പാസ്പോർട്ട് അനുവദിക്കുന്നതിന് മുന്നോടിയായുള്ള പൊലീസ് വെരിഫിക്കേഷൻ പ്രക്രിയിൽ അപേക്ഷകരുടെ സാമൂഹ്യ, രാഷ്ട്രീയ കാഴ്ചപ്പാടുകളും ഇടപെടലുകളഉം പരിഗണിക്കണമെന്ന് ബീഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പോലീസും സർക്കാരും അടുത്തിടെ നിർദേശം നൽകിയിരുന്നു,
ക്രമസമാധാന സംഭവങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ, റോഡ് തടയൽ സമരങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയവയുടെ സമയത്ത് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പാസ്‌പോർട്ടുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ബീഹാർ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ “ദേശവിരുദ്ധ” അല്ലെങ്കിൽ “സാമൂഹിക വിരുദ്ധ” പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ടെങ്കിൽ അതും പാസ്‌പോർട്ടിനായുള്ള പൊലീസ് പരിശോധനാ റിപ്പോർട്ടിന്റെ ഭാഗമാക്കുമെന്നും ഉത്തരാഖണ്ഡ് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഉത്തരവുകൾ ജനാധിപത്യവിരുദ്ധമാണെന്ന വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്.
എന്താണ് പാസ്‌പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ?
ഒരു പുതിയ പാസ്‌പോർട്ടിനായി ഒരു അപേക്ഷ നൽകിയ ശേഷം, അപേക്ഷകർ നൽകിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തേണ്ടതുണ്ട്. ഈ പ്രക്രിയയിൽ പ്രാഥമികമായി അപേക്ഷകരുടെ വിലാസം ശരിയാണോ എന്ന പരിശോധന, അപേക്ഷകർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന പരിശോധന എന്നിവ ഉൾപ്പെടുന്നു.
തനിക്കെതിരേ ഏതെങ്കിലും ക്രിമിനൽ കേസുണ്ടോയെന്നും കോടതിയിൽ കേസ് തീർപ്പാകാതെയുണ്ടോ എന്നും അപേക്ഷകർ വ്യക്തമാക്കണം. ഇക്കാര്യങ്ങൾ അന്വേഷിച്ച് സ്ഥിരീകരിച്ച് പൊലീസ് ഒരു റിപ്പോർട്ട് ഉണ്ടാക്കി പ്രാദേശിക പാസ്‌പോർട്ട് ഓഫീസിലേക്ക് അയയ്ക്കും.
Read More From Explained: ബസ് ആണോ, അതോ ട്രെയിൻ ആണോ; അറിയാം മെട്രോ നിയോയുടെ പ്രത്യേകതകൾ
റിപ്പോർട്ട് സാധാരണയായി മൂന്ന് തരത്തിലായാണ് പാസ്പോർട്ട് അധികൃതർക്ക് പൊലീസ് സമർപിക്കാറ്: ക്ലിയർ, ഫാക്ച്വൽ, നോട്ട് റെക്കമെന്റഡ് എന്നിങ്ങനെ.
ആദ്യത്തേത് അപേക്ഷകർക്ക് പാസ്പോർട്ട് അനുവദിക്കാമെന്ന തരത്തിലുള്ളവയാണ്. രണ്ടാമത്തേതിൽ അപേക്ഷകരുടെ വിലാസത്തിന്റെയും ക്രിമിനൽ പശ്ചാത്തലത്തിന്റെയും വസ്തുതാപരമായ ഒരു വിവരണം നൽകുകയും പാസ്‌പോർട്ട് നൽകണമോ എന്ന് തീരുമാനിക്കാൻ ആർപിഒയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നു. മൂന്നാമത്തേത് പാസ്‌പോർട്ട് ഇഷ്യു ചെയ്യരുതെന്ന് വ്യക്തമായി ശുപാർശ ചെയ്യുന്നു. വിലാസം തെറ്റാണെങ്കിലും, രേഖകൾ ശരിയല്ലെങ്കിലും ഇത്തരത്തിൽ പാസ്പോർട്ട് അനുവദിക്കരുതെന്ന് പറഞ്ഞ് പൊലീസ് റിപ്പോർട്ട് നൽകും. അല്ലെങ്കിൽ വ്യക്തിയുടെ മുൻ പ്രവൃത്തികളുടെ പേരിലും പാസ്‌പോർട്ട് നൽകരുതെന്ന് പൊലീസ് ശുപാർശ ചെയ്യും.
പാസ്‌പോർട്ട് വീണ്ടും ഇഷ്യു ചെയ്യുന്നതിന് പോലീസ് സാധാരണ ഗതിയിൽ പരിശോധന നടത്താറില്ല. എന്നാൽ അപേക്ഷകരുടെ സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലോ, പാസ്പോർട്ട് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തതിനാൽ വീണ്ടും ഇഷ്യു ചെയ്യാൻ അപേക്ഷ നൽകിയാലോ പൊലീസ് വെരിഫിക്കേഷനുണ്ടാവും.
ഏത് തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലങ്ങളാണ് പോലീസ് രേഖപ്പെടുത്തുന്നത്?
ക്രിമിനൽ കുറ്റത്തിന്റെ രജിസ്റ്റർ ചെയ്ത കേസുകൾ (എഫ്ഐആർ) അല്ലെങ്കിൽ കോടതി കേസുകൾ മാത്രമാണ് പോലീസ് അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടത്. നിയമപ്രകാരം കുറ്റകൃത്യത്തിന്റെ പരിധിയിൽ പെടാത്തതായ, അപേക്ഷകരുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലിനെക്കുറിച്ച് പോലീസ് അവരുടെ റിപ്പോർട്ടിൽ പ്രതിപാദിക്കണമെന്ന് 1967ലെ പാസ്‌പോർട്ട് ആക്റ്റിലോ അല്ലെങ്കിൽ 1980ലെ പാസ്പോർട്ട് നിയമങ്ങളിലോ എവിടെയും പരാമർശിക്കുന്നില്ല. മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട ഓവർ സ്പീഡ്, ട്രാഫിക് സിഗ്നൽ വെട്ടിക്കൽ പോലുള്ള കുറ്റങ്ങളും കണക്കിലെടുക്കാറില്ല.
പോലീസ് ‘നോട്ട് റെക്കമെന്റഡ്’ റിപ്പോർട്ട് നൽകിയാലോ?
ഒരു വ്യക്തിയുടെ യഥാർത്ഥ ക്രിമിനൽ പശ്ചാത്തലം അടിസ്ഥാനമാക്കി പോലീസ് ‘നോട്ട് റെക്കമെന്റഡ്’ റിപ്പോർട്ട് നൽകിയാലും, അല്ലെങ്കിൽ അപേക്ഷകരുടെ സോഷ്യൽ മീഡിയ ഇടപെടൽ അടിസ്ഥാനമാക്കിയോ അല്ലെങ്കിൽ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതുകൊണ്ടോ ഈ റിപ്പോർട്ട് നൽകിയാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പൊലീസ് അല്ല. പോലീസിന്റെ ശുപാർശ പരിഗണിക്കേണ്ടതുണ്ടോ എന്നത് വിദേശകാര്യ മന്ത്രാലയം മുഖേന കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടത്.
Read More From Explained: രാജ്യത്ത് 5ജി സേവനങ്ങൾ ഈ വർഷം ആരംഭിക്കുമോ? സാധ്യതകൾ അറിയാം
“രാജ്യത്തെവിടെയായായലും പോലീസ് ഇത്തരം റിപ്പോർട്ടുകൾ ആർപിഒയ്ക്ക് അയയ്ക്കുന്നു. അവ അതേപടി അംഗീകരിക്കുന്നത് വിരളമാണ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയവർ, ക്രമസമാധാന പ്രശ്നങ്ങളുടെ സാഹചര്യങ്ങളിൽ പൊലീസുമായി ഏറ്റുമുട്ടിയവർ, ക്രിമിനൽ കേസുകൾ നിലനിൽക്കുന്നവർ തുടങ്ങിയ സാഹചര്യങ്ങളിൽ ‘നോട്ട് റെക്കമെന്റഡ്’ റിപ്പോർട്ട് നൽകും. എന്നിട്ടും കോടതികളെ സമീപിച്ച ശേഷം പലർക്കും പാസ്‌പോർട്ട് ലഭിച്ചിട്ടുണ്ട്,” മുംബൈ പോലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് സർക്കാരിന് പാസ്‌പോർട്ട് നിയമപരമായി നിഷേധിക്കാൻ കഴിയുക?
പാസ്‌പോർട്ട് നിയമമനുസരിച്ച്, രണ്ട് കാരണങ്ങളാൽ ഒരു വ്യക്തിക്ക് പാസ്‌പോർട്ട് നിഷേധിക്കാൻ കഴിയും, അവ യഥാക്രമം സർക്കാരിന്റെയും കോടതികളുടെയും പരിധിയിലാണ്.
ആദ്യ വിഭാഗത്തിൽ, ഒരു വ്യക്തി യഥാർത്ഥത്തിൽ ഇന്ത്യൻ പൗരനല്ലെങ്കിൽ അയാൾക്ക് പാസ്‌പോർട്ട് നിഷേധിക്കപ്പെടാം. വിദേശത്തെത്തിയാൽ ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരും ഈ വിഭാഗത്തിൽ പെടുന്നു. ഇന്ത്യയിൽ നിന്ന് വിട്ടു പോയാൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായവരെയും ഇത്തരത്തിൽ പാസ്പോർട്ട് അനുവദിക്കുന്നതിൽ നിന്ന് തടയാം. ഏതെങ്കിലും വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തെ ബാധിക്കുന്ന സാഹചര്യത്തിലും ചിലരുടെ പാസ്പോർട്ട് തടയാൻ സാധിക്കും. ഒരാൾക്ക് പാസ്പോർട്ട് നൽകുന്നത് പൊതുതാൽപര്യത്തിന് അനുകൂലമല്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചാൽ അത്തരം ആളുകളുടെയും പാസ്പോർട്ട് തടയാനാവും.
Read More From Explained: കാർഷിക അടിസ്ഥാന വികസന സെസ് ഉപഭോക്താക്കളെ ബാധിക്കാത്തത് എന്തുകൊണ്ട്?
രണ്ടാമത്തെ വിഭാഗത്തിൽ, അപേക്ഷാ തീയതിക്ക് തൊട്ടുമുമ്പുള്ള അഞ്ചുവർഷത്തിനിടയിലെ കുറ്റകൃത്യങ്ങളുടെ പേരിൽ ഒരാൾക്ക് പാസ്പോർട്ട് നിഷേധിക്കപ്പെടാം. ധാർമികതയിൽ നിന്ന് വ്യതിചലിച്ച് കുറ്റകൃത്യങ്ങളിലേർപ്പെടുകയും രണ്ടു വർഷമോ അതിലധികമോ കോടതി ശിക്ഷ വിധിക്കുകയും ചെയ്തവരുടെ പാസ്പോർട്ട് തടഞ്ഞുവയ്ക്കാം.
അപേക്ഷകർ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ നിയമ നടപടികൾ ഇന്ത്യയിലെ ഒരു ക്രിമിനൽ കോടതിയിൽ തീർപ്പുകൽപ്പിക്കാതെ തുടരുന്നുണ്ടെങ്കിൽ അപേക്ഷകർക്ക് പാസ്‌പോർട്ട് നിഷേധിക്കപ്പെടാം. സമൻസോ, അപ്പിയറൻസ് വാറന്റോ അറസ്റ്റ് വാറന്റോ അപേക്ഷകർക്കെതിരെ നിലനിൽക്കുകയും, അവരുടെ വിദേശ യാത്ര തടയേണ്ടത് ആവശ്യമാണെന്ന് കോടതി കോടതി അറിയിക്കുകയും ചെയ്ത സാഹചര്യങ്ങളിലും പാസ്പോർട്ട് തടഞ്ഞുവയ്ക്കും.
പാസ്പോർട്ട് തടഞ്ഞുവച്ചാൽ എന്തു ചെയ്യണം?
എഫ്‌ഐആറിനെ അടിസ്ഥാനമാക്കി പാസ്പോർട്ട് തടഞ്ഞുവച്ചാൽ അതിനെതിരെ കോടതിയെ സമീപിക്കാൻ കഴിയും.
ഒരാളുടെ വിദേശയാത്രയെ കോടതി തടഞ്ഞിട്ടുണ്ടെങ്കിലോ, അല്ലെങ്കിൽ അയാളുടെ യാത്ര രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന സാഹചര്യത്തിലോ അല്ലാതെ എഫ്ഐആർ അല്ലെങ്കിൽ കോടതി കേസിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്കും പാസ്‌പോർട്ട് നിഷേധിക്കാനാവില്ലെന്ന് വർഷങ്ങളായി വിവിധ ഉത്തരവുകളിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങളുള്ള സാഹചര്യങ്ങളിലും പാസ്‌പോർട്ട് നൽകുന്നത് വളരെ അപൂർവമായി മാത്രമേ തടഞ്ഞിട്ടുള്ളൂ. വിദേശ യാത്ര ചെയ്യുന്നതിന് മുമ്പ് കോടതിയുടെ അനുമതി വാങ്ങാൻ അപേക്ഷകരോട് ആവശ്യപ്പെടുകയാണ് അത്തരം സാഹചര്യങ്ങളിൽ സാധാരണ ചെയ്യാറുള്ളത്.
വാസ്തവത്തിൽ, ക്രിമിനൽ കേസുകളുള്ളവരോട് കോടതിയുടെ അനുമതി വാങ്ങാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയും അനുമതി ലഭിച്ച ശേഷം പാസ്പോർട്ട് അനുവദിക്കുകയുമാണ് ഇത്തരം സാഹചര്യങ്ങളിൽ നടക്കാറുള്ളത്.