സാർസ് കോവി 2വിന്റെ ഒമിക്രോൺ വകഭേദം കാരണമുള്ള അണുബാധ ഈ വകഭേദത്തിനെതിരായ പ്രതിരോധ പ്രതികരണത്തിന് പുറമെ ഡെൽറ്റ വേരിയന്റിനെതിരെ ഉയർന്ന സംരക്ഷണം നൽകുകയും ചെയ്യുന്നുവെന്ന് പഠന ഫലം. ദക്ഷിണാഫ്രിക്കയിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ ഫലം കണ്ടെത്തിയത്. ഗവേഷണം ഇതുവരെ പിയർ-റിവ്യൂ ചെയ്തിട്ടില്ല. കൂടാതെ ഏകദേശം 30 ആളുകളുടെ ഒരു ചെറിയ സാമ്പിൾ വലുപ്പം മാത്രമുള്ള ഗവേഷണമാണ് ഇത്.
ഒമിക്രോൺ ബാധിച്ച ഒരു കൂട്ടം വ്യക്തികളിൽ നിന്ന് അണുബാധയ്ക്ക് രണ്ടാഴ്ചയ്ക്ക് ശേഷം ഗവേഷകർ ആന്റിബോഡികൾ ശേഖരിക്കുകയും ഒമിക്രോണിന്റെയും ഡെൽറ്റയുടെയും വകഭേദങ്ങളെ നിർവീര്യമാക്കാനുള്ള അവരുടെ കഴിവ് വിലയിരുത്തുകയും ചെയ്തു. ആൻറിബോഡികൾ, രണ്ടാഴ്‌ചയ്‌ക്ക് ശേഷം ഒമിക്‌റോൺ വകഭേദത്തെ നിർവീര്യമാക്കാനുള്ള കഴിവിൽ 14 മടങ്ങ് വർധനവ് കാണിച്ചു. ഒപ്പം അവയ്ക്ക് ഡെൽറ്റയ്‌ക്കെതിരെ നാലിരട്ടിയിലധികം നിർവീര്യകരണ ശേഷിയുള്ളതായി കണ്ടെത്തി.
“ഒമിക്‌റോൺ ബാധിച്ച വ്യക്തികളിൽ ഡെൽറ്റ വകഭേദത്തിനെതിരായ നിർവീര്യകരണ ശേഷിയിലെ വർദ്ധനവ് ആ വ്യക്തികളെ വീണ്ടും ബാധിക്കാനുള്ള ഡെൽറ്റയുടെ കഴിവ് കുറയാൻ ഇടയാക്കും,” ഗവേഷകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Also Read: ഇന്ത്യ അനുമതി നൽകിയ കോവിഡ് ഗുളിക, എന്താണ് മോൾനുപിരാവിർ?
ഡെൽറ്റയെ മാറ്റി ഒമിക്‌റോണിനെ ഏറ്റവും വ്യാപിച്ചിരിക്കുന്ന വകഭേദമാക്കുന്നതിലേക്ക് ഇത് സാഹചര്യങ്ങളെ നയിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. നിലവിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് പോലെ ഒമിക്‌റോൺ വകഭേദം രോഗത്തിന്റെ നേരിയ രൂപങ്ങൾ മാത്രം നൽകുന്ന തരത്തിൽ തുടരുകയാണെങ്കിൽ ഇതൊരു നല്ല വാർത്തയായിരിക്കും.
യുഎസിലെ മാർഗ്ഗനിർദ്ദേശങ്ങൾ
യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കൊറോണ വൈറസ് ബാധിതരായതും രോഗലക്ഷണങ്ങളില്ലാത്തതുമായ ആളുകൾക്ക് ഒരു ചെറിയ ഐസൊലേഷൻ കാലയളവ് ശുപാർശ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ അത്തരം രോഗികൾക്ക് നേരത്തെ പത്ത് ദിവസത്തെ നിർബന്ധിത ഐസൊലേഷന് പകരം അഞ്ച് ദിവസം മാത്രം ഐസൊലേഷൻ മതിയെന്ന് സിഡിസി പറഞ്ഞു.
മറ്റുള്ളവരിലേക്ക് അണുബാധ പകരാനുള്ള സാധ്യത കുറവാണെങ്കിലും, ധാരാളം ആളുകൾ സ്വയം ഐസൊലേഷനിലേക്ക് വരുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക തടസ്സങ്ങൾ കുറയ്ക്കുന്നതിനാണ് മാർഗ്ഗനിർദ്ദേശങ്ങൾ മാറ്റിയത്.
ഫ്രാൻസിലെ നിയന്ത്രണങ്ങൾ
യൂറോപ്പിൽ, പുതുവർഷത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന ഏറ്റവും പുതിയ രാജ്യമായി ഫ്രാൻസ് മാറി. 2,000-ത്തിലധികം ആളുകൾ വീടിനകത്തും 5,000-ത്തിലധികം ആളുകൾ പുറത്തും ഒത്തുചേരുന്നത് ഫ്രാൻസ് നിരോധിച്ചു. കഴിയുന്നവർ വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ജനുവരി മൂന്ന് മുതൽ ആരംഭിക്കും.
ജർമ്മനി, പോർച്ചുഗൽ, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങൾ ക്രിസ്മസിന് ശേഷം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.