ്ടിലെ മുന്‍രാജകുടുംബാംഗം ഡയാനയുടെ വിഖ്യാതമായ ബിബിസി അഭിമുഖമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1995ന്റെ അവസാനത്തോടെ പ്രക്ഷേപണം ചെയ്യപ്പെട്ട അഭിമുഖത്തില്‍ അവര്‍ ചാള്‍സ് രാജകുമാരനുമായുള്ള തന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിനു മറ്റൊരു ബന്ധമുണ്ടെന്നുും തന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ എലിസബത്ത്‌ രാജ്ഞി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്നും ഡയാന ആരോപിച്ചു. ഈ അഭിമുഖത്തെ തുടര്‍ന്ന്, അധികം വൈകാതെ തന്നെ, 1996ല്‍ ചാള്‍സും ഡയാനയും വേര്‍പിരിഞ്ഞു. അടുത്ത വര്‍ഷം, 1997 ഓഗസ്റ്റ്‌ 31ന് ഡയാന പാരീസില്‍ ഒരു കാര്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്, ഒരു അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്.

വിവാഹത്തില്‍ മൂന്ന് പേര്‍; ബ്രിട്ടനെ ഉലച്ച അഭിമുഖം

മാര്‍ട്ടിന്‍ ബഷീര്‍ എന്ന ബിബിസിയുടെ ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് ഡയാന രാജകുമാരിയുമായുള്ള അഭിമുഖം നടത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി കാര്യമായ ബന്ധമോ, ഇത്തരത്തിലുള്ള ഒരു അഭിമുഖം നടത്തിയെടുക്കാന്‍ അവശ്യമായ വ്യക്തികളുമായി അടുപ്പമോ മാര്‍ട്ടിന്‍ ബഷീറിനുണ്ടോ എന്ന കാര്യത്തില്‍ അന്നു തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും ബിബിസിയുടെ പ്രധാന പരിപാടികളില്‍ ഒന്നായ ‘പനോരമ’യിലാണ് ഡയാന അഭിമുഖം ചെയ്യപ്പെട്ടത്. 54 മിനിറ്റുള്ള അഭിമുഖം ടെലികാസ്റ്റ് ചെയ്യ്തത് 1995 നവംബര്‍ 20ന്. അഭിമുഖത്തില്‍ അവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ബ്രിട്ടനെ ഉലച്ചു കളഞ്ഞു. ഡയാന പറഞ്ഞതില്‍ ചിലത്.

  • ചാള്‍സ് രാജകുമാരന് കൂട്ടുകാരി കമില്ല പാര്‍ക്കര്‍ ബൗള്‍സുമായി (ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ) അവിഹിത ബന്ധമുണ്ട്
  • താനും വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു
  • ദാമ്പത്യത്തില്‍ മൂന്നു പേരുണ്ട്
  • തനിക്ക് ബുലീമിയ രോഗമുണ്ട്‌, പലപ്പോഴും സ്വയം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്
  • ഇംഗ്ലണ്ടിന്റെ രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനും എന്ന ഉത്തരവാദിത്വവുമായി ചാള്‍സിനു പൊരുത്തപ്പെടാന്‍ സാധിക്കില്ല
  • ചാള്‍സ് രാജകുമാരന്റെ സ്റ്റാഫ്‌ തനിക്കെതിരെ ക്യാംപെയിൻ നടത്തുന്നു

ബ്രിട്ടനില്‍ മാത്രം ഇരുപത്തിമൂന്നു ദശലക്ഷം ആളുകളാണ് മാധ്യമ രംഗം കണ്ട ഏറ്റവും വലിയ ‘സ്കൂപ്പ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ അഭിമുഖം കണ്ടത്. ഇന്നും ലോകത്തെ ‘മോസ്റ്റ്‌ വാച്ച്ഡ്‌ പ്രോഗ്രാം’ ആയി തുടരുന്ന അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചു. തുടര്‍ന്ന് ഡിസംബര്‍ 20ന്, എലിസബത്ത് രാജ്ഞി മകന്‍ ചാള്‍സിനും ഭാര്യയ്ക്കും കത്തയച്ചതായി ബെക്കിങ്ഹാം കൊട്ടാരം അറിയിച്ചു. വേർപിരിയണം എന്ന ഉപദേശമായിരുന്നു കത്തില്‍. എലിസബത്ത് രാജ്ഞിയുടെ തീരുമാനം ബ്രിട്ടീഷ് സര്‍ക്കാര്‍ പിൻതാങ്ങുകയും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം 1996 ഓഗസ്റ്റ്‌ 28ന് ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വിശ്വാസപ്രമാണങ്ങള്‍ വിവാഹമോചനം അനുവദിക്കുന്നില്ല എന്നതും ചാള്‍സ് രാജകുമാരന്‍ ‘ക്രൗൺ അപ്പാരെന്റ്റ്’ (കിരീടാവകാശി) ആയതുമായിരുന്നു വിവാഹമോചനത്തിന് കുടുംബം ഉയര്‍ത്തിയ എതിര്‍പ്പ്. പക്ഷേ ഡയാനയുടെ ‘പബ്ലിക്’ വെളിപ്പെടുത്തല്‍ സാമ്പ്രദായിക നിയമങ്ങള്‍ മറികടക്കാന്‍ രാജ്ഞിയെ നിര്‍ബന്ധിതയാക്കി.

ലോര്‍ഡ്‌ ഡൈസണ്‍ റിപ്പോര്‍ട്ട്‌

ഡയാനയുമായുള്ള അഭിമുഖം താരതമ്യേന ജൂനിയര്‍ ആയ മാര്‍ട്ടിന്‍ ബഷീര്‍ തരപ്പെടുത്തിയത് എങ്ങനെ എന്നതിനെക്കുറിച്ച് ആദ്യമേ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. അതിനു പിന്നില്‍ ചില ‘അണ്‍എത്തിക്കല്‍’ നടപടികള്‍ ഉണ്ടായിരുന്നുവെന്ന സൂചന ആദ്യം ലഭിക്കുന്നത് മാറ്റ് വീസ്ലര്‍ എന്ന ഗ്രാഫിക് ഡിസൈനറില്‍ നിന്നാണ്. അയാളെ ഉപയോഗിച്ചാണ് മാര്‍ട്ടിന്‍ ബഷീര്‍ ചില ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉണ്ടാക്കിയെടുക്കുന്നത്. ഡയാനയുടെയും സഹോദരന്റെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനായി ചില മാധ്യമങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് ഇരുവരുടെയും പേര്‍സണല്‍ സ്റ്റാഫിനെ ഉപയോഗിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സ്റ്റേറ്റ്മെന്റ് ആയിരുന്നു അത്. ഡയാനയുടെ സഹോദരന്‍ ഏള്‍ സ്പെന്‍സറിന്റെ വിശ്വാസം നേടിയെടുക്കനായാണ് മാര്‍ട്ടിന്‍ ബഷീര്‍ ഈ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചത്. ഇത്തരം ‘ഇന്നര്‍ ഇന്‍ഫര്‍മേഷന്‍’ തനിക്കുണ്ടെന്ന് വരുത്തിത്തീര്‍ത്ത ബഷീര്‍, പിന്നീടു പല തവണ ഏള്‍ സ്പെന്‍സറിനെ കാണുകയും അയാള്‍ വഴി സഹോദരി ഡയാനയിലേക്ക് എത്തുകയും ചെയ്തു.

അഭിമുഖം സംപ്രേക്ഷണം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിബിസിയുടെ കറന്റ് അഫയെര്‍സ് മേധാവികളായ ടിം ഗാര്‍ഡാം, ടിം സൂട്ടര്‍ എന്നിവരെ സമീപിച്ച മാറ്റ് വീസ്ലര്‍, മാര്‍ട്ടിന്‍ ബഷീര്‍ തന്നെക്കൊണ്ട് ഉണ്ടാക്കിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ വ്യാജമായിരിക്കാമെന്നും ഡയാനയുമായുള്ള അഭിമുഖം ലഭിക്കാനായി അയാള്‍ അത് ഉപയോഗിച്ചിരിക്കാമെന്നും സംശയം പറയുന്നു. ഇതേ സംശയം താന്‍ മുന്‍പ് പനോരമയുടെ സീരീസ് എഡിറ്റര്‍ സ്റ്റീവ് ഹ്യൂലറ്റിനോട് പറഞ്ഞിരുന്നുവെന്നും അന്ന് അദ്ദേഹം അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉറപ്പു നല്‍കിയതായും വീസ്ലര്‍ പറയുന്നു. പ്രക്ഷേപണം ചെയ്ത അഭിമുഖത്തിന്റെ ഉള്ളടക്കം കണ്ടപ്പോള്‍ വീണ്ടും സംശയം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മാറ്റ് വീസ്ലര്‍ കറന്റ് അഫയെര്‍സ് മേധാവികളെ കണ്ടത്.

ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ആധികാരികതയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, മാര്‍ട്ടിന്‍ ബഷീര്‍ അത് നിഷേധിക്കുകയാണ് ഉണ്ടായത്. അത് താന്‍ ആരെയും കാണിച്ചിട്ടില്ലെന്നും വേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ മാത്രമാണ് കൈയ്യില്‍ കരുതിയതെന്നും മാര്‍ട്ടിന്‍ ബിബിസി നടത്തിയ ഇന്റെര്‍ണല്‍ എന്‍ക്വയറിയില്‍ പറഞ്ഞു. തുടര്‍ന്ന്, ഡിസംബര്‍ 22ന് ഡയാന രാജകുമാരിയുടെ കൈപ്പടയില്‍ എഴുതിയ ഒരു പ്രസ്താവനയിറങ്ങി. ‘മാര്‍ട്ടിന്‍ ബഷീര്‍ എന്നെ ഒരു പേപ്പറും കാണിച്ചിട്ടില്ല. എനിക്ക് അതുവരെ അറിയാത്ത പുതിയ ഇന്‍ഫര്‍മേഷന്‍ ഒന്നും തന്നിട്ടുമില്ല. ‘പനോരമ’യില്‍ ഒരു അഭിമുഖം നല്‍കാന്‍ ഞാന്‍ സമ്മതിച്ചത് ഒരു തരത്തിലുള്ള സമ്മര്‍ദ്ദത്തിന്റെയും പുറത്തല്ല. ആ വിഷയത്തില്‍ ഒരു പശ്ചാത്താപവുമില്ല.’

ലോകം അത് കണ്ടതോടെ ബിബിസി അന്വേഷണം അവസാനിപ്പിച്ചെങ്കിലും മാധ്യമലോകത്ത് ആ സംശയം ഉത്തരം കിട്ടാതെ നിലനിന്നു പോന്നു. മാര്‍ട്ടിന്‍ ബഷീര്‍ കുറച്ചു കാലം ബിബിസിയില്‍ തുടര്‍ന്നു. അതിനു ശേഷം മറ്റു പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്ത് 2016ല്‍ ബിബിസിയുടെ ‘റിലീജ്യന്‍ എഡിറ്റര്‍’ ആയി ചേര്‍ന്നു. ഇതിനിടെ 2007ല്‍ ചാനല്‍ 4 ഒരു ഡോക്യുമെന്ററിക്കായി മാര്‍ട്ടിന്‍ ബഷീര്‍ അഭിമുഖത്തിനോട് അനുബന്ധിച്ച് ബിബിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ രേഖകള്‍ ചോദിക്കുന്നു. ‘അതിപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഇല്ല,’ എന്ന് ബിബിസി ഉത്തരം നല്‍കുന്നു. 2020ല്‍ വീണ്ടും ചാനല്‍ 4 ഇതേ ആവശ്യം ഉന്നയിക്കുന്നു, അപ്പോള്‍ ബിബിസി പറയുന്നു, ‘നിങ്ങള്‍ക്ക് അന്ന് കിട്ടിയ ഉത്തരം തെറ്റാണ്, ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.’

ബഷീര്‍ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടി ഡയാനയുമായുള്ള അഭിമുഖം തരപ്പെടുത്തി എന്ന് ആരോപിച്ച് അവരുടെ സഹോദരന്‍ ഏള്‍ സ്പെന്‍സര്‍ ബിബിസിക്ക് കത്തയച്ചതിനെ തുടര്‍ന്ന്, പനോരമ പരിപാടി ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ തികച്ച 2020 നവംബര്‍ 18ന്, ബിബിസി ഈ വിഷയത്തില്‍ ഒരു സ്വതന്ത്ര പുനര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സുപ്രീം കോടതി മുന്‍ജസ്റ്റിസ് ലോഡ് ഡൈസണെ ദൗത്യം ഏല്‍പ്പിച്ചു.

ആറു മാസങ്ങള്‍ക്കുള്ളില്‍, 2021 മേയ്‌ 14നു മാര്‍ട്ടിന്‍ ബഷീര്‍ ബിബിസിയില്‍ നിന്നും രാജിവച്ചു. കോവിഡ്‌ ബാധയെത്തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജോലിയില്‍ നിന്നും വിട്ടു നിന്നത്. 2021 മേയ്‌ 20നു ഡൈസണ്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നു.

ബിബിസിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട്‌. ബിബിസി നടത്തിയ പ്രാഥമിക അന്വേഷണം തെറ്റായിരുന്നുവെന്നും അതിന്റെ ഭാഗമായി ഏള്‍ സ്പെന്സറിനോട് അവര്‍ സംസാരിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയെടുത്തുവെന്ന് ബഷീര്‍ സമ്മതിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ വിശദീകരണത്തെ വേണ്ട സന്ദേഹത്തോടെയും മുന്‍കരുതലോടെയും (with necessary scepticism and caution) സമീപിക്കാത്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും ഡൈസണ്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ബഷീറിനു അഭിമുഖം ലഭിച്ച രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ബിബിസി മറച്ചു വച്ചതായും റിപ്പോര്‍ട്ട്‌ പറയുന്നു. ഇതിനെക്കുറിച്ചുള്ള മറ്റു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ ബിബിസി ഒഴിഞ്ഞു മാറിയതും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ‘ന്യായീകരണങ്ങള്‍ക്കപ്പുറത്ത്, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ്യത, സുതാര്യത എന്നിവ പാലിക്കുന്നതില്‍ ബിബിസി പരാജയപ്പെട്ടിരിക്കുന്നു,’ റിപ്പോര്‍ട്ട്‌ പറയുന്നു.

ഡൈസണ്‍ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണങ്ങള്‍

ഡയാനയുടെ മക്കളായ വില്യം, ഹാരി എന്നിവര്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നതിനെ തുടര്‍ന്ന് പ്രതികരണങ്ങളുമായി എത്തി. തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതല്‍ വഷളാക്കുന്നതില്‍ അഭിമുഖത്തിനു വലിയ പങ്കുണ്ടെന്നും അമ്മ ബിബിസിയാല്‍ ചതിക്കപ്പെട്ടുവെന്നും വില്യം പറഞ്ഞു. ‘അവസാന ദിനങ്ങളില്‍ അവര്‍ അനുഭവിച്ച ഭയം, പാരനോയ, ഒറ്റപ്പെടല്‍… ഇതിനെല്ലാം കാരണം ആ അഭിമുഖമാണ്. എല്ലാറ്റിനുപരി, ബിബിസി സത്യസന്ധമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍, താന്‍ ചതിക്കപ്പെട്ടുവെന്ന വിവരം അമ്മയ്ക്ക് മനസ്സിലാകുമായിരുന്നു. അതറിയാതെയാണ് അവര്‍ മരിച്ചത്,’ വികാരഭരിതമായ ഒരു വീഡിയോ സന്ദേശത്തില്‍ വില്യം വെളിപ്പെടുത്തി. ‘ചൂഷണത്തിലും അധാര്‍മികതയിലും ഊന്നിയ ഒരു സംസ്കാരത്തിന്റെ തരംഗങ്ങള്‍’ ആത്യന്തികമായി അമ്മയുടെ ജീവൻ അപഹരിച്ചതായി ഹാരി രാജകുമാരന്‍ പറഞ്ഞു.

മാധ്യമമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലോകത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നായ ബിബിസിയുടെ മേല്‍ ഇത്തരം ഒരു കറ വീണത് ലോകമെമ്പാടും നിന്നും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ‘ഈ വിഷയത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അന്ന് തന്നെ ശ്രമങ്ങള്‍ നടത്തേണ്ടതായിരുന്നു. അന്നറിഞ്ഞ വിഷയങ്ങളെക്കുറിച്ച് സുതാര്യത പുലര്‍ത്തുകയും ആവാമായിരുന്നു. എന്തായാലും രണ്ടു ദശാബ്ദക്കാലം തിരികെ പോയി അതൊന്നും തിരുത്താന്‍ ആവില്ല. നിരുപാധികം മാപ്പ്,’ ചാള്‍സ് രാജകുമാരന്‍, വില്യം, ഹാരി, ഏള്‍ സ്പെന്‍സര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ബിബിസി പറയുന്നു. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയത് താന്‍ കാണിച്ച ഒരു മണ്ടത്തരം ആയിരുന്നുവെന്ന് മാര്‍ട്ടിന്‍ ബഷീറും പറഞ്ഞു. എന്നാല്‍, ഡയാന അഭിമുഖം നല്‍കാന്‍ തീരുമാനിച്ചതിനു അതുമായി ഒരു ബന്ധവുമില്ലെന്നും മാര്‍ട്ടിന്‍ ബഷീര്‍ വ്യക്തമാക്കി.

Read Here: A 25-year-old Princess Diana interview thrusts the BBC into a new storm

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Princess diana bbc panorama interview martin bashir investigation controversy explained

Best of Express