/indian-express-malayalam/media/media_files/uploads/2023/06/wagner-1.jpg)
ബെലാറഷ്യൻ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയും പ്രിഗോഷിനും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് വാഗ്നർ സൈന്യത്തെ പിൻവലിക്കുന്നത്.എക്സ്പ്രസ് ഫൊട്ടൊ
റഷ്യയുടെ മുന്നണിപ്പോരാളികളായിരുന്ന വാഗ്‍നർ കൂലിപ്പട്ടാളം ഒടുവിൽ രാജ്യത്തിനെതിരെ തിരിഞ്ഞു. വാഗ്‌നർ പട, ആഭ്യന്തരയുദ്ധ ഭീതി ഉയർത്തിയെങ്കിലും, ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടുനടത്തിയ മധ്യസ്ഥചർച്ചയെത്തുടർന്നു മോസ്കോയിലേക്കുള്ള പടനീക്കം വേണ്ടെന്നുവച്ചു.
റഷ്യയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ തന്റെ കൂലിപ്പടയാളികളോട് മോസ്കോയിലേക്കുള്ള മാർച്ച് നിർത്തി ഉക്രെയ്നിലെ ഫീൽഡ് ക്യാമ്പുകളിലേക്ക് പിൻവാങ്ങാൻ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ ശനിയാഴ്ച (ജൂൺ 24) പറഞ്ഞതായി, എപി റിപ്പോർട്ട് ചെയ്തു.
200 കിലോമീറ്ററിൽ ദൂരെനിന്ന് പ്രിഗോഷിന്റെ ആളുകൾ മോസ്കോ ലക്ഷ്യമാക്കി വരുന്നതിൽ തയ്യാറെടുക്കുന്നതിനിടെയാണ് പ്രഖ്യാപനം വന്നത്. വാഗ്നർ ഗ്രൂപ്പ് മേധാവി ബെലാറസിലേക്ക് പോകുമെന്നും പ്രോസിക്യൂഷൻ നേരിടേണ്ടതില്ലെന്നും ക്രെംലിൻ പറഞ്ഞു. "രക്തച്ചൊരിച്ചിലും ആന്തരിക ഏറ്റുമുട്ടലും ഒഴിവാക്കുക" എന്ന ലക്ഷ്യമുള്ളതിനാൽ പ്രിഗോഷിനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും മോചിപ്പിക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അനുവദിച്ചുവെന്ന് ക്രെംലിൻ വക്താവ് പറയുന്നു.
ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ നേതൃത്വത്തിൽ വാഗ്നറുടെ മുന്നേറ്റം തടയാനും പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാനും പ്രിഗോഷിനുമായി ബന്ധപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നിർദ്ദിഷ്ട ഒത്തുതീർപ്പിൽ വാഗ്നർ സൈനികർക്ക് സുരക്ഷാ ഗ്യാരണ്ടി ഉണ്ടെന്ന് പ്രസ്താവനയിൽ പരാമർശിച്ചിരുന്നു. എന്നാൽ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനെ പുറത്താക്കാനുള്ള പ്രിഗോഷിന്റെ ആവശ്യങ്ങൾ നിറവേറ്റുമോ എന്ന് വിശദീകരിച്ചിട്ടില്ല.
പുടിനോടുള്ള ഗുരുതരമായ വെല്ലുവിളി
ശനിയാഴ്ച പുടിൻ തന്റെ മുൻ സഖ്യകക്ഷിയായ യെവ്ഗിനി പ്രിഗോഷിൻനയിക്കുന്ന "സായുധ കലാപത്തിന്റെ" സംഘാടകർക്ക് കഠിനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ടെലിവിഷൻ വന്ന പ്രസംഗത്തിൽ പുടിൻ കലാപത്തെ "വഞ്ചന", "രാജ്യദ്രോഹം" എന്ന് വിളിച്ചു.
"വിപ്ലവത്തിന് തയ്യാറായ എല്ലാവർക്കും അനിവാര്യമായ ശിക്ഷ അനുഭവിക്കേണ്ടിവരും," പുടിൻ പറഞ്ഞു. "സായുധ സേനയ്ക്കും മറ്റ് സർക്കാർ ഏജൻസികൾക്കും ആവശ്യമായ ഉത്തരവുകൾ ലഭിച്ചിട്ടുണ്ട്."
നിലവിൽ ഉക്രെയ്നിലെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകനും മേധാവിയുമായ പ്രിഗോഷിൻ തന്റെ സൈന്യത്തെ റഷ്യയിലേക്ക് തിരികെ കൊണ്ടുവന്നു, റോസ്തോവ്-ഓൺ-ഡോണിലെ ഒരു പ്രധാന സൈനിക കേന്ദ്രം പിടിച്ചെടുക്കുകയും മോസ്കോയിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. "നീതിക്കായുള്ള മാർച്ച്" എന്നാണ് പ്രിഗോജിൻ ഇതിനെ വിളിച്ചത്.
25,000-ത്തിലധികം സൈനികരും തന്നോട് വിശ്വസ്തതയുള്ളവരും ഉണ്ടെന്ന് പ്രിഗോഷിൻ അവകാശപ്പെട്ടു. "ഞങ്ങൾ വഴിയിൽ ഒരാളെ പോലും കൊന്നിട്ടില്ല," പ്രിഗോഷിൻ പറഞ്ഞു.
സൗഹൃദം വഷളായി
പ്രിഗോഷിൻ, വാസ്തവത്തിൽ, വ്‌ളാഡിമിർ പുടിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാളായിരുന്നു. ഒരു കുറ്റവാളിയായി മാറിയ ബിസിനസുകാരൻ, റഷ്യയിലെ സമ്പന്നർക്കും ശക്തർക്കും സേവനം ചെയ്ത ബിസിനസിന്റെ പിൻബലത്തിലാണ് അദ്ദേഹത്തിന്റെ ഉയർച്ച.
പുടിന്റെ ക്രിമിയ അധിനിവേശത്തെ സഹായിക്കുന്നതിനായി "പുടിന്റെ ഷെഫ്" എന്നറിയപ്പെടുന്ന പ്രിഗോഷിൻ 2014ൽ വാഗ്നർ സ്ഥാപിച്ചു. അതിനുശേഷം അദ്ദേഹം ലോകമെമ്പാടും, പ്രത്യേകിച്ച് ആഫ്രിക്കയിലും സിറിയയിലും റഷ്യൻ ‘ഇടപെടലുകളിൽ’ഏർപ്പെട്ടിട്ടുണ്ട്.
ഉക്രെയ്നുമായുള്ള റഷ്യയുടെ സംഘട്ടനത്തിൽ വാഗ്നർ നിർണായകമാണ്, എന്നിരുന്നാലും, ഈയിടെയായി, പ്രിഗോഷിനും റഷ്യൻ സൈനിക മേധാവികളും തമ്മിലുള്ള പിരിമുറുക്കങ്ങൾ വർധിച്ചുവരുന്നു.
കിഴക്കൻ ഉക്രേനിയൻ നഗരമായ ബഖ്മുട്ട് പിടിച്ചടക്കുന്നതിൽ വാഗ്നറുടെ കൂലിപ്പടയാളികൾ നിർണായക പങ്കുവഹിച്ചപ്പോൾ, പ്രിഗോഷിൻ സൈനികരെ കൂടുതൽ വിമർശിച്ചു.
റഷ്യൻ സൈന്യം തന്റെ സൈനികരെ ആക്രമിച്ചു, നിരവധി ആളപായങ്ങൾക്ക് കാരണമായി എന്ന അദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രിഗോഷിന്റെ 'അട്ടിമറി' ശ്രമം നടന്നത്. റോക്കറ്റുകളും ഹെലികോപ്റ്റർ ഗൺഷിപ്പുകളും പീരങ്കികളും ഉപയോഗിച്ച് ഉക്രെയ്നിലെ വാഗ്നർ ഫീൽഡ് ക്യാമ്പുകൾ ആക്രമിച്ചതിന് പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവിനെ ശിക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രിഗോഷിൻ പറഞ്ഞു.
ലുകാഷെങ്കോ മധ്യസ്ഥൻ
ബെലാറഷ്യൻ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയും പ്രിഗോഷിനും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് വാഗ്നർ സൈന്യത്തെ പിൻവലിക്കുന്നത്. ലുകാഷെങ്കോ പുടിന്റെ ദീർഘകാല സഖ്യകക്ഷിയാണ്, 1994 ന് ശേഷം നിലവിൽ ഏറ്റവും കൂടുതൽ കാലം യൂറോപ്യൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം.
ലുകാഷെങ്കോ രാവിലെ വാഗ്നറുമായുള്ള സാഹചര്യത്തെക്കുറിച്ച് പുടിനുമായി സംസാരിച്ചുവെന്നും തൽഫലമായി, പുടിന്റെ അനുമതിയോടെ, “യെവ്ഗിനി പ്രിഗോഷിനുമായി ചർച്ചകൾ നടത്തി” എന്നും അദ്ദേഹം ഏറ്റവും പുതിയ പ്രസ്താവനയിൽ പറയുന്നു.
തൽഫലമായി, റഷ്യയുടെ പ്രദേശത്ത് ഒരു രക്തച്ചൊരിച്ചിൽ അംഗീകരിക്കാനാവില്ലെന്ന് കക്ഷികൾ സമ്മതിച്ചു," ബെലാറസിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ബെൽറ്റാ റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധി തുടരുന്നു
അട്ടിമറി ഒഴിവാക്കിയെങ്കിലും, ശനിയാഴ്ചത്തെ പ്രതിസന്ധി റഷ്യയുടെ സൈനിക-രാഷ്ട്രീയത്തിലെ ചില പ്രധാന ബലഹീനതകൾക്കും ഉക്രെയ്നിനെതിരായ യുദ്ധത്തിനുള്ള തന്ത്രത്തിനും അടിവരയിടുന്നു.
ഒന്നര വർഷമായി തുടരുന്ന യുദ്ധം റഷ്യൻ സൈന്യത്തിന് അപ്രതീക്ഷിതമായ നഷ്ടം വരുത്തി. പുടിൻ വേഗത്തിലുള്ള വിജയം വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും, യുദ്ധം ഇഴഞ്ഞു നീങ്ങി.
പ്രതിരോധ മന്ത്രി ഷോയിഗുവിനെയും ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ വലേരി ജെറാസിമോവിനെയും പുറത്താക്കണമെന്ന പ്രിഗോഷിന്റെ ആവശ്യം ഈ നിരാശയെ പ്രതിധ്വനിപ്പിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.