15 ദിവസത്തിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 9.2 രൂപ വീതമാണു വര്‍ധിപ്പിച്ചത്. ക്രൂഡ് ഓയില്‍ വിലവര്‍ധനയ്ക്ക് അനുസൃതമായി എണ്ണ വിപണന കമ്പനികള്‍ (ഒഎംസി) വില പുതുക്കുന്നതിനാല്‍ ഇന്ധനവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വില ഇനി എത്ര ഉയരും?
വാഹന ഇന്ധനങ്ങളുടെ വില്‍പ്പനയില്‍ സാധാരണ മാര്‍ക്കറ്റിങ് മാര്‍ജിന്‍ നിലനിര്‍ത്താന്‍, ഒഎംസികള്‍ക്കുള്ള ക്രൂഡ് ഓയിലിന്റെ വിലയില്‍ ബാരലിന് ഒരു ഡോളര്‍ കൂടുമ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില 0.52-0.60 രൂപ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നവംബര്‍ നാലു മുതല്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 28.4 ഡോളര്‍ വര്‍ധിച്ച് 108.9 ഡോളറായി ഉയര്‍ന്നു. ഇത് ബ്രെന്റ് ക്രൂഡിന്റെ നിലവിലെ വിലയില്‍നിന്ന് പെട്രോളിനും ഡീസലിനും 5.5-7.8 രൂപ വീതം വര്‍ധനവിനു കാരണമാകുമെന്നു സൂചിപ്പിക്കുന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഒഎംസികള്‍ നവംബര്‍ നാലു മുതല്‍ 137 ദിവസത്തേക്ക് വില പരിഷ്‌കരണം നിര്‍ത്തിവച്ചിരുന്നു.
”നിലവിലെ നികുതി നിരക്കില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഓരോ ഡോളര്‍ കൂടുമ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില ലിറ്ററിന് 60 പൈസ വീതം വര്‍ധിക്കണം,” ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എയുടെ വൈസ് പ്രസിഡന്റും കോ-ഗ്രൂപ്പ് ഹെഡുമായ പ്രശാന്ത് വസിഷ്ഠ് പറഞ്ഞു.
അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച്, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഉപഭോക്താക്കളില്‍ ചെലുത്തുന്ന ആഘാതം കുറയ്ക്കാന്‍ കേന്ദ്രം തീരുമാനമെടുത്തേക്കാം. 2021 നവംബറില്‍ പെട്രോളിന്റെ എക്സൈസ് തീരുവയില്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവയില്‍ 10 രൂപയും കുറച്ചിട്ടും കേന്ദ്ര നികുതികള്‍ കോവിഡിനു മുന്‍പുള്ള കാലത്തെ അപേക്ഷിച്ച് പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറ് രൂപയും കൂടുതലാണ്. ഡല്‍ഹിയില്‍ പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയുടെ 43 ശതമാനവും ഡീസല്‍ വിലയുടെ 37 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്.
കഴിഞ്ഞയാഴ്ച ഒഎംസികള്‍ എല്‍പിജിയുടെ വില 50 രൂപ വര്‍ധിപ്പിച്ചതോടെ തലസ്ഥാനത്ത് 14.2 കിലോ പാചക ഇന്ധന സിലിണ്ടര്‍ വില 949 രൂപയായി. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില കാരണം നിലവിലെ വിലനിലവാരത്തില്‍ എല്‍പിജി വില്‍പ്പനയില്‍ ഒഎംസികള്‍ ഇപ്പോഴും നഷ്ടം നേരിടുന്നതായി വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്തുകൊണ്ടാണ് ഇന്ധനവില പെട്ടെന്ന് വര്‍ധിക്കുന്നത്?
പെട്രോള്‍ ലിറ്ററിന് അഞ്ചും ഡീസലിന് പത്തും രൂപ എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച ശേഷം നവംബര്‍ നാലു മുതല്‍ 137 ദിവസത്തേക്ക് ഒഎംസികള്‍ ഇന്ധനവില വില ഒരേ തരത്തില്‍ നിലനിര്‍ത്തിയിരുന്നു. ഒഎംസികള്‍ വില പരിഷ്‌കരണങ്ങള്‍ പുനഃരാരംഭിച്ചതോടെ ഈ കാലയളവില്‍ അന്താരാഷ്ട്ര ക്രൂഡ് വിലയിലുണ്ടായ വര്‍ധനയുടെ മുഴുവന്‍ ആഘാതവും ഇപ്പോള്‍ ഉപഭോക്താക്കളിലേക്കു കൈമാറുകയാണ്. 15 ദിവസത്തിനിടെ 13 തവണ വില വര്‍ധിപ്പിച്ചശേഷം രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിനു 104.6 രൂപയായും ഡീസല്‍ വില 95.9 രൂപയായും ഉയര്‍ന്നു.
സാധാരണഗതിയില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വിലയുടെ 15 ദിവസത്തെ ഏറ്റക്കുറച്ചലിന്റെ ശരാശരിക്ക് അനുസൃതമായാണ് പെട്രോള്‍, ഡീസല്‍ വില ദിവസവും പരിഷ്‌കരിക്കുന്നത്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശവും സൗദി അറേബ്യയിലെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഹൂതി ആക്രമണങ്ങളും ക്രൂഡ് ഓയില്‍ വിതരണത്തിലെ തടസങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ആശങ്കകളിലേക്ക് നയിച്ചു. ഇതാണു ക്രൂഡ് ഓയില്‍ വില ഉയരാന്‍ കാരണമായത്.
Also Read: എച്ച്ഡിഎഫ്‌സി ലിമിറ്റഡും എച്ച്ഡിഎഫ്‌സി ബാങ്കും ലയിക്കുന്നത് എന്തിന്?