ജനുവരി 19 നാണ് പള്‍സ് പോളിയോ വിതരണം അവസാനമായി നടന്നത്. ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളിലായിരുന്നു പോളിയോ തുള്ളിമരുന്ന് വിതരണം നടന്നത്. എന്നാല്‍, ബൂത്തുകളിലെ പോളിയോ വിതരണത്തിനു ശേഷം പുറത്തുവന്ന കണക്കുകള്‍ നിരത്തി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടക്കുകയാണ്.

പോളിയോ വിതരണത്തിനെതിരെ മലപ്പുറം ജില്ലയില്‍ വലിയ വിഭാഗം രക്ഷിതാക്കള്‍ മുഖംതിരിച്ച് നിന്നെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ആരോപണം. എന്നാൽ യാഥാര്‍ഥ്യം മറ്റൊന്നാണ്. മലപ്പുറത്ത് ആരോഗ്യവകുപ്പ് സജ്ജീകരിച്ച ബൂത്തുകളില്‍ എത്തി പോളിയോ തുള്ളിമരുന്ന് നല്‍കിയ കുട്ടികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണെങ്കിലും ജനുവരി 21 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആരോഗ്യവകുപ്പിന്റെ അധ്വാനം ഫലം കണ്ടു എന്നുവേണം പറയാന്‍.

19 ന് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്

മലപ്പുറം ജില്ലയില്‍ ഒരു വയസ്സിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ എണ്ണം ഏകദേശം നാലരലക്ഷമാണ്. ഇതില്‍ 54 ശതമാനം കുട്ടികളാണ് 19 ന് ബൂത്തുകളിലെത്തി പോളിയോ സ്വീകരിച്ചത്.

Read Also: അനുപം ഖേർ ഒരു കോമാളിയാണ്; ഗൗരവമായി കാണേണ്ടതില്ല: നസറുദ്ദീൻ ഷാ

പിന്നീട് സംഭവിച്ചത്

19 ന് ശേഷം വീടുകളിലെത്തി പോളിയോ വിതരണം നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. തുളളിമരുന്ന് നല്‍കാൻ മലപ്പുറത്ത് ഒരാഴ്ചയാണ്  ആരോഗ്യ വകുപ്പ് നീക്കിവച്ചത്. വീടുകളില്‍ ചെന്നുളള മരുന്ന് വിതരണം സജീവമാക്കിയതോടെ ജില്ലയിലെ പോളിയോ തുള്ളിമരുന്ന് വിതരണം 88 ശതമാനമായി. ബോധവത്‌കരണം നടത്തിയും തുള്ളിമരുന്ന് വിതരണത്തെ പ്രോത്സാഹിപ്പിച്ചും ആരോഗ്യവകുപ്പ് നടത്തുന്നത് വലിയ മുന്നേറ്റമാണ്.

മലപ്പുറം ജില്ലയില്‍ 450415 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് തുള്ളിമരുന്ന് നല്‍കാനുള്ളത്. ഇതിൽ 396365 കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. വളരെ പോസിറ്റീവ് ആയ സമീപനമാണ് രക്ഷിതാക്കൾ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തോട് കാണിക്കുന്നതെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നു. വലിയ ജില്ലയായതിനാലും ബൂത്തുകളിലെത്താനുള്ള അസൗകര്യമുള്ളതിനാലുമാണ് 19 ന് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ച കുട്ടികളുടെ എണ്ണം കുറഞ്ഞതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

പോളിയോ തുള്ളിമരുന്ന് വിതരണത്തോട് മലപ്പുറം ജില്ല മാത്രം മുഖംതിരിച്ചു എന്ന തരത്തിൽ പലയിടത്തും വാർത്തകൾ പ്രചരിച്ചിരുന്നു. അതിനെ വളരെ മോശം രീതിയിലാണ് പിന്നീട് സോഷ്യൽ മീഡിയ കെെകാര്യം ചെയ്‌തത്. എന്നാൽ, ജില്ലയിലെ 88 ശതമാനം കുട്ടികൾക്കും ഇതിനോടകം തുള്ളിമരുന്ന് നൽകാൻ സാധിച്ചതും തുള്ളിമരുന്ന് വിതരണം ഇപ്പോഴും തുടരുന്നതും സമൂഹമാധ്യമങ്ങളിൽ അത്തരക്കാർ വിസ്‌മരിച്ചു.

ജനുവരി 19 ന് ജില്ലാ അടിസ്ഥാനത്തിൽ നടന്ന പോളിയോ വിതരണത്തിന്റെ കണക്കുകൾ ഇങ്ങനെ: (ശതമാനത്തിൽ)

തിരുവനന്തപുരം 96

കൊല്ലം 90

പത്തനംതിട്ട 87

ആലപ്പുഴ 89

കോട്ടയം 88

ഇടുക്കി 98

എറണാകുളം 92

തൃശ്ശൂർ 88

പാലക്കാട് 77

മലപ്പുറം 54

കോഴിക്കോട് 80

വയനാട് 79

കണ്ണൂർ 82

കാസർകോട് 71

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook