scorecardresearch

Latest News

എന്താണ് ആരാധനാലയ നിയമം, എന്തൊക്കെയാണ് അതിലെ വ്യവസ്ഥകൾ?

വാരണാസിയിലെ ഗ്യാൻവാപി പള്ളിയിലെ വീഡിയോ സർവേയ്‌ക്കെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുകയാണ്. 1991-ൽ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ ലംഘനമാണ് സർവേയെന്ന് ഒരു മുസ്ലീം സംഘടന പറയുന്നു. എന്താണ് ഈ നിയമം, സുപ്രീം കോടതി മുമ്പ് ഇതിനെക്കുറിച്ച് എന്താണ് പറഞ്ഞത്?

Gyanvapi Mosque, supreme court

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാൻവാപി മസ്ജിദിൽ വീഡിയോഗ്രാഫിക് സർവേ നടത്താൻ നിർദേശിച്ച വാരണാസി സിവിൽ കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കുകയാണ്. ഏപ്രിൽ 21 ന് അലഹബാദ് ഹൈക്കോടതി ശരിവച്ച വാരണാസി കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രധാന വാദം, ഉത്തരവ് 1991 ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു.

എന്താണ് ആരാധനാലയ നിയമം, അതിലെ വ്യവസ്ഥകൾ എന്തൊക്കെയാണ്?

“1947 ഓഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിർത്തുന്നതിനും ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരിവർത്തനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാറ്റുന്നതോ നിരോധിക്കുന്നതിനുമുള്ള നിയമം” എന്നാണ് നിയമം വിശദീകരിക്കുന്നത്.

ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരം, ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തെ പൂർണ്ണമായോ ഭാഗികമായോ, മറ്റൊരു മതവിഭാഗത്തിന്റെ – അല്ലെങ്കിൽ ഒരേ മതവിഭാഗത്തിന്റെ മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയമാക്കി മാറ്റുന്നത് തടയുന്നുണ്ട്.

1947 ആഗസ്ത് 15-ന് ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം “നിലവിലുണ്ടായിരുന്നതുപോലെ തന്നെ തുടരും” എന്ന് സെക്ഷൻ 4(1) പ്രഖ്യാപിക്കുന്നു. 1947 ആഗസ്ത് 15-ന് നിലവിലുള്ള ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയുടെ മുമ്പാകെ തീർപ്പുകൽപ്പിക്കാത്ത ഏതെങ്കിലും കേസോ നിയമനടപടിയോ റദ്ദാക്കപ്പെടുമെന്നും കൂടാതെ പുതിയ കേസോ നിയമ നടപടികളോ ആരംഭിക്കാൻ കഴിയില്ലെന്നും സെക്ഷൻ 4(2) പറയുന്നു.

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിനും അതുമായി ബന്ധപ്പെട്ട ഏത് കേസിനും അപ്പീലിനും നടപടികൾക്കും ഈ നിയമം ബാധകമല്ലെന്ന് സെക്ഷൻ 5 അനുശാസിക്കുന്നു.

ഈ നിയമത്തെ ചോദ്യം ചെയ്ത് ലക്‌നൗ ആസ്ഥാനമായുള്ള വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘും സനാതൻ വേദ മതത്തിന്റെ ചില അനുയായികളും ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും സമർപ്പിച്ച രണ്ട് ഹർജികളെങ്കിലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ജുഡീഷ്യൽ പുനരവലോകനത്തെ നിയമം തടയുന്നു, യുക്തിരഹിതമായി നിശ്ചയിച്ചിരിക്കുന്ന തീയതി ഹിന്ദുക്കൾ, ജൈനർ, ബുദ്ധമതക്കാർ, സിഖുകാർ എന്നിവരുടെ അവകാശങ്ങളെ ലഘൂകരിക്കുന്നു എന്നാണ് ഹർജിയിലെ വാദം.

2021 മാർച്ചിൽ ഉപാധ്യായയുടെ ഹർജിയിൽ കോടതി നോട്ടീസ് അയച്ചെങ്കിലും കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല.

ഏത് സാഹചര്യത്തിലാണ് 1991-ലെ നിയമം നടപ്പിലാക്കിയത്, സർക്കാർ എങ്ങനെയാണ് അതിനെ ന്യായീകരിച്ചത്?

രാമക്ഷേത്രത്തിനായുള്ള സമരങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ നിന്ന സമയത്താണ് പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ കോൺഗ്രസ് സർക്കാർ ഈ നിയമം കൊണ്ടുവന്നത്. ബാബറി മസ്ജിദ് അപ്പോഴും നിലനിന്നിരുന്നു, എന്നാൽ എൽ കെ അദ്വാനിയുടെ രഥയാത്ര, ബിഹാറിൽ അറസ്റ്റ്, ഉത്തർപ്രദേശിൽ കർസേവകർക്ക് നേരെയുള്ള വെടിവയ്പ്പും വർഗീയ സംഘർഷങ്ങളും ആ സമയത്തായിരുന്നു.

പാർലമെന്റിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തര മന്ത്രി എസ് ബി ചവാൻ, “സാമുദായിക അന്തരീക്ഷം തകർക്കുന്ന ആരാധനാലയങ്ങളുടെ പരിവർത്തനവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉയർന്നുവരുന്ന വിവാദങ്ങൾ കണക്കിലെടുത്ത് ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നു… ഏതെങ്കിലും ആരാധനാലയത്തിന്റെ പരിവർത്തനവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത് ഈ ബിൽ തടയും…”, എന്നാണ് പറഞ്ഞത്.

ആരാധനാലയ നിയമത്തെക്കുറിച്ചും കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് തർക്കത്തെക്കുറിച്ചും ബിജെപി എന്താണ് പറഞ്ഞത്?

പ്രധാന പ്രതിപക്ഷമായ ബിജെപി ബില്ലിനെ എതിർത്തു. “പൂച്ചകളുടെ പുരോഗതിക്കെതിരെ പ്രാവുകൾ കണ്ണടയ്ക്കുന്നത് പോലെയാണ് ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947-ലെ തൽസ്ഥിതി നിലനിർത്തുന്നത്. ഇത് വരും തലമുറയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കു.” എന്നാണു എംപി ഉമാഭാരതി പറഞ്ഞത്. കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് തർക്കത്തെക്കുറിച്ചും അവർ പരാമർശിച്ചു, “ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ പള്ളിയുടെ സ്ഥലത്ത് ഉപേക്ഷിച്ച ഔറംഗസീബിന്റെ ഉദ്ദേശ്യം ഹിന്ദുക്കളെ അവരുടെ ചരിത്രപരമായ വിധിയെ കുറിച്ച് ഓർമ്മിപ്പിക്കാനും വരും തലമുറകളെ മുസ്ലീങ്ങളെ അവരുടെ ഭൂതകാല പ്രതാപത്തിന്റെയും ശക്തിയെയും കുറിച്ച് ഓർമ്മിപ്പിക്കാനും ആയിരുന്നില്ലേ?” എന്നാണ് അവർ ചോദിച്ചത്.

അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള സമരങ്ങളുടെ സമയത്ത്, വാരണാസിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് വിഎച്ച്പിയും ബിജെപിയും പലപ്പോഴും സംസാരിച്ചിരുന്നു. അക്കാലത്തെ ഒരു ജനപ്രിയ മുദ്രാവാക്യം ഇതായിരുന്നു, “അയോധ്യ തോ ബസ് ജാങ്കി ഹേ, കാശി മഥുര ബാക്കി ഹേ (അയോധ്യ ഒരു തുടക്കം മാത്രമാണ്, കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളൂ).”

അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്ക് നൽകുന്ന സുപ്രീം കോടതിയുടെ 2019 ലെ ഏകകണ്ഠമായ വിധിക്ക് ശേഷം, വാരാണസിയിലും മഥുരയിലും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആവശ്യങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ആർഎസ്എസ് ശ്രമിച്ചു. അയോധ്യ വ്യത്യസ്ത സംഭവമാണെന്നായിരുന്നു നിലപാട്.

അയോധ്യ വിധിയിൽ ആരാധനാലയ നിയമത്തെക്കുറിച്ച് സുപ്രീം കോടതി എന്താണ് പറഞ്ഞത്?

1991ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല, രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം കേട്ട സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെ അത് വന്നിരുന്നില്ല. എന്നാൽ, നിയമത്തെക്കുറിച്ച് അലഹബാദ് ഹൈക്കോടതിയുടെ ചില നിഗമനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയ കോടതി, നിയമത്തെ പിന്തുണച്ച് പ്രത്യേക നിരീക്ഷണങ്ങൾ നടത്തി.

1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇങ്ങനെ ഒരു നിയമം പ്രഖ്യാപിച്ച പാർലമെന്റ്, എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അതിന്റെ രീതികളിൽ മാറ്റം വരുത്തില്ലെന്നും ആത്മവിശ്വാസം നൽകുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നായ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതേതര സവിശേഷതകൾ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത നിയമമാണ് ആരാധനാലയ നിയമമെന്നും നമ്മുടെ മതേതര മൂല്യങ്ങളുടെ ഒരു പ്രധാന സവിശേഷതയായി സംരക്ഷിക്കുന്ന ഒരു നിയമനിർമ്മാണ ഇടപെടലാണെന്നും കോടതി പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Places of worship act explained