പൂണെ: മറ്റു മിക്ക രാജ്യങ്ങളിലെയും പോലെ, ഇന്ത്യയുടെ ഔദ്യോഗിക കോവിഡ് -19 മരണസംഖ്യ യഥാര്‍ഥ സംഖ്യയേക്കാളും കുറവാണെന്നതില്‍ സംശയമില്ലെങ്കിലും ലോകാരോഗ്യ സംഘടന വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
ഇന്ത്യയില്‍ 2020-ലും 2021-ലുമായി കോവിഡുമായി ബന്ധപ്പെട്ട 47.4 ലക്ഷം മരണങ്ങള് സംഭവിച്ചിരിക്കാമെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക്, മൊത്തത്തിലുള്ള മരണ സംഖ്യ, മരണ റിപ്പോര്‍ട്ടിങ്ങിലെ ചരിത്രപരമായ പ്രവണതകള്‍, സംസ്ഥാനങ്ങളില്‍ നിന്നുള്ള കോവിഡ് മരണ നഷ്ടപരിഹാര ക്ലെയിമുകള്‍ എന്നിവയുടെ പശ്ചാത്തലത്തിലുള്ളതാണ്.
ഡബ്ല്യു എച്ച് ഒയുടെ കണക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍, മഹാമാരിയുടെ ആദ്യ രണ്ടു വര്‍ഷത്തെ കോവിഡ് മരണങ്ങളില്‍ 90 ശതമാനവും ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെയാണെങ്കില്‍ ഒരു പക്ഷേ ദശലക്ഷക്കണക്കിന് മരണങ്ങള് ഇത്തരത്തില്‍ കണക്കില്‍ പെടാതിരിക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍, ഇത്രയും വലിയ തോതില്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുന്നത് ‘അങ്ങേയറ്റം അസംഭവ്യമാണ്’ എന്നാണ് ഏതാനും ആഴ്ചകളായി ദി ഇന്ത്യന്‍ എക്സ്പ്രസുമായി സംസാരിച്ച നിരവധി ജനസംഖ്യാ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഡബ്ല്യു എച്ച് ഒയുടെ കണക്കനുസരിച്ച്, 2020 ല്‍ 8.3 ലക്ഷം കോവിഡ് പരണങ്ങളാണ് സംഭവിച്ചത്. ആ വര്‍ഷത്തെ ഇന്ത്യയിലെ കോവിഡ് ഔദ്യോഗിക കണക്ക് 1.49 ലക്ഷമാണ്. ഇതേ വര്‍ഷം രാജ്യത്ത് എല്ലാ കാരണങ്ങളാലും മരിച്ചവരുടെ എണ്ണം 81.2 ലക്ഷമാണെന്നാണ് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. ഒന്നര പതിറ്റാണ്ടിനിടെ രാജ്യത്ത് ഓരോ വര്‍ഷവും ശരാശരി 83.5 ലക്ഷം പേര് മരിക്കുന്നുവെന്ന് കാണിക്കുന്ന മുന്‍കാല ഡേറ്റയുമായി പൊരുത്തപ്പെടുന്നതാണിത്.

2019ല്‍ ഈ മരണങ്ങളില്‍ 92 ശതമാനവും ഇന്ത്യയില്‍ രേഖപ്പെടുത്തി. മരണ രജിസ്ട്രേഷനുകളുടെ തോത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുത്തനെ ഉയര്‍ന്നു. 2017-ല്‍ 79 ശതമാനവും 2018-ല്‍ 86 ശതമാനവും 2019-ല്‍ 92 ശതമാനവുമായി. 2020ല്‍ 99.95 ശതമാനം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടു.
ലോകാരോഗ്യ സംഘടന പറയുന്നതുപോലെ 81.2 ലക്ഷം മരണങ്ങളില്‍ 8.3 ലക്ഷവും കോവിഡ് മൂലമാണ് സംഭവിച്ചതെങ്കില്‍, 2020-ല്‍ കോവിഡേതര മരണം ഏകദേശം 73 ലക്ഷം മാത്രമായിരുന്നു. 2007 മുതല്‍ ഡേറ്റ ലഭ്യമാകുന്നത് വരെ ഇന്ത്യയുടെ പ്രതിവര്‍ഷ മൊത്തം മരണസംഖ്യ 80 ലക്ഷത്തില്‍ താഴെയായിരുന്നില്ല.
2021-ല്‍ 39.1 ലക്ഷം കോവിഡ് മരണങ്ങള് സംഭവിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ലോകം മുഴുവനും ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ചുരുങ്ങിയത് നാലു ലക്ഷം കൂടുതലാണിത്.
2021-ലെ ഇന്ത്യയുടെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 3.32 ലക്ഷമാണ്. അതിനര്‍ത്ഥം ആ വര്‍ഷം കോവിഡ് മരണങ്ങളില്‍ 92 ശതമാനവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ്. എന്നാല്‍, കോവിഡ് മരണത്തിനു സര്‍ക്കാര്‍ സാമ്പത്തിക നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്ന ഒരു സമയത്ത്, മരണം രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. നഷ്ടപരിഹാര ക്ലെയിമുകള്‍ രാജ്യത്ത് കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ എണ്ണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു പുതിയ വെളിച്ചം നല്കുന്നു.
രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യയുടെ 75 ശതമാനവും വരുന്ന 11 സംസ്ഥാനങ്ങളില്‍നിന്നുള്ള കണക്കുകള്‍ കാണിക്കുന്നത് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകളുടെ എണ്ണം ഇവിടങ്ങളില്‍നിന്നുള്ള മൊത്തം മരണസംഖ്യയുടെ ഇരട്ടിയിലധികം കുറവാണെന്നാണ്. ഗുജറാത്തില്‍, അപേക്ഷകളുടെ എണ്ണം മരണസംഖ്യയുടെ 10 മടങ്ങ് കൂടുതലാണ്. എന്നാല്‍ കേരളത്തില്‍ രേഖപ്പെടുത്തിയ മരണങ്ങളെ അപേക്ഷിച്ച് അപേക്ഷകള്‍ കുറവാണ്.

ബിഹാറില്‍ പോലും, മൊത്തം മരണങ്ങളേക്കാള്‍ കുറവാണ് അപേക്ഷകളെന്നാണ്. ഈ വസ്തുത കാണിക്കുന്നത്, യഥാര്‍ത്ഥ മരണങ്ങളുടെ എണ്ണം വിലയിരുത്തുന്നതിന് നഷ്ടപരിഹാര ക്ലെയിമുകളുടെ എണ്ണം അടിസ്ഥാനമായിരിക്കില്ല എന്നതാണ്. 50,000 രൂപയുടെ നഷ്ടപരിഹാരം ലഭിക്കാനായി സമ്പന്ന വിഭാഗങ്ങള്‍ അപേക്ഷ നല്കുന്നില്ലെന്നതു വസ്തുതയാണ്. സര്‍ക്കാര്‍ ഏജന്‍സികളുടെയും സേവനങ്ങളുടെയും പ്രവേശനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആളുകള്‍ക്ക് ഈ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് തടസമായേക്കാം. അതേസമയം, ആളുകള്‍ വ്യാജ അപേക്ഷകള്‍ നല്‍കാനും സാധ്യതയുണ്ട്. വ്യാജ ക്ലെയിമുകള്‍ ഫയല്‍ ചെയ്യുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിയിരുന്നു. മഹാരാഷ്ട്രയില്‍ 60,000 വ്യാജ ക്ലെയിമുകളാണു തള്ളിയത്.
അതേസമയം, നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുടെ എണ്ണം ലോകാരോഗ്യ സംഘടനയുടെ കണക്കുകളുടെ പരിസരത്ത് എങ്ങും എത്തുന്നില്ലെന്നതാണ് ഏറ്റവും പ്രധാന കാര്യം. രാജ്യത്ത് ദശലക്ഷം ജനസംഖ്യയില്‍ 3,448 കോവിഡ് മരണങ്ങളെന്നാണ് ഡബ്ല്യു എച്ച് ഒ കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കില്‍ ഇന്ത്യയുടെ ഔദ്യോഗിക സംഖ്യ 384 മാത്രമാണ്.
ഒരു ദശലക്ഷത്തിലെ മരണങ്ങളുടെ ആഗോള ശരാശരി ഏകദേശം 804 ആണ്. രാജ്യത്ത് ഗോവ ഒഴികെ, ഒരു ദശലക്ഷം ജനസംഖ്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മരണങ്ങള് നടക്കുന്നത് കേരളത്തിലാണ്. വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ ശലക്ഷത്തില് ഏകദേശം 1,950 പേര് മരിച്ചു.
കേരളത്തില്‍ മരണത്തിന്റെ 100 ശതമാനവും കണക്കാക്കിയെന്ന് കരുതുക (ഇപ്പോഴും മിക്കവാറും ദിവസവും മുന്‍പ് സംഭവിച്ച മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടല്ല). കേരളത്തിലേതു പോലെ ദശലക്ഷത്തില്‍ സംഭവിച്ച മരണസംഖ്യ രാജ്യമെമ്പാടും വ്യാപിച്ചാലും, അതായത് ഏകദേശം 26.5 ലക്ഷം കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളായാല് പോയാലും അത് ഇപ്പോഴും ലോകാരോഗ്യ സംഘടനയുടെ സംഖ്യയുടെ പകുതിയില്‍ താഴെ മാത്രമാണെന്നാണു ചില വിദഗ്ധര്‍ വാദിക്കുന്നത്.
സാമ്പിള്‍ രജിസ്ട്രേഷന് സര്‍വേയില്‍ (എസ്ആര്‍എസ്) നിന്നുള്ള വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞാല്‍, യഥാര്‍ത്ഥ മരണസംഖ്യ ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കില്ലെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞര്‍ പറയുന്നു. എല്ലാ വര്‍ഷവും ജനനമരണങ്ങളുടെ എണ്ണം കണക്കാക്കുന്ന ഒരു സര്‍വേ അടിസ്ഥാനമാക്കിയുള്ള സാമ്പിള്‍ പരിപാടിയാണ് എസ്ആര്‍എസ്. ഓരോ വര്‍ഷവും ശരാശരി 83.5 ലക്ഷം പേര് രാജ്യത്ത് മരിക്കുന്നതായി ഈ പ്രക്രിയയിലൂടെയാണ് നാം അറിയുന്നത്.
സ്ഥിരീകരണത്തിനു ശേഷം സംസ്ഥാനങ്ങള്‍ പഴയ മരണങ്ങളുടെ എണ്ണം കൂട്ടിച്ചേര്‍ക്കുന്നത് തുടരുമെന്നും അവര്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ആനുകാലികമായി അത് ചെയ്യുമ്പോള്‍ കേരളം ദിവസവും അത് ചെയ്യുന്നു. അടുത്തിടെ, ഡാറ്റാ അനുരഞ്ജന പ്രക്രിയയ്ക്കുശേഷം അസം 1,300-ലധികം മരണങ്ങള് കൂട്ടിച്ചേര്‍ത്തു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, മഹാരാഷ്ട്ര 4,000 മരണങ്ങള് കൂട്ടിച്ചേര്‍ത്തു.