/indian-express-malayalam/media/media_files/uploads/2022/03/news-rules-in-cricket-mankading-to-be-considered-as-runout-explained-626450-FI.jpeg)
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ മങ്കാദിങ് മുതല്‍ പന്തില്‍ ഉമിനീര്‍ പുരട്ടുന്നതുവരെയുള്ള കാര്യങ്ങളില്‍ മാറ്റം വരികയാണ്. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്കരിക്കാന്‍ അധികാരമുള്ള മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) സമിതിയാണ് പുതിയ മാറ്റങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. പൊളിച്ചെഴുത്തുകള്‍ ഈ വര്‍ഷം ഒക്ടോബറിന് ശേഷം പ്രാബല്യത്തില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം. ക്രിക്കറ്റിലെ പുതിയ മാറ്റങ്ങളും നിയമങ്ങളും എന്തൊക്കെയാണ് പരിശോധിക്കാം.
മങ്കാദിങ്ങിന് പച്ചക്കൊടി
ബോളര്‍ പന്തെറിയുന്നതിന് മുന്‍പ് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റര്‍ ക്രീസിന് പുറത്തിറങ്ങിയാല്‍ റണ്ണൗട്ട് ആക്കുന്നതിനെയാണ് മങ്കാദിങ് എന്ന് പറയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) രവിചന്ദ്രന്‍ അശ്വിന്‍ ജോസ് ബട്ലറെ ഇത്തരത്തില്‍ പുറത്താക്കിയത് വലിയ വിവാദത്തിലേക്കാണ് വഴിവച്ചത്. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കുന്നതല്ല മങ്കാദിങ് എന്നായിരുന്നു പൊതുവെ ഉയര്‍ന്ന വിമര്‍ശനം. മങ്കാദിങ്ങിലാണ് സുപ്രധാനമായ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. മങ്കാദിങ് ഇനിമുതല്‍ റണ്ണൗട്ടിന്റെ പരിധിയിലായിരിക്കും ഉള്‍പ്പെടുക. പുതിയ മാറ്റത്തിന് ശേഷം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് സാരം.
പന്തില്‍ ഉമിനീര്‍ പുരട്ടെണ്ട
പന്തിന് തിളക്കം കൂടുന്നതിനും സ്വിങ്ങ് ലഭിക്കുന്നതിനുമൊക്കെയായി കാലാകലങ്ങളായി താരങ്ങള്‍ ഉമിനീര് പുരട്ടിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇതിന് ഐസിസി വിലക്കേര്‍പ്പെടുത്തി. എന്നാല്‍ ഉമിനീര് അല്ലെങ്കില്‍ വിയര്‍പ്പിന്റെ അംശമോ പരുട്ടിയതുകൊണ്ട് പന്തിന് കാര്യമായ മാറ്റം സംഭവിക്കുന്നില്ലെന്നാണ് എംസിസിയുടെ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഇനിമുതല്‍ ഉമിനീർ ഉപയോഗിക്കുന്നത് പന്തിന്റെ അവസ്ഥ മാറ്റുന്നതിനുള്ള അന്യായ രീതികളുടെ കൂട്ടത്തിലായിരിക്കും പരിഗണിക്കുക.
സ്ട്രൈക്ക് റോട്ടേഷന്‍
പുതിയ നിയമമനുസരിച്ച് ബാറ്റര്‍ ക്യാച്ച് നല്‍കി പുറത്തായാല്‍ പുതിയതായി ക്രീസില്‍ എത്തുന്ന താരമായിരിക്കും അടുത്ത പന്ത് നേരിടുക. ഇതുവരെ ഫീല്‍ഡര്‍ ക്യാച്ച് എടുക്കുന്നതിന് മുന്‍പ് ബാറ്റര്‍മാര്‍ ക്രോസ് ചെയ്താല്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള താരമായിരുന്നു അടുത്ത പന്ത് നേരിട്ടിരുന്നത്. ഓവറിന്റെ അവസാന പന്തിലാണ് പുറത്താകലെങ്കില്‍ ഇനിമുതല്‍ പുതിയ താരം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലായിരിക്കും വരുന്നത്.
ഡെഡ് ബോള്‍
മത്സരത്തിനിടെ ആരാധകരോ അല്ലെങ്കില്‍ ഏതെങ്കിലും മൃഗമൊ മൈതാനത്ത് പ്രവേശിക്കുകയാണെങ്കിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തടസം ഉണ്ടാവുകയൊ ചെയ്താല്‍ അമ്പയര്‍ക്ക് ഡെഡ് ബോള്‍ വിളിക്കാം.
ബോളര്‍ പന്തെറിയുന്നതിന് മുന്നോടിയായി സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്ററെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചാല്‍ അതും ഡെഡ് ബോള്‍ ആയിരിക്കും. വളരെ വിരളമായി സംഭവിക്കുന്ന ഒന്നാണിത് ഇത്. ഇത്തരം ബോളുകള്‍ നോ ബോളായിട്ടായിരുന്നു ഇതുവരെ കണക്കാക്കിയിരുന്നത്.
വൈഡ്
ബോളര്‍ പന്തെറിയാന്‍ റണ്ണപ്പ് എടുക്കുമ്പോള്‍ ബാറ്ററുടെ സ്ഥാനം എവിടെയാണൊ അതനുസരിച്ചായിരിക്കും വൈഡ് നിര്‍ണയിക്കുക. ഇപ്പോള്‍ പല ബാറ്റര്‍മാരും ബോളര്‍ പന്തെറിയാന്‍ തുടങ്ങുന്ന നിമിഷം സ്ഥാനം മാറാറുണ്ട്. ഇത് ബോളര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്യും. ബാറ്ററുടെ സ്ഥാനം മാറ്റം മൂലം അനാവശ്യമായി ബോളര്‍മാര്‍ക്ക് വൈഡ് വഴങ്ങേണ്ടി വരാറുമുണ്ട്.
നോ ബോള്‍
ബോളര്‍മാരുടെ കൈയില്‍ നില്‍ക്കാത്ത സാഹചര്യത്തില്‍ പന്ത് പലപ്പോഴും പിച്ചിന് പുറത്ത് ചെന്ന് പതിക്കാറുണ്ട്. ഇത് പിച്ചിനുള്ളിലുള്ള നിശ്ചിത ഭാഗത്ത് നിന്ന് ബാറ്റര്‍ക്ക് നേരിടാവുന്നതാണ്. പിച്ചിന് പുറത്ത് കടക്കേണ്ടതായി വന്നാല്‍ അമ്പയര്‍ക്ക് ഡെഡ് ബോള്‍ വിളിക്കാം. പിച്ചിന് പുറത്തേക്ക് കടക്കാന്‍ ബാറ്ററെ നിര്‍ബന്ധിതമാക്കുന്ന ബോളുകള്‍ നോ ബോളായിരിക്കും.
പെനാലിറ്റി
പന്തെറിയുന്നതിനിടെ ഫീല്‍ഡര്‍മാര്‍ മനപൂര്‍വമൊ അനാവശ്യമായോ സ്ഥാനം മാറിയാല്‍ അഞ്ച് റണ്‍സ് പെനാലിറ്റിയായി ലഭിക്കും. ഇത്രയും നാള്‍ ഡെഡ് ബോളായാണ് ഇത് പരിഗണിച്ചിരുന്നത്.
Also Read: കോഹ്ലിയുടെ റൺ ശരാശരി 50ൽ താഴാൻ സാധ്യത; 49 ടെസ്റ്റിനിടെ ഇതാദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.