സ്റ്റാൻഡ്-അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കാൻ അറ്റോർണി ജനറൽ കെ.സി.വേണുഗോപാൽ അനുമതി നൽകിയിരിക്കുകയാണ്. റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയെ പരിഹസിച്ച് കമ്ര നടത്തിയ ട്വീറ്റിനെത്തുടർന്നാണിത്.

കുനാലിന്റെ ട്വീറ്റ് എന്ത്?

‘സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശ’ എന്നായിരുന്നു കുനാലിന്റെ ട്വീറ്റ്.  കാവിനിറമണിഞ്ഞ സുപ്രീം കോടതിയുടെ ചിത്രവും കുനാൽ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ.ചന്ദ്രചൂഢ് എന്നും സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോയെന്ന് പോലും അറിയാത്ത സാഹചര്യമാണെന്നും കുനാൽ ട്വീറ്റ് ചെയ്തിരുന്നു.

Also Read: സുപ്രീം കോടതിക്കെതിരായ ട്വീറ്റ്: മാപ്പ് പറയുകയോ പ്രസ്‌താവന പിൻവലിക്കുകയോ ചെയ്യില്ലെന്ന് കുനാൽ

ഇതേത്തുടർന്ന് കോടതിയലക്ഷ്യത്തിനു കേസെടുക്കാൻ അറ്റോർണി ജനറൽ അനുമതി നൽകിയെങ്കിലും ‘അഭിഭാഷകരില്ല, മാപ്പ് പറയില്ല, സമയം കളയാനുമില്ല. എന്റെ ട്വീറ്റുകൾ അവർക്ക് വേണ്ടി സംസാരിച്ചുകൊള്ളും’ എന്നായിരുന്നു ട്വീറ്റിലൂടെ കുനാലിന്റെ പ്രതികരണം. സുപ്രീം കോടതിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും പ്രൈം ടൈം ഉച്ചഭാഷിണിയായ ഒരാൾക്കുവേണ്ടി ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതിനെയാണ് ട്വീറ്റിൽ പരാമർശിച്ചിരിക്കുന്നതെന്നും കുനാൽ പറഞ്ഞു.

എന്താണ് കോടതിയലക്ഷ്യം?

1971 ലെ കോടതിയലക്ഷ്യ നിയമമനുസരിച്ച് കോടതിലക്ഷ്യമെന്നത് സിവിലോ ക്രിമിനലോ ആയ അവഹേളനമാകാം.

സിവില്‍ അവഹേളനം

കോടതിയുടെ ഏതെങ്കിലും വിധി, തീര്‍പ്പ്, നിര്‍ദേശം, ഉത്തരവ്, റിട്ട് അല്ലെങ്കില്‍ മറ്റ് പ്രക്രിയകള്‍ മനപൂര്‍വ്വം അനുസരിക്കാതിരിക്കുന്നത് അല്ലെങ്കില്‍ കോടതിക്കു നല്‍കിയ രേഖാമൂലമുള്ള ഉറപ്പിന്റെ ലംഘനം.

ക്രിമിനല്‍ അവഹേളനം

ഏതെങ്കിലും കാര്യത്തിലുള്ള പ്രസിദ്ധീകരണം (വാക്കുകള്‍, സംസാരം, എഴുത്ത്, അല്ലെങ്കില്‍ ചിഹ്നങ്ങള്‍, അല്ലെങ്കില്‍ പ്രകടമായ ദൃശ്യങ്ങള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉപയോഗിച്ചുമുള്ള).

അല്ലെങ്കില്‍ താഴെപ്പറയുന്ന മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുന്നത്:

  • ഏതെങ്കിലും കോടതിയെ അവഹേളിക്കല്‍ അല്ലെങ്കില്‍ അവഹേളിക്കാനുള്ള നീക്കം, കോടതിയുടെ അധികാരത്തെ ഇടിച്ചുതാഴ്ത്തല്‍ അല്ലെങ്കില്‍ ഇടിച്ചുതാഴ്ത്താനുള്ള നീക്കം.
  • ഏതെങ്കിലും നീതിന്യായ നടപടിക്രമങ്ങളിലുള്ള മുന്‍വിധികള്‍, അല്ലെങ്കില്‍ ഇടപെടല്‍ അല്ലെങ്കില്‍ ഇടപെടാനുള്ള ശ്രമം
  • മറ്റേതെങ്കിലും വിധത്തില്‍ നീതിനിര്‍വഹണ നടപടി ക്രമങ്ങളിലുള്ള ഇടപെടല്‍ അല്ലെങ്കില്‍ ഇടപെടാനുള്ള ശ്രമം, തടസപ്പെടുത്തല്‍ അല്ലെങ്കില്‍ തടസപ്പെടുത്താനുള്ള ശ്രമം

എന്താണ് ശിക്ഷ?

കോടതിയെ അവഹേളിക്കുന്നത് ആറുമാസം വരെയുള്ള തടവ്, അല്ലെങ്കില്‍ രണ്ടായിരം രൂപ വരെ പിഴ, അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയുടെ ക്ഷമാപണം കോടതിക്കു തൃപ്തികരമായാല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയേക്കാം.

പ്രശാന്ത് ഭൂഷണ് ശിക്ഷ ഒരു രൂപ

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഇതിനു മുൻപ് സുപ്രീം കോടതിക്കെതിരായ വിവാദ ട്വീറ്റുകളെത്തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി നേരിട്ടയാൾ. കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് വിധിച്ച  കോടതി ഒരു രൂപയാണ് ശിക്ഷയായി നൽകിയത്.

പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസത്തേക്ക് സാധാരണ തടവ് ശിക്ഷയും മൂന്ന് വർഷത്തേക്ക് അഭിഭാഷക വൃത്തിയിൽ നിന്നുള്ള വിലക്കും ഭൂഷൺ അനുഭവിക്കേണ്ടി വരുമെന്നും വിധിയിൽ പറഞ്ഞു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയ പ്രശാന്ത് ഭൂഷൺ, ടോക്കൺ പിഴത്തുക അടച്ചാൽ താൻ വിധി അംഗീകരിച്ചതായി അർത്ഥമാക്കുന്നില്ലെന്നും പിന്നീട് പറഞ്ഞിരുന്നു.

പ്രശാന്ത് ഭൂഷൺ നടപടി നേരിട്ടത് ഈ ട്വീറ്റുകൾക്ക്

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കും സുപ്രീം കോടതിക്കുമെതിരായ രണ്ടു ട്വീറ്റുകളെത്തുടര്‍ന്നാണു പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ നടപടി നേരിട്ടത്. ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ഫോട്ടോ ജൂണ്‍ 29ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ ജൂണ്‍ 27 ലെ ട്വീറ്റും കോടതി പരിഗണിച്ചു.

ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ.ഗവായ്, കൃഷ്‌ണ മുരാരി എന്നിവരുൾപ്പെട്ട ബഞ്ചാണ് പ്രശാന്ത് ഭൂഷണെതിരായ കേസിൽ വിധി പുറപ്പെടുവിച്ചത്. കോടതിയലക്ഷ്യത്തിൽ മാപ്പ് പറഞ്ഞാൽ ശിക്ഷ ഒഴിവാക്കാമെന്ന് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വാദം കേൾക്കലിനിടെ പറഞ്ഞിരുന്നു. എന്നാൽ, മാപ്പ് പറയാൻ താൻ തയാറല്ലെന്ന നിലപാടായിരുന്നു പ്രശാന്ത് ഭൂഷൺ സ്വീകരിച്ചത്.  ഈ കേസിൽ വിധി പറഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചിരുന്നു.

Also Read: ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്: പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യത്തിനു കുറ്റക്കാരനെന്നു സുപ്രീം കോടതി

പ്രശാന്ത് ഭൂഷണെതിരായ മറ്റൊരു കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. 2009 ലെ സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കേസ്.

ആദ്യ കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും സുപ്രീം കോടതിയെ വിമർശിച്ച് അടുത്തിടെ വീണ്ടും പ്രശാന്ത് ഭൂഷൺ രംഗത്തുവന്നിരുന്നു.ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയതിനെ വിമര്‍ശിച്ച് ഒക്ടോബര്‍ 21-നാണ് ഈ  ട്വീറ്റ് നടത്തിയത്. ഇതിൽ ഭൂഷൺ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook