തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ നിരോധനം നിലവിൽ വരും. പുതുവർഷത്തിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് കേരളം. 2020 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കവർ, പാത്രം, കുപ്പികൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതാണു തീരുമാനം.

ഇനി വേണ്ട

പ്ലാസ്റ്റിക് സഞ്ചികൾ, പ്ലാസ്റ്റിക് ഷീറ്റ്, റെസ്റ്റോറന്റുകളിലും ആഘോഷങ്ങളിലും വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂൺ, സ്ട്രോ, സ്റ്റെറർ, തെർമോക്കോൾ/സ്റ്റൈറോഫോം പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ് എന്നിവ നിരോധിച്ച പ്ലാസറ്റിക് ഉൽപ്പന്നങ്ങളിൽപ്പെടും. ബാഗ്, ബൗൾ, നോൺ വൂവൺ ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങൾ, പ്ലൗസ്റ്റിക് കുടിവെള്ള പൗച്ച്, ബ്രാൻഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലീറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ (ഗാർബേജ് ബാഗ്) ഫ്ലക്സ്, ബാനർ എന്നിവയ്ക്കും നിരോധനമുണ്ട്.

നിരോധനമില്ലാത്തത്

ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം ഉൾപ്പടെയുള്ളവയ്ക്കുള്ള നിരോധനം നീക്കിയിട്ടുണ്ട്. അളന്നുവച്ച ധാന്യങ്ങളും പയർവർഗങ്ങളും സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്കും നിരോധനമില്ല. മത്സ്യം, ഇറച്ചി, ധാന്യങ്ങൾ എന്നിവ തൂക്കം നിർണയിച്ച ശേഷം വിൽപ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവർ, കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യപരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്കും നിരോധനമില്ല. മത്സ്യം, ഇറച്ചി, ധാന്യങ്ങൾ എന്നിവ തൂക്കം നിർണയിച്ച ശേഷം വിൽപ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവറിനുള്ള നിരോധനവും നീക്കിയിട്ടുണ്ട്.

പകരമെന്ത്?

പ്ലാസ്റ്റിക് സഞ്ചിക്കും പ്ലാസ്റ്റിക് പാത്രത്തിനുമെല്ലാം പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ വിപണിയിൽ ലഭ്യമാണെങ്കിലും അത് ആവശ്യത്തിനുണ്ടോയെന്ന കാര്യം സംശയമാണ്. എന്നാൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുന്നതോടെ അത്തരത്തിലുള്ള ബദൽ മാർഗങ്ങൾ കൂടുതൽ സജ്ജമാകും.

കുടുംബശ്രീ പ്ലാസ്റ്റിക്കിന് പകരമായി തുണിസഞ്ചികൾ വിപണിയിലെത്തിക്കുന്നുണ്ട്. തുണിക്ക് പുറമെ ചണം, പേപ്പർ സഞ്ചികളും 3000 യൂണിറ്റുകളിൽ നിന്നായി ഉപഭോഗത്തിനെത്തും. പാള ഉപയോഗിച്ചുള്ള പാത്ര നിർമാണവും വിപുലമാക്കും. പ്ലാസ്റ്റിക് വാഴയിലകൾക്കും പ്ലേറ്റുകൾക്കുമെല്ലാം പിടിവീഴുന്ന സാഹചര്യത്തിൽ പാള ഉപയോഗിച്ച് നിർമിക്കുന്ന പാത്രങ്ങൾക്കും ആവശ്യക്കരുണ്ടാകും.

എതിർപ്പുമായി വ്യാപാരികൾ

അതേസമയം പ്ലാസ്റ്റിക് നിരോധനത്തിൽ വ്യാപാരികളുടെ എതിർപ്പ് ശക്തമാണ്. സംസ്ഥാനത്ത് വ്യാഴാഴ്‌ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. പ്ലാസ്റ്റിക് കവറുകള്‍ ഇല്ലാതാവുന്നതോടെ കച്ചവടം കുറയുമെന്ന ആശങ്കയാണ് വ്യാപാരി വ്യവാസികള്‍ നിരോധനത്തെ എതിര്‍ക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

നിയമം ലംഘിച്ചാൽ

നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും. ആദ്യം 10000 രൂപയും നിയമലംഘനം തുടർന്നാൽ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. നിലവിൽ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook