ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുകയും ജനതിക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ രാജ്യാന്തര യാത്രകൾക്കുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം. പ്രധാനമായും യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവരിൽ ശ്രദ്ധയുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ.

പുതിയ മാർഗനിർദേശങ്ങൾ ആർക്കൊക്കെ ബാധകമാണ്?

യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ വഴി ഇന്ത്യയിലേക്ക് എത്തുന്നവർക്കും പുതിയ മാർഗനിർദേശം ബാധകമാണ്. ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും തമ്മിൽ നേരിട്ടുള്ള ഫ്ലൈറ്റുകളില്ലാത്തതിനാലാണ് യൂറോപ്പ്, മിഡിൽ ഈസ്റ്റ് വഴി വരുന്ന ഫ്ലൈറ്റുകളിലും നിയന്ത്രണം ഏർപ്പെടുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന മിക്ക യാത്രക്കാരും യൂറോപ്പിൽ നിന്നോ മിഡിൽ ഈസ്റ്റിൽനിന്നോ വിമാനം മാറിക്കയറിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

പുതിയ മാർഗനിർദേശങ്ങൾ എന്തെല്ലാം?

യാത്രയ്ക്ക് മുമ്പ് 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി കാണിക്കുന്ന സെൽഫ് ഡിക്ലറേഷൻ ഫോം ഓൺലൈനായി സമർപ്പിക്കുന്നതോടൊപ്പം എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആർടി-പിസിആർ പരിശോധന നടത്തുകയും വേണം. ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ സ്വന്തം ചെലവിൽ ഒരിക്കൽകൂടി പരിശോധന നടത്തണം.

വിമാനത്താവളത്തിലെ ഈ പരിശോധനകളുടെ ഫലം നെഗറ്റീവ് ആണെങ്കിൽ, യാത്രക്കാർക്ക് ഏഴു ദിവസത്തേക്ക് ഹോം ക്വാറന്റൈൻ നടത്തി ഒരിക്കൽകൂടി പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിക്കണം. പോസിറ്റീവായാൽ നിർബന്ധമായും ക്വാറന്റൈൻ പൂർത്തിയാക്കുകയും ചികിത്സ പ്രൊട്ടോകോളുകൾക്ക് വിധേയമാവുകയും ചെയ്യണം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ അന്താരാഷ്ട്ര കേന്ദ്രങ്ങളിലൊന്നിൽ എത്തിയ ശേഷം ചെറിയ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്, സ്വയം പ്രഖ്യാപന ഫോം പൂരിപ്പിക്കുമ്പോൾ അന്തിമ ലക്ഷ്യസ്ഥാനം പ്രഖ്യാപിക്കേണ്ടത് നിർബന്ധമാണ്. ഇന്ത്യയ്ക്കുള്ളിൽ കണക്റ്റിംഗ് ഫ്ലൈറ്റ് എടുക്കുന്ന എല്ലാവർക്കും, രണ്ട് വിമാനങ്ങൾക്കിടയിൽ കുറഞ്ഞത് 6-8 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണമെന്ന് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ആരെങ്കിലും ജോഹന്നാസ്ബർഗിൽനിന്ന് റാഞ്ചിയിലേക്ക് ദുബായ്, ഡൽഹി വഴി സഞ്ചരിക്കുകകയാണെങ്കിൽ, ദുബായിൽ നിന്ന് ഡൽഹിയിലേക്ക് എത്തുന്ന വിമാനത്തിനും ഡൽഹിയിൽ നിന്ന് റാഞ്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തിനും ഇടയിൽ കുറഞ്ഞത് 6-8 മണിക്കൂർ സമയമെങ്കിലും ഉണ്ടായിരിക്കണം.

യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് (കഴിഞ്ഞ 14 ദിവസങ്ങൾക്ക് ഉള്ളിൽ) വരുന്നതോ യാത്ര ചെയ്യുന്നതോ ആയ അന്താരാഷ്ട്ര യാത്രക്കാരെ തിരിച്ചറിയാനും അവരെ വിമാനത്തിൽ തന്നെ വേർതിരിക്കാനും ബന്ധപ്പെട്ട പ്രോട്ടോക്കോൾ പിന്തുടരാൻ അധികാരികളെ സഹായിക്കുന്നതിന് സർക്കാർ വിമാനക്കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook