കേരളത്തിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ 48 വർഷത്തോളമായി നേതൃത്വം വഹിക്കുകയാണ് പാണക്കാട് തങ്ങൾ കുടുംബം. ലീഗിന്റെ ചരിത്രത്തിലേക്ക് പാണക്കാട് കുടുംബം വന്നത് എങ്ങനെയാണ്. 1948വരെ കോൺഗ്രസ് അനുഭാവിയായി കരുതപ്പെട്ടിരുന്ന പൂക്കോയ തങ്ങൾ ലീഗിന്റെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്റാകുന്നതു മുതൽ തുടർച്ചയായ മൂന്നു പ്രസിഡന്റുമാരും കൊടപ്പനയ്ക്കൽ തറവാട്ടിൽനിന്നാണ് വന്നത്. ലീഗ് രാഷ്ട്രീയത്തിൽ അനിഷേധ്യമായ സ്ഥാനമാണ് തങ്ങൾ കുടുംബത്തിനുള്ളത്.
കേരള രാഷ്ട്രീയത്തിൽ കൃത്യമായ ഇടവും നിർണായക സ്ഥാനവുമുള്ള ലീഗ് കേരളത്തിൽ ചുവടുറപ്പിക്കുമ്പോൾ അതിനു നേതൃത്വം നൽകുന്നതിൽ ഏറനാട്ടിലെ തങ്ങൾ കുടുംബത്തിന് കാര്യമായ റോൾ ഉണ്ടായിരുന്നില്ല. കൊയിലാണ്ടിയിലെ സയ്യിദ് കുടുംബാംഗമായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, കെ.എം സീതി സാഹിബ് എന്നിവരായിരുന്നു മുൻനിരയിലുണ്ടായിരുന്ന പ്രമുഖരിൽ ചിലർ. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടോളമായി പാണക്കാട് തങ്ങൾ കുടുംബങ്ങൾ കേരള രാഷ്ട്രീയത്തിലെ അധികാരകേന്ദ്രമാണ്.
ഒരിക്കൽ പോലും ഭരണ, അധികാര സ്ഥാനങ്ങളിലേക്കൊന്നും അവർ മത്സരിച്ചിട്ടില്ല. രാജ്യസഭ, ലോക്‌സഭ, നിയമസഭ തുടങ്ങിയ അധികാര കേന്ദ്രങ്ങളിലേക്ക് അവരാരും എത്തിയതുമില്ല. എങ്കിലും ലീഗിന്റെ പ്രസിഡന്റ് സ്ഥാനം തുടർച്ചയായി കുടുംബത്തിലെ മൂന്നാമൻ ഏറ്റെടുത്തിട്ട് വ്യാഴവട്ടമാകുന്നു. 48 വർഷമായി തങ്ങൾ കുടുംബത്തിനു സ്വന്തമാണ് ലീഗ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം.
ലീഗ് ചരിത്രവും മലബാർ ബന്ധവും
ദേശീയ തലത്തിൽ 1906 ൽ സർവേന്ത്യാ ലീഗ് എന്ന സംഘടന ഉണ്ടാകുന്നുണ്ടെങ്കിലും ഇതിന് മലബാറിൽ ( ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി മലബാർ) ഒരു ഔദ്യോഗിക ഘടകം ഉണ്ടാകുന്നത് മുപ്പത് വർഷം കഴിയുമ്പോഴാണ്. അപ്പോഴും തിരുവിതാം കൂറിലോ കൊച്ചിയിലോ ലീഗിന് സംഘടനാപരമായി ഘടകമുണ്ടായിരുന്നില്ലെന്നാണ് ലഭ്യമാകുന്ന രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഔദ്യോഗിക കമ്മിറ്റി ആരംഭിക്കുന്നിനു മുമ്പ് തന്നെ ലീഗ് രാഷ്ട്രീയം ഈ പ്രദേശത്ത് വേരോടിത്തുടങ്ങിയിരുന്നു.
ഇന്ന് കണ്ണൂർ ജില്ലയുടെ ഭാഗമായ തലശേരി ടൗണ്‍ഹാളില്‍ 1937ൽ ചേര്‍ന്ന യോഗത്തിലാണ് മുസ്‌ലിം ലീഗിന് അഡ്‌ഹോക് കമ്മിറ്റി ഉണ്ടാവുന്നത്. സുല്‍ത്താന്‍ അബ്ദുറഹ്മാന്‍ അലി രാജ പ്രസിഡന്റും 1934ൽ സെൻട്രൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സത്താര്‍ സേട്ട് ജനറല്‍ സെക്രട്ടറിയും 1928 ലും 1931ലും കോൺഗ്രസ് ടികറ്റിൽ കൊച്ചി നിയമസഭയിൽ അംഗമായിരുന്ന കെ എം സീതി സാഹിബ് ജോ.സെക്രട്ടറിയും സി.പി.മമ്മുക്കേയി ട്രഷററുമായ കമ്മിറ്റിയാണ് കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ ആദ്യ ഘടകം.
ഇന്ന് വിവാദമായിരിക്കുന്ന ചന്ദ്രിക ദിനപത്രത്തിന്റെ പ്രാഗ് രൂപം ആരംഭിക്കുന്നത് അതിനും മുമ്പായിരുന്നു. 1934 മാര്‍ച്ച് 26നാണ് പ്രതിവാര പത്രമായി ചന്ദ്രിക ആരംഭിക്കുന്നത്. തലശേരിയില്‍ നിന്നായിരുന്നു അന്ന് ചന്ദ്രികയുടെ പ്രസാധനം. മുസ്‌ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി രൂപീകരിച്ച് പ്രതിവാര പത്രം ഏറ്റെടുത്തു. 1938 മുതല്‍ ദിനപത്രമായി മാറ്റി.
1937ൽ കണ്ണൂര്‍ അറക്കല്‍ കോമ്പൗണ്ടില്‍ സംഘടിപ്പിക്കപ്പെട്ട മുസ്‌ലിം ലീഗ് സമ്മേളനം മലബാറില്‍ പാര്‍ട്ടിയുടെ ആദ്യത്തെ ശക്തിപ്രകടനം ആയി കണക്കാക്കാം. ഇങ്ങനെയൊക്കെ പാർട്ടി മുന്നോട്ടു പോകുന്നതിനിടയിലാണ് സ്വാതന്ത്ര്യവും വിഭജനവും സംഭവിക്കുന്നത്. വിഭജനത്തിന്റെ പൂർണ ഉത്തരവാദിത്തവും ജിന്നയ്ക്കും ലീഗിനും മേൽ ആവർത്തിച്ച് ആരോപിക്കുന്ന കാലമായിരുന്നു അത്. നേതാക്കളൊക്കെ ലീഗ് വിടുന്ന സാഹചര്യം സംജാതമായി.
1947 ഡിസംബര്‍ 13 നു കറാച്ചിയില്‍ ഗവര്‍ണര്‍ ജനറലിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത മുസ്‌ലിംലീഗ് ഓള്‍ ഇന്ത്യാ വര്‍ക്കിങ് കമ്മിറ്റി രാജ്യം വിഭജിക്കപ്പെടതോടെ ലീഗും രണ്ടാകാൻ തീരുമാനിച്ചു. മുസ്‌ലിം ലീഗ് ഇന്ത്യാ ഘടകത്തിന്റെ കണ്‍വീനറായി ഖാഇദേ മില്ലത്ത് എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ഇസ്മായിലിനെ തിരഞ്ഞെടുത്തു.
വിഭജനത്തെത്തുടർന്ന് രാജ്യത്ത് മുസ്‌ലിം സമുദായം നേരിട്ടിരുന്ന അരക്ഷിതാവസ്ഥയുടെ അന്തരീക്ഷത്തിന് ആക്കം കൂട്ടിയതായിരുന്നു മഹാത്മാഗാന്ധിയുടെ വധം. ഗാന്ധിജിയെ കൊലപ്പെടുത്തിയവരുടെ ഹിന്ദുത്വ ബന്ധവും ഗാന്ധിവധത്തോടെ സൃഷ്ടിക്കപ്പെട്ട ശൂന്യതയും സമൂഹത്തിൽ പൊതുവേയും മുസ്‌ലിം സമൂഹത്തിൽ പ്രത്യേകിച്ചും അരക്ഷിതാവസ്ഥയും ഭീതിയും ഉളവാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 1948 മാര്‍ച്ച് 10ന് സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം ലീഗ് നേതാക്കൾ മദിരാശിയിലെ രാജാജി ഹാളിൽ ആദ്യ യോഗം ചേർന്നത്. രാഷ്ട്രീയത്തിനേക്കാൾ സാമൂഹിക, വിദ്യാഭ്യാസ വിഷയങ്ങളിൽ ഊന്ന പ്രവര്‍ത്തനം നടത്തുന്ന നിലയിൽ ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗിനു രൂപം നല്‍കാനാണ് ആ യോഗം തീരുമാനിച്ചത്. യോഗത്തിൽ മുഹമ്മദ് ഇസ്മായിലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
പുതിയ ലീഗും കേരളവും
ദേശീയതലത്തിലെ തീരുമാനത്തിനൊപ്പം കേരളത്തില്‍ (അന്ന് കേരള സംസ്ഥാനം ആയിട്ടില്ല) കൊയിലാണ്ടിയിലെ സയ്യിദ് കുടുംബാംഗമായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ പ്രസിഡന്റും കെ.എം സീതിസാഹിബ് ജനറൽ സെക്രട്ടറിയുമായ പുതിയ ലീഗ് കമ്മിറ്റി നിലവിൽ വന്നു.
സ്ഥാപക നേതാവും മഞ്ചേരിയിൽ നിന്നുള്ള എം പിയുമായ ഖാ ഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ 1972 ൽ നിര്യാതനായി. തുടർന്ന്, അതേ വർഷം സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ദേശീയ അധ്യക്ഷന്റെ ഉത്തരാവദിത്തം കൂടെ ഏൽപ്പിച്ചു.
മഞ്ചേരി ലോക്‌സഭാ സീറ്റിൽ വന്ന ഒഴിവിൽ, അച്യുതമേനോൻ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയയെ ലീഗ് മത്സരിപ്പിച്ചു. ലീഗിലെ ആഭ്യന്തരകലഹങ്ങളുടെ ആക്കം കൂട്ടുന്നതിനുള്ള പച്ചക്കൊടി വീശലായിരുന്നു ആ നടപടി. അവിടെ നിന്നാണ് ലീഗ് രാഷ്ട്രീയത്തിലെ അധികാരത്തിന്റെ ഗുരുത്വാകർഷണ കേന്ദ്രമായിരുന്ന തലശേരി – കൊയിലാണ്ടി പ്രദേശത്തുനിന്ന് അധികാര കേന്ദ്രം മലപ്പുറത്തേക്ക് പറിച്ചുനടുന്നതിന് വഴിതുറക്കുന്ന പ്രധാന തിരിവ്.
ദേശീയ അധ്യക്ഷന്റെ ചുമതല കൂടി വഹിച്ചിരുന്ന സംസ്ഥാന അധ്യക്ഷൻ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ 1973 ജനുവരിയിൽ മക്കയിൽ നിര്യാതനായി. സി എച്ച് മുഹമ്മദ് കോയ ആ സമയം എം പിയായി ഡൽഹിയിലെത്തി ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയായി ഉയർന്നു കഴിഞ്ഞിരുന്നു.
ഇതേസമയം തന്നെ, കേരള രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. സി പി എമ്മും സിപി ഐയും രണ്ട് വിഭാഗങ്ങളിലായി മാറി. സപ്തകക്ഷി മുന്നണിയുടെ തകർച്ചയ്ക്കു ശേഷം സിപി എമ്മും ലീഗും തമ്മിലും അകൽച്ച വന്നു. അണികളെ പിടിച്ചുനിർത്താൻ എന്ത് വേണമെന്ന ചോദ്യത്തിനു മുന്നിൽ ലീഗ് നേതൃത്വത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. ബാഫഖി തങ്ങളെ കൊണ്ടുവന്നതു പോലെ മുസ്‌ലിം ജനസാമാന്യത്തിനു മേൽ സ്വാധീനമുള്ള മത നേതാക്കളിലാരെയെങ്കിലും കൊണ്ടുവരിക എന്നത്.
മരുമക്കത്തായം വേണ്ട, മക്കത്തായത്തിനു വഴിയൊരുക്കി നീക്കം
സി എച്ചിനെതിരെയുള്ള കരുനീക്കങ്ങളോടെ ലീഗിനുള്ളിൽ ആഭ്യന്തരമായി ശാക്തികചേരികളിൽ മാറ്റം വന്നു. ബാഫഖി തങ്ങളുടെ മരണത്തെത്തുടർന്ന് പുതിയ പ്രസിഡന്റിനായി കരുനീക്കങ്ങൾ ആരംഭിച്ചു. മുസ്‌ലിം ജനസമാന്യത്തിനു മേൽ സ്വാധീനമുള്ള മതനേതാവിനെ കൊണ്ടുവരണമെന്ന സമീപനം മുന്നോട്ടുവച്ച് അധികാരത്തിന്റെ ചെങ്കോൽ കൊയിലാണ്ടിയിൽനിന്നു കൊടപ്പനക്കയ്ക്കലേക്കു മാറ്റുന്നതിന്റെ ചാലകശക്തിയായത് സി എച്ച് മുഹമ്മദ് കോയ ആയിരുന്നു. അധ്യക്ഷസ്ഥാനം 1973ൽ പാണക്കാടേയ്ക്കു വരുന്നത് അങ്ങനെയാണ്. പാണക്കാട് പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ എന്ന പി എം എസ് എ പൂക്കോയ തങ്ങൾ ചിത്രത്തിലേക്ക് വന്നു.
സയ്യിദ് ബാഫഖി തങ്ങളുടെ മരണത്തെത്തുടർന്ന് ഉമർ ബാഫഖി തങ്ങളെ പ്രസിഡന്റാക്കാൻ നീക്കം നടക്കുകയും അവകാശവാദം അദ്ദേഹത്തിന് അനുകൂലമായി ഉയരുകയും ചെയ്തു. എന്നാൽ പാർട്ടി അധ്യക്ഷ പദവി മരുക്കത്തായ രീതിയിൽ ഏൽപ്പിച്ചു കൊടുക്കാനുള്ളതല്ലെന്ന വിമർശനം ഉയർത്തി സി എച്ച് അതിനെ മറികടന്നുവെന്നാണ് ഡോ. എം എൻ കാരശേരി പറയുന്നത്.
ലീഗ് നേതൃത്വത്തിലേക്കു വരുന്നതിനു മുമ്പ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായിരുന്ന പി എം എസ് എ പൂക്കോയ തങ്ങൾ മത, സാമുദായിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്.
പാണക്കാട് തങ്ങൾ കുടുംബം ലീഗ് നേതൃത്വത്തിൽ
പി എം എസ് എ പൂക്കോയ തങ്ങൾ പ്രസിഡന്റായതോടെയാണ് പാണക്കാട് കുടുംബം ലീഗ് രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായി മാറുന്നത്. 1975 ജൂലൈയിൽ പൂക്കോയ തങ്ങൾ നിര്യാതനായി. തുടർന്ന്, അദ്ദേഹത്തിന്റെ മൂത്തമകൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ലീഗ് പ്രസിഡന്റായി.
അതായത്ത് മരുമക്കത്തായ രീതിയിൽ എൽപ്പിച്ചുകൊടുക്കേണ്ടതല്ല പ്രസിഡന്റ് പദവി എന്ന സി എച്ച് മുഹമ്മദ് കോയ പരിഹസിച്ചുവെങ്കിലും പിന്നീട് ആ പദവി മക്കത്തായ ശൈലിയിൽ കൈമാറുന്ന കാഴ്ചയാണ് ലീഗിലുണ്ടായത്.

1975 സെപ്തംബറിൽ ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദലി ശിഹാബ് തങ്ങൾ തന്റെ 73-ാം വയസിൽ, 2009 ഓഗസ്റ്റ് ഒന്നിന് നിര്യാതനാകുന്നതു വരെ ആ സ്ഥാനത്ത് തുടർന്നു.
പൂക്കോയ തങ്ങൾക്കു രണ്ട് വിവാഹങ്ങളിലായി അഞ്ച് ആൺ മക്കളും ഒരു മകളുമാണ് ജനിച്ചത്. ആദ്യ ഭാര്യയിലെ മൂത്തപുത്രനായിരിന്നു ദീർഘകാലം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ.
രണ്ടാമത്തെ മകൻ ഉമറലി ശിഹാബ് തങ്ങൾ എസ് കെ എസ് എസ് എഫ്, എസ് വൈ എസ് എന്നീ സംഘടനകളുടെ നേതാവായിരുന്നു. ഇ കെ വിഭാഗം സമസ്തയുടെ പ്രധാന പദവി വഹിച്ച വ്യക്തിത്വമാണ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേരെ ഇളയ സഹോദരനായ ഉമറലി ശിഹാബ് തങ്ങൾ. അദ്ദേഹം മത കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഉമറലി വന്നില്ല. 2008ൽ ഉമറലി നിര്യാതനായി.
മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ അനിയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ലീഗ് സംസ്ഥാന അധ്യക്ഷനായി 2009ൽ തിരഞ്ഞെടുക്കപ്പെട്ടു.
പൂക്കോയ തങ്ങളുടെ മറ്റൊരു മകനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റും ലീഗ് ഉന്നതാധികാര സമിതി അംഗവുമാണ്.
സാദിഖലി തങ്ങളുടെ നേരെ ഇളയ അനുജനാണ് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റാണ് അബ്ബാസ് അലി.
ലീഗിലെ പാണക്കാട് കുടുംബത്തിലെ മൂന്നാം തലമുറയിലെ ആദ്യ വ്യക്തികളിലൊരാണ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ. മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായി ഇദ്ദേഹം ലീഗ് പ്രവർത്തക സമിതിയംഗമാണ്.
മുഹമ്മദലി ശിഹാബ് തങ്ങളുടെ രണ്ടാമത്തെ മകനായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാണ്.
ലീഗിന്റെ നിലവിലെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് ഇപ്പോഴത്തെ വിവാദനായകനായ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ചുമതല വഹിക്കുന്നു.
പൂക്കോയ തങ്ങളുടെ മകനും മുഹമ്മദലി തങ്ങളുടെ സഹോദരനുമായ പരേതനായ ഉമറലി തങ്ങളുടെ മകനാണ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. ലീഗ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ് എന്നീ നിലികളിൽ പ്രവർത്തിക്കുകയാണ് അദ്ദേഹം.
പരേതനായ ഉമറലി തങ്ങളുടെ മകനായ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ കഴിഞ്ഞ യു ഡി എഫ് സർക്കാർ കാലത്ത് വഖഫ് ബോർഡ് ചെയർമാനായിരുന്നു. സോഫ്റ്റ് വെയർ എൻജിനിയറായ റഷീദലി ലീഗിലോ രാഷ്ട്രീയപ്രവർത്തനത്തിലോ സജീവമല്ല. എന്നാൽ, സാമുദായിക സംഘടനാ കാര്യങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്.
കടപ്പാട്
എൻ പി ചേക്കുട്ടി, എം സി വടകര, ടി പി ചെറൂപ്പ എന്നിവർ എഴുതിയ പുസ്തകങ്ങൾ, മുൻ മാധ്യമ പ്രവർത്തകനും ഐ എൻ എൽ ജനറൽ സെക്രട്ടറി കൂടിയായ കാസിം ഇരിക്കൂർ, മുതിർന്ന മാധ്യമപ്രവർത്തകനായ ഇബ്രാഹിം കോട്ടക്കൽ, പിടി നാസർ എന്നിവർ എഴുതിയ ലേഖനങ്ങൾ, കുറിപ്പുകൾ എന്നിവ അടിസ്ഥാനമാക്കിയും മുസ്‌ലിം ലീഗിലെ ചില മുതിർന്ന നേതാക്കളുമായുള്ള സംഭാഷണങ്ങളും പലകാലങ്ങളിലെ ലീഗ് സംബന്ധമായ വാർത്തകളും ഉപജീവിച്ചാണ് ഇതെഴുതിയിട്ടുള്ളത്.