പാക്കിസ്ഥാൻ അവരുടെ വ്യോമപാത തുറന്നുതന്നത് ഇന്ത്യൻ, വിദേശ വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസമേകുന്നതാണ്. കഴിഞ്ഞ ഫെബ്രുവരി 26 നുശേഷം ഇതാദ്യമായാണ് പാക്കിസ്ഥാൻ വ്യോമപാത തുറക്കുന്നത്. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്.

വ്യോമപാത അടയ്ക്കുന്നതിനു മുൻപായി പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതുസംബന്ധിച്ച നോട്ടാം (നോട്ടീസ് ടു എയർമാൻ) പുറത്തിറക്കി. ഇതാണ് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 1 മണിയോടെ റദ്ദാക്കിയത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ്റഡാര്‍24 അനുസരിച്ച്, യൂറോപ്പിൽനിന്നും എയർ ഇന്ത്യയുടെ നിരവധി വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമപാത വഴിയാണ് ഡൽഹിയിലേക്ക് എത്തിയിരുന്നത്.

പാക്കിസ്ഥാൻ വ്യോമപാത തുറന്നു: ഈ നീക്കത്തിന്റെ അനന്തര ഫലം

പാക്കിസ്ഥാൻ വ്യോമപാത തുറന്നതോടെ പഴയതുപോലെ വിമാനങ്ങളുടെ യാത്രാസമയം 70-80 മിനിറ്റ് വരെ കുറയും. പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതിന് പിന്നാലെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് 550 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത് എയർ ഇന്ത്യയ്ക്കാണ്. എയര്‍ ഇന്ത്യക്ക് മാത്രം ജൂലൈ 2 വരെ 491 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് മേയ് 31 വരെ 25.1 കോടിയാണ് നഷ്ടം. ബജറ്റ് കാരിയറുകളായ സ്‌പൈസ്ജെറ്റിനും ഗോഎയറിനും ജൂൺ 20 വരെ 30.73 കോടിയും 2.1 കോടിയും നഷ്ടമുണ്ടായി.

തുടക്കത്തിൽ പാക്കിസ്ഥാൻ വ്യോമാതിർത്തി പൂർണമായും അടച്ചിരുന്നു. പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. രാജ്യത്തെ 11 വ്യോമപാതകളിൽ രണ്ടെണ്ണം കഴിഞ്ഞ മാർച്ചിൽ തുറന്നു. ഇതിൽ ഒരെണ്ണം പടിഞ്ഞാറ് ദിശയിലേക്ക് അറേബ്യൻ കടലിനു മുകളിലൂടെ കറാച്ചി, ഹിങ്കോൾ, ഗ്വാദർ എന്നിവിടങ്ങളിലേക്ക് പോകുന്നതും, മറ്റൊരൊണ്ണം കിഴക്കു ദിശയിലേക്ക് കറാച്ചി, ബാദിനിലൂടെ ഗുജറാത്തിലേക്കും, ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് പോകുന്നതുമായിരുന്നു.

വ്യോമാതിർത്തിയിൽ പാക്കിസ്ഥാൻ നിയന്ത്രണങ്ങൾ ബാധിച്ച റൂട്ടുകൾ

വ്യോമപാതകൾ അടച്ചത് ഉപഭൂഖണ്ഡത്തിന് മുകളിലൂടെ പറക്കുന്ന നൂറുകണക്കിന് കിഴക്ക്-പടിഞ്ഞാറൻ വിമാനങ്ങളെ ബാധിച്ചു. ഉത്തരേന്ത്യയിലെ ഡൽഹി, ലക്‌നൗ, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്ക് യാത്ര ചെയ്യുന്ന വിമാന സർവീസുകളെയും ഇത് ബാധിച്ചു.

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്ക് പാക്കിസ്ഥാൻ വ്യോമപാത വഴി കടന്നുപോകുന്ന വിമാനങ്ങളാണ് കൂടുതൽ ദുരിതത്തിലായത്. പാക്കിസ്ഥാൻ വ്യോമപാത അടച്ചതോടെ ഈ വിമാനങ്ങൾ ഗുജറാത്തോ മഹാരാഷ്ട്ര വഴിയോ ചുറ്റിക്കറങ്ങിയാണ് യൂറോപ്പ്, വടക്കേ അമേരിക്ക അല്ലെങ്കിൽ പശ്ചിമേഷ്യയിലേക്ക് പോയിരുന്നത്. ഇതോടെ മിക്ക വിമാനങ്ങളുടെയും യാത്രാ സമയം 70-80 മിനിറ്റ് വരെ ഉയർന്നു.

ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായി യൂറോപ്പിൽ നിർത്തേണ്ടതായി വന്നു. ഡൽഹിയിൽനിന്നും ഇസ്താംബൂളിലേക്കുളള ഇൻഡിഗോയുടെ ആദ്യ നോൺ സ്റ്റോപ് വിമാനത്തിന് ഇന്ധനം നിറയ്ക്കാനായി ദോഹയിൽ നിർത്തേണ്ടി വന്നു. അതുപോലെ തന്നെ ഡൽഹി-കാബൂൾ റൂട്ടിൽ സർവീസ് നടത്തുന്ന ഒരേയൊരു ഇന്ത്യൻ വിമാനകമ്പനിയായ സ്‌പൈസ്ജെറ്റിന്റെ വിമാനം റദ്ദാക്കേണ്ടി വന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook