scorecardresearch

137 ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോൾ, ഡീസൽ വില വർധന; കാരണം എന്ത്, ഇനിയും വർധിക്കുമോ?

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചത്

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചത്

author-image
WebDesk
New Update
Petrol, Diesel, Fuel Price

എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില ലിറ്ററിന് 0.8 രൂപ വർധിപ്പിച്ചതിനാൽ നാല് മാസത്തിനിടെ ആദ്യമായി രണ്ട് ഇന്ധനങ്ങളുടെയും വില ചൊവ്വാഴ്ച വർധിച്ചു. രാജ്യതലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 96.21 രൂപയും ഡീസൽ ലിറ്ററിന് 87.47 രൂപയുമാണ്. ഒഎംസികൾ ബൾക്ക് ഡീസലിന്റെ വില ഞായറാഴ്ച ലിറ്ററിന് 25 രൂപ വർധിപ്പിച്ചതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും വർദ്ധിക്കുമെന്ന് കരുതുന്നു.

എന്തുകൊണ്ടാണ് എണ്ണ വിപണന കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്?

Advertisment

അസംസ്‌കൃത എണ്ണയുടെ വില കുത്തനെ വർധിച്ചതിനെ തുടർന്ന് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചത്. ബ്രെന്റ് ക്രൂഡിന്റെ വില 45 ശതമാനം വർധിച്ച് ബാരലിന് 118.5 ഡോളറിലെത്തി. ഒഎംസികൾ ഇതിനു മുൻപ് ഇന്ധനവില പുതുക്കിയപ്പോൾ ഇത് ബാരലിന് 81.6 ഡോളറായിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

സാധാരണഗതിയിൽ, പെട്രോളിയം ഉൽപന്നങ്ങളുടെ ബെഞ്ച്മാർക്ക് വിലയുടെ 15 ദിവസത്തെ ശരാശരിക്ക് അനുസൃതമായി പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ ദിവസവും പരിഷ്കരിക്കുന്നു. എന്നിരുന്നാലും, നവംബർ നാല് മുതൽ പെട്രോളിന്റെ എക്‌സൈസ് തീരുവയിൽ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപയും കുറച്ചതായി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ മുതൽ എണ്ണ വിപണന കമ്പനികൾ രണ്ട് ഇന്ധനങ്ങളുടെയും വില സ്ഥിരമായി നിലനിർത്തി. ഈ മാസമാദ്യം ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ വില പരിഷ്‌കരണത്തിലെ മരവിപ്പ് തുടർന്നു.

ഇന്ധനവില എത്ര ഉയരുമെന്ന് പ്രതീക്ഷിക്കുന്നു?

എണ്ണ വിപണന കമ്പനികൾക്ക് അവരുടെ മാർക്കറ്റിംഗ് മാർജിൻ നിലനിർത്താൻ ക്രൂഡ് ഓയിലിന്റെ വിലയിൽ ഓരോ ബാരലിന് ഓരോ ഡോളർ കൂടുമ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും വില ഏകദേശം 0.52 രൂപ വച്ച് വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുൻ വില പരിഷ്‌ക്കരണത്തിന് ശേഷം ക്രൂഡിന്റെ വില ബാരലിന് ഏകദേശം 37 ഡോളർ വർദ്ധിച്ചതിനാൽ, വിപണന മാർജിൻ പുനഃസ്ഥാപിക്കാൻ കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിന് 19 രൂപ വർധിപ്പിക്കേണ്ടി വന്നേക്കാം.

Advertisment

എന്നിരുന്നാലും, റിഫൈനിംഗ് മാർജിനുകളിലെ വർദ്ധനവ് (ക്രൂഡ് ഓയിലിന്റെ വിലയും ഒരു റിഫൈനറിയിൽ ക്രൂഡ് ഓയിൽ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂല്യവും തമ്മിലുള്ള വ്യത്യാസം) ഉയർന്ന ക്രൂഡ് ഓയിൽ വിലയുടെ ചില ആഘാതം തുടർന്നും കൈകാര്യം ചെയ്യാൻ റിഫൈനർമാരെ അനുവദിച്ചേക്കാം. ഉയർന്ന അസംസ്‌കൃത എണ്ണവില ഉപഭോക്താക്കളിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കുന്നതിന്, പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചേക്കുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.

പെട്രോളിന്റെ കേന്ദ്ര എക്‌സൈസ് തീരുവ ഇപ്പോഴും കോവിഡിന് മുമ്പുള്ളതിനേക്കാൾ എട്ട് രൂപ കൂടുതലാണ്. അതേസമയം ഡീസലിന്റെ എക്‌സൈസ് തീരുവ കോവിഡിന് മുമ്പുള്ളതിനേക്കാൾ ആറ് രൂപ കൂടുതലാണ്.

ചില്ലറ വിൽപന വിലയിലും ബൾക്ക് വിലയിലുമുള്ള വ്യത്യാസം എന്താണ്.

ചില്ലറ വിൽപ്പന വർദ്ധനയ്ക്കൊപ്പം, ബൾക്ക് ഡീസലിന്റെ വില ഇപ്പോൾ ചില്ലറ വിൽപനയ്ക്കുള്ള ഡീസലിന്റേതിനേക്കാൾ ലിറ്ററിന് 25 രൂപ കൂടുതലാണ്. മുംബൈയിൽ റീട്ടെയിൽ വിൽപന കേന്ദ്രങ്ങളിൽ ഡീസൽ ലിറ്ററിന് 94.14 രൂപയാണെങ്കിൽ ബൾക്ക് ഡീസലിന് വില 122 രൂപയായി വർധിച്ചതായി എണ്ണ വിപണന കമ്പനികളുടെ വൃത്തങ്ങൾ അറിയിച്ചു.

ബൾക്ക് ഡീസൽ വിലയിലെ വർധനയുടെ ആഘാതം എന്തായിരിക്കും?

ഇന്ത്യൻ റെയിൽവേ, ഫാക്ടറികൾ, മാളുകൾ, ഗതാഗത കമ്പനികൾ എന്നിവയുൾപ്പെടെ ഡീസൽ മൊത്തമായി വാങ്ങുന്നവർക്കാണ് ബൾക്ക് ഡീസൽ വില ബാധകമാവുക. റീട്ടെയിൽ ഉപഭോക്താക്കളെ അപേക്ഷിച്ച് അവർ ഉയർന്ന വില നേരിടേണ്ടിവരും. പവർ ബാക്കപ്പിനും മൊബൈൽ ടവറുകളുടെ പ്രവർത്തനത്തിനും ജെൻസെറ്റുകൾക്ക് ഊർജ്ജം പകരുന്നതിനാണ് ഡീസൽ പ്രധാനമായും വ്യവസായം ഉപയോഗിക്കുന്നത്. വൈദ്യുതി വിതരണത്തിനുള്ള ബാക്കപ്പായി ഡീസൽ ജെൻസെറ്റുകൾ ഉപയോഗിക്കുന്ന ഹൗസിംഗ് സൊസൈറ്റികൾക്കും ചെലവ് കൂടും.

ഡൽഹി, മുംബൈ തുടങ്ങിയ ഒന്നാം നിര നഗരങ്ങളിൽ വൈദ്യുതി വിതരണം കൂടുതൽ വിശ്വസനീയമായതിനാൽ, ബൾക്ക് ഡീസൽ വാങ്ങുന്നവർക്കുള്ള ഉയർന്ന വില, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ ജെൻസെറ്റുകളുടെ ഉപയോക്താക്കളെ ആനുപാതികമായി ബാധിക്കുമെന്ന് ഒരു വിദഗ്ധൻ പറഞ്ഞു.

ബൾക്ക് ഡീസൽ വില വർധിപ്പിക്കാനുള്ള നീക്കം ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് ഇന്ധനം ലഭ്യമാക്കാൻ ബൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്ന് വ്യവസായ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു.

ചില്ലറ വിൽപ്പനയും വ്യാവസായിക ഡീസലും തമ്മിൽ ലിറ്ററിന് 25 രൂപ വില വ്യത്യാസം ഉള്ളതിനാൽ ഇന്ധന സ്റ്റേഷനുകളിൽ ആവശ്യക്കാർ വൻതോതിൽ വർധിക്കുന്നതായി റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആർബിഎംഎൽ) വക്താവ് പറഞ്ഞു. ഇത് ബൾക്ക് ഡയറക്ട് ഉപഭോക്താക്കളെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് വലിയ തോതിൽ തിരിച്ചുവിടുന്നതിലേക്ക് നയിക്കും. വിലക്കയറ്റം പ്രതീക്ഷിച്ച് മുൻകൂർ വാങ്ങുന്ന പതിവ് വാണിജ്യ ഉപഭോക്താക്കളുടെ പർച്ചേസുകളിൽ വർദ്ധനവുണ്ടാവുമെന്നും വക്താവ് എടുത്തു പറഞ്ഞു.

രണ്ട് ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ നഷ്ടം നേരിടുന്നതിനാൽ റീട്ടെയിൽ കേന്ദ്രങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും വിതരണം കുറച്ചതായി RBML വൃത്തങ്ങൾ സ്ഥിരീകരിച്ചു. 2008-ൽ ക്രൂഡ് ഓയിലിന്റെ വില റെക്കോർഡ് ഉയരത്തിൽ എത്തിയപ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള ഒഎംസികൾ നൽകുന്ന സബ്‌സിഡി വിലയുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ഇന്ധന ചില്ലറ വിൽപ്പന പ്രവർത്തനങ്ങൾ നിർത്താൻ റിലയൻസ് നിർബന്ധിതരായിരുന്നു.

ഇന്ധന വിലവർധന പ്രതീക്ഷിച്ച് പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം കുത്തനെ വർധിച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു.

Petrol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: