റഷ്യന്‍ അധിനിവേശത്തിനിടയില്‍, നാറ്റോ അംഗവും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും യുക്രൈനും ഇടയിലുള്ള പ്രധാന രാജ്യവുമായ പോളണ്ടിന് അമേരിക്ക കൂടുതല്‍ സൈനിക സഹായങ്ങള്‍ നല്‍കി. 4,700 സൈനികരെ അധികമായി വിന്യസിച്ചതായും രണ്ട് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പോളണ്ടിന് കൈമാറിയതായും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
യുദ്ധത്തില്‍ ഓരോ നിമിഷവും തകരുന്ന യുക്രൈന് സൈനിക സഹായം നല്‍കുന്നതിനായി അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങളുടെ പ്രധാന മാര്‍ഗമായി പ്രവര്‍ത്തിക്കുകയാണ് പോളണ്ട്. യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന പതിനായിരങ്ങളേയും പോളണ്ട് സ്വീകരിക്കുന്നുണ്ട്.
നാറ്റായോയുമായുള്ള റഷ്യയുടെ പിരിമുറുക്കങ്ങളും യുക്രൈനുമായുള്ള ബന്ധവും പോളണ്ടിനേയും യുദ്ധ സാഹചര്യത്തിലേക്ക് നയിച്ചേക്കുമോ എന്ന ഭയം ജനിപ്പിച്ചിട്ടുണ്ട്. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പോളണ്ടിലെ സൈനിക സാന്നിധ്യം രണ്ടിരട്ടിയായി വര്‍ധിപ്പിച്ച കാര്യം സൂചിപ്പിച്ചിരുന്നു. പോളണ്ട് നാറ്റോയുടെ ഭാഗമായതിന്റെ 23-ാം വാര്‍ഷകത്തോട് അനുബന്ധിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഇത് നാറ്റോ സഖ്യകക്ഷികൾ ഒരുമിച്ച് നിൽക്കുമെന്ന വ്യക്തമായ സന്ദേശം നൽകുന്നു. ഞങ്ങൾ പോളണ്ടിനെ സംരക്ഷിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളണ്ടില്‍ വിന്യസിച്ചിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം
രണ്ട് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് പോളണ്ടില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. മിസൈല്‍, സൈനിക വിമാനങ്ങളേയും ചെറുക്കുന്ന സംവിധാനമാണെന്നാണ് ഓപ്പറേഷണല്‍ ടെസ്റ്റ് ആന്‍ഡ് ഇവാലുവേഷന്‍ ഓഫീസ് ഓഫ് ദി സെക്രട്ടറി ഓഫ് ഡിഫന്‍സ് (ഡിഒടി&ഇ) ഡയറക്ടറില്‍ നിന്ന് ലഭിക്കുന്ന വിവരം.
മറ്റ് ഉപകരണങ്ങള്‍ക്കൊപ്പം രാജ്യത്തിന് നേരെ വരുന്ന മിസൈലുകൾ കണ്ടെത്തുന്നതിനായുള്ള പ്രത്യേക സംവിധാനവും, മിസൈല്‍ ഭീഷണി ഇല്ലാതാക്കാനുള്ള പാട്രിയറ്റ് അഡ്വാന്‍സ്ഡ് ക്യാപ്പബിലിറ്റി (പിഎസി) – 3 മിസൈലുകളും പിഎസി-2 മിസൈലുകളും പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. ഇതിന്റെ ഏറ്റവും പുതിയ വേരിയന്റായ മിസൈല്‍ സെഗ്മെന്റ് എന്‍ഹാന്‍സ്മെന്റ് (എംഎസ്ഇ) വളരെയധികം നാശം വിതയ്ക്കുന്ന ഒന്നാണ്.
യുഎസ് പ്രതിരോധ വകുപ്പിന്റെ 2019 ലെ റിപ്പോർട്ട് അനുസരിച്ച് 1982 ല്‍ ആദ്യമായി വിന്യസിക്കപ്പെട്ട മിസൈല്‍ സംവിധാനം 2003 ലെ ‘ഓപ്പറേഷൻ ഇറാഖി ഫ്രീഡം’ ലാണ് അമേരിക്കന്‍ പ്രതിരോധ സേനയുടെ ഭാഗമായത്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഏറ്റെടുത്തു.
എന്തുകൊണ്ടാണ് അമേരിക്ക പോളണ്ടിൽ സൈന്യത്തെ ശക്തിപ്പെടുത്തിയത്?
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ പോളണ്ട് വർഷങ്ങളോളം സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ട് വീണ്ടും നാസി ജർമ്മനിയുടെയും റഷ്യയുടെയും അധിനിവേശങ്ങള്‍ക്കിരയായിരുന്നു. 1991 ലാണ് പോളണ്ടിന്റെ ആദ്യത്തെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് സൈന്യം പോളണ്ടില്‍ നിന്നും പിന്‍വലിഞ്ഞു. ഇപ്പോള്‍ യുക്രൈനില്‍ നടക്കുന്ന ആക്രമണം തങ്ങളുടെ രാജ്യത്തേക്കും വ്ളാഡിമിര്‍ പുടിന്‍ വ്യാപിപ്പിക്കുമൊ എന്ന ഭയം പോളണ്ടിലെ ഭരണാധികാരികള്‍ക്കുണ്ട്.
ബെലാറസില്‍ വർദ്ധിച്ചുവരുന്ന റഷ്യയുടെ സൈനിക സാന്നിധ്യവും ആശങ്കകളെ കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ്. 2020 ൽ ബെലാറസ് പ്രസിഡന്റായി അലക്‌സാണ്ടർ ലുകാഷെങ്കോ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തണമെന്ന് പോളണ്ട് ആവശ്യപ്പെട്ടിരുന്നു, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. 2021 ല്‍ പോളണ്ട് അതിര്‍ത്തിയില്‍ ലുകാഷെങ്കോ കുടിയേറ്റ പ്രതിസന്ധി സൃഷ്ടിക്കുകയും ഉപരോധത്തില്‍ ഇളവ് ലഭിക്കാനായി അവരെ കരുവാക്കിയെന്നും പോളണ്ട് കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം, യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന് മുന്‍പ് ബെലാറസിലെ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യം പോളണ്ടിനും മറ്റ് ബാൾട്ടിക് രാജ്യങ്ങൾക്കും ഭീഷണിയാണെന്ന് ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസെദ മുന്നറിയിപ്പ് നൽകിയിരുന്നു. ഭീഷണ സാഹചര്യത്തില്‍ പോളണ്ട് വിദേശകാര്യ മന്ത്രി സ്ബിഗ്ന്യു റു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് പ്രതിരോധം വർദ്ധിപ്പിക്കാനും നാറ്റോ സൈനികരെ വിന്യസിക്കാനും ആവശ്യപ്പെട്ടിരുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പിന്നീട് പോളണ്ട് തലസ്ഥാനമായ വാര്‍സോയിലെ സന്ദര്‍ശന വേളയില്‍ കമലാ ഹാരിസ് പോളണ്ടിന് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതായി പ്രഖ്യാപിച്ചു. പോളണ്ടില്‍ 5,000 സൈനികരെ വിന്യസിച്ചിട്ടുള്ളതിന് പുറമെയാണ് കൂടുതല്‍ സൈനിക സഹായങ്ങള്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ അമേരിക്കയുടെ സൈനിക സാന്നിധ്യത്തെ പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ സ്വാഗതം ചെയ്തു. നാറ്റോ അല്ലെങ്കില്‍ ലോകരാജ്യങ്ങള്‍ എതിര്‍ത്തില്ലെങ്കില്‍ തന്റേതടക്കമുള്ള രാജ്യങ്ങളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളണ്ടെങ്ങനെയാണ് യുക്രൈനെ സഹായിക്കുന്നത്
യുക്രൈന് മാനുഷിക സഹായത്തിന് പുറമെ സൈനിക സഹായവും നൽകുന്നതിൽ പോളണ്ട് മുൻപന്തിയിലാണ്. റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ ജർമ്മനിയിലെ സൈനിക ശേഖരം പോളണ്ടിലേക്കും റൊമാനിയയിലേക്കും മാറ്റിയതായും പിന്നീട് യുക്രൈനിലേക്ക് എത്തിച്ചതായും അമേരിക്കന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പോളണ്ട് തങ്ങളുടെ എല്ലാ എംഐജി-29 യുദ്ധവിമാനങ്ങളും ജർമ്മനിയിലെ യുഎസ് വ്യോമതാവളത്തിലേക്ക് മാറ്റാമെന്നും തുടര്‍ന്ന് യുക്രൈന് അയച്ച് നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയിത് നിരസിച്ചു. സാഹചര്യത്തിന്റെ തീവ്രതകൂട്ടാനുള്ള ശ്രമമായി പുടിന്‍ തെറ്റിദ്ധരിച്ചേക്കാമെന്നും നാറ്റോയ്ക്ക് മാത്രമല്ല, അമേരിക്കയുടെ ദേശിയ ദുരക്ഷയ്ക്കും നല്ലതല്ലെന്നും യുഎസ് പ്രെസ് സെക്രട്ടറി ജോണ്‍ കിര്‍ബി വ്യക്തമാക്കി. യുക്രൈന്‍ ജനതയ്ക്കും ദോഷം ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തി. യുക്രൈന് സ്വന്തമായും സൈനിക സഹായങ്ങള്‍ പോളണ്ട് നല്‍കുന്നുണ്ട്.
Also Read: ബ്രഹ്മോസോ പൃഥ്വിയോ; വഴിതെറ്റിയ ആ ഇന്ത്യന്‍ മിസൈല്‍ ഏത്?