scorecardresearch

ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: സുരക്ഷാ കാര്യത്തില്‍ ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡും ആധാറും എങ്ങനെ എളുപ്പത്തില്‍ ബന്ധിപ്പിക്കാം

Voter Id Adhaar linking,Voters List,ആധാർ,

വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം നിലവില്‍ വന്നതിന് പിന്നാലെ വ്യക്തി വിവരങ്ങളുടെ സുരക്ഷയില്‍ ആശങ്കകളും ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടക്കമിട്ടത്. വോട്ടര്‍ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തുകയായിരുന്നു.

പുതിയ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ സുരക്ഷ പ്രശ്‌നങ്ങളില്ലെന്നും ആധാര്‍ വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നുമാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത്

സംസ്ഥാനത്ത് ഇതുവരെ ആധാര്‍ വോട്ടര്‍ പട്ടികയുമായി ലിങ്ക് ചെയ്തത് 6,485 വോട്ടര്‍മാരാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ http://www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് (VHA) മുഖേനയോ ഫാറം 6ബി യില്‍ അപേക്ഷ സമര്‍പ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താം 17 വയസ് തികഞ്ഞ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

പുതിയ മാറ്റം ഇങ്ങനെ

നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം.

ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഒരു വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കും. പതിനെട്ട് വയസ് തികയുന്ന സമയം പേര് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും. ഇതിനു ശേഷമാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നുവരുന്ന മൂന്ന് യോഗ്യതാ തീയതികളില്‍ (ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1) 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുവരെ മേല്‍ സൂചിപ്പിച്ച പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാം.

വാര്‍ഷിക വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജനുവരി 1 യോഗ്യതാ തീയതിയിലേക്കുള്ള മുന്‍കൂറായി ലഭിച്ച അപേക്ഷകള്‍ നടപടി സ്വീകരിച്ച ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി ലഭിക്കുന്ന അപേക്ഷകളും തുടര്‍ന്നുവരുന്ന യോഗ്യതാ തീയതികളിലേക്കുള്ള (ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1) അവകാശം ഉന്നയിച്ചുകൊണ്ടുള്ള അപേക്ഷകളും (ഫാറം-6) അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മുന്‍കൂറായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷകളും ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (തഹസീല്‍ദാര്‍) അതാത് യോഗ്യതാ തീയതികള്‍ക്ക് ശേഷം തുടര്‍ച്ചയായി പ്രോസസ് ചെയ്യുന്നതായിരിക്കും. വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി ഫാറം-6 സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുടര്‍ന്നുവരുന്ന യോഗ്യതാ തീയതികളില്‍ പ്രസ്തുത അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡും ആധാറും എങ്ങനെ എളുപ്പത്തില്‍ ബന്ധിപ്പിക്കാം

  1. https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് Voter Helpline App എന്ന ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുക
  2. Voter registration എന്ന ഓപ്ഷനില്‍ അമര്‍ത്തുക. തുടര്‍ന്ന് ഏറ്റവും അവസാന ഓപ്ഷന്‍ ആയ Electoral Authentication Form (Form 6B ) എന്നതില്‍ അമര്‍ത്തുക
  3. Let’s start എന്ന ഓപ്ഷന്‍ അമര്‍ത്തുക.
  4. ഒടിപി ലഭിക്കുന്നതിന് മൊബൈല്‍ നമ്പര്‍ നല്‍കുക
  5. OTP ലഭിക്കുന്നതായനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക, ശേഷം verify എന്ന ഓപ്ഷന്‍ അമര്‍ത്തുക.
  6. Yes ,I have voter ID card number എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് Next അമര്‍ത്തുക.
  7. വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും സംസ്ഥാനവും നല്‍കി Fetch Details എന്ന ഓപ്ഷനില്‍ അമര്‍ത്തുക.
  8. നല്‍കിയിട്ടുള്ള വിവരങ്ങള്‍ ശരി ആണെന്ന് ഉറപ്പ് വരുത്തിയത്തിനു ശേഷം Proceed എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  9. നിങ്ങളുടെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും നല്‍കി ജൃീരലലറ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
  10. റഫറൻസ് ഐഡി സ്‌ക്രീനില്‍ കാണിക്കുന്നുണ്ടാവും. അത് സൂക്ഷിച്ച് വയ്ക്കുക.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: No need to worry about linking aadhaar and voter list