ഒരു കാറോ ഇരുചക്രവാഹനമോ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് പലപ്പോഴും പ്രയാസമേറിയ കാര്യമാണ്. നിലവിലെ സംസ്ഥാനത്ത് നിന്ന് ഒരു എൻഒസി ലഭിക്കുകയും തുടർന്ന് വാഹനം മാറ്റുന്ന അടുത്ത സംസ്ഥാനത്ത് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുകയും വേണം. വീണ്ടും അടുത്ത സംസ്ഥാനത്ത് റോഡ് നികുതി അടയ്ക്കണമെന്ന പ്രശ്നവുമുണ്ട്.
ഈ പ്രശ്നങ്ങൾ മറികടക്കാനായി വാഹന ഉടമകൾക്ക്, റോഡ് ഗതാതഗ- ഹൈവേ മന്ത്രാലയം അവതരിപ്പിച്ച ഭാരത് സീരീസ് “ബിഎച്ച്” രജിസ്ട്രേഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യതയുള്ള ജീവനക്കാർക്ക് അവരുടെ വാഹനങ്ങൾ രജിസ്ട്രർ ചെയ്യാൻ ഈ രീതി തിരഞ്ഞെടുക്കാവുന്നതാണ്.
ഡിഫൻസ്, റെയിൽവേ അല്ലെങ്കിൽ മറ്റ് സർക്കാർ മേഖലകളിലെ ജീവനക്കാർക്ക് മാത്രമല്ല സ്വകാര്യമേഖലയിലെ ജീവനക്കാർ അടക്കമുള്ളവർക്കും ബിഎച്ച് രജിസ്ട്രേഷൻ തിരഞ്ഞെടുക്കാം. വിവിധ സ്ഥാപനങ്ങളിൽ ഓഫീസുകളും ബ്രാഞ്ചുകളുമുള്ള സ്ഥാപനങ്ങളുടെ ജീവനക്കാർക്ക് സ്ഥലം മാറ്റമുണ്ടാവുമ്പോൾ വാഹനം അതത് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവുന്നത് പ്രയാസമേറിയ കാര്യമാവാറുണ്ട്. ധാരാളം പേപ്പർവർക്കുകളും നടപടിക്രമങ്ങളും ഇതിനായി ചെയ്യേണ്ടി വരുന്നു. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ പ്രയാസങ്ങൾ ഇല്ലാതാവും.
നിലവിലെ സമ്പ്രദായം എങ്ങനെയാണ്?
നിലവിൽ, ഒരു വ്യക്തി മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറുകയും അവളുടെ വാഹനം കൂടെ കൊണ്ടുപോകാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ആദ്യം വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനത്ത് നിന്ന് ആദ്യം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടണം. വാഹനത്തിന്റെ “മാതൃ സംസ്ഥാനം” എന്നാണ് ആ സംസ്ഥാനത്ത് സർക്കാർ വിളിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് ഒരു പുതിയ രജിസ്ട്രേഷൻ നിയമിക്കുന്നതിന് മാതൃ സംസ്ഥാനത്തിന്റെ എൻഒസി നിർബന്ധമാണ്.
Read More: പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നയമായി; അറിയാം പ്രത്യേകതകള്‍
സംസ്ഥാനം മാറുമ്പോൾ പുതിയ രജിസ്ട്രേഷൻ നിർബന്ധമാണ്. കാരണം 1988 ലെ മോട്ടോർ വാഹന നിയമത്തിലെ 47 വകുപ്പ് പ്രകാരം, ഒരു സംസ്ഥാനത്ത് രജിസ്ട്രർ ചെയ്ത വാഹനം അതേ രജിസ്ട്രേഷനിൽ 12 മാസത്തേക്ക് മാത്രമേ പുതിയ സംസ്ഥാനത്ത് ഉപയോഗിക്കാനാവൂ. ആ കാലാവധി കഴിഞ്ഞാൽ അത് പുതിയ സംസ്ഥാനത്ത് വീണ്ടും രജിസ്റ്റർ ചെയ്യണം. മാതൃ സംസ്ഥാനത്തെ റോഡ് നികുതി റീഫണ്ട് ചെയ്യുന്നതിനും അപേക്ഷിക്കാം.
കാരണം, ഒരാൾ ഒരു പുതിയ വ്യക്തിഗത വാഹനം വാങ്ങുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുമ്പോൾ ആ സംസ്ഥാനത്ത് വാഹനത്തിന്റെ ദീർഘകാല റോഡ് നികുതി നൽകുന്നുണ്ട്. 15 വർഷത്തേക്കുള്ള നികുതിയാണ് അത്.
ഇത് പ്രകാരം 15 വർഷം പൂർത്തിയാക്കാൻ എത്രവർഷം ബാക്കിയുണ്ടോ അത്രയും വർഷത്തേക്കുള്ള റോഡ് നികുതി വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോവുമ്പോൾ ആദ്യ സംസ്ഥാനത്ത് നിന്ന് തിരിച്ച് വാങ്ങിക്കാം. അഞ്ച് വർഷത്തിന് ശേഷമാണ് വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതെങ്കിൽ ആദ്യ സംസ്ഥാനത്ത് നിന്ന് 10 വർഷത്തെ റോഡ് നികുതി തിരികെ നൽകണം. ഒപ്പം ഈ 10 വർഷത്തേക്കുള്ള നികുതി പുതിയ സംസ്ഥാനത്ത് അടയ്ക്കുകയും വേണം.
ആദ്യ സംസ്ഥാനത്ത് നിന്ന് പണം തിരികെ ലഭിക്കാനുള്ള ഈ വ്യവസ്ഥ വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണെന്നും ഓരോ സംസ്ഥാനത്തും ഇതി വ്യത്യസ്തമാണെന്നും വിലയിരുത്തപ്പെടുന്നു. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലൂടെ കടന്നുപോകുകയും നിരവധി തടസ്സങ്ങൾ നേരിടുകയും ചെയ്യുന്ന പ്രക്രിയയാണിത്.
ബാക്കിയുള്ള റോഡ് നികുതി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്ന ഒരു സംവിധാനം സർക്കാർ ഇതുവരെ കൊണ്ടുവന്നിട്ടില്ല.
പുതിയ സംവിധാനം
വാഹനങ്ങൾക്ക് ബിഎച്ച് സീരീസ് രജിസ്ട്രേഷൻ അനുവദിക്കുന്ന പുതിയ സംവിധാനം വഴി വാഹന ഉടമയ്ക്ക് സങ്കീർണമായ ചുവപ്പുനാടയില്ലാതെ ഓൺലൈൻ സംവിധാനത്തെ ആശ്രയിക്കാനാവും.
ഈ സെപ്റ്റംബർ 15 മുതൽ ഇത് പ്രാബല്യത്തിൽ വരും.
1989 കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെലെ 47ാം ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ സമ്പ്രദായം വരുന്നത്. ബിഎച്ച് രജിസ്ട്രേഷൻ മാർക്ക് വഹിക്കുന്ന വാഹനങ്ങൾ പുതിയ സംസ്ഥാനത്തേക്ക് മാറ്റിയാൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് ഭേദഗതി വരുത്തിയത്.
ഈ നമ്പർ ലഭിക്കാൻ ആർക്കാണ് യോഗ്യത?
സർക്കാർ/പൊതുമേഖലാ ജീവനക്കാർക്ക് ഇതിന് അർഹതയുണ്ട്. അത് കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും. സ്വകാര്യമേഖലയിൽ, കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ഓഫീസുകളുള്ള കമ്പനിയിലെ ജീവനക്കാർക്ക് ബിഎച്ച് നമ്പർ ലഭിക്കാൻ അർഹതയുണ്ട്. അവർ ഫോം 60 പൂരിപ്പിച്ച് ഓൺലൈനിൽ സാധുവായ തൊഴിൽ ഐഡി/തെളിവ് നൽകണം. സംസ്ഥാന അധികാരികൾ തെളിവ് പരിശോധിച്ച് ബിഎച്ച് രജിസ്ട്രേഷൻ നൽകും. രജിസ്ട്രേഷൻ നമ്പർ കമ്പ്യൂട്ടർ ജനറേറ്റഡ് ആയിരിക്കും.
നികുതി അടക്കുന്നതിലെ മാറ്റം
ബിഎച്ച് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് രണ്ട് വർഷത്തേക്ക് റോഡ് നികുതി ഈടാക്കും, അതിനുശേഷം രണ്ടിന്റെ മടങ്ങായുള്ള വർഷങ്ങളിലേക്കും നികുതി ഈടാക്കും.വാഹന ഉടമ 15 വർഷത്തെ റോഡ് നികുതിയുടെ മുഴുവൻ തുകയും മുൻകൂറായി അടയ്ക്കുന്നതിനുപകരമാണിത്.
Read More: ദേശീയ ധനസമ്പാദന പൈപ്പ്‌ലൈൻ: കേന്ദ്ര സർക്കാർ പ്രഖ്യാപനം അർത്ഥമാക്കുന്നത്
നികുതി മുൻകൂറായി അടച്ചിട്ടില്ലാത്തതിനാൽ സ്ഥലംമാറ്റത്തിന് മുമ്പോ ശേഷമോ റീഫണ്ട് തേടുന്ന പ്രക്രിയയിൽ നിന്ന് നിന്ന് ഇത് ഉടമയെ മോചിപ്പിക്കുന്നു. പതിനാലാം വർഷം പൂർത്തിയാക്കിയ ശേഷം, മോട്ടോർ വാഹന നികുതി വർഷം തോറും ഈ വാഹനത്തിന് നേരത്തെ ഈടാക്കിയ തുകയുടെ പകുതിയായിരിക്കും.
റോഡ് നികുതി എത്രയാകും?
ഒരു ബിഎച്ച് രജിസ്ട്രേഷൻ വാഹനത്തിന്, വാഹനത്തിന്റെ വില 10 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ എട്ട് ശതമാനം നികുതി ഈടാക്കും എന്നാണ് സർക്കാർ വിജ്ഞാപനം ചെയ്തത്. 10-20 ലക്ഷം രൂപ വരെ വിലയുള്ളവർക്ക് ഇത് 10 ശതമാനമാണ്. കൂടാതെ 20 ലക്ഷത്തിലധികം വിലയുള്ള വാഹനങ്ങൾക്ക് 12 ശതമാനമാണ് നികുതി.
ഈ വിജ്ഞാപനം വരുന്നതിനുമുമ്പ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് നിരവധി നിർദ്ദേശങ്ങൾ ലഭിക്കുകയും സംസ്ഥാനങ്ങളുമായി ആലോചിക്കുകയും ചെയ്തിരുന്നു. ഡീസൽ വാഹനങ്ങൾക്ക് രണ്ട് ശതമാനം അധികവും ഇലക്ട്രിക് വാഹനങ്ങൾക്ക് രണ്ട് ശതമാനം കുറവും നികുതി ഈടാക്കും. റോഡ് ടാക്സ് ഈടാക്കുന്നത് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.
ഒരു ബിഎച്ച് നമ്പറിന്റെ ഘടന
ഒരു സാധാരണ ബിഎച്ച് നമ്പർ “21 BH XXXX AA” എന്ന രീതിയിലാവും ഉണ്ടാവുക.
ഇതിൽ ആദ്യത്തെ രണ്ട് അക്കങ്ങൾ ആദ്യ രജിസ്ട്രേഷന്റെ വർഷമാണ്. 2021ലാണ് രജിസ്ട്രർ ചെയ്തതെങ്കിൽ 21 എന്നായിരിക്കും ഈ അക്കങ്ങൾ. BH എന്നത് ഈ വാഹനനമ്പർ ശ്രേണിയുടെ കോഡ് ആണ്. തുടർന്ന് XXXX എന്ന് എഴുതിയ ഭാഗത്ത് നാല് അക്കങ്ങൾ ഉണ്ടായിരിക്കും. അത് കമ്പ്യൂട്ടർ ജെനറേറ്റഡ് ആയിരിക്കും. അതിനുശേഷം രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളും നമ്പറിലുണ്ടാവും.