/indian-express-malayalam/media/media_files/uploads/2021/05/Covid-test-5.jpg)
കോവിഡ് -19 രോഗബാധകളുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വയം കോവിഡ് പരിശോധന നടത്താനുള്ള നൂതന മാർഗങ്ങൾ കണ്ടെത്തുന്നത് രോഗബാധ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭാരം ലഘൂകരിക്കാൻ സഹായകമാവും. 15 മിനിറ്റിനുള്ളിൽ അണുബാധ കണ്ടെത്താൻ കഴിയുന്ന സ്വയം പരിശോധനാ കിറ്റിന് ഐസിഎംആർ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
ഫ്ലോറിഡ സർവകലാശാലയിലെയും തായ്‌വാനിലെ നാഷണൽ ചിയാവോ തുങ് സർവകലാശാലയിലെയും ഗവേഷകർ കോവിഡ് -19 രോഗബാധ സ്ഥിരീകരിക്കുന്നതിനായി കൂടുതൽ വേഗമേറിയ മറ്റൊരു പരിശോധന രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവരുടെ പരിശോധന സംവിധാനം വഴി ഒരു സെക്കൻഡിനുള്ളിൽ ഫലം ലഭിക്കും. 'വാക്വം സയൻസ് & ടെക്നോളജി,' ജേണലിൽ ഒരു പഠനത്തിലാണ് ഈ സംവിധാനത്തെക്കുറിച്ച് പറയുന്നത്.
“കോവിഡ് -19 പരിശോധന മന്ദഗതിയിലാവുന്നത് കാരണമുള്ള പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇതിന് കഴിയും,” പഠനത്തിൽ പങ്കാളിയായ, ഫ്ലോറിഡ സർവകലാശാലയിലെ മിംഗാൻ സിയാൻ പറഞ്ഞു.
Read More: എങ്ങനെ സ്വയം കോവിഡ് പരിശോധന നടത്താം? മൈലാബ് കോവിസെല്‍ഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം
വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ ബയോമാർക്കറിന്റെ (കോവിഡ് -19 കണ്ടെത്തലിനായുള്ള സാധാരണ ആർടി-പിസിആർ സാങ്കേതികതയിലെ വൈറൽ ആർഎൻഎയുടെ പകർപ്പുകൾ പോലുള്ളവ) എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ലക്ഷ്യമിടുന്ന ബയോ മാർക്കറിനായി സിഗ്നൽ വർധിപ്പിക്കണം. ഇത്തരത്തിൽ സിഗ്നൽ ശക്തമാക്കുന്ന സാങ്കേതിക വിദ്യയാണ് പഠനത്തിൽ ഉപയോഗിച്ചത്.
കമ്പോളത്തിൽ ലഭ്യമായ ഗ്ലൂക്കോസ് ടെസ്റ്റ് സ്ട്രിപ്പുകൾക്ക് സമാനമായ ഒരു ബയോസെൻസർ സ്ട്രിപ്പ് ആണ് ഈ ടെസ്റ്റിന് ഉപയോഗിക്കുന്നത്. ടെസ്റ്റ് ചെയ്യുന്ന ശ്രവം എത്തിക്കാനുള്ള ഒരു ചെറിയ മൈക്രോ ഫ്ലൂയിഡിക് ചാനലാണ് അതിന്റെ അറ്റത്ത്.
"മൈക്രോഫ്ലൂയിഡിക് ചാനലിനുള്ളിൽ കുറച്ച് ഇലക്ട്രോഡുകൾ ഈ ശ്രവത്തിലേക്ക് കടത്തിവിടും. ഒന്ന് സ്വർണ്ണത്തിൽ പൊതിഞ്ഞതാണ്, കോവിഡുമായി ബന്ധപ്പെട്ട ആന്റിബോഡികൾ ഒരു രാസ പ്രക്രിയയിലൂടെ സ്വർണ്ണ ഉപരിതലത്തിൽ പറ്റിപ്പിടിക്കും, ”സിയാൻ പറയുന്നു.
Read More: ഒരു സെകൻഡിൽ കോവിഡ് പരിശോധനാ ഫലം; പുതിയ സംവിധാനവുമായി ഗവേഷകർ
സെൻസർ സ്ട്രിപ്പുകൾ കണക്റ്റർ വഴിസർക്യൂട്ട് ബോർഡിലേക്ക് ബന്ധിപ്പിച്ച നിലയിലാണുണ്ടാവുക. പരിശോധിക്കുമ്പോൾ, കോവിഡ് ആന്റിബോഡിയുമായി ബന്ധിപ്പെട്ട സ്വർണ്ണ ഇലക്ട്രോഡിനും മറ്റൊരു ഇലക്ട്രോഡിനുമിടയിൽ ഒരു ചെറിയ ഇലക്ട്രിക് ടെസ്റ്റ് സിഗ്നൽ അയയ്ക്കുന്നു. ഈ സിഗ്നൽ വിശകലനത്തിനായി സർക്യൂട്ട് ബോർഡിലേക്ക് തിരികെ നൽകുന്നു.
സിസ്റ്റത്തിന്റെ സെൻസർ സ്ട്രിപ്പുകൾ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കണം. എന്നാൽ ടെസ്റ്റ് സർക്യൂട്ട് ബോർഡ് വീണ്ടും ഉപയോഗിക്കാൻ കഴിയും. ഇതിനർത്ഥം പരിശോധനച്ചെലവ് വളരെയധികം കുറച്ചേക്കാം എന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.