തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻ വി പുരസ്കാരം നൽകിയ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ നടപടിക്ക് എതിരെ പ്രതിഷേധം തുടരുകയാണ്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ ഒ എൻ വി കൾച്ചറൽ അക്കാദമിയുടെ അവാർഡ് തീരുമാനത്തിനെതിരെ രംഗത്ത് വന്നു. മീടൂ ആരോപിതനായ വൈരമുത്തുവിന് ഒ എൻ വിയുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിരെയുള്ള പ്രതിഷേധങ്ങളാണ് സമൂഹമാധ്യങ്ങളിൽ ഉൾപ്പടെ വ്യാപകമായത്. എഴുത്തുകാരായ എൻ എസ് മാധവൻ, കെ ആർ മീര, സിനിമാതാരങ്ങളായ പാർവ്വതി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഗായിക ചിന്മയി ശ്രീപദ, സംവിധായിക അഞ്ജലി മേനോൻ എന്നിവർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
മലയാള സർവകലാശാല വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ, കവിയും ഗാനരചയിതാവും മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറിയുമായ പ്രഭാവർമ്മ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.
പ്രതിഷേധങ്ങൾ ശക്തമായതോടെ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നത് പുനഃപരിശോധിക്കുമെന്ന് അക്കാദമി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. “ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം അവാർഡ് നിർണ്ണയ സമിതിയുടെ നിർദ്ദേശപ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ ഒഎൻവി കൾച്ചറൽ അക്കാദമി നിശ്ചയിച്ചതായി അറിയിക്കുന്നു,” ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്മാന് അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു.

പ്രതിഷേധവുമായി പാർവതിയും റിമയും ഗീതു മോഹൻദാസും
കഴിഞ്ഞ ദിവസമാണ് ഒഎൻവി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തിന് നൽകാനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. തൊട്ടു പിന്നാലെ, മീ ടു ആരോപണവിധേയനായ വൈരമുത്തുവിന് മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒ എൻ വിയുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിന്റെ ധാർമ്മികതയെ ചോദ്യം ചെയ്തുകൊണ്ട് നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, സംവിധായിക അഞ്ജലി മേനോൻ എന്നിവർ രംഗത്ത് എത്തുകയായിരുന്നു.
“നമ്മുടെ ഏറ്റവും വലിയ സാഹിത്യകാരന്റെ പേരിലുള്ള ഒരു പുരസ്കാരം 17 സ്ത്രീകൾ ലൈംഗിക പീഡനാരോപണം ഉന്നയിച്ച ഒരാൾക്ക് നൽകാൻ പാടില്ല,” എന്നാണ് ഗീതു മോഹൻദാസും റിമ കല്ലിങ്കലും കുറിച്ചത്.
“ഒഎൻവി സാർ നമ്മുടെ അഭിമാനമാണ്, ഒരു കവിയെന്ന രീതിയിലും ഗാനരചയിതാവ് എന്ന രീതിയിലും അദ്ദേഹത്തിന്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ലൈംഗികാരോപണം നേരിടുന്ന ഒരാൾക്ക് അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം നൽകിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്,” പാർവതി തിരുവോത്ത് പറയുന്നു.
“17 സ്ത്രീകൾ അവരുടെ കഥകളുമായി പുറത്തുവന്നിട്ടുണ്ട്, എത്രപേർക്ക് കൂടി അന്യായം സംഭവിച്ചുവെന്ന് നമുക്കറിയില്ല. അന്യായം ചെയ്യുന്നവർക്ക് തെറ്റ് ചെയ്യുന്നത് തുടരാൻ മതിയായ കാര്യമുണ്ടെന്ന് തോന്നുന്നു, അധികാരത്തിലിരിക്കുന്നവരുടെ സ്വാധീനം മാത്രം മതിയാവും. മാനവികതയേക്കാൾ വലുതായി ഒന്നുമില്ല. കല- കലാകാരൻ എന്നീ വിഷയങ്ങളിലുള്ള സംവാദവുമായി നിങ്ങളെന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തിരഞ്ഞെടുക്കുകയെന്ന് ഞാൻ പറയും. പൊള്ളയായവരുടെ കല ഇല്ലാതെ തന്നെ എനിക്ക് ജീവിക്കാൻ കഴിയും.
ആരോപണം നേരിടുന്ന വൈരമുത്തുവിന് അടൂർ ഗോപാലകൃഷ്ണൻ അടങ്ങിയ ജൂറി ഈ പുരസ്കാരം നൽകിയതിനെ എങ്ങനെ ന്യായീകരിക്കും?” എന്നാണ് പാർവതി ചോദിക്കുന്നത്.


അടൂർ പറഞ്ഞത് തെറ്റ്: എൻ എസ് മാധവൻ
“സ്വാഭാവത്തിനല്ല, രചനയ്ക്കാണ് വൈരമുത്തുവിന് ഒഎൻവി അവാർഡ് നൽകിയതെന്ന് അടൂർ പറഞ്ഞത് വളരെ തെറ്റാണ്. 2018ൽ ഒരു ജൂറി അംഗത്തിന്റെ ഭർത്താവിനെതിരെ മീറ്റൂ ആരോപണം ഉള്ളതിനാൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം റദ്ദാക്കിയത് ഓർക്കുക. കലയുമായി ഇടപെടുമ്പോൾ ദയവായി അൽപ്പം കൂടി സംവേദനക്ഷമത പുലർത്തുക,” എന്നാണ് എൻ എസ് മാധവൻ ഈ വിഷയത്തോട് പ്രതികരിച്ചത്.

‘അടൂരിനെ തിരുത്താൻ ഞാൻ ആളല്ല; പക്ഷേ’: പ്രതിഷേധവുമായി കെ ആർ മീര
വൈരമുത്തുവിന് ഒഎൻ വി പുരസ്കാരം നൽകിയതിനെക്കുറിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്മാന് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ സാഹിത്യകാരി കെആർ മീരയും പ്രതിഷേധമറിയിച്ചു. അടൂരിന്റെ അഭിപ്രായത്തിനെതിരെ കഠിനമായി പ്രതിഷേധിക്കുന്നതായി അറിയിച്ച കെആർ മീര താൻ അറിയുന്ന ഒഎൻവി സ്വഭാവ ഗുണത്തിന് പ്രാധാന്യം നൽകിയിരുന്ന ആളാണെന്നും പറഞ്ഞു.
ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ഞാന്‍ ആരുമല്ലെന്നും സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ലെന്നും കെആർ മീര ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
“പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങള്‍ക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്റെ പേരിലുള്ള പുരസ്കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്മാന് ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘‘ ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം’ എന്ന പ്രതികരണത്തോടു ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.
കാരണം, ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.
ഒ.എന്‍.വി. സാറിന്റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍.
‘‘അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണം.’’ എന്നു കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന് പ്രസ്താവിച്ചിട്ടുണ്ട്.
ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ഞാന്‍ ആരുമല്ല.
പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല.
മനുഷ്യത്വമില്ലായ്മയാണ്.
കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍ഡ് പരിഗണിക്കാന്‍
അപേക്ഷ.”
Read more: ഇതിലൊന്നും തളർന്നു പോവുന്നവനല്ല പൃഥ്വി; പിന്തുണ പ്രഖ്യാപിച്ച് താരങ്ങൾ