/indian-express-malayalam/media/media_files/8l24jJOW8VNOtYWC4H1F.jpg)
മധ്യപ്രദേശ് എന്ന വലിയൊരു സംസ്ഥാനം 1956-ൽ ഇന്ത്യയുടെ ഹൃദയഭാഗത്ത് അഞ്ച് വ്യത്യസ്ത പ്രദേശങ്ങളുടെ ലയനത്തോടെ രൂപീകരിക്കപ്പെട്ടതാണ്- നാഗ്പൂർ തലസ്ഥാനമായിരുന്ന സെൻട്രൽ പ്രവിശ്യകളും ബെരാറും; പ്രമുഖ നാട്ടുരാജ്യങ്ങളായ ഗ്വാളിയോറും ഇൻഡോറും ഉൾപ്പെട്ട മധ്യേന്ത്യ; ബുന്ദേൽഖണ്ഡും ബഗേൽഖണ്ഡും ഉൾപ്പെട്ട വിന്ധ്യപ്രദേശ്; ഭോപ്പാൽ എന്ന നാട്ടുരാജ്യം; തെക്ക്-കിഴക്കൻ രാജസ്ഥാനിലെ കോട്ട ജില്ലയിലെ സിറോഞ്ച് തഹസിൽ (ഇത് നിലവിൽ മധ്യപ്രദേശിലെ വിദിഷയുടെ ഭാഗമാണ്).
സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അതിന്റെ റിപ്പോർട്ടിൽ, "മധ്യേന്ത്യയിൽ ഒതുക്കമുള്ളതും ശക്തവും സമൃദ്ധവുമായ ഒരു യൂണിറ്റിന്" വേണ്ടി വാദിച്ചു. റായ്പൂരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് രവിശങ്കർ ശുക്ല ഭോപ്പാൽ തലസ്ഥാനമായ പുതിയ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി.
2000-ൽ ഛത്തീസ്ഗഡ് ഒരു പ്രത്യേക സംസ്ഥാനമായി മാറിയതിനുശേഷം, ഇന്നത്തെ മധ്യപ്രദേശ് നിലവിൽ വന്നു. നിലവിൽ 230 സീറ്റുകളുള്ള സംസ്ഥാന നിയമസഭയാണുള്ളത്. 29 ലോക്‌സഭാ സീറ്റുകളും 11 രാജ്യസഭാ സീറ്റുകളും ഈ സംസ്ഥാനത്തിലുള്ളത്.
ശക്തമായ കോൺഗ്രസ്, വളർന്നുവന്ന ഭാരതീയ ജനസംഘം (ബിജെഎസ്)
മധ്യപ്രദേശിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന രവിശങ്കർ ശുക്ല 1956 ഡിസംബർ 31-ന് ഡൽഹിയിൽ അന്തരിച്ചു. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതൃത്വത്തെ കാണാൻ തലസ്ഥാനത്തെത്തിയ അദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് ലഭിക്കില്ലെന്ന് അറിയിച്ചിരുന്നു. ശുക്ലയുടെ ആറ് മക്കളിൽ നാല് പേരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അസ്വസ്ഥനായിരുന്നതാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.
1957 ജനുവരി ആറ് മുതൽ എട്ട് വരെ ഇൻഡോറിൽ നടന്ന എഐസിസി സമ്മേളനത്തിൽ നെഹ്‌റുവിന്റെ പ്രതിരോധ മന്ത്രിയായിരുന്ന കൈലാഷ് നാഥ് കട്ജുവിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു വന്നു. ജനുവരി 31ന് കട്ജു ഭോപ്പാലിൽ ചുമതലയേറ്റു.
കോൺഗ്രസിന് ആധിപത്യം ഉണ്ടായിരുന്നെങ്കിലും, ബിജെപിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘം (ബിജെഎസ്) തുടക്കം മുതൽ സംസ്ഥാനത്ത് സജീവമായിരുന്നു. മധ്യപ്രദേശിൽ ബിജെഎസിൽ വിന്യസിച്ച ആദ്യകാല പ്രചാരകരിൽ ആർഎസ്എസ് സൈദ്ധാന്തികൻ ദത്തോപന്ത് ദേങ്ഡിയും ഉൾപ്പെടുന്നു.
ഒരു മുഖ്യമന്ത്രി തോറ്റു, കോൺഗ്രസ് വീണു
സംസ്ഥാന രൂപീകരണം കഴിഞ്ഞ് അധികം വൈകാതെ തന്നെ സംസ്ഥാനത്ത് കോൺഗ്രസിന് തിരിച്ചടി നേരിട്ടു. 1962-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചത്. മൂൽചന്ദ് ദേശ്‌ലഹ്‌റയുടെ കീഴിലുള്ള സംസ്ഥാന കോൺഗ്രസ് സംഘടനാ നേതൃത്വവും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായിരിക്കെ, മുഖ്യമന്ത്രികൈലാഷ് നാഥ് കട്ജു ജോറയിൽ ബിജെഎസിന്റെ യുവ നേതാവായ ലക്ഷ്മി നാരായൺ പാണ്ഡെയോട് പരാജയപ്പെട്ടു. 288 അംഗ സഭയിൽ കേവലം 142 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. മൂൽചന്ദ് ദേശ്‌ലഹ്റ പാർട്ടി സ്ഥാനം രാജിവെക്കാൻ നിർബന്ധിതനായി.
മറ്റൊരു എം.എൽ.എ സീറ്റ് വിട്ടുകൊടുത്തതിനെ തുടർന്ന് കൈലാഷ് നാഥ് കട്ജു നിയമസഭയിൽ എത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഖാണ്ഡവയിൽ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണനായ ഭഗവന്ത് റാവു മണ്ട്‌ലോയിക്കായിരുന്നു. എന്നാൽ 1963-ൽ, കാമരാജ് പദ്ധതി പ്രകാരം - എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളും അവരുടെ മന്ത്രിസ്ഥാനങ്ങൾ ഉപേക്ഷിച്ച് അവരുടെ ഊർജ്ജം സംഘടനയ്‌ക്കായി വിനിയോഗിക്കണമെന്നായിരുന്നു കെ കാമരാജിന്റെ നിർദ്ദേശം - ഭഗവന്ത് റാവു മാണ്ട്‌ലോയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.
പഴയ രാഷ്ട്രീയ കുടുംബത്തിന്റെ തലവനും ആദ്യ മുഖ്യമന്ത്രി രവിശങ്കർ ശുക്ലയുടെ ഉറ്റസുഹൃത്തുമായ ഡി പി മിശ്രയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനമേറ്റത്. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാരിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ ബ്രജേഷ് മിശ്രയുടെ പിതാവായിരുന്നു മിശ്ര.
/indian-express-malayalam/media/media_files/p1pAmzje78edYzgEl9ke.jpg)
1967: ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ
പിന്നീടുള്ള വർഷങ്ങളിൽ, നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒരിക്കൽ കോൺഗ്രസ് വിട്ട ഡി പി മിശ്ര - ഇന്ദിരാഗാന്ധിയുമായി കൂടുതൽ അടുത്തു. 1966-ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി, പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ വെല്ലുവിളി നേരിടാൻ ഇന്ദിരാഗാന്ധിയെ സഹായിച്ചവരിൽ മിശ്രയും ഉൾപ്പെടുന്നു.
ഇതിനിടയിൽ, ബിജെഎസ് കൂടുതൽ ശക്തമാവുകയും, ചില സോഷ്യലിസ്റ്റുകളും ഗ്വാളിയോറിലെ വിജയരാജെ സിന്ധ്യയെപ്പോലുള്ള പഴയ രാജകുടുംബങ്ങളും - മിശ്രയുമായി കടുത്ത അഭിപ്രായവ്യത്യാസങ്ങളുള്ളവരും - ബി ജെ എസിൽ ചേർന്നു. 1967-ലെ പ്രതിപക്ഷ തരംഗത്തെ കോൺഗ്രസ് അതിജീവിച്ചു - മറ്റ് ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ കോൺഗ്രസിതര സർക്കാരുകൾ രൂപീകരിച്ചപ്പോഴായിരുന്നു മധ്യപ്രദേശിലെ അതിജീവനം -എന്നാൽ മധ്യപ്രദേശ് നിയമസഭയിലെ 296 സീറ്റുകളിൽ 78 എണ്ണം ബിജെഎസ് നേടി.
ഡി പി മിശ്ര മുഖ്യമന്ത്രിയായി തുടർന്നു, എന്നാൽ 1967 ജൂലൈയിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് നാല് മാസത്തിന് ശേഷം കോൺഗ്രസ് പിളർന്നു. മിശ്രയുടെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗോവിന്ദ് നരേൻ സിങ്, തന്റെ എംഎൽഎമാരുടെ പിന്തുണയോടെ മധ്യപ്രദേശിലെ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരായ സംയുക്ത വിധായക് ദൾ (എസ്‌വിഡി) സർക്കാരിന്റെ മുഖ്യമന്ത്രിയായി.
ഗോവിന്ദ് നരേൻ സിങ്ങിന് രണ്ട് വർഷത്തിൽ താഴെ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കഴിഞ്ഞുള്ളൂ- ഛത്തീസ്ഗഢ് മേഖലയിൽ നിന്നുള്ള ഒരു ഗോത്ര വിഭാഗത്തിൽ നിന്നുള്ള നരേഷ് ചന്ദ്ര സിങ് അദ്ദേഹത്തിന്റെ പിൻഗാമിയായി.
അടിയന്തരാവസ്ഥ കാലത്തെ സർക്കാർ
ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രി ഭരിച്ചത് വെറു രണ്ടാഴ്ചയിൽ താഴെ മാത്രമായിരുന്നു. ആദ്യ മുഖ്യമന്ത്രിയുടെ മകൻ ശ്യാമ ചരൺ ശുക്ല കസേരയിൽ കണ്ണുവെച്ചിരുന്നു, ഗോവിന്ദ് നരേൻ സിങ്ങിനൊപ്പം കോൺഗ്രസ് വിട്ട നിരവധി എസ്‌വിഡി എംഎൽഎമാരും മടങ്ങിവരാൻ നോക്കുകയായിരുന്നു. ശ്യാമ ചരൺ ശുക്ലയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് വീണ്ടും അധികാരത്തിലേറി.
1972ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, ശ്യാമ ചരൺ ശുക്ലയെ മറികടന്ന് ഉജ്ജയിനിൽ നിന്നുള്ള എംഎൽഎ പ്രകാശ് ചന്ദ്ര സേത്തിയെ ഇന്ദിര ഗാന്ധി മുഖ്യമന്ത്രിയാക്കി. അതേസമയം, ഡൽഹിയിൽ സഞ്ജയ് ഗാന്ധി കൂടുതൽ ശക്തനായ വ്യക്തിയായി മാറുകയായിരുന്നു. സേത്തിക്ക് സഞ്ജയ്‌യുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു, 1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം, സഞ്ജയ് ഗാന്ധി തന്റെ പ്രിയപ്പെട്ട സഹായികളിലൊരാളായ ശുക്ലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രകാശ് ചന്ദ്ര സേത്തിയെ മാറ്റി. ഉത്തർ പ്രദേശിൽ എച്ച് എൻ ബഹുഗുണയ്ക്ക് പകരം എൻ ഡി തിവാരിയെ മുഖ്യമന്ത്രിയാക്കി.
പിതാവും പുത്രനും മുഖ്യമന്ത്രിമാരായ ചുരുക്കം ചിലരിൽ ഒരു പക്ഷേ, ആദ്യ വ്യക്തി ശ്യാമ ചരൺ ശുക്ലയായിരിക്കാം. ബിജുപട്നായിക്ക്, നവീൻ പട്നായിക്ക്, ദേവി ലാൽ, ഓം പ്രകാശ് ചൗട്ടാല, മുലായം സിംഗ്, അഖിലേഷ് യാദവ്, എച്ച് ഡി ദേവഗൗഡ, എച്ച് ഡി കുമാരസ്വാമി, വൈ എസ് രാജശേഖര റെഡ്ഡി, വൈ എസ് ജഗൻ മോഹൻ റെഡ്ഢി, എം കരുണാനിധി, എം കെ സ്റ്റാലിൻ എന്നിവരായിരുന്നു അച്ഛന് ശേഷം മുഖ്യമന്ത്രിമാരായ മക്കളിൽ ചിലർ
1977ലെ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ 320 അംഗ സഭയിൽ കോൺഗ്രസ് 84 സീറ്റിലേക്ക് ചുരുങ്ങി. എന്നാൽ ഒരു ദശാബ്ദം മുമ്പുള്ള എസ്‌വിഡി സർക്കാരിന്റെ അതേ വിധിയാണ് 1977 ൽ അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാരും നേരിട്ടത്. മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് മൂന്ന് മുഖ്യമന്ത്രിമാരുണ്ടായി - കൈലാഷ് ചന്ദ്ര ജോഷി, വീരേന്ദ്ര കുമാർ സക്ലേച്ച, സുന്ദർലാൽ പട്‌വ - 1980 ജനുവരിയിൽ ഇന്ദിര പ്രധാനമന്ത്രിയായി തിരിച്ചെത്തിയ ഉടൻ തന്നെ എസ് വി ഡി സർക്കാർ പിരിച്ചുവിട്ടു.
/indian-express-malayalam/media/media_files/JbYKQJcoWNB1zITKbazz.jpg)
അർജുൻ സിങ്ങും മോത്തിലാൽ വോറയും
1980ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 320ൽ 246 സീറ്റും കോൺഗ്രസ് നേടി. ബിജെഎസ്, ബിജെപിയായിമാറി. ബി ജെ പി എന്ന പുതിയ പാർട്ടി 60 സീറ്റുകൾ നേടുകയും ചെയ്തു. സിദ്ധി ജില്ലയിലെ ചുർഹട്ടിൽ നിന്നുള്ള എംഎൽഎയായ അർജുൻ സിങ്ങിനെ ഇന്ദിര മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയത്തിൽ രാജീവ് ഗാന്ധി സജീവമായ സമയവുമാണ്.
1980 മുതൽ 1989 വരെ, മധ്യപ്രദേശിൽ അഞ്ച് കോൺഗ്രസ് മുഖ്യമന്ത്രിമാരുണ്ടായിരുന്നു - അർജുൻ സിങ്ങും മോത്തിലാൽ വോറയും രണ്ടുതവണ വീതം ഈ സ്ഥാനം വഹിച്ചിരുന്നു, ശ്യാമ ചരൺ ശുക്ല ഒരു ചെറിയ കാലയളിവിൽ മൂന്നാം തവണ മുഖ്യമന്ത്രിയായി തിരിച്ചെത്തി. അർജുൻ സിങ്ങും വോറയും മരണം വരെ ദേശീയ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അർജുൻ സിങ് കോൺഗ്രസിന്റെ മതേതര മുഖങ്ങളിൽ ഒന്നായിരുന്നു, പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മാനവവിഭവശേഷി മന്ത്രി എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 27 ശതമാനം സംവരണം നടപ്പിലാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
1990: ബിജെപി ആദ്യ സർക്കാർ രൂപീകരിച്ചു
1990-ന്റെ തുടക്കത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് യുപിയിലേതുപോലെ കോൺഗ്രസ് പരാജയപ്പെട്ടു. 320ൽ 220 സീറ്റും നേടി ബി ജെ പിക്ക് ചരിത്രപരമായ ജനവിധി ലഭിച്ചു, സുന്ദർലാൽ പട്‌വ മുഖ്യമന്ത്രിയായി.
യുപി (കല്യൺ സിംഗ്), രാജസ്ഥാൻ (ഭൈരോൺ സിങ് ഷെഖാവത്ത്), ഹിമാചൽ പ്രദേശ് (ശാന്ത കുമാർ) എന്നിവിടങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിച്ചു. 1992 ഡിസംബർ ആറി ന് അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന് ശേഷം ബി ജെ പി ഭരിച്ച നാല് സർക്കാരുകളെയും പ്രധാനമന്ത്രി പി വി നരസിംഹ റാവു പിരിച്ചുവിട്ടു.
ദിഗ്‌വിജയ സിങ്ങിന്റെ ദശകം
1993ലെ തിരഞ്ഞെടുപ്പിൽ ബിജെപി 117 സീറ്റിൽ ഒതുങ്ങി. റാവു സർക്കാരിൽ അർജുൻ സിങ് മന്ത്രിയും മോത്തിലാൽ വോറ ഗവർണറും ആയതോടെ ഭോപ്പാലിൽ മുഖ്യമന്ത്രി സ്ഥാനം രഘോഗഡിലെ പഴയ രാജകുടുംബത്തിലെ ദിഗ്‌വിജയ സിങ്ങിന് ലഭിച്ചു. രണ്ട് തവണയയായി 2003 വരെ ദിഗ്‌വിജയ് സിങ് തുടർച്ചയായി അധികാരത്തിലിരുന്നു. അതിനിടയിൽ അർജുൻ സിങ് കോൺഗ്രസ് വിട്ടു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മധ്യപ്രദേശിനെ രണ്ടായി വിഭജിച്ചു. പത്താം വർഷം പൂർത്തിയാക്കുമ്പോഴേയ്ക്കും ദിഗ്‌വിജയ് സിങ് സർക്കാരിന് ജനപ്രീതി നഷ്ടമായി.
/indian-express-malayalam/media/media_files/4ZI4hyXlMpa4g2f1i9VU.jpg)
ഉമാഭാരതി, ശിവരാജ് സിങ് ചൗഹാൻ
ദിഗ്‌വിജയ് സിങ്ങിന്റെ കോൺഗ്രസ് സർക്കാരിനെതിരായ വലിയ ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പഴായിരുന്നു 2003-ലെ തിരഞ്ഞെടുപ്പ്. വാജ്‌പേയി സർക്കാരിലെ മന്ത്രിയായിരുന്ന ഉമാഭാരതി തിരഞ്ഞെടുപ്പിൽ മത്സരിച്ചു, ഒരിക്കൽ വാജ്‌പേയി പ്രതിനിധീകരിച്ച സീറ്റായ വിദിഷയിൽ നിന്നുള്ള എംപി ശിവരാജ് സിങ് ചൗഹാൻ, ദിഗ്‌വിജയയ്‌ക്കെതിരെ മത്സരിച്ചു. ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള സീറ്റുകൾ മാറിയ ശേഷമുള്ള മധ്യപ്രദേശിലെ 230 അംഗ നിയമസഭയിൽ ബിജെപി 173 സീറ്റുകളുടെ ഭൂരിപക്ഷം നേടി, ദിഗ് വിജയ് സിങ്ങിന് വിജയിക്കാൻ കഴിഞ്ഞെങ്കിലും കോൺഗ്രസ് വെറും 38 സീറ്റുകളിൽ ഒതുങ്ങി. ബാബറി മസ്ജിദ് -രാമജന്മഭൂമി വിഷയത്തിലൂടെ ശ്രദ്ധാകേന്ദ്രമായി മാറിയ ഉമാഭാരതി മുഖ്യമന്ത്രിയായി.
അധികം വൈകാതെ, 2004 ഓഗ്സ്റ്റിൽ ഉമാഭാരതിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. ഒരു പഴയ കേസാണ് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ ഉമാഭാരതിയെ നിർബന്ധിതയാക്കിയത്. ശിവ് രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കണമെന്ന് ബി ജെ പിയുടെ ദേശീയ നേതാക്കൾ ആഗ്രഹിച്ചിരുന്നു, എന്നാൽ, ഉമാ ഭാരതിയുടെ എതിർപ്പിനെ തുടർന്ന് സപ്താധിപൻ ബാബുലാൽ ഗൗറിനെ മുഖ്യമന്ത്രിയാക്കി. ഒരു വർഷത്തിലേറെയായി, ബി ജെ പിയുടെ രണ്ടാം നിര നേതൃത്വം തമ്മിലുള്ള തർക്കം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയതോടെ ബാബുലാൽ ഗൗർ രാജിവയ്‌ക്കുകയും ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്‌തു. ഉമാ ഭാരതി ഇതിനോട് കലഹിച്ചു നിന്നു, കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഉമാഭാരതിയെ ബി ജെ പിയിൽ നിന്ന് പുറത്താക്കുകയും രണ്ടുതവണ തിരിച്ചെടുക്കുകയും ചെയ്തു.
ശിവരാജ് സിങ് ചൗഹാൻ 2005 മുതൽ 2018 വരെ തുടർച്ചയായി മുഖ്യമന്ത്രി കസേരയിൽ
2018ലെ ശക്തമായ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 114 സീറ്റുകളും ബിജെപി 109 സീറ്റുകളും നേടി. കോൺഗ്രസ് നേതാവ് കമൽ നാഥ് മുഖ്യമന്ത്രിയായി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പിറ്റേ വർഷം ജ്യോതിരാദിത്യ സിന്ധ്യ തന്റെ പിതാവ് മാധവറാവു സിന്ധ്യയുടെ പാർട്ടിയായ കോൺഗ്രസ് വിട്ട് മുത്തശ്ശിയുടെ പാർട്ടിയിൽ (ബി ജ പി) ചേർന്നു. അദ്ദേഹത്തിന്റെ മുത്തശ്ശി വിജയരാജ് സിന്ധയായിരുന്നു ഈ പാർട്ടിയുടെ സഹസ്ഥാപക. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ രാജിവെച്ചു. 2020 മാർച്ചിൽ ബി ജെ പിയുടെ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി തിരിച്ചെത്തി.
ഷോലെയിലെ ഐതിഹാസിക ജോഡികൾ ജയ്-വീരു എന്ന് സ്വയം വിളിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കമൽനാഥും ദിഗ് വിജയ് സിങ്ങും ഇപ്പോൾ ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരെ കടുത്ത പോരാട്ടത്തിലാണ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് 2024ലെ ലോക്‌സഭാ പോരാട്ടത്തിന് അനുകൂലമായ സൂചനകൾ നൽകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us