ന്യൂഡല്‍ഹി: ഒരു ദശലക്ഷത്തിലധികം കോവിഡ് ജനിതകഘടനയുടെ വിശകലനത്തിന് ശേഷം പുതിയ വകഭേദത്തെ കണ്ടെത്തി. കഴിഞ്ഞ കുറച്ചാഴ്ചകളായി മെക്സിക്കോയിലും, യൂറോപ്പിലും പ്രസ്തുത വൈറസ് വ്യാപിക്കുന്നുണ്ട്.
T478K എന്നാണ് വൈറസിന്റെ ശാസ്ത്രീയ നാമം. ബോളോഗ്ന യൂണിവേഴ്സിറ്റിയിലെ ബയോടെക്നോളജിസ്റ്റുകളാണ് വകഭേദം കണ്ടെത്തിയത്. വൈറസിനെപ്പറ്റി വിശദീകരിച്ചുള്ള ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വകഭേദം വടക്കേ അമേരിക്കയിലെ ആളുകൾക്കിടയിലാണ് കൂടുതലായും വ്യാപിക്കുന്നത്, പ്രത്യേകിച്ച് മെക്സിക്കോയിൽ. ഈ പ്രദേശത്ത് നിലവിലുള്ള 50 ശതമാനം കേസുകളില്‍ T478K ന്റെ സാന്നിധ്യമാണുള്ളത്. ബൊലോഗ്ന യൂണിവേഴ്സിറ്റി, സ്റ്റഡി കോർഡിനേറ്റർ പ്രൊഫസർ ഫെഡറിക്കോ ജിയോർജിയെ ഉദ്ധരിച്ച് പറഞ്ഞു.
Also Read: കോവിഡ്-19 ഡെൽറ്റ വകഭേദം എന്താണ്; എന്തുകൊണ്ട് ആശങ്ക ഉയർത്തുന്നു?
പുരുഷന്മാരിലും സ്ത്രീകളിലും, വിവിധ പ്രായത്തിലുള്ളവരിലും തുല്യമായി തന്നെ വ്യാപിക്കുന്നുണ്ടെന്നാണ് ബൊളോഗ്ന യുണിവേഴ്സിറ്റി വ്യക്തമാക്കുന്നത്. മെക്സിക്കോയിലെ കോവിഡ് വൈറസ് സീക്വന്‍സുകളില്‍ 52.8 ശതമാനവും ഈ വകഭേദമാണ്. അതേസമയം, അമേരിക്കയില്‍ ഇത് 2.7 ശതമാനമാണ് വൈറസിന്റെ സാന്നിധ്യം.
യൂറോപ്പിലാണ് പ്രധാനമായും ആശങ്ക നിലനില്‍ക്കുന്നത്. ജര്‍മനി, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ വൈറസ് വ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ നാല് കേസുകള്‍ മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ വകഭേദത്തിന്റെ സാന്നിധ്യം ഇല്ലെന്ന് തന്നെ പറയാം.