scorecardresearch
Latest News

ജയിലിനു പുറത്ത്, ശശികലയ്ക്കു മുന്നിലെ നാലു വഴികൾ

ശശികലയോട് തമിഴ്നാട് ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്താണ് അടുത്ത പ്ലാൻ?

ജയിലിനു പുറത്ത്, ശശികലയ്ക്കു മുന്നിലെ നാലു വഴികൾ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വി.കെ. ശശികലയുടെ തടവുശിക്ഷ അവസാനിച്ച് ജയിലിൽനിന്നു പുറത്തിറങ്ങിയിരിക്കുകയാണ്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്ന ശശികല, ചെന്നൈയിലേക്ക് മടങ്ങിയെത്താൻ ദിവസങ്ങൾ കഴിയും.

പക്ഷേ, ശശികലയോട് തമിഴ്നാട് ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്താണ് അടുത്ത പ്ലാൻ?.  അന്തരിച്ച ജയലളിതയുടെ അടുത്ത തോഴിയായ ശശികല ജയിലിൽ കഴിഞ്ഞ വർഷത്തിനിടയിൽ മാറ്റങ്ങൾ പലതുണ്ടായി. ജയിലിൽ പോകുന്നതിനു മുൻപേ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ശശികലയെ പുറത്താക്കിയ വിമത നേതാവായ ഒ.പനീർസെൽവം ഇപ്പോൾ എഐഎഡിഎംകെയിൽ മടങ്ങിയെത്തിയിട്ടുണ്ട്. ശശികല മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത എടപ്പാടി പളനിസ്വാമിയും പനീർസെൽവവുമായി ചേർന്ന് പാർട്ടിയുടെ തലപ്പത്തുനിന്നും അവരെ പുറത്താക്കി. ജയലളിതയുടെ ഉറ്റതോഴിയായി മൂന്നു ദശാബ്ദം ഒപ്പമുണ്ടായിരുന്നിട്ടും മടങ്ങിവരാൻ ഇടമില്ലാതാക്കി തീർത്തു.

ജയിൽ മോചനത്തിനു മുന്നോടിയായി വിവിധ രാഷ്ട്രീയ ക്യാംപുകളിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ അവർക്കു മുന്നിൽ വളരെ കുറച്ച് വഴികൾ മാത്രമേയുളളൂവെന്നാണ് ശശികലയുടെ അടുത്ത സഹായികളും ബന്ധുക്കളും പറയുന്നത്.

ഓപ്ഷൻ 1: എഐഎഡിഎംകെയിൽ തിരികെ ചേരുക

പളനിസ്വാമി, പന്നീർസെൽവം എന്നിവരുമായി കൈകോർത്ത് എഐഎഡിഎംകെയിൽ വീണ്ടും ചേരുക എന്നതാണ് ശശികലയ്ക്ക് മുന്നിലുളള പ്രധാന വഴി. ”ശശികല പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്താൽ അവർക്ക് ഭരണം നൽകാനായിരുന്നു പദ്ധതി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ പരാജയപ്പെട്ടാൽ പാർട്ടിയിൽ ശശികലയുടെ കീഴിൽ പ്രവർത്തിക്കാൻ നിർബന്ധിതനാകുമെന്ന് ഭയന്നതിനാൽ പളനിസ്വാമി ഇതിന് തയാറായില്ല,” പളനിസ്വാമിയുടെയും ശശികലയുടെയും അടുത്തയാളായ എഐഎഡിഎംകെ മുതിർന്ന നേതാവ് പറഞ്ഞു.

ഓപ്ഷൻ 2: എഎംഎംകെ-എഐഎഡിഎംകെ സഖ്യം

എഐഎഡിഎംകെയിൽനിന്നു ശശികലയെ പുറത്താക്കിയതിനുപിന്നാലെ അനന്തരവനായ ടിടിവി ദിനകരൻ സ്ഥാപിച്ച അമ്മ മക്കൾ മുന്നേട്ര കഴകം (എഎംഎംകെ) രൂപീകരിച്ചിരുന്നു. എഎംഎംകെയുമായുളള സഖ്യമാണ് രണ്ടാമത്തെ വഴിയെന്ന് നിരവധി എഐഎഡിഎംകെ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. എഐഎഡിഎംകെയിലേക്ക് മടങ്ങി എത്താനുളള ശശികലയുടെ സാധ്യത പളനിസ്വാമി നിരസിച്ചതിനുശേഷമാണ് ഇത്തരമൊരു അഭ്യൂഹം. എഐഎഡിഎംകെയിലെ നിരവധി മുതിർന്ന നേതാക്കൾ ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആരും പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഇതു സംഭവിക്കാൻ രണ്ടു പാർട്ടിയിലും കാരണങ്ങളുണ്ട്: എ‌എം‌എം‌കെയുടെ നിലനിൽപ്പിനെ സഹായിക്കുകയും ഒരുപക്ഷേ പാർട്ടി പ്രവേശനത്തിന് വഴിയൊരുക്കുകയും ചെയ്യും. എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയെ ശക്തമായി നേരിടാനാകും.

ഓപ്ഷൻ 3: എഎംഎംകെ മൂന്നാം മുന്നണി രൂപീകരണം

ഇപ്പോഴത്തെ പുതിയ നീക്കങ്ങളനുസരിച്ച് തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയെ പരാജയപ്പെടുത്താൻ എഎംഎംകെ മൂന്നാം മുന്നണി രൂപീകരിക്കാനും സാധ്യതയുണ്ട്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ദിനകരന്റെ എഎംഎംകെയ്ക്ക് ഏകദേശം നാലു ശതമാനം വോട്ട് ലഭിച്ചു, എഐഎഡിഎംകെ വോട്ടുകളുടെ 15 ശതമാനമാണിത്.

എഐഎഡിഎംകെയെ പരാജയപ്പെടുത്താൻ മൂന്നാം മുന്നണി രൂപീകരിക്കാനാണ് സാധ്യതയെന്ന് എഐഎഡിഎംകെയിലെയും എഎംഎംകെയിലെയും അകത്തുനിന്നും ലഭിക്കുന്ന വിവരം. ”കഴിഞ്ഞ തവണ (2016) സർക്കാർ വിരുദ്ധ വോട്ടുകൾ വിഭജിച്ച് പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ അവർ മൂന്നാം മുന്നണിക്ക് രൂപം നൽകി. ഇത്തവണ എഎംഎംകെയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി സർക്കാർ അനുകൂല വോട്ടുകൾ വിഭജിക്കും,” എഐഎഡിഎംകെ മുതിർന്ന നേതാവ് പറഞ്ഞു.

എസ്.രാമദാസിന്റെ പിഎംകെയും ക്യാപ്റ്റൻ വിജയകാന്തിന്റെ ഡിഎംഡികെയുമാണ് മൂന്നാം മുന്നണിക്കൊപ്പം കൈകോർക്കാൻ സാധ്യതയുളള മറ്റു പാർട്ടികൾ. ഡിഎംകെ സഖ്യത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായാൽ മൂന്നാം മുന്നണിക്ക് കൂടുതൽ സഖ്യകക്ഷികളെ നേടാൻ സഹായിക്കും.

”തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ പരാജയപ്പെട്ടാൽ മുഴുവൻ പാർട്ടിയും ശശികലയുടെ നിയന്ത്രണത്തിലാകും. പളനിസ്വാമിക്കോ പനീർസെൽവത്തിനോ പാർട്ടിയുടെ മേൽ സമ്പൂർണ നിയന്ത്രണം ഉണ്ടാവില്ല. ഭരണത്തിന് മന്ത്രിമാരും എം‌എൽ‌എമാരും മാത്രമായിരിക്കും അവരുടെ പക്കലുണ്ടാവുക,” ശശികലയുടെ കുടുംബവുമായി അപ്പമുളള വൃത്തങ്ങൾ വെളിപ്പെടുത്തി.

ഓപ്ഷൻ 4: രാഷ്ട്രീയം വിടുക

രാഷ്ട്രീയത്തിലേക്ക് ശശികല മടങ്ങി വരില്ലെന്നും രജനീകാന്ത് ചെയ്തതുപോലെ ആരോഗ്യപ്രശ്നങ്ങളാൽ രാഷ്ട്രീയ ജീവിതത്തിൽനിന്നും പിൻവാങ്ങാനാണ് സാധ്യതയെന്നും ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാൻ രജനീകാന്തിനെ അപേക്ഷിച്ച് ശശികലയ്ക്ക് കൂടുതൽ ആരോഗ്യ കാരണങ്ങളുണ്ട്.

പക്ഷേ ശശികല രാഷ്ട്രീയം ഉപേക്ഷിക്കാൻ സാധ്യതയില്ലെന്നാണ് അവർക്കൊപ്പം പ്രവർത്തിച്ചവർ വിശ്വസിക്കുന്നത്. ജയിലിൽ പോകുന്നതിനു മുൻപ് ജയലളിതയുടെ സ്മാരകത്തിനു മുന്നിൽ മൂന്നുതവണ കൈ കൊണ്ടടിച്ച് അവർ ശപഥമെടുത്തത് ഓർക്കേണ്ടതാണ്.

Read in English: Explained: Out of prison, a look at the four options before V K Sasikala

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Out of prison a look at the four options before v k sasikala